Tuesday, 9 August 2016
ശിവഗിരി : സ്ഥിതിചെയ്യുന്ന സ്ഥലവും ശബ്ദാര്‍ത്ഥവും
ശിവഗിരി എന്നതൊരു സമസ്ഥപദമാണ്.ഇതിന് ശിവന്‍റെ ഗിരി എന്നും (കൈലാസം),ശിവമായ ഗിരി (മംഗളകരമായ,ഐശ്വര്യപൂര്‍ണ്ണമായ) എന്നെല്ലാം അര്‍ത്ഥം പറയാം.പുരാണ ഇതിഹാസങ്ങളില്‍ എല്ലാം ശിവഗിരി എന്നത് ശിവന്‍റെ ആസ്ഥാനമായ കൈലാസം എന്നാണ് അര്‍ത്ഥം പറയുന്നത്.എന്നാല്‍ സംസ്കൃത നിഖണ്ടുകാരന്‍മാര്‍ രണ്ടാമത് പറഞ്ഞ അര്‍ത്ഥങ്ങളും നല്‍കുന്നു.തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ കേരളത്തിലെ ഇടുക്കിയോടു ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശവും ശിവഗിരി എന്ന് അറിയപ്പെടുന്നു.സഹ്യപര്‍വ്വത നിരയില്‍ ഈ സ്ഥലത്തോട് ചേര്‍ന്ന്കിടക്കുന്ന ഒരു മലയുടെ പേരും ശിവഗിരി എന്നാണ്.(ഈ മലയുടെ തെക്ക്പടിഞ്ഞാറ് ചരുവില്‍ നിന്നുമാണ് പെരിയാര്‍ ഉത്ഭവിക്കുന്നത്).ഈ മലയോടു ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം പ്രസ്തുത സ്ഥലത്തിന് ശിവഗിരി എന്ന പേരുണ്ടായത്.വടക്കേ ഇന്ത്യയിലും,മഹാരാഷ്ട്രയിലും ശിവഗിരി എന്ന പേരില്‍ സ്ഥലങ്ങള്‍ ഒള്ളതായി പോസ്റല്‍ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്ന ശിവഗിരി ഇതൊന്നുമല്ല.
തിരുവനന്തപുരം ജില്ലയില്‍ ,ചിറയന്‍കീഴ് താലൂക്കില്‍,വര്‍ക്കല വില്ലേജില്‍,വര്‍ക്കല മുനിസിപ്പല്‍ പരിധിയില്‍ കൈതക്കോണം കുന്നിന്റെ പടിഞ്ഞാറ് അറ്റത്തും താഴ്വരയിലുമായി(ലേഖനം എഴുതിയ സമയത്തുണ്ടായിരുന്ന സ്ഥല വിഭജനം ആണ് ഇത്) സ്ഥിതിചെയ്യുന്ന ആശ്രമ സമുച്ചയമാണ് ശിവഗിരി.ഇതിന്റെ സ്ഥാപകന്‍ ശ്രീ നാരായണ ഗുരുദേവനാണ്.ഗുരുദേവന്റെ സമാധി സ്ഥലവും ഇവിടെ തന്നെയാണ്.സര്‍വ്വമംഗളകാരിയായ ശാരദാദേവിയെയാണ് ഗുരുദേവന്‍ ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ശ്രീനാരായണ ധര്‍മ്മ സംഘം എന്ന പേരില്‍ ഗുരുദേവന്‍ തന്റെ അനുയായികളായ സന്യാസി വര്യന്മാര്‍ക്ക് വേണ്ടി ഗുരുദേവന്‍ ഒരു സംഘടനയുണ്ടാക്കി.ഈ സംഘത്തിന്റെ കേന്ദ്രകാര്യാലയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.സംസ്ഥാനത്തിന് അകത്തും പുറത്തും ശിവഗിരി വകയായിട്ടുള്ള ആശ്രമങ്ങള്‍,ക്ഷേത്രങ്ങള്‍,വിദ്യാഭ്യാസസ്ഥാപനങ്ങള്‍,ആതുരാലയങ്ങള്‍,ഭൂസ്വത്തുക്കള്‍,മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം ഭരണം നിര്‍വ്വഹിക്കുന്നത് ഇവിടെ നിന്നുമാണ്.കേരളത്തിലെ അതിപ്രസിധമായ തീര്‍ഥാടകകേന്ദ്രങ്ങളില്‍ ഒന്നായ ശിവഗിരിയില്‍ എല്ലാവര്‍ഷവും ഡിസംബര്‍ 30,31,ജനുവരി 1 എന്നീ തീയതികളില്‍ നടന്നുകൊണ്ടിരിക്കുന്ന തീര്‍ഥാടനത്തില്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്നു.ഈ മഹോത്സവത്തില്‍ ദേശീയ,അന്തര്‍ദേശീയ തലത്തില്‍ നിന്നും പ്രമുഖരായ നേതാക്കളും,വാഗ്മികളും,സന്യാസി വര്യന്മാരും ജാതി മതഭേദമന്യേ പങ്കെടുക്കുന്നു.മതം,സംസ്കാരം,ദര്‍ശനം,സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ മഹാസമ്മേളനങ്ങള്‍,ഉന്നത നിലവാരം പുലര്‍ത്തുന്ന കലാപരിപാടികള്‍ എന്നിവ നടത്തിവരുന്നു.
