Tuesday, 9 August 2016

ഗുരുപുഷ്പാഞ്ജലി മന്ത്രം

1.ഓം ശ്രീ നാരായണ പരമഗുരവേ നമഃ
പരമഗുരുവായ (ജ്ഞാന പ്രകാശം കൊണ്ട് അജ്ഞാനാന്ധകാരം അകറ്റുന്ന മഹാനായ ഗുരുവായ) ശ്രീനാരായണ നായിക്കൊണ്ട് നമസ്കാരം (ഗുണോത്കർഷ ബുദ്ധിയോടെ കൈയ്യും ശിരസ്സും ചേർത്തു പിടിക്കുകയാണ് നമസ്കാരം) .നാരന്മാർ - ജീവാത്മാക്കൾ - അവർക്ക് ആശ്രയമായുള്ളവൻ നാരായണൻ എന്നും അർത്ഥം പറയാം. ഗുരുദേവൻ ഈശ്വരാംശത്തിന്റെ അവതാരമാണ് ,ഈശ്വരനാണ്. നമസ്കരിക്കുവാൻ യോഗ്യനുമാണ്
2. ഓം സംസാരതാപശമനായ നമഃ
സംസാരതാപത്തെ - ചൂട് ദും: ഖം -താപം (ആധ്യാത്മികം ആധിദൈവികം ആധിഭൗതികമെന്ന താപത്രയം) ശമിപ്പിക്കുന്നവൻ സംസാരതാപ ശമനൻ
3.ഓം മനുഷ്യവിഗ്രഹായ നമഃ
മനുഷ്യ ശരീരം പൂണ്ട നാരായണനായിക്കൊണ്ടു നമസ്കാരം
4.ഓം സത്ത്വഗുണോത്തമായ നമഃ
സത്ത്വം, രജസ്സ്,തമസ്സ് എന്നീ മൂന്നു ഗുണങ്ങളിൽ പ്രകാശരൂപമായ സത്ത്വഗുണം കൊണ്ട് അത്യുത്കൃഷ്ടൻ - സത്ത്വഗുണോത്തമൻ.
5.ഓം പ്രഹൃഷ്ടാത്മനേ നമഃ
അത്യന്തം ഹൃഷ്ടമായ - സന്തുഷ്ടമായ - ആത്മാവോടു (ഹൃദയത്തോട് ) കൂടിയവൻ പ്രഹൃഷ്ടാത്മാവ്. ആത്മശബ്ദത്തിനു അനേകം അർത്ഥമുണ്ട് - ശരീരം, ഹൃദയം, ജീവാത്മാവ്, പരമാത്മാവ്, സ്വരൂപം എന്നിങ്ങനെയുള്ള അർത്ഥങ്ങളിൽ സന്ദർഭമനുസരിച്ച് ഉചിതമായ അർത്ഥം സ്വീകരിക്കണം. സന്തോഷാദികൾ ഹൃദയ (മനസ്സ്) ത്തിന്റെ ഗുണങ്ങളാണ്
6.ഓം വീതരാഗ ഭയക്രോധ ശോക മോഹ മാനസായ നമഃ
രാഗം, ഭയം, ക്രോധം,ശോകം,മോഹം എന്നിവയില്ലാത്ത മാനസ (ഹൃദയ�)ത്തോടു കൂടിയവൻ വീതരാഗഭയ ക്രോധശോകമോഹമാനസൻ
7. ഓം അവ്യായായ നമഃ
വ്യയം - മാറ്റം ഇല്ലാത്തവൻ.ജന്മം, സ്ഥിതി, പരിണാമം (മാറ്റം), വൃദ്ധി,ക്ഷയം, നാശം എന്ന ആറു വികാരങ്ങൾ ഇല്ലാത്തവൻ അവ്യയൻ
8. ഓം നിർമ്മലായ നമഃ
ശാരീരികവും മാനസികവുമായ മലം - മാലിന്യം ഇല്ലാത്തവൻ. കാപട്യം, വഞ്ചന, ദുഷ്ട ചിന്ത, കള്ളത്തരം മുതലായവ മനോ മലങ്ങളാണ്. ഹിംസ, ദുർഗന്ധം, വിളർച്ച, രോഗങ്ങൾ മുതലായവ ശാരീരിക മലങ്ങളാണ്.ഇത്തരം മലമില്ലാത്തവൻ നിർമ്മലൻ
9 . ഓംനിഗമാന്തജ്ഞായ നമഃ
നിഗമം- വേദം, നിഗമാന്തം - വേദാന്തം-ഉപനിഷത്ത്. ആത്മവിദ്യ അറിയുന്നവർ നിഗമാന്തജ്ഞൻ.വേദം-അറിവ് - വേദാന്തം. അറിവിന്റെ പരമകാഷ്ഠ. ?നിരതിശയമായ അറിവ് വേദാന്തം. അതിനെ കടത്തി നിൽക്കുന്ന മറ്റൊരു.അറിവില്ലാത്തതു കൊണ്ട് അതു അറിവിന്റെ പരമകാഷ്ഠ- പരബ്രഹ്മം - അതു സാക്ഷാത്കരിച്ചവൻ നിഗമാന്തജ്ഞൻ -ബ്രഹ്മജ്ഞൻ.
10. ഓം ആജ്ഞാനുവർത്തിലോകായ നമഃ
തന്റെ ആജ്ഞയെ- ഉപദേശത്തെ അനുവർത്തിക്കുന്ന - പിന്തുടരുന്ന ലോകരോട് ( ജനങ്ങളോട് ) കൂടിയവൻ ആജ്ഞാനുവർത്തി ലോകൻ
11.ഓം സച്ചിദാനന്ദ സ്വരൂപായ നമഃ
സത്ത് (ഉണ്മ ), ചിത്ത് (ചൈതന്യം -ജ്ഞാനം), അനന്ദം ഇവയാകുന്ന സ്വരൂപമുള്ളവൻ - സത്യം, ജ്ഞാനം, ആനന്ദം ഇവ ബ്രഹ്മസ്വരൂപമാണ് .അതുകൊണ്ട് ശ്രീനാരായണൻ ബ്രഹ്മസ്വരൂപനെന്നു സിദ്ധിക്കുന്നു
12.ഓം അഗ്രാഹ്യായ നമഃ
ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കുവാൻ കഴിയാത്തവനാന്ന് അഗ്രാഹ്യൻ. വാക്കും മനസ്സും മറ്റിന്ദ്രീയങ്ങളും ആ ബ്രഹ്മത്തെ ഗ്രഹിപ്പിക്കുവാൻ കഴിയാതെ മടങ്ങുന്നു എന്ന ഉപനിഷദ് വചനങ്ങൾ കൊണ്ടു മാത്രം ഗ്രഹിക്കാവുന്ന ബ്രഹ്മം ഔപനിഷദമാണ്.
13.ഓം ദേഹാത്മ ബുദ്ധിനിഹന്ത്രേ നമഃ
ദേഹം തന്നെയാണ് ആത്മാവെന്നുള്ള ബുദ്ധിയെ- ഭ്രമജ്ഞാനത്തെ - നശിപ്പിക്കുന്നവൻ ദേഹാത്മബുദ്ധിനിഹന്താവ്. നിഹനിക്കുകയെന്നാൽ കൊല്ലുകയെന്നാണ് വാക്കിനർത്ഥം. എന്നാൽ കൊല്ലുന്നവൻ നശിപ്പിക്കുന്നവനാകയാൽ നശിപ്പിക്കുന്നവൻ എന്നർത്ഥം ഗ്രഹിക്കണം. ബുദ്ധിയെ കൊല്ലാനാവില്ലല്ലോ.അനർത്ഥങ്ങൾക്ക് മുഖ്യ കാരണം ദേഹാത്മബുദ്ധിയാണ്
14 .ഓം നാശിതാ ശേഷകല്മഷായ നമഃ
എല്ലാ കല്മഷങ്ങളേയും - പാപങ്ങളേയും - നശിപ്പിച്ചവൻ നാശിതാശേഷ കല്മഷൻ. ഭക്തന്മാർക്ക് ആത്മജ്ഞാനം നൽകി അവരുടെ പുണ്യപാപ രൂപങ്ങളെ- കർമ്മങ്ങളെ നശിപ്പിക്കുന്ന പരമഗുരുവെന്നർത്ഥം
15.ഓം ഭക്തി സംയുക്തായ നമഃ
ആത്മാവിന്റെ അനുസന്ധാനം -നിരന്തരസ്മരണ -ഭക്തിയാണ്. ആത്മാവ് ആനന്ദഘനനാണ്.അതുകൊണ്ട് ബ്രഹ്മജ്ഞൻ എപ്പോഴും ആത്മാവിനെ അനുസന്ധാനം ചെയ്യുന്നു.ആന്മാനുസന്ധാന രൂപമായ ഭക്തിയോടു കൂടിയവൻ ഭക്തിസംയുക്തൻ.
