Saturday 14 February 2015

രസപ്പടം എടുക്കാമോ...?


ആദ്യത്തെ ഗുരുദേവ പ്രതിമ സ്ഥാപിക്കപ്പെട്ടത് തലശ്ശേരിയിലെ ജഗനാഥ ക്ഷേത്രാങ്കണത്തിലാണ്. ഇത് ഗുരു സശ്ശരീരനായിരുന്ന കാലത്ത് ഇറ്റലിക്കാരനായ പ്രൊഫ. തവറലി എന്ന വിദഗ്ധ ശില്പിയെക്കൊണ്ടാണ് പണിതീര്‍ത്തത്. ഈ പ്രതിമാ നിര്‍മ്മാണത്തിനായി ശില്പിക്കു കൊടുക്കുവാന്‍ ഗുരുവിന്റെ ഒരു ഫോട്ടോ വേണമായിരുന്നു. അങ്ങനെ പ്രതിമാ നിര്‍മമാണ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ശേഖരന്‍ എന്ന ഫോട്ടോഗ്രാഫര്‍ തലശ്ശേരിയില്‍നിന്നും ശിവഗിരിയിലെത്തി. ശാരദാമഠത്തിനു സമീപത്തെ മാവിന്‍തണലില്‍ വിശ്രമിക്കുകയായിരുന്നു അപ്പോള്‍ ഗുരു.
ഗുരു: എവിടുന്ന്?
ശേഖരന്‍: തലശ്ശേരിയില്‍നിന്ന്. പ്രതിമയുണ്ടാക്കുന്നതിനായി സ്വാമിതൃപ്പാദങ്ങളുടെ ഫോട്ടോ എടുക്കാന്‍ പ്രതിമാകമ്മറ്റി അയച്ചതാണ്.
ഗുരു: അറിയാമോ ?
ശേഖരന്‍: അറിയാം
(അടുത്തുനിന്ന മാവിലെ മാങ്ങാ ചൂണ്ടിക്കാണിച്ചുകൊണ്ട്)
ഗുരു: ഈ മാങ്ങായുടെ പടം എടുക്കാമോ?
ശേഖരന്‍: എടുക്കാം
ഗുരു: അതിന്റെ രസപ്പടം എടുക്കാമോ?
ശേഖരന് മറുപടിയുണ്ടായില്ല.
ജഡജീവികളുടെ ബാഹ്യമായ ചിത്രമേ ഈ ക്യാമറയിലും മാംസചക്ഷുസിലും ലഭ്യമാകുന്നുള്ളൂ. ആന്തരികമായിട്ടുള്ള അതിന്റെ ചൈതന്യത്തെ ആരും തിരിച്ചറിയുന്നില്ലല്ലോ..ആ ചൈതന്യമാകുന്ന രസത്തെ അറിയിക്കാനുള്ള സൂത്രം ഉണ്ടാകുമായിരുന്നെങ്കില്‍ ഈ ജഡരൂപമായ ശരീരത്തേയോ അതിന്റെ പ്രതിരൂപമായ പ്രതിമയേയോ ആവശ്യമായി വരുമായിരുന്നില്ല. എന്നാല്‍ അത് അറിയാന്‍ നിവൃത്തിയില്ല എന്ന സത്യമാണ് ശേഖരