Tuesday, 25 December 2018

നാരായണ ഗുരു പറയുന്നു .


തന്‍റെ അഭിപ്രായമാണ് ഏറ്റവും ശരിയെന്ന് പറയുന്നത് കേവലം അഹന്തയാലാണ് .
ഒരഭിപ്രായത്തിനും അതെത്രതന്നെ ഉച്ചത്തില്‍ ആവര്‍ത്തിച്ചാലും മുഴുവന്‍ സത്യത്തെയും വെളിപ്പെടുത്താനാവില്ല .
ആനയെക്കണ്ട അന്ധരുടെ കഥപോലെയാണത് .
ഏതെങ്കിലും ഒരു മതത്തെ ശരിയെന്നു സ്ഥാപിക്കാനുള്ള വാദം വെറും പ്രാണവ്യയമാണ് .
ഒരു അഭിപ്രായം മാത്രം നിലനിൽക്കുക എന്നത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ല .
ഇത്ര ലളിതമായ സത്യം മനസ്സിലാക്കാതെയും മനുഷ്യരുടെ പ്രാഥമികാവശ്യങ്ങളെ മറന്നും ആളുകള്‍ വെറും വാക്കുകളെപ്രതി ചേരി തിരിഞ്ഞു പോരടിക്കുന്നു .
ഒരു മനുഷ്യന്‍റെ മതം അയാളുടെ വ്യക്തിപരമായ ബോദ്ധ്യത്തിന്‍റെ ഫലമാണ് . അത് ഓരോ മനുഷ്യന്‍റെയും വികാസ പരിണാമങ്ങള്‍ക്കൊത്ത് വ്യത്യസ്തമായിരിക്കും .
ആ നിലയ്ക്ക് ഓരോ മനുഷ്യനും ഓരോ മതമാണെന്നോ രണ്ടു മനുഷ്യര്‍ക്ക് ഒരേ മതം ഉണ്ടാകില്ലെന്നോ കരുതാം.
അതേ സമയം ലോകത്തിലെ എല്ലാ മതങ്ങളും അവയുടെ അന്തസത്തയില്‍ യോജിക്കുന്നു .
സത്യത്തിനും ധര്‍മ്മത്തിനുമായാണ് അവയെല്ലാം നിലകൊള്ളുന്നത് .
അവയ്ക്കെല്ലാം പൊതുവായ ലക്ഷ്യമാണുള്ളത് .
മനുഷ്യനെന്തിനാണ് തന്‍റെ വിശ്വാസത്തിനായി
പോരടിക്കുന്നത് ...... ?
അത് അജ്ഞതമൂലമാണ് . മനുഷ്യന്‍ അഭിപ്രായഭിന്നതകള്‍ക്ക് വശപ്പെടരുത് . മറിച്ച് എല്ലാവരും ആത്മസുഖത്തിനായാണ് പ്രയത്നിക്കുന്നതെന്നറിഞ്ഞ് ശാന്തരായി കഴിയണം .
ആളുകള്‍ പലതരം വസ്ത്രങ്ങള്‍ ധരിക്കുന്നു . ചിലര്‍ക്ക് താടി വയ്ക്കാന്‍ ഇഷ്ടമാണ് . മറ്റു ചിലര്‍ മുടി വടിച്ചവരാണ് . വിവരമുള്ളവര്‍ ഇതിന്‍റെയൊന്നും പേരില്‍ ശണ്ഠകൂടില്ല . അതുപോലെ ഭാഷകള്‍ വ്യത്യസ്തമായിരിക്കുന്നു . എങ്കിലും മനുഷ്യരാശി ഒന്നാണെന്നു കാണാന്‍ പ്രത്യേകിച്ചു തെളിവിന്‍റെയൊന്നും ആവശ്യമില്ല .
പിന്നെന്തിനാണ് മനുഷ്യന്‍ ഭിന്നിക്കുന്നതും വിദ്വേഷം പരത്തുന്നതും ...... ?
എല്ലാം വെറുതെ .... !
പോരടിക്കുന്നതുകൊണ്ട് നാശമേ ഉണ്ടാകൂ എന്ന് മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .
ലളിതമായ ഈ സത്യം അറിഞ്ഞാല്‍ പിന്നെ അവന്‍ പോരടിക്കില്ല .
( നടരാജഗുരുവിന്‍റെ - '' ഗുരുവരുള്‍ ''
( The Word Of The Guru ) എന്ന ഗ്രന്ഥത്തിൽനിന്ന് . )

0 comments:

Post a Comment