16. ഓം സ്ഥൂല സൂക്ഷ്മകാരണ ശരീരാതിരിക്തായ നമഃ
സ്ഥൂല ശരീരം (പഞ്ചഭൂത നിർമ്മിതമായ തടിച്ച ശരീരം), സൂക്ഷമ ശരീരം (അഞ്ചു പ്രാണങ്ങൾ, മനസ്സ്, ബുദ്ധി, അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ചു കർമ്മേന്ദ്രീയങ്ങൾ എന്നിങ്ങനെ പതിനേഴ് അംഗങ്ങളുള്ളതും പരലോകത്തിൽ ഭോഗാനുഭവത്തിനുള്ളതും മോക്ഷം വരെ നിലനിൽക്കുന്നതും ശുദ്ധ പഞ്ചഭൂത നിർമ്മിതവുമായ ശരീരം കാരണ ശരീരം), അവിദ്യ� ഈ മൂന്നു തരത്തിലുള്ള ശരീരങ്ങളിൽ നിന്നും ഭിന്നൻ - സ്ഥൂല സൂക്ഷമകാരണ ശരീരാതിരിക്തൻ.
17.ഓം കാരുണ്യ സമ്പൂർണ്ണായ നമഃ
അന്യരുടെ കഷ്ടപ്പാടു കാണുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ അലിവ് (ആർദ്രത ) കാരുണ്യം. കാരുണ്യം നിറഞ്ഞ ഹൃദയമുള്ളവൻ കാരുണ്യ സമ്പൂർണ്ണൻ.
18.ഓം ബാഹ്യകർമ്മേന്ദ്രിയാതിരിക്തായ നമഃ
പുറമേയുള്ള കർമ്മേന്ദ്രിയങ്ങൾ വാക്, പാണി, പാദം, പായു ( വിസർജ്ജനേന്ദ്രിയം ), ഉപസ്ഥം (ജനനേന്ദ്രിയം) ഇവ അഞ്ചുമാണ്.ശ്രീ നാരായണ ഗുരുദേവൻ ഈ കർമ്മേന്ദ്രിയങ്ങളിൽ നിന്നും ഭിന്നനാണെന്നർത്ഥം
19.ഓം സഗുണ പൃഥ്വിവ്യാദി ഭൂതോത്തരായ നമഃ
ഗന്ധാദി ഗുണങ്ങളോടുകൂടിയ പൃഥ്വി, ജലം, തേജസ്സ്, വായു, ആകാശം എന്നീ ഭൂതങ്ങളേക്കാൾ ഉത്കൃഷ്ടനും ഭിന്നനുമായവൻ സഗുണ പൃഥ്വിവ്യാദിഭൂതോത്തരൻ. പഞ്ചഭൂതങ്ങൾക്കപ്പുറമുള്ളവൻ എന്നർത്ഥം
20. ഓം അവസ്ഥാത്രയസാക്ഷിണേ നമഃ
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി ( ഉറക്കം) എന്നീ അവസ്ഥകളെ നേരിൽ കാണുന്നവൻ - ഈ അവസ്ഥകളില്ലാത്തവൻ - സാക്ഷാത് ദ്രഷ്ടാവാണ് സാക്ഷി
21.ഓം ദേവതിര്യങ് മനുഷ്യാവച്ഛിന്നാത്മനേ നമഃ
ദേവന്മാർ, തിര്യക്കുകൾ ( പക്ഷിമൃഗാദികൾ ), മനുഷ്യർ അവരോടു ചേർന്നിരിക്കുന്ന - ദേവാദിവിശിഷ്ടമായ - ആത്മാവോടു കൂടിയവൻ - ദേവാദിവിശിഷ്ടമായ ആത്മാവായവൻ എന്നുമാകാം. ദേവാദികളിലെല്ലാം അന്തര്യാമിയായി സ്ഥിതി ചെയ്യുകയാൽ പരമാത്മാവ് ദേവാദ്യവച്ഛിന്നനാകുന്നു
22.ഓം അവബോധിതമായാമയ പ്രപഞ്ചായ നമഃ
ഈ പ്രപഞ്ചം മായാ മയമാണ് .മായാ നിർമ്മിതമാണ് - രജ്ജു സർപ്പം പോലെ അജ്ഞാനം കൊണ്ടുണ്ടായതാണെന്ന് നല്ലവണ്ണം ബോധിപ്പിച്ചവനും ബോധിപ്പിക്കുന്നവനും ആണ് അവബോധിതമായാപ്രപഞ്ചൻ.
23.ഓം അന്നമയാദി കോശവിലക്ഷണായനമഃ
അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം ,എന്ന അഞ്ചു കോശങ്ങൾ ബ്രഹ്മസ്വരൂപത്തെ മറയ്ക്കുന്നവയാണ്.ബ്രഹ്മം ഈ കോശങ്ങളിൽ നിന്നും വിലക്ഷണനാണ്, വിത്യസ്തനാണ്.അതുകൊണ്ട് ബ്രഹ്മസ്വരൂപനായ ഗുരുദേവൻ ഈ കോശങ്ങളിൽ നിന്നും വിലക്ഷണനാണ്, വിഭിന്ന നാണ്
24.ഓം വർണ്ണാശ്രമാദ്യാചാര വ്യവഹാര പരാങ്മുഖായ നമഃ
ബ്രാഹ്മണാദികളായ വർണ്ണങ്ങൾ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ആശ്രമങ്ങൾ. ഇവയുടെ ആചാരങ്ങളിൽ നിന്നും വ്യവഹാരങ്ങളിൽ നിന്നും മുഖം തിരിച്ചവൻ - അത്തരം ആചാര വ്യവഹാരങ്ങളിൽ താത്പര്യമില്ലാത്തവൻ വർണ്ണാശ്രമാദ്യാചാര വ്യവഹാര പരാങ്മുഖൻ
25. ഓം സർവ്വജ്ഞായ നമഃ
സർവ്വജ്ഞൻ എല്ലാം അറിയുന്നവൻ, പരമാത്മസ്വരൂപൻ, പരമാത്മാവാണ് സർവ്വജ്ഞൻ
26.ഓം സർവശക്തായനമഃ
സമഗ്രമായ - നിരതിശയമായ ജ്ഞാനശക്തി, ഇച്ഛാശക്തി, ക്രിയാശക്തി ഇവയോടു കൂടിയവൻ. നിഗ്രഹാനുഗ്രഹ ശക്തിയുള്ളവൻ എന്നു മാകാം
27.ഓം ആർത്താർത്തി ഹരണായ നമഃ
ദീനദുഃഖിതരാണ് ആർത്തന്മാർ. അവരുടെ ദൈന്യ ദുഃഖാദികളായ ആർത്തിയെഹരിക്കുന്നവൻ - ദുരീകരിക്കുന്നവൻ ആർത്താർത്തി ഹരണൻ.
28.ഓം ആനന്ദദായകായ നമഃ
എല്ലാവർക്കും ആനന്ദം നൽകുന്നവൻ ആനന്ദദായകൻ.
29.ഓം വാസ്തവ ജ്ഞാനതൃപ്തായ നമഃ
യഥാർത്ഥ വസ്തുവിനെ വിഷയമാക്കുന്ന ജ്ഞാനം വാസ്തവജ്ഞാനം കയറിനെ കയറെന്നു ധരിക്കുന്ന ജ്ഞാനം വാസ്തവജ്ഞാനം; സർപ്പമെന്ന ജ്ഞാനം അവാസ്തവജ്ഞാനമാണ്. പരമാത്മാവിനെ പരമാത്മാവായി ധരിക്കുന്നത് വാസ്തവജ്ഞാനവും പരമാത്മാവിനെ പ്രപഞ്ചമായി ധരിക്കുന്നതു അവാസ്തവജ്ഞാനവുമാണ്.ഏകവും അദ്വിതീയ വ്യമായ പരമാത്മാവിന്റെ ജ്ഞാനം -ബ്രഹ്മജ്ഞാനം - വാസ്തവജ്ഞാനം. അതുകൊണ്ട് സംതൃപ്തൻ വാസതവജ്ഞാന തൃപ്തൻ.മറ്റൊന്നും അപേക്ഷിക്കാത്തവൻ എന്നർത്ഥം.
