Saturday 14 February 2015

ജീവിതമാണു പഠിക്കേണ്ടത്..!!

(ദുബായിയിൽ നിന്നു പ്രസിദ്ധീകരിച്ച ദൈവദശകം രചനാശതാബ്ദി സ്മരണിക“മഹസ്സി“ൽ നൽകിയ ലേഖനം)
കലുഷിതമായ സമകാലത്തിന്റെ ആകുലതകൾക്ക് സാന്ത്വനം തിരയുമ്പോൾ സ്വാഭാവികമായും നാം ചെന്നെത്തി നിൽക്കുക ശ്രീനാരായണ ഗുരുവിനു സമീപമാകും. അതുകൊണ്ടുതന്നെയാണു ഗുരുവിന്റെ പ്രസക്തി കാലദേശഭേദമെന്യേ മുമ്പെന്നേത്താക്കാൾ ഇന്നു വർദ്ധിച്ചിരിക്കുന്നത്, ഗുരുചൈതന്യം കൂടുതൽ കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് . കാലത്തിന്റെ ഭാവപ്പകർച്ചകളിൽ ലോകമൊരു രക്ഷകനെത്തിരയുകയുമാകാം. പക്ഷെ, കേരളത്തിന്റെ ഈ നവോത്ഥാന നായകനെ, നാം വേണ്ടവിധത്തിൽ ഉൾക്കൊണ്ടോ എന്നതിൽ സന്ദേഹമുണ്ട്. ശ്രീനാരായണഗുരുവിന്റെ ജീവിതവും പ്രവർത്തനവും ആഴത്തിൽ പഠിക്കുവാൻ പലരും ശ്രമിക്കുന്നില്ല എന്ന ദുഃഖവും മറയ്ക്കുന്നില്ല.
ഗുരുവിന്റെ കൃതികൾ എന്നത്തേക്കാളതികം ഇന്ന് പഠനത്തിനു വിധേയമായി ക്കൊണ്ടിരിക്കുകയാണു്. ഗഹനമായ ആ ശ്ലോകച്ചിമിഴുകൾ പണ്ഡിതപാമര ഭേദമെന്യേ തുറക്കുവാനിന്നു ശ്രമിക്കുന്നു എന്നതും നല്ലകാര്യം. പക്ഷെ ആ ജീവിതമോ? അതു തുറക്കുന്നതിനെത്ര ഗുരുഭക്തർ തുനിയുന്നു? ഗുരു സാധാരണ ജനത്തെ പഠിപ്പിച്ചത് തന്റെ ജീവിതംകൊണ്ടായിരുന്നു. ചോദ്യംചെയ്യാൻ യാതൊരു പഴുതകളും അവശേഷിപ്പിക്കാതെ ചെയ്തുകാണിച്ച സാമൂഹ്യ വിപ്ലവങ്ങൾ ഒരുപാടുണ്ട്. അടിച്ചുവാരി കെട്ടിയൊഴുക്കിവിട്ട ആ അനാചാര മാമൂലുകൾ പലതും ഇന്നു തിരിച്ചൊഴുകിവരുന്നു. ഗുരുവിന്റെ അനുയായികളെന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ പലരും അറിഞ്ഞോ അറിയാതെയോ അവ വീണ്ടും വലിച്ചടുപ്പിക്കുകയും ചെയ്യുന്നു എന്ന വിരോധാഭാസവും നിലനിൽക്കുന്നു. എവിടെയാണു നമുക്ക് പിഴച്ചത്? ഇതിനുത്തരം തേടുമ്പോൾ നാം ബുഹുഭൂരി പക്ഷം പേരും ഗുരുവിനെ അറിഞ്ഞില്ല എന്ന യാഥാർത്ഥ്യ ത്തേയാണു തൊടേണ്ടിവരിക..
