Tuesday, 25 December 2018

എസ് . എൻ . ഡി . പി യോഗം സെക്രട്ടറിക്ക് 1084 - മേടം 28 - നു ശ്രീ നാരായണ ഗുരുദേവൻ അയച്ച സന്ദേശം .


( സമുദായത്തിന്റെ ആഭ്യന്തരവും , ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം. )
--------------------------------------------------------------------------------------------------------------------------------------------
" ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക് ,
സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.
മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ എന്ന് നോക്കേണ്ടാതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം. അതിനു മത തത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിയുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.
1 - ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളെയും , ശാസ്ത്ര തത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.
2 - അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രസംഗകന്‍മാരെ അയച്ചു കൂടെ കൂടെ പ്രസംഗങ്ങള്‍ നടത്തണം .
ആചാരം :-- തിരണ്ടുകുളി , പുളികുടി ഈ അടിയന്തിരങ്ങള്‍ ആഘോഷവും ചെലവും കൂടാതെ തന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലികെട്ട് നിരുത്തല്‍ ചെയ്യുവാനുള്ള ഉപദേശങ്ങള്‍ ഫലവത്തുകളായി വരുന്നുണ്ടെങ്ങിലും എല്ലായിടത്തും ഒന്നുപോലെ വ്യാപിചില്ലെന്നു കാണുന്നു.
1 - ഈ അടിയന്തിരത്തെ കഴിയുന്ന വേഗത്തില്‍ എങ്ങും ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യണം.ഇത് അശാസ്ത്രീയവും , അനാവശ്യവുമാണ് .
2 - ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളില്‍ കുറെ പരിഷ്കാരമുള്ള ചിലരുടെ ഇടയില്‍ മാത്രമേ നടന്നു കാണുന്നുള്ളൂ . വിവാഹത്തിന്റെ ക്രിയകളും ആഡംബരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദിച്ചിരിക്കുമെങ്കിലും അതിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്കു വേണ്ടത് പ്രവര്‍ത്തിക്കണം .
3 - സ്ത്രീ പുരുഷന്മാര്‍ , വിവാഹസമയത്ത് പരസ്പരം പുഷ്പ്പമാലയണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഡത്തില്‍ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ് . എന്നാല്‍ ചരമ ഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭര്‍ത്താവിന്റെ സ്മാരകമായി പുനര്‍വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അംഗത്തില്‍ യാതൊന്നും ഉണ്ടായിക്കരുത് . അത് കൊണ്ട് പുനര്‍വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ താലിയെ പുനര്‍വിവാഹകാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാന്‍ പാടില്ലാത്തതാകുന്നു . വിവാഹ മോചനത്തെയും വിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും അടുത്ത മറ്റൊരവസരത്തില്‍ അറിയിക്കാം .
4 - ഏക കാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്കും ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോഴും ചില ദിക്കുകളില്‍ കാണുന്നുണ്ട് . ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം അനുവദിക്കാതിരിപ്പാന്‍ വേണ്ടത് ആലോചിക്കണം .
5 - സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെയിടയില്‍ ഒരുത്തന്റെ സ്വന്ത സമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവന്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായിത്തീരും . ഇതിനേയും സാവധാനമായി വിചാരിച്ചു വേണ്ടതു പ്രവര്‍ത്തിക്കണം ."
എന്ന്
ശ്രീ നാരായണ ഗുരു .


0 comments:

Post a Comment