30.ഓം ദൃഗ് രൂപായ നമഃ
ദൃക്, ദൃശ്യം എന്നു പദാർത്ഥങ്ങൾ രണ്ടു വിഭാഗത്തിൽപ്പെടുന്നു. ദൃക് - ദ്രഷ്ടാവ് - കാണുന്നവൻ, ചേതനൻ. ദൃശ്യം കാണത്തക്കത് - അചേതനം ( ജഡം). ആത്മാവ് ദൃക്കും ആത്മഭിന്നമെല്ലാം ദൃശ്യവും ജഡവുമാണ്. ദ്രഷ്ടാവ് - ആത്മാവ് സ്വയം പ്രകാശമാണ്. ദൃശ്യമായ ജഡ പദാർത്ഥം മറ്റൊന്നു കൊണ്ട് പ്രകാശിപ്പിക്കപ്പെടേണ്ടതാണ്. പരമഗുരു ദൃഗ് രൂപനാണ്. ദ്രഷ്ടാവാണ്. സാക്ഷിയായ ആത്മാവ് ദൃക്ക് മാത്രം
31.ഓം ജഡ ബോധവിവർജിതായ നമഃ
ചിത്തം - അന്തഃകരണം ജഡമാണ്. (അതു കൊണ്ട് അന്തഃകരണവ്യത്തിരൂപമായ ജ്ഞാനവും ജഡമാണ് ). ആ വൃത്തിയിൽ ചൈതന്യം പ്രതിഫലിക്കുമ്പോൾ ഘടാദിജ്ഞാനമാകുന്നു. പരമഗുരു വൃത്തി രൂപമായ ജഡജ്ഞാനത്തെ വർജിക്കുന്നു. അങ്ങനെ ജഡ ബോധത്താൽ വിവർജിതനാണ് - ജഡ ബോധം ഇല്ലാത്തവനാണ്. സ്വയം പ്രകാശമായ ചൈതന്യം വൃത്തി രഹിതമാണ്.അതാണ് പരബ്രഹ്മം
32.ഓം സർവ്വ മുക്തായ നമഃ
എല്ലാ സംസാര ബന്ധത്തിൽ നിന്നും മോചിക്കപ്പെട്ടവനാണ്.സംസാരബന്ധമില്ലാത്തവൻ സർവ്വ മുക്തൻ.
33.ഓം സത്കൃത്യജ്ഞാനദാനോത് കർഷായ നമഃ
നല്ല പ്രവൃത്തിയായ ജ്ഞാനദാനം കൊണ്ട് ഉത്കർഷം നേടിയവൻ. സത്കാരപൂർവ്വകമായ ജ്ഞാനദാനം കൊണ്ട് ഉത്കർഷം പ്രാപിച്ചവൻ എന്നുമാകാം. ദാനം സത്കാരപൂർവ്വകമായാൽ ഉത്കൃഷ്ടമെന്നു ഗീതയിൽ പറയുന്നത് ശ്രദ്ധേയമാണ്. അനാദരവോടെ നൽകുന്ന ദാനം അധമമാണ്. അതുകൊണ്ടാണ് സത്കരിച്ചു ജ്ഞാനദാനം (അറിവു പകർന്നു കൊടുക്കൽ ) എന്നു പറഞ്ഞത്.
34. ഓം അജ്ഞാനവിനാശക വിജ്ഞാനായ നമഃ
അജ്ഞാനത്തെ നശിപ്പിക്കുന്ന വിശിഷ്ട വിജ്ഞാനം -ബ്രഹ്മജ്ഞാനം.
ബ്രഹ്മജ്ഞാനം ബ്രഹ്മം തന്നെയാണ് .പരമഗുരു ബ്രഹ്മനിഷ്ഠനാണ്. ജ്ഞാന നിഷ്ഠനാണ്
35.ഓം ഭിക്ഷാന്ന വിഭക് ത്രേ നമഃ
ഭിക്ഷ കൊണ്ടു ലഭിച്ച ഭക്ഷണത്തെ പങ്കിട്ടു കൊടുക്കുന്നവൻ. സന്യാസി ഭിക്ഷ കൊണ്ട് ജീവിതം നയിക്കുന്നവനാണല്ലോ. ഭിക്ഷാന്നം പോലും പങ്കിട്ടു നൽകുന്ന മഹാ ത്യാഗിയും ഉദാരനും എന്നർത്ഥം.
36.ഓം യഥാർത്ഥ ജ്ഞാനദായ നമഃ
സംശയം, ഭ്രമം എന്ന കളങ്കം പറ്റാത്ത യഥാർത്ഥമായ ജ്ഞാനം -ബ്രഹ്മജ്ഞാനം-ബ്രഹ്മം പരമഗുരു.അതല്ലാത്ത ജ്ഞാനമെല്ലാം അയഥാർത്ഥമാണ്. സംശയഭ്രമദൂഷിതമാണ്. യഥാർത്ഥ ജ്ഞാനം നൽകുന്നവൻ യഥാർത്ഥ ജ്ഞാനദായകൻ.
37.ഓം ഭ്രാന്തി ജ്ഞാനവിനാശകായ നമഃ
ഭ്രാന്തി ജ്ഞാനം -അതല്ലാത്തതിനെ അതെന്നു ധരിക്കുന്നതു ഭ്രമം.സർപ്പമല്ലാത്ത കറു സർപ്പമെന്നു ധരിക്കുന്നത് ഭ്രമം. ഈ ഭ്രമം യഥാർത്ഥ ജ്ഞാനം കൊണ്ടില്ലാതാകും. ഭ്രാന്തി ജ്ഞാനത്തെ നശിപ്പിക്കുന്ന യഥാർത്ഥ ജ്ഞാനം എന്നോ ആ യഥാർത്ഥ ജ്ഞാനം പകർന്നു തരുന്ന പരമഗുരുവെന്നോ അർത്ഥം പറയാവുന്നതാണ്.
38.ഓം ലോകവർത്തിനേ നമഃ
ബ്രഹ്മജ്ഞാനം കൊണ്ടു ബ്രഹ്മമായിത്തീർന്നെങ്കിലും പ്രാരബ്ധ കർമ്മം നിമിത്തം ശരീരം വച്ചു കൊണ്ടിരിക്കുന്ന ജീവന്മുക്തൻ പ്രാരാബ്ധ കർമ്മത്തിന്റെ നാശത്തോടെ ശരീരം നശിച്ച് വിദേഹ മുക്തനായി ബ്രഹ്മമായി ഭവിക്കുന്നു. ലോകാനുഗ്രഹത്തിനായി ലോകത്തിൽ വർത്തിക്കുന്നവൻ - ഇരിക്കുന്നവൻ എന്നർത്ഥം.
39.ഓം വിപരീതഗതിഹന്ത്രേ നമഃ
ജനങ്ങളെ സത്കമ്മ നിരതരാക്കി അവരുടെ വിപരീതമായ - തെറ്റായ ഗതിയെഹനിക്കുന്നവൻ. ജനങ്ങളെ തെറ്റായ മാർഗ്ഗത്തിൽ നിന്നും പിന്തിരിപ്പിച്ച് നേരായ മാർഗ്ഗത്തിലൂടെ നയിക്കുന്ന പരമാചാര്യൻ എന്നർത്ഥം.
40. ഓം സത്യമാർഗ്ഗപ്രദായകായ നമഃ
ഭക്തന്മാർക്ക് ശരിയായ - സത്യ - മാർഗ്ഗം നൽകുന്നവൻ. ഉപദേശിക്കുന്നവൻ
41. ഓം ഭക്താമോദപ്രദായകായ നമഃ
ഭക്തന്മാർക്ക് അത്യന്തമായ സന്തോഷം പ്രദാനം ചെയ്യുന്നവൻ - ഭക്തന്മാരെ നിത്യനിരതിശായിയായ ആനന്ദത്തിൽ എത്തിക്കുന്നവൻ എന്നുമാകാം.
42.ഓം പൂർണ്ണാദ്വൈത നിരുപാധിക പരബ്രഹ്മ വിദേ നമഃ
മനസ്സ് ( അന്തഃകരണം) എന്ന ഉപാധിയോടു കൂടിയ ചൈതന്യം (ബ്രഹ്മം) ജീവനാണ്. ശരീരം, ഇന്ദ്രീയം മുതലായ ഈ ഉപാധികൾ അവിദ്യകൊണ്ടുണ്ടായതാണ്. ശുദ്ധ ചൈതന്യം - ഉപാധിയൊന്നുമില്ലാത്തത് -ബ്രഹ്മം.ബ്രഹ്മജ്ഞാനത്തോടെ അവിദ്യയും അതുകൊണ്ടുണ്ടായ ശരീരേന്ദ്രീയാദികളും നിവൃത്തമാകുന്നു. അപ്പോൾ നിരുപാധികമായ - ഉപാധിയില്ലാത്ത - ശുദ്ധമായ ബ്രഹ്മം - പൂർണ്ണമായ അഖണ്ഡമായ - അദ്വൈതം - ദ്വൈതമില്ലാത്ത - രണ്ടെന്ന ഭാവമില്ലാത്ത - ഏകമായ ബ്രഹ്മം 'ഞാൻ ബ്രഹ്മമെന്ന അനുഭൂതി നേടിയവൻ പൂർണ്ണദ്വൈത നിരുപാദികബ്രഹ്മവിത്താകുന്നു - നിരുപാധിക ബ്രഹ്മജ്ഞാനിയാകുന്നു. അവിദ്യയുള്ളപ്പോൾ സോപാധിക ബ്രഹ്മമാണുള്ളത്. ആകാശം - കുടത്തോട് ചേർന്നിരിക്കുമ്പോൾ ഘടാകാശമെന്നു പറയപ്പെടുന്നു. ഘടം അവിടെ ഉപാധിയാണ്. ആ കുടം ഇല്ലാതായാൽ മഹാകാശമായിത്തീരുന്നു. അതു പോലെ അവിദ്യാ കാര്യങ്ങളായ ശരീരേന്ദ്രിയാദി സംബന്ധം ഉള്ളപ്പോൾ ബ്രഹ്മം സോപാധികവും അവിദ്യാ തത്കാര്യങ്ങൾ നശിച്ചാൽ ബ്രഹ്മം - ഉപാധിരഹിതമാകും- നിരുപാധികമാകും - അതു അഖണ്ഡമായ പൂർണ്ണമായ അദ്വൈതമാണ്. അപ്പോൾ സാധകൻ പൂർണ്ണാദ്വൈത നിരുപാധിക ബ്രഹ്മ വിത്താകുന്നു.