അരുവിപ്പുറത്തു നടന്നതുപോലും നാം യഥാതഥമായി ഉൾക്കൊണ്ടോ? “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്“ എന്നു അരുവിപ്പുറത്ത് എഴുതിവച്ചുകൊണ്ട്, താൻ വരുത്തുവാനു ദ്ദേശിക്കുന്ന സമൂലമാറ്റത്തിന്റെ കാഹളധ്വനി അന്നദ്ദേഹം മുഴക്കിയിരുന്നു. . പക്ഷെ അന്നു നെയ്യാർ എന്ന നീർച്ചാലിലെ ശങ്കരൻകുഴിയിൽ നിന്നു മുങ്ങിയെടുത്ത ശില ഈഴവശിവാനായിരുന്നു എന്ന് പറയനാണു നമ്മിൽ പലർക്കും താല്പര്യം. ഈഴവൻ എന്ന ഒരുവാക്ക് അവിടെ ഗുരു ഉച്ചരിച്ചിരുന്നോ ചുഴിഞ്ഞു നോക്കുക, ഗുരുവിന്റെ ലക്ഷ്യമെന്തായിരുന്നു എന്നും. അതിനൊരു മാറ്റവും അവ സാനശ്വാസം വരെ ഇല്ലായിരുന്നു എന്നതും തിരിച്ചറിയേണ്ടതുണ്ട്. പിന്നീടൊരുപാട് പ്രതിഷ്ഠകൾ അദ്ദേഹം നടത്തി. അവയുടെ പരമമായ ലക്ഷ്യം വിഗ്രഹാരാധനയായിരുന്നു എന്നു കരുതുന്ന ഗുരുഭക്തർ ഗുരുവിനെ അറിയുന്നില്ലല്ലോ എന്ന സങ്കടം അവശേഷിപ്പിക്കും. ദൈവരൂപങ്ങൾക്കു പകരം കണ്ണാടിയും പ്രഭാമണ്ഡലവും മറ്റും പ്രതിഷ്ഠിച്ചതും എന്തിനെന്നു കൂടി തിരയണം അവർ. അതുകൊണ്ടാണു് “താങ്കളെന്താ മുഹൂർത്തം നോക്കാതെ പ്രതിഷ്ഠി ക്കുന്നത്“ എന്ന വേദ പണ്ഡിതന്മാരുടെ ചോദ്യത്തിനു്, അവരുടെ വായടപ്പിക്കുന്ന മറുപടി ഇങ്ങെനെ ഗുരു കൊടുത്തത് :
“ മുഹൂർത്ത നേരം കുറിച്ച ശേഷം
ജനിച്ച താരാണോ ?
ജനിച്ച ശേഷം വിധിപ്രകാരം
ജാതകമെഴുതുന്നു !
പ്രതിഷ്ഠ തീർന്നു, മുഹൂർത്തമെന്തോ-
യിനിക്കുറിച്ചീടാം!! “ (ഗുരുദേവഗീത – ഷാജി നായരമ്പലം)
ജീവിതത്തിലുടനീളം, ചോരചീന്താതെ, ഒരു ചെറുവിരൽ പോലും എതിർത്തു ചൂണ്ടുവാനിടനൽകാതെ ഇത്തരം സാമൂഹ്യവിപ്ലവങ്ങൾ അദ്ദേഹം സ്വയം നടത്തിക്കൊണ്ടിരുന്നു.. സമൂഹത്തെ സമൂലം ബാധിച്ച ഭയത്തിന്റേയും, അടിമത്വത്തിന്റേയും, അനാചാര വിധേയത്വത്തിന്റേയും ചിതൽപ്പുറ്റുകൾ അദ്ദേഹം ഒറ്റയ്ക്കു തല്ലിയുടച്ചു. “ സർപ്പകോപമൊക്കെയും ഞാനൊരാളെടുത്തിടാം, വെട്ടിമാറ്റുക സർപ്പക്കാടുകൾ….. “ എന്നു പറഞ്ഞും പ്രവർത്തിച്ചും ശക്തി പകരുവാൻ സദാ സന്നദ്ധനായിരുന്നു അദ്ദേഹം. പക്ഷെ ഇന്നോ ? കേരളീയ സമൂഹത്തിൽ അന്ധവിശ്വാങ്ങളുടെ കൊടുംകാടുകൾ വല്ലാതെ വളർന്നിരിക്കുന്നു. വീട്ടിൽ വന്നു കയറുന്ന ചിതൽപ്പുറ്റിനെപ്പോലും ആരാധിക്കാനൊ രുങ്ങുന്നവർ വിരളമല്ല!