തിരുവനന്തപുരം ജലപാതയില്‍,വര്‍ക്കല വലിയ തുരപ്പിനോട് ചേര്‍ന്ന് ശിവഗിരി സ്ഥിതിചെയ്യപ്പെടുന്നു.ഒരുകാലത്ത് തിരുവിതാംകൂറിലെ പ്രാധാന ഗതാഗത മാര്‍ഗ്ഗമായിരുന്ന ഈ ജലപാത പ്രസ്തുത തുരപ്പിലൂടെയായിരുന്നു കടന്നുപോയിരുന്നത്.കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ചരക്കുകള്‍ നിശ്ചിത സ്ഥലത്ത് എത്തിക്കുക എന്നതാണല്ലോ ജല ഗതാഗതം കൊണ്ടുള്ള ഒരു നേട്ടം.(ഇങ്ങനെ തെക്കന്‍ പ്രദേശങ്ങളിലേക്ക് അയച്ചിരുന്ന ചരക്കുകള്‍ തിരുവനന്തപുരത്ത് ചാക്കയിലും വല്ലക്കടവിലും സംഭരിച്ച് അവിടം വലിയ വ്യാപാരകേന്ദ്രമാക്കിയിരുന്നു.ഇത് ധാരാളം ആളുകള്‍ക്ക് തൊഴിലും നേടികൊടുത്തിരുന്നു.സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാരുകളുടെ അശ്രദ്ധകാരണം ഈ ജലപാത ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്.)
നാഷണല്‍ ഹൈവേയില്‍ കല്ലമ്പലത്ത് നിന്നും ഏതാണ്ട് 5 കി.മി,പാരിപ്പള്ളിയില്‍ നിന്നും അയിരൂര്‍ നടയറവഴി 7 കി.മി റുംയാത്ര ചെയ്‌താല്‍ ശിവഗിരിയില്‍ എത്താം.തീവണ്ടി മാര്‍ഗ്ഗം വര്‍ക്കലയില്‍ എത്തിച്ചേരുവാന്‍ സാധിക്കും.എല്ലാ പ്രധാന തീവണ്ടികള്‍ക്കും ഇന്ന് വര്‍ക്കലയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കി.മി ദൂരം മാത്രമാണ് ആശ്രമത്തിലേക്കുള്ളത്.
പഴയ വേണാടുരാജ്യം കന്യാകുമാരി മുതല്‍ ഇടവാ വരെയായിരുന്നല്ലോ.അതായത് വര്‍ക്കലയുടെ വടക്കേ അതിരില്‍ വേണാട് അവസാനിച്ചിരുന്നു.വേണാടിന്റെ മറ്റൊരു പേരായിരുന്നു തിരുവിതാംകൊട്.ഇടവായ്ക്ക് തെക്ക്,വക്കത്തിന് വടക്ക് ,നാഷണല്‍ ഹൈവേയില്‍ പാരിപ്പള്ളി,നാവായിക്കുളം,കല്ലമ്പലം എന്നീ സ്ഥലങ്ങള്‍ക്കു പടിഞ്ഞാറ് കടലോരം വരെയുള്ള ഈ വിശാലമായ പ്രദേശം വര്‍ക്കലയുടെ മേല്‍വിലാസത്തില്‍ ആണ് എന്നും അറിയപ്പെടുന്നത്.എന്നാല്‍ വര്‍ക്കല മുനിസിപ്പല്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി വര്‍ക്കല എന്ന പേരില്‍ അറിയപ്പെടുന്നോള്ളൂ.
കടപ്പാട് : ശ്രീ കെ.കെ മോഹനന്‍ (ശിവഗിരി ചരിത്രം)
0 comments:
Post a Comment