43.ഓം ക്ഷണ പ്രഭാവ ബുദ്ധഭോഗായ നമഃ
ഭോഗങ്ങളെല്ലാം (സുഖ ദുഃഖാനുഭവങ്ങളെല്ലാം ) ക്ഷണപ്രഭാവങ്ങൾ - ക്ഷണനേരം മാത്രം പ്രഭാവമുള്ളവ - ക്ഷണികങ്ങൾ (നശ്വരങ്ങൾ ) എന്നു അറിഞ്ഞവൻ.നശ്വരങ്ങളായ ഭോഗങ്ങൾ ആശിക്കത്തക്കവയല്ലെന്നു ഗ്രഹിച്ചവൻ എന്നർത്ഥം. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം (ഭോഗങ്ങളെല്ലാം ക്ഷണപ്രഭ പോലെ - മിന്നൽ പോലെ ചഞ്ചലമാണ് - അസ്ഥിരമാണ് ) എന്ന അദ്ധ്യാത്മരാമായണ വചനം ഇവിടെ സ്മരിക്കാവുന്നതാണ്
44.ഓം ബാഹ്യേന്ദ്രിയ വൃത്ത്യുദാസീനായ നമഃ
ബാഹ്യേന്ദ്രിയങ്ങൾ പുറമേയുള്ള കണ്ണുമുതലായവ - അവയുടെ വൃത്തിയിൽ വ്യാപാരത്തിൽ പ്രവർത്തനത്തിൽ ഉദാസീനൻ - സാക്ഷിയേപ്പോലെ മധ്യസ്ഥനായി നില കൊള്ളുന്നവൻ.ഇന്ദ്രിയ വ്യാപാരങ്ങളിലൊന്നും പറ്റലില്ലാതെ, താത്പര്യമില്ലാതെ അകലെ നിന്നു കാണുന്നവൻ
45.ഓം ആത്മനിഷ്ഠാ പരായ നമഃ
ആത്മാവിൽ - ബ്രഹ്മത്തിൽ - ഉള്ള നിഷ്ഠ - സ്ഥിരമായ നില്പ് - അതിനെ പരമായി - ഉത്കൃഷ്ടമായി - കരുതുന്നവൻ.ബ്രഹ്മനിഷ്ഠയാണ് അത്യുത്തമമെന്നു ചിന്തിച്ച് അതിൽ മുഴുകിയവൻ എന്നുമാകാം.
46.ഓം തുഷ്ടായ നമഃ
എപ്പോഴും സന്തോഷിക്കുന്നവൻ. ബാഹ്യമോ ആഭ്യന്തരമോ ആയ സാമഗ്രികളെ അപേക്ഷിക്കാതെ ആത്മാനന്ദാനുഭൂതി കൊണ്ട് സംതൃപ്തൻ.
47.ഓം മായാവൃത്തി രഹിതായ നമഃ
മായ, അവിദ്യ, അജ്ഞാനം, പ്രകൃതി എന്നീ പദങ്ങൾ വേദാന്ത ശാസ്ത്രത്തിൽ പര്യായപദങ്ങളായി പ്രയോഗിക്കാറുണ്ട്. യഥാർത്ഥത്തിൽ ഇവയുടെ അർത്ഥത്തിൽ അല്പാൽപം വ്യത്യാസമുണ്ട്. വിദ്യാ വിരോധിയാണ് അവിദ്യയും മായയും മറ്റും.വേദാന്ത ശാസ്ത്ര പ്രകാരം ഈ പ്രപഞ്ചം ബ്രഹ്മത്തെ ആശ്രയിച്ചു നിൽക്കുന്ന മായയുടെ പരിണാമമാണ്.കുടം മണ്ണിനുണ്ടാകുന്ന രൂപമാറ്റമാണല്ലോ. അതുപോലെ മായയുടെ(അവിദ്യയുടെ ) രൂപമാറ്റം - പരിണാമം - പ്രപഞ്ചം മായയുടെ വൃത്തി - വ്യാപാരം - മാറ്റം - മായാവൃത്തി ഇല്ലാത്തവൻ. പരമഗുരു മായാതീതൻ എന്നു സാരം.
48. ഓം ആനന്ദസ്വരൂപായ നമഃ
ബ്രഹ്മജ്ഞൻ ബ്രഹ്മമാകുന്നതു കൊണ്ട് ആനന്ദസ്വരൂപനാണ്. സത്ത്.ചിത്ത്.അനന്ദം. ഇവ ബ്രഹ്മസ്വരൂപമാണ്. അതു കൊണ്ട് പരമാചാര്യൻ ആനന്ദസ്വരൂപനാണ്.
49.ഓം ജ്ഞാനാമൃതപ്രദാത്രേ നമഃ
ശിഷ്യന്മാർക്ക് (ഭക്തന്മാർക്കും) ജ്ഞാനമാകുന്ന അമൃതം പ്രദാനം ചെയ്യുന്നവൻ - അമൃതപാനം നൽകി അമരന്മാരാക്കിത്തീർക്കുന്നവൻ
50.ഓം സർവ്വലോക പ്രപൂജിതായ നമഃ
എല്ലാ ജനങ്ങളാലും പൂജിക്കപ്പെടുന്നവൻ. സർവ്വോത്കൃഷ്ടൻ എന്നർത്ഥം ഗുണോത്കൃഷ്ടരെയാണ് പൂജിക്കുന്നത്.
51.ഓം ഇന്ദ്രിയാർത്ഥരതിരഹിതായ നമഃ
ഇന്ദ്രിയാർത്ഥങ്ങൾ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിവ യഥാക്രമം ചെവി, ത്വക്ക്, കണ്ണ്, രസന ( നാക്ക്) ഘ്രാണം (മൂക്ക്) എന്നിവയുടെ അർത്ഥങ്ങളാണ്.ശബ്ദാദികളായ ഇന്ദ്രിയാർത്ഥങ്ങളിൽ രതിയില്ലാത്തവൻ.ശബ്ദാദി വിഷയങ്ങളാൽ ആകർഷിക്കപ്പെടാത്തവനും അവയിൽ വിനോദിക്കാത്തവനും ( മനഃപ്രീതി ഇല്ലാത്തവനും) എന്നു സാരം
52.ഓം ആത്മാനന്ദവിലീനാത്മനേ നമഃ
സ്വരൂപമായ ആനന്ദത്തിൽ വിലയം പ്രാപിച്ച -അലിഞ്ഞു ചേർന്ന ഹൃദയത്തോടു കൂടിയവൻ.രണ്ടാമത്തെ ആത്മ ശബ്ദം ഹൃദയത്തെ കുറിക്കുന്നതാണ്. തന്റെ ആനന്ദത്തിൽ ലയിച്ചവൻ എന്നുമാകാം. അപ്പോൾ രണ്ടാമത്തെ ആത്മശബ്ദം താൻ എന്നർത്ഥത്തെ കുറിക്കുന്നുവെന്നു പറയാം
53.ഓം നിഷ്കളാത്മനേ നമഃ
കളം -അംശം. നിഷ്കളൻ -അംശങ്ങൾ. അവയവങ്ങൾ ഇല്ലാത്തവൻ നിഷ്കളൻ - അഖണ്ഡൻ. അഖണ്ഡാത്മസ്വരൂപൻ എന്നർത്ഥം.
