Tuesday, 9 August 2016

ശ്രീനാരായണ ധർമ്മം.


ശ്രീ നാരായണ ധർമ്മം ആയിരത്തി ഒരു നൂറ് ചിങ്ങത്തിൽ വർക്കല ശിവഗിരി മഠത്തിൽ വച്ച് ശ്രീ നാരായണ ഗുരുദേവൻ അരുളിചെയ്തിട്ടുള്ള ഉപദേശങ്ങളാകുന്നു. ഈ ധർമ്മോപദേശങ്ങൾ പദ്യ രൂപേണ എഴുതുന്നതിനു ഗുരുദേവൻ എന്നെ ചുമതലപ്പെടുത്തി.അതിനുസരിച്ച് അപ്പോഴപ്പോൾ എഴുതി ഗുരുദേവനെ അന്നന്നു വായിച്ചു കേൾപ്പിക്കുകയും ആവശ്യമായ തിരുത്തുകൾ ഗുരുദേവന്റെ ആജ്ഞ അനുസരിച്ച് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു മാസം കൊണ്ടാണ് ഈ ഗ്രന്ഥം എഴുതി തീർന്നിട്ടുള്ളത്.'ദേശകാലോചിതം കർമ്മ ധർമ്മമിത്യഭിധീയതേ' എന്ന സ്മൃതി വാക്യമനുസരിച്ച് ഓരോ കാലങ്ങളിലും ദേശങ്ങളിലും ജനങ്ങളുടെ ആചാരങ്ങളും മതങ്ങളും മാറി മാറിക്കൊണ്ടിരിക്കും. വേഷവും ഭാഷയും ഭിന്നഭിന്നങ്ങളായിരുന്നാലും ആചാരങ്ങൾക്കും സിദ്ധാന്തങ്ങൾക്കും മനുഷ്യരിൽ ഐക്യരൂപമുണ്ടാകേണ്ടതാകയാൽ ഈ തത്വം ആധാരമാക്കിയിട്ടുള്ളതാണ് ഇതിലെ പ്രതിപാദ്യ വിഷയങ്ങൾ. മാത്രമല്ല അന്യായവും ആഡംബരവും അനാവശ്യവുമായി പലതരത്തിൽ ധനം ദുർവ്യയം ചെയ്തു നടത്തുന്ന ആചാരങ്ങളേയും നടപടികളേയും തടയേണ്ടത് കാലോചിതമാണെന്ന് കരുതി ത്രികാലജ്ഞനായ ഗുരുദേവൻ മുപ്പത്തിയൊൻപത് വർഷങ്ങൾക്കു മുമ്പ് ആജ്ഞാപിച്ചിട്ടുള്ള ഇതിലെ സിദ്ധാന്തങ്ങളിൽ പലതും ഇതിനകം നടപ്പിൽ വന്നിട്ടുണ്ട്.ഇതിലെ ധർമ്മോപദേശങ്ങൾ ഓരോരുത്തരും ആചരിക്കുന്നതാകയാൽ വിവിധ മതൈ ക്യത്തിനും വിശ്വാ സൈക്യത്തിനും ക്ഷേമത്തിനും ലോകശാന്തിക്കും അന്യ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടി വരികയില്ല. ഇതിലെ പ്രതിപാദ്യ വിഷയങ്ങൾ ശ്രീ നാരായണ ഗുരുദേവൻ അരുളിചെയ്തിട്ടുള്ളതുകൊണ്ട് ഈ ഗ്രന്ഥത്തിന് 'ശ്രീ നാരായണ ധർമ്മം എന്ന് നാമകരണം ചെയ്തിരിക്കുന്നു.
ഇതിന്റെ വ്യാഖ്യാനം ഏറ്റവും സുഗ്രഹമായിട്ടുണ്ട്. പ്രസ്തുത വ്യാഖ്യാനത്തിന് 'സാരാർത്ഥ ബോധിനി ' എന്ന നാമകരണം ഉചിതമാകുന്നു. വ്യാഖ്യാതാവായ ശ്രീ നാരായണ തീർത്ഥർ സ്വാമികളുടെ ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
സ്വാമി ആത്മാനന്ദ
ശ്രീ നാരായണ സേവാ ശ്രമം.

0 comments:

Post a Comment