കാലത്തെ, അതിന്റെ രൂപഭാവമാറ്റങ്ങളെ, നേരിടേണ്ടിവരുന്നു വെല്ലുവിളികളെ മുന്നിൽ ക്കണ്ടവനായിരുന്നു ഗുരു. അതുകൊണ്ടാണദ്ദേഹം മദ്യം വിഷമാണെന്നു പറഞ്ഞത്. എന്തിനേക്കാളും അതിനെ വെറുക്കണമെന്നു പറഞ്ഞു പഠിപ്പിച്ചത്. പ്രവചനസ്വഭാവമുള്ള ആ മുന്നറിയിപ്പ് ഗുരുഭക്തർ പോലും അർഹിക്കുന്ന ഗൌരവത്തൊടെ കണക്കിലെടുത്തില്ല എന്നതല്ലേ സത്യം? അത് ഇന്നു കേരളത്തിന്റെ ഏറ്റവും രൂക്ഷമായ സാമൂഹ്യവിപത്തായി വളർന്നു പന്തലിച്ചു നിൽക്കുകയും ചെയ്യുന്നു. പണ്ടു “കെട്ടുകല്യാണം“ എന്നൊരു അനാവശ്യവും അസംബന്ധവുമായ ചടങ്ങുണ്ടായിരുന്നു. വളരെ ധനം നശിപ്പിക്കുന്ന ഒരു സാമൂഹ്യ അനാചാരം. ഗുരു നേരിട്ടെത്തി അത്തരമൊരു ചടങ്ങ് മുടക്കിയതായി ജീവചരിത്രകാരന്മാർ എല്ലാവരും എഴുതി വച്ചിട്ടുണ്ട്. വിവാഹത്തിനു പത്തുപേർ മതിയാവുമെന്ന് അദ്ദേഹം നിഷ്കർഷിച്ചിട്ടുണ്ട്. അപരക്രിയ (മരണാനന്തരകർമ്മങ്ങൾ) പരേതന്റെ ഉറ്റമിത്രങ്ങൾ ചെയ്താൽ മതിയെന്നും അതിനൊരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമായി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പാലിക്കുന്നുണ്ടോ അതെല്ലാം ഗുരുഭക്തർതന്നെ? വിവാഹം മാത്രമല്ല വിവാഹ നിശ്ചയവും നമ്മൾ ആഘോഷമാക്കിയിരിക്കുന്നു. ജ്യോത്സ്യന്മാരെയും തന്ത്രിമാരെയും ആശ്രയിക്കാതെ ഇത്തരം ചടങ്ങുകൾ നടത്തുന്നവർ എത്രപേരുണ്ട് ഗൂരു ഭക്തരുടെ ഇടയിൽ?
ഗുരുവിനെ വിളക്കുവച്ചാരാധിച്ചതുകൊണ്ടായില്ല. അദ്ദേഹം പ്രവർത്തിച്ചു കാണിച്ച തിന്റേയും പറഞ്ഞുവച്ചതിന്റേയും ഉള്ളെന്തെന്നെറിയണം . ഗുരുവിന്റെ കൃതികൾ ഉരുവിട്ടതു കൊണ്ടോ, ആ ശ്ലോകച്ചിമിഴുകൾ തുറക്കുവാൻ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്തതു കൊണ്ടു മാത്രമോ നമ്മളാരും ഉത്തമഗുരു ഭക്തരാകില്ല. അതിന് ആ ജീവിതം കൂടി പഠിക്കണം; മരുത്വാമലയിൽ നിന്ന്, താഴെ കീടങ്ങളെപ്പോലെ അലയുന്ന മനുഷ്യരെക്കണ്ട് മലയിറങ്ങി വന്ന ഗുരു നമുക്കായി , ഈ ലോകത്തിനായിത്തന്ന ആ ജീവിതം!

0 comments:

Post a Comment