54. ഓം ജന്മനാശരഹിതായ നമഃ
ജനനവും മരണവും ഇല്ലാത്തവൻ.ജനിച്ചതു മരിക്കും. ആത്മാവ് ജനിക്കുന്നില്ല. മരിക്കുന്നുമില്ല. 'ന ജായതേ മ്രിയതേ വാ' എന്ന ഗീതാവചനം ശ്രദ്ധിക്കുക ഇല്ലാത്തതു ഉണ്ടാകുന്നതു ജനനം (അഭൂത്വാ ഭവനം). ഉണ്ടായിട്ടു ഇല്ലാതാകുന്നതു മരണം. (ഭൂത്വാ അഭവനം). ആത്മാവ് നിത്യനാണ് അതുകൊണ്ടുതന്നെ ജനന മരണങ്ങൾ ഇല്ലെന്നു സിദ്ധം
55.ഓം ഉത്തീർണ്ണഭവാർണ്ണവായ നമഃ
സംസാരം - ജനന മരണാത്മകമായ ചക്രം - സംസാരം ഒരു മഹാസമുദ്രമാണ്. ആ മഹാസമുദ്രത്തെക്കടന്നവൻ. അക്കരപറ്റിയവൻ - സംസാരമുക്തൻ എന്നു സാരം.
56.ഓം നിശ്ചലായ നമഃ
ചലനം ക്രിയ.ഒരു ദേശം വിട്ടു മറ്റൊരു ദേശത്തോടു ചേരുന്നതാണ് ചലനം. ആത്മാവ് വിഭുവാണ് - സർവ്വവ്യാപിയാണ്. അതു കൊണ്ട് ദേശംവിട്ട് ദേശാന്തര സംയോഗം സംഭവിക്കുകയില്ല. അതു കൊണ്ട് ആത്മാവ് ചലന രഹിതനാണ്, സ്ഥിരനാണ്. പരമാചാര്യൻ സ്ഥിരനാണ്
57.ഓം ബ്രഹ്മഭിന്നവസ്തു ബോധഹീനായ നമഃ
ബ്രഹ്മഭിന്നമായ വസ്തുവിന്റെ അറിവില്ലാത്തവൻ.ബ്രഹ്മമല്ലാത്ത വസ്തുവില്ല. ബ്രഹ്മഭിന്നം അവസ്തുവാണ് . ബ്രഹ്മഭിന്നമായ വസ്തുവില്ല. അതു കൊണ്ട് അതിന്റെ അറിവും. പരമാചാര്യനില്ല. കാരണം ഗുരു ബ്രഹ്മജ്ഞാനത്താൽ എല്ലാം ബ്രഹ്മമായി കാണുന്നു
58.ഓം ശൈവാദിമതഭേദരഹിതായ നമഃ
ശൈവം (ശിവനെ മുഖ്യനെന്നു കരുതുന്ന മതം ), വൈഷണവം (വിഷ്ണുവിനെ മുഖ്യനായി കരുതുന്ന മതം ), ശാക്തം (ശക്തിയെ- ദേവിയെ മുഖ്യയെന്നുപാസിക്കുന്ന മതം ). മതങ്ങളുടെ ഭേദം ഇല്ലാത്തവൻ. ഒരു പരമാത്മാവ്. പല നാമത്തിലും രൂപത്തിലും ഉപാസിക്കുന്നുവെന്ന് മാത്രം. അതു കൊണ്ട് ഒരു മതം മാത്രമാണ് സത്യം .ഭേദം വാസ്തവികമല്ല
59. ഓം നിർവാപിതമാനസികമലായ നമഃ
മാനസികമലങ്ങൾ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണ്.ഈ മാലിന്യങ്ങളെ കെടുത്തിയവൻ. മനസ്സിലെ ദോഷങ്ങൾ ദുരീകരിച്ച ശുദ്ധമനസ്സിന്റെ ഉടമയാണ് പരമാചാര്യൻ.
60. ഓം മോക്ഷോപദേശ പ്രദായ നമഃ
ഭക്തന്മാർക്ക് സംസാര ബന്ധത്തിൽ നിന്നുമുള്ള മോചനത്തിനുള്ള ഉപദേശം പ്രദാനം ചെയ്യുന്നവൻ.
61.ഓം ദുരാശാദി ദുർഗുണ ദൂരായ നമഃ
ദുരാശ (ദുഷ്ടമായ ആശ ), ദുഷ്ട ചിന്ത, അസൂയ, ഈർഷ്യ മുതലായ ദുർഗുണങ്ങളിൽ നിന്നു അകന്നു നിൽക്കുന്നവൻ.
62.ഓം ജന്മകാരണ പ്രദർശകായ നമഃ
വീണ്ടും വീണ്ടും ഉണ്ടാകുന്ന ജന്മത്തിനുള്ള കാരണത്തെ കാട്ടിത്തരുന്ന വൻ.ജന്മ കാരണം മുൻ ജന്മത്തിലെ ശുഭാശുഭ കർമ്മങ്ങളാണ്. ആത്മദർശനം കൊണ്ടു മോക്ഷം ലഭിക്കാതെ അജ്ഞാനത്തിൽ കഴിഞ്ഞതിനാൽ ആ മുജ്ജന്മ കർമ്മ വാസന വീണ്ടുമുള്ള ജന്മത്തിനു കാരണമാകുന്നു. അതു കൊണ്ട് ഈ നരജന്മത്തിൽ ആത്മജ്ഞാനം നേടി അജ്ഞാനം നശിപ്പിക്കുകയെന്നതാണ് കർത്തവ്യം. അജ്ഞാന നാശത്തോടു കൂടി - അജ്ഞാന കാര്യങ്ങളായ കർമ്മങ്ങളെല്ലാം നിവൃത്തമാകുന്നു - അങ്ങനെ മരണമില്ലാത്ത - അതു കൊണ്ട് പുനർജന്മമില്ലാത്ത മോക്ഷം കൈവരുന്നുവെന്നു ഉപദേശിക്കുന്നു പരമാചാര്യൻ.
63.ഓം വിഷയവീചിഭ്രാന്താശയനാശ കായ നമഃ
ശബ്ദ സ്പർശാദികളായ ഇന്ദ്രിയ വിഷയങ്ങൾ മനസ്സിൽ കടന്നു കൂടി അവിടെ ഓളങ്ങൾ (ചലനങ്ങൾ ) ഉണ്ടാക്കുന്നു. ഈ ഓളങ്ങൾ ഭ്രാന്തി പൂർണ്ണമായ ആശയങ്ങളെ- വാസനകളെ ജനിപ്പിക്കുന്നു. അപ്പോൾ അനിത്യം നിത്യമെന്നും, അശുചി ശുചിയെന്നും, പാപം പുണ്യമെന്നും, ദുഃഖം സുഖമെന്നും മറ്റുമുള്ള ഭ്രമജ്ഞാനവും അവയുടെ സംസ്കാരവും ഉടലെടുക്കുന്നു. തുടർന്നു സംസ്കാരങ്ങൾ വീണ്ടും ഭ്രമത്തിനു വഴിയൊരുക്കുന്നു. അതു കൊണ്ട് അത്തരം ഭ്രാന്താശയങ്ങളെ നശിപ്പിക്കുന്നു പരമാചാര്യൻ എന്നു സാരം
64.ഓം ത്രികാലജ്ഞായ നമഃ
ഭൂതം, വർത്തമാനം, ഭാവി എന്നീ കാലങ്ങളെയും അവിടെ ഉണ്ടായതും ഉണ്ടാകുന്നതും ഉണ്ടാകാവുന്നതും ആയ കാര്യങ്ങളെയും യോഗശക്തിയാൽ അറിയുന്നവൻ.യോഗികൾ ത്രികാലജ്ഞരെന്നു പ്രസിദ്ധം
65.ഓം നിരാവരണ ചേതസേ നമഃ
ആവരണം,മറവ്, മൂടൽ മുതലായ അർത്ഥത്തെ കുറിക്കുന്നു. അതു വസ്തുദർശനത്തിനു പ്രതിബന്ധമുണ്ടാക്കുന്നു. ആവരണമില്ലാത്ത - തുറന്ന - ചേതസ്സോടുകൂടിയവൻ. ചേതസ്സു - മനസ്സു - ആവരണമില്ലാത്ത മനസ്സിനു പ്രതിബന്ധം കൂടാതെ ഏതു കാര്യത്തിലും പ്രവർത്തിക്കാൻ കഴിയും
66.ഓം യോഗീന്ദ്രവര്യായ നമഃ
യോഗികൾ ചിത്തവൃത്തി നിരോധം കൊണ്ട് ശുദ്ധ ചൈതന്യമായി - മുക്തരായി - കേവലരായി വർത്തിക്കുന്നവരാണ് യോഗി ശ്രേഷ്ഠന്മാരിലും മുമ്പാണ് യോഗീന്ദ്രവര്യൻ
67.ഓം കൃപാർദ്രഹൃദയായ നമഃ
കൃപ അന്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോഴുണ്ടാകുന്ന മനസ്സിന്റെ അലിവ്. അതു ദയ, കരുണ, കാരുണ്യം എന്നീ പേരിലും അറിയപ്പെടുന്നു. സഹാനുഭൂതി എന്നും ചിലപ്പോൾ അർത്ഥമാകും. കൃപകൊണ്ട് ആർദ്രമായ - അലിഞ്ഞ -ഹൃദയമുള്ളവൻ. അന്യരുടെ കഷ്ടപ്പാടുകളിൽ സഹാനുഭൂതിയുള്ളവനെന്നു സാരം.
