Thursday 17 October 2019

🌹കാപ്പിഉണ്ടാക്കി കൊടുക്കണം🌹

ഗുരുദേവന്റെ സച്ഛിഷ്യന്മാരിൽ ഒരാളായിരുന്നു ഗുരുപ്രസാദ് സ്വാമികൾ .ഗുരുദേവനെ ആദ്യമായി കണ്ടത് വിദ്യാർത്ഥിയായിരിക്കുമ്പോൾ പള്ളുരുത്തിയിലെ ഒരു ഭവനത്തിൽ വച്ച് ആയിരുന്നു. അതിന് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഗുരുദേവനെ കാണണമെന്ന് ആഗ്രഹം ഉണ്ടായി. വീണ്ടും അങ്ങനെ ഒരു ദിവസം ശിവഗിരിയിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ഗുരുദേവൻ പർണ്ണശാലയിൽ ഇരിക്കുകയായിരുന്നു . ആയുവാവ് ഗുരുദേവ തൃപ്പാദങ്ങളിൽ വീണു നമസ്കരിച്ചു. ഗുരുദേവൻ ആ യുവാവിനെ മുഖമുയർത്തി ഒന്നു നോക്കി. എന്നിട്ട് ചോദിച്ചു "പള്ളുരുത്തിയിൽ വെച്ച് അല്ലേ കണ്ടത് ?"
അതെ എന്നുത്തരം പറഞ്ഞു ആ യുവാവ് ആശ്ചര്യപ്പെട്ടു. എത്രയെത്ര ജനങ്ങളെ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഗുരുദേവൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരു തവണ മാത്രം കണ്ട തന്നെ ഇത്രവേഗം ഓർമിക്കുമല്ലോ എന്ന് ഓർത്ത്
ആ യുവാവ് ഹർഷ പുളകിതനായി.
കുറച്ചുദിവസം ശിവഗിരിയിൽ താമസിക്കുവാൻ ആഗ്രഹിച്ചു കൊണ്ടായിരുന്നു ആ യുവാവ് അന്ന് എത്തിയിരുന്നത്. എന്നാൽ അതിന് അപേക്ഷിക്കാതെ തന്നെ അപ്പോൾ ഗുരുദേവനിൽ നിന്നും അനുവാദം ഉണ്ടായി. അതിരാവിലെ എഴുന്നേറ്റ് പോയി കുളിയും കഴിഞ്ഞു വന്നു ഗുരുദേവനെ സാഷ്ടാംഗം നമസ്കരിക്കുന്നത് ആയുവാവ് ഒരു പതിവാക്കിയിരുന്നു. അതിനുശേഷമേ വെള്ളംപോലും കുടിച്ചിരുന്നുള്ളു. എന്നാൽ കാപ്പി കുടിക്കുന്ന ശീലം ഉണ്ടായിരുന്നതുകൊണ്ട് അത് കിട്ടാതെ വരുന്നത് കുറച്ചു പ്രയാസം ഉണ്ടായിരുന്നു. എങ്കിലും അതൊന്നും ആരെയും അറിയിച്ചിരുന്നില്ല.
ഒരു ദിവസം രാവിലെ പാചക പുരയിൽ എത്തി പാചകക്കാരനെ സഹായിക്കുന്ന ജോലിയിൽ ആ യുവാവ് ഏർപ്പെട്ടു നിൽക്കുകയായിരുന്നു. അപ്രതീക്ഷിതമായി അപ്പോൾ ഗുരുദേവൻ അവിടേക്ക് കയറി വന്നു .ഉടനെ പ്രധാന പാചകക്കാരനോടായി തൃപ്പാദങ്ങൾ ഇങ്ങനെ കൽപ്പിച്ചു
" കാപ്പി ഉണ്ടാക്കി കൊടുക്കണം അതൊക്കെ പെട്ടെന്ന് വിട്ടത് കൊണ്ട് ബുദ്ധിമുട്ടായിരിക്കും.." .
അങ്ങനെ ആരോടും പറയാതെ ആ യുവാവ് മനസ്സിൽ വച്ചിരുന്നത് ഗുരുദേവൻ വേഗം നടപ്പിൽ വരുത്തി കൊടുത്തു. എന്നാൽ കൂടക്കൂടെ വീട്ടിൽനിന്നും കമ്പിയും കത്തും വന്നുകൊണ്ടിരുന്നതിനാൽ ആ യുവാവിന് സ്വന്തം ഭവനത്തിലേക്ക് മടങ്ങി പോകേണ്ടതായി വന്നു. അന്നുയാത്രാനുമതി തേടി ഗുരുവിന്റെ അടുത്തുഎത്തിയപ്പോൾ ആ യുവാവിനെ അനുഗ്രഹിച്ചുകൊണ്ട് തൃപ്പാദങ്ങൾ ഇങ്ങനെ അരുളിചെയ്തു " വിശ്വാസം പോലെ വരും ഇപ്പോൾ പോകാം ഒരു വർഷം കഴിഞ്ഞു വരുമല്ലോ "
പിന്നീട് ശിവഗിരിയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാതെ വളരെ വ്യസനത്തോടെ ആ യുവാവ് മടങ്ങി പോയി. എന്നാൽ അതിന് ഒരു വർഷത്തിനു ശേഷം വീണ്ടും അദ്ദേഹം ശിവഗിരിയിലെത്തി ഗുരു സേവയിൽ പങ്കാളിയായി. ആ അനുഭവത്തിൽ നിന്നുമാണ് പിൽ കാലത്ത് ഗുരുപ്രസാദ് സ്വാമികൾ ആയിത്തീർന്ന യുവാവ് ഇങ്ങനെ കുറിച്ചിട്ടത്
"എന്നോടാണധികം പ്രീതി എന്നോടാണെന്നു സ്വാമിയിൽ എപ്പോഴും തോന്നീടും. സ്നേഹമിടപെട്ടോരിലാർക്കു മേ "
സ്നേഹത്തോടെ........
കടപ്പാട് - മങ്ങട് ബാലചന്ദ്രൻ
ഗുരുദേവകഥാസാഗരം

1 comments:

ഗുരുചരണം ശരണം

Post a Comment