68.ഓം അഘൗഘനാശകായ നമഃ
അഘം - പാപം. ഭക്തന്മാരുടെ അഘൗഘത്തെ - പാപസമൂഹത്തെ - നശിപ്പിക്കുന്നവൻ അഘൗഘനാശകൻ.
69.ഓം പ്രഗ്ഭാവാദി സാക്ഷിണേ നമഃ
മുമ്പുണ്ടായിരുന്ന പദാർത്ഥങ്ങൾക്കും അനുഭവങ്ങൾക്കും മറ്റും സാക്ഷിയായവൻ. അതെല്ലാം ഉദാസീനതയോടെ നേരിട്ടു കണ്ടിരുന്നവൻ.പ്രാഗ്ഭാവാദി സാക്ഷി
70.ഓം ശിഷ്യാബ്ജഭാസ്കരായ നമഃ
ശിഷ്യന്മാരാകുന്ന താമരകൾക്ക് സുര്യനായുള്ളവൻ. താമരകൾക്ക് വികാസം നൽകി ശോഭ ഉളവാക്കുന്നവനാണ് സൂര്യൻ. അതുപോലെ ശിഷ്യന്മാരുടെ ബുദ്ധിയെ ജ്ഞാനപ്രകാശം കൊണ്ട് വികസിപ്പിച്ച് അവർക്കു ശോഭയുളവാക്കുന്നവൻ
71.ഓം അജ്ഞാനാന്ധജ്ഞാനദൃഷ്ടി പ്രദായ നമഃ
അജ്ഞാനം നിമിത്തം കുരുടരായവർക്ക് ജ്ഞാനമാകുന്ന കണ്ണു നൽകുന്നവൻ. അജ്ഞാനം ബധിച്ച ജനങ്ങളെ ജ്ഞാനം നൽകി - അജ്ഞാനമകറ്റി അനുഗ്രഹിക്കുന്നവൻ അജ്ഞാനാന്ധജ്ഞാനദൃഷ്ടി പ്രദൻ.
72.ഓം ക്ഷണഭംഗുര വിഷയ വിരക്തായ നമഃ
ക്ഷണനേരം കൊണ്ടു തകരുകയെന്ന ( ഭഗ്നമാകുകയെന്ന ) സ്വഭാവമുള്ളവയാണ് രൂപരസാദികളായ വിഷയങ്ങളും അവ കൊണ്ടുണ്ടാകുന്ന സുഖാദ്യ നുഭവങ്ങളും. അതു കൊണ്ട് അവയിൽ തൃഷ്ണയില്ലാതിരിക്കുകയെന്ന വൈരാഗ്യം - വിരക്തി നേടിയവൻ ക്ഷണഭംഗുര വിഷയ വിരക്തൻ.
73.ഓം കാമാദിജന്യഭൂതദേഹബോധായ നമഃ
കാമക്രോധാദികളായ വികാരങ്ങളുടെ ഫലമായിട്ടാണ് പഞ്ചഭൂതമയമായ ഈദേഹം ഉണ്ടാകുന്നത് എന്നറിവുള്ളവൻ. കാമം അഥവാ ആഗ്രഹം, അതിൽ നിന്നും തദനുസൃതമായ കർമ്മം ഉണ്ടാകുന്നു. കർമ്മത്തിൽ നിന്നും പുണ്യപാപങ്ങളാകുന്ന കർമ്മഫലങ്ങൾ ഉണ്ടാകുന്നു. കർമ്മഫലങ്ങൾക്കനുസൃതമായി സുഖദുഃഖങ്ങൾ ഉണ്ടാകുന്നു. സുഖദുഃഖങ്ങളുടെ സാക്ഷാത്കാരത്തിനായി ശരീരത്തെ സ്വീകരിക്കുന്നു .ഈ ശരീരം ആകട്ടെ പഞ്ചഭൂത നിർമ്മിതവും നശ്വരവും സദാ അശുചിയുടെ നിദാനവുമാണ്.
74.ഓം നിത്യാത്മനേ നമഃ
നിത്യാത്മാവായ പരമാത്മാവ് ബ്രഹ്മനിഷ്ഠൻ.
75.ഓം പ്രകാശിതനിത്യാത്മബോധായ നമഃ
ആത്മാവ് ജനന മരണ രഹിതനായ നിത്യനാണെന്ന ബോധത്തെ (ജ്ഞാനത്തെ) ഭക്തജനങ്ങൾക്ക് പ്രകാശിപ്പിച്ചു കൊടുക്കുന്നവൻ. പരമാത്മാവ് നിത്യനാണെന്ന അറിവ് അവരിൽ ഉളവാക്കുന്നവൻ എന്നു സാരം.
76.ഓം അജ്ഞ ജന്മനിഷ്ഫല ബോധായ നമഃ
അജ്ഞന്മാരുടെ ഈ മനുഷ്യ ജന്മം നിഷ്ഫലമെന്നു ഉദ്ബോധിപ്പിക്കുന്നവൻ. മനുഷ്യ ജന്മം ദുർലഭമാണ്. അതിനെ നിത്യസുഖം നേടി സഫലമാക്കണം. അജ്ഞാനത്തിൽ അമർന്ന് ക്ഷുദ്ര സുഖങ്ങൾ തേടിയലഞ്ഞ് ആ ജന്മത്തെ നിഷ്ഫലമാക്കരുതെന്നു ഭക്തന്മാരെ ഉദ്ബോധിപ്പിക്കുന്നവൻ എന്നു സാരം
77.ഓം ദർശനമാത്ര ഭഗവദ് ധ്യാനവാസന പ്രദായ നമഃ
കാണുന്ന ക്ഷണത്തിൽത്തന്നെ ഈശ്വര ധ്യാനത്തിന്റെ വാസനയെ - സംസ്കാരത്തെ പ്രദാനം ചെയ്യുന്നവൻ. പരമഗുരുവിന്റെ ദർശനക്ഷണത്തിൽത്തന്നെ ഈശ്വരനെ ധ്യാനിക്കുവാനുള്ള അഭിവാഞ്ഛ ജനിക്കുന്നു. തുടർന്നു ഈശ്വരനെ നിരന്തരം ധ്യാനിക്കാനുള്ള പ്രചോദനം ലഭിക്കുന്നുവെന്നു സാരം.
78.ഓംദേഹ മോഹവിനിർമുക്തായ നമഃ
ദേഹത്തിലുള്ള മോഹത്തിൽ നിന്നു മോചനം നേടിയവൻ. ദേഹത്തെ രക്ഷിക്കുവാനാണ് മനുഷ്യന്റെ തീവ്രയത്നം.എന്നാൽ ആ ദേഹം നശ്വരവും മലിനവുമാണെന്ന ബോധം ഉണ്ടാകുന്നതോടെ ദേഹത്തിലുള്ള മോഹം അകന്നുപോകുന്നു.
79.ഓം പരാക്ഷേപ വിഹീനായ നമഃ
പരന്മാരാൽ - അന്യന്മാരാൽ ആക്ഷേപിക്കപ്പെടാത്തവൻ എന്നർത്ഥം. ശ്രീ നാരായണഗുരുദേവന്റെ കർമ്മ പ്രപഞ്ചത്തെ പരിശോധിച്ചാൽ നമുക്ക് മനസിലാകും ആ ജീവിതത്തിൽ ഒരിടത്തും ഗുരുവിനെ നിന്ദിക്കുന്നതോ ദ്വേഷിക്കുന്നതോ ആയ ഒരു പ്രവർത്തനവും ആരിൽ നിന്നും ഉണ്ടായിരുന്നില്ല എന്ന്.മറിച്ച് അടുത്തു വരുന്നവരെല്ലാം അനുയായികളായി തീരുന്ന വ്യക്തിത്വമായിരുന്നു ഗുരുവിന്റേത്.
80.ഓം ജ്ഞാനപ്രസംഗ പ്രഹൃഷ്ടാത്മനേ നമഃ
ജ്ഞാനം (ആത്മജ്ഞാന)ത്തിന്റെ പ്രകൃ ഷ്ടമായ സംഗം (സംസർഗ്ഗം) നിമിത്തം സന്തുഷ്ടമായ ഹൃദയത്തോടു കൂടിയവൻ. ജ്ഞാനാസക്തിയാണ് ഹൃദയ തുഷ്ടിക്കു കാരണം.
81.ഓം ശ്രുതിസിദ്ധ ബ്രാഹ്മണായ നമഃ
ജന്മം കൊണ്ട് എല്ലാവരും ശൂദ്രരാണെന്നും കർമ്മം കൊണ്ട് വിപ്രനാകുന്നുവെന്നും ബ്രഹ്മജ്ഞാനം കൊണ്ടു ബ്രാഹ്മണനാകുന്നുവെന്നുമാണ് ശ്രുതി വചനം. ഈ ശ്രുതിയിൽ പ്രതിപാദിക്കുന്നതു പോലെ ബ്രഹ്മജ്ഞാനം നേടി ബ്രാഹ്മണനായിത്തീർന്നവൻ ശ്രുതി സിദ്ധ ബ്രാഹ്മണൻ.ജന്മം കൊണ്ടു ആരും ബ്രാഹ്മണനാകുന്നില്ല. മറിച്ച് - ബ്രഹ്മജ്ഞാനത്താലാണ് ഒരു വൻ ബ്രാഹ്മണനാകുന്നത്.
82. ഓം വിബോധിതവർണ്ണധർമ്മായ നമഃ
വർണ്ണാശ്രമധർമ്മങ്ങളെക്കുറിച്ച് ഭക്തന്മാർക്ക് ബോധം (അറിവ്) നൽകിയവൻ വിബോധിത വർണ്ണ ധർമ്മൻ .
83.ഓം പ്രമോദിതസജ്ജനായ നമഃ
സജ്ജനങ്ങളെ നല്ലവണ്ണം സന്തോഷിപ്പിച്ചവൻ പ്രമോദിത സജ്ജനൻ
84.ഓം ശുദ്ധജ്ഞാനഘനാചാര്യായ നമഃ
ശുദ്ധമായ ജ്ഞാനം നിർവ്വിഷയമായ (വിഷയമില്ലാത്ത) ജ്ഞാനം.ബ്രഹ്മരൂപമായ ജ്ഞാനം.ശുദ്ധജ്ഞാനഘനം കട്ടപിടിച്ചതു പോലുള്ള ശുദ്ധജ്ഞാനം. അങ്ങനെ ശുദ്ധജ്ഞാനം മാത്രമായ ആചാര്യൻ. ആചാര്യൻ ബ്രഹ്മനിഷ്ഠനാകയാൽ ശുദ്ധ ജ്ഞാനഘനൻ ആണ്
85.ഓം സങ്കല്പോത്ഥ സർവലോകവീക്ഷകായനമഃ
ഇക്കാണുന്ന ലോകമെല്ലാം മനഃസങ്കൽപ്പം കൊണ്ടു (മനസ്സിന്റെ സങ്കൽപ്പം കൊണ്ട് ) ഉണ്ടായതാണെന്നും വെറും തോന്നൽ മാത്രമാണെന്നും കാണുന്നവൻ.സങ്കൽപ്പം കൊണ്ടുണ്ടാകുന്നത് സത്യമല്ല . മിഥ്യയാണ്.
86.ഓം നിദിധ്യാസിതവ്യായനമഃ
ശ്രവണം, മനനം, നിദിധ്യാസനം ഇവയാണ് ആത്മസാക്ഷാത്കാര സാധനങ്ങൾ. നിദിധ്യാസനം - ഏകാഗ്രഭാവന, മനനം കൊണ്ടു വസ്തു നിശ്ചയം നേടി ഇന്ദ്രിയങ്ങളെ ബാഹ്യ വിഷയങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് അന്തർമുഖമാക്കി ആ വസ്തുവിനെ ഏകാഗ്രമായി ധ്യാനിക്കുന്നതാണ് നിദിധ്യാസനം.ബ്രഹ്മം നിദിധ്യാസനം ചെയ്യത്തക്കതാണ്.അതുകൊണ്ട് ബ്രഹ്മ രൂപനായ ആചാര്യൻ ഏകാഗ്ര ഭാവനയ്ക്കു വിഷയമാക്കാൻ യോഗ്യനാണ്. നിദിധ്യാസിതവ്യനാണ്
87.ഓം കാലത്രയ സമ്പൂർണ്ണായ നമഃ
ഭൂതം, വർത്തമാനം,ഈ മൂന്നു കാലങ്ങളിൽ വൃദ്ധിക്ഷയങ്ങൾ ഇല്ലാതെ മാറ്റം കൂടാതെ പൂർണ്ണനായി നിലകൊള്ളുന്നവൻ കാല ത്രയസമ്പൂർണ്ണൻ.
88.ഓം അഖണ്ഡ വസ്തുജ്ഞായ നമഃ
അഖണ്ഡമായ വസ്തു - നിരവയവമായ വസ്തു ബ്രഹ്മം.ആ ബ്രഹ്മത്തെ അറിയുന്നവൻ അഖണ്ഡവസ്തുജ്ഞൻ
89.ഓം സർവോത്തമസുഖായ നമഃ
ബ്രഹ്മം സർവോത്തമസുഖമാണ്. ഏതിനേക്കാൾ ഉത്തമം മറ്റൊന്നില്ലയോ അതു സർവോത്തമം.സർവോത്തമമായ സുഖം നിരതിശയസുഖം ബ്രഹ്മമാണ്. ആചാര്യൻ ബ്രഹ്മമാകയാൽ സർവോത്തമ സുഖമാണ്.
90.ഓം പ്രാണിഹിംസാ പരാങ്മുഖായ നമഃ
പ്രാണികളുടെ ഹിംസയിൽ നിന്നു മുഖം തിരിച്ചവൻ - പ്രാണി ഹിംസയിൽ നിന്നു പിന്തിരിഞ്ഞ് അഹിംസാ നിഷ്ഠയുള്ളവൻ പ്രാണിഹിംസാ പരാങ്മുഖൻ
91.ഓം സ്നേഹസ്വരൂപായ നമഃ
സ്നേഹസ്വരൂപൻ.സ്നേഹം പ്രേമം തന്നെയാണ്.
92.ഓം സംസാരരോഗഭിഷജേ നമഃ
സംസാരമാകുന്ന രോഗത്തെ ചികിത്സിക്കുന്ന ഭിഷക്ക് - വൈദ്യൻ - ഡോക്ടർ, സാധാരണ വൈദ്യന്മാർക്ക് ശാരീരികവും മാനസികവുമായ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എന്നാൽ അവർക്ക് സംസാരമെന്ന രോഗത്തെ ചികിത്സിക്കാനുള്ള കഴിവില്ല. ആ രോഗത്തെ ചികിത്സിക്കുന്ന മഹാ വൈദ്യൻ ബ്രഹ്മജ്ഞനായ ആചാര്യനാണ്.
93.ഓം ബ്രാഹ്മണത്വാദിജാതിരഹിതായ നമഃ
ബ്രാഹ്മണത്വം, ക്ഷത്രിയത്വം, വൈശത്വം, ശുദ്രത്വം, ചണ്ഡാലത്വം മുതലായ ജാതിയില്ലാത്തവൻ. ബ്രാഹ്മണത്വാദികൾ ശരീര ധർമ്മമാണ്. ആത്മധർമ്മമല്ല. ആത്മാവിൽ യാതൊരു ധർമ്മവുമില്ല. ഗുരു ആത്മസ്വരൂപനാണ്
94.ഓം സ്വയം പ്രകാശാഖണ്ഡബോധായ നമഃ
മറ്റൊന്നിന്റേയും സഹായമില്ലാതെ സ്വയം പ്രകാശിക്കുന്ന അഖണ്ഡ ബോധം (ജ്ഞാനം) പരബ്രഹ്മമാണ്. ആചാര്യൻ ബ്രഹ്മം തന്നെയാണ്, അതു കൊണ്ട് തന്നെ സ്വയം പ്രകാശിക്കുന്ന അഖണ്ഡ (പൂർണ്ണ) ബോധമാണ്.
95.ഓം സത്യഗിരേ നമഃ
ഗീര് - വാക്ക്. സത്യവചനനാണ് സത്യഗീര്.ഋഷിമാർ സത്യവചസ്സുകൾ. ആചാര്യനും സത്യവാക്കുതന്നെ. ആചാര്യന്റെ വാക്കിനെ അർത്ഥം പിന്തുടർന്ന് അതിനെ സത്യമാക്കുന്ന അതു ഒരിക്കലും അസത്യമാകുകയില്ല.
96. ഓം ശിവായ നമഃ
ശിവൻ മംഗള സ്വരൂപൻ- ആചാര്യൻ.ശിവൻ പരമാത്മാവ് എന്നായാൽ? പരമാത്മസ്വരൂപനാണ് ആചാര്യൻ എന്നുമാകാം
97.ഓം സമ്പൂർണ്ണ ചൈതന്യായ നമഃ
സമ്പൂർണ്ണം - അഖണ്ഡം - നിരവയവം.ആചാര്യൻ അഖണ്ഡ ചൈതന്യമായ ബ്രഹ്മം തന്നെ
98.ഓം സ്വായത്തമനസ്കായ നമഃ
സ്വായത്തമായ - തനിയ്ക്കധീനമായ മനസ്സോടുകൂടിയവൻ - മനസ്സിനെ കീഴടക്കിയവൻ. മനസ്സിനെ കീഴടക്കുക ദുഷ്കരമാണ്. അതു കൊണ്ടു തന്നെ സ്വയത്തമനസ്കൻ സർവഥാ പൂജ്യനാണ്
99.ഓം ധർമ്മസംസ്ഥാപകായ നമഃ
ധർമ്മം ലോകത്തിന്റെ ശ്രേയസ്സിനും അഭ്യുദയത്തിനും കാരണമാണ്. അതു കൊണ്ടു ലോകത്തിന്റെ നിലനിൽപ്പിനും വികാസത്തിനും ധർമ്മം അനുപേക്ഷണീയമാണ്. ആ ധർമ്മത്തെ ശരിയായ നിലയിൽ സ്ഥാപിക്കേണ്ടതാണ്. ആചാര്യൻ ധർമ്മത്തെ നമുക്കായി ശരിയായി സ്ഥാപിക്കുന്ന സ്ഥാപിക്കുന്നവനാണ്
100.ഓം വിഷയവിരക്തായ നമഃ
ഇന്ദ്രിയ വിഷയങ്ങളായ ശബ്ദ സ്പർശാദികളിൽ തൃഷ്ണയില്ലാതെ വൈരാഗ്യം നേടിയവൻ
101.ഓം സ്വസ്വരൂപാജ്ഞ ഭ്രാന്തി നിവാരകായ നമഃ
തന്റെ യഥാർത്ഥ രൂപം അറിയാത്തവർക്കുണ്ടാകുന്ന ഭ്രമത്തെ - തെറ്റായ അറിവിനെ നിവാരണം ചെയ്യുന്നവൻ -തടുക്കുന്നവൻ.സ്വരൂപം - ശുദ്ധ ചൈതന്യം. അതു ശരിയായി ധരിക്കാത്തവൻ സ്വസ്വരൂപാജ്ഞൻ. അവനുണ്ടാകുന്ന ഭ്രമം - അശുചിയെ ശുചിയെന്നും അനിത്യത്തെ നിത്യമെന്നും മറ്റുമുള്ള തെറ്റായ അറിവ്.ശരിയായ അറിവ് നൽകി ഭ്രമമകറ്റി ഭക്തനെ അനുഗ്രഹിക്കുന്നവൻ
102. ഓം സ്വപര പ്രമോദപരകർമ്മണേ നമഃ
തന്റെയും അന്യരുടേയും പ്രമോദ (സന്തോഷ) ത്തിനുതകുന്ന ഉത്കൃഷ്ട കർമ്മത്തോടു കൂടിയവൻ. തന്നെയും അന്യരെയും സന്തോഷിപ്പിക്കാനുതകുന്ന നല്ല കർമ്മം അനുഷ്ഠിക്കുന്ന ആചാര്യൻ
103. ഓം അകൃത്യപരാങ്മുഖ പ്രസംഗായ നമഃ
ചെയ്യരുതാത്ത പ്രവൃത്തികൾ അകൃത്യങ്ങളാണ്. ദുഷ്കൃത്യങ്ങളിൽ നിന്ന് മുഖം തിരിച്ച് പ്രകൃഷ്ടമായ സംഗത്തോടു കൂടിയവൻ. ദുഷ്കൃത്യങ്ങളിൽ നിന്നു പിന്തിരിയുന്ന ആസക്തി - ദുഷ്കൃത്യങ്ങളിൽ ആസക്തി -സംഗം - ബന്ധം ഇല്ലാത്തവൻ എന്നർത്ഥം
104.ഓം ഭക്തവത്സലായ നമഃ
തന്റെ ഭക്തന്മാരിൽ വാത്സല്യം ഉള്ളവൻ.
105.ഓം സ്വാനുഭോക്തവ്യപുണ്യപാപപ്രബോധായ നമഃ
താൻ നേടിയ പുണ്യ പാപങ്ങളും അവയുടെ ഫലവും താൻ തന്നെ അനുഭവിക്കേണ്ടതാണെന്ന അറിവുള്ളവൻ. താൻ താൻ നിരന്തരം ചെയ്യുന്ന കമ്മങ്ങൾ താൻ താൻ അനുഭവിക്കും. ബോധം ആചാര്യനിൽ ഉറച്ചിരിക്കുന്നുവെന്നു സാരം
106.ഓം പ്രീണിതാർത്ഥിനേ നമഃ
തന്നെ സമീപിക്കുന്ന അർത്ഥികളെ- ആവശ്യക്കാരെ അവരുടെ അഭീഷ്ടം സാധിച്ച് പ്രീണിപ്പിക്കുന്നവൻ - സന്തോഷിപ്പിക്കുന്നവൻ - പ്രീതിപ്പെടുത്തുന്നവൻ.
107.ഓം വിദ്യാസമ്പദേ നമഃ
വിദ്യയാകുന്ന സമ്പത്തോടു കൂടിയവൻ. വിദ്യാധനം സർവധനാൽ പ്രധാനം എന്ന അഭിജ്ഞവചനം ഓർക്കേണ്ടതാണ്.
108. ഓം അഖണ്ഡ സച്ചിദാനന്ദ സ്വരൂപായ നമഃ
അഖണ്ഡമായ - പൂർണ്ണമായ - സത്ത്, ചിത്തു (ചൈതന്യം -ജ്ഞാനം) ആനന്ദം ഇവയാകുന്ന സ്വരൂപത്തോടു കൂടിയവൻ.ആചാര്യൻ ബ്രഹ്മസ്വരൂപൻ എന്നർത്ഥം
വിരാമധ്യാനം
ഓം വിശ്വവ്യാപിനമാദി ദേവമമലം നിത്യം പരം നിഷ്കളം 
 
നിത്യോദ്ബുദ്ധ സഹസ്രപത്ര കമലേലുപ്താക്ഷരേ മണ്ഡപേ 
നിത്യാനന്ദമയം സുഖൈകനിലയം സത്യം ശിവം സ്വപ്രഭം
ധ്യായേദ്ഹംസപദംപരാത്പരതരംസ്വച്ഛന്ദസർവാഗമം
ഗുരു പുഷ്പാഞ്ജലി അവസാനിക്കുമ്പോൾ ചൊല്ലേണ്ടതാണ് വിരാമധ്യാനം. ഓം എന്നും വിടർന്നിരിക്കുന്ന ആയിരം ദളങ്ങളോടു കൂടിയ താമരയാകുന്ന ലുപ്താക്ഷരമായ (അക്ഷരങ്ങൾ ലോപിച്ച ) മണ്ഡലത്തിൽ( ഹൃദയകമലത്തിൽ ) എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതും നിർമ്മലവും നിത്യവും അഖണ്ഡവും (കലകൾ -അവയവങ്ങൾ ഇല്ലാത്തതും) നിത്യാനന്ദ സ്വരൂപവും സുഖത്തിന്റെ (ആനന്ദത്തിന്റെ മുഖ്യമായ വാസ സ്ഥാനവും സത്യവും ശിവവും സർവോത്തമവും ( പരത്തേക്കാൾ - ഉത്കൃഷ്ട ത്തേക്കാൾ - പരതരവും ഉത്കൃഷ്ട തരവും) സ്വതന്ത്രമായ എല്ലാ വേദാദി ശാസ്ത്രങ്ങളുടെ നിധിയും ആയ ഹംസ പദത്തെ (പരമഹംസ ചരണം ) ധ്യാനിക്കണം
ഫലസങ്കൽപ്പം
ഓം ഭഗവാൻ ശ്രീനാരായണ പരമഗുരോ ............. നക്ഷത്ര ജാതസ്യ (ജാതായഃ)............. നാമധേയസ്യ (നാമയായാഃ) മാനസിക രാഗദ്വേഷാദി വിനിർമ്മുക്ത്യർത്ഥം സദാ സദ്ഗുരുഭക്ത്യഭിവൃദ്ധ്യർത്ഥം, സമസ്ത ദുരിതക്ഷയാർത്ഥം, സാധുജനപരിചര്യാർത്ഥം, ആയുരാരോഗ്യ സമ്പൽസമൃദ്ധ്യർത്ഥം, ദേഹാന്തേ നിരതിശയാനന്ദ പരബ്രഹ്മസായൂജ്യ പ്രാപ്ത്യർത്ഥം ഇദം പൂർണ്ണ പുഷ്പാഞ്ജലിം സമർപ്പയാമി.


1 comments:

Excellent. ബുദ്ധിമാനായ ഒരുവന്‍ മരണത്തെ ഭയപ്പെടുന്നില്ല. ജീവനെ ശരീരത്തോടുബന്ധിച്ചുനിര്‍ത്താന്‍ വ്യാകുലനാകുന്നുമില്ല. അവന്‍ ഇഹലോകത്തില്‍ ആസക്തിയില്ലാതെ സ്വശരീരം ലോകത്തിന്റെ തന്നെ ഭാഗമായി കണക്കാക്കി മുന്നോട്ടു പോവുന്നു.

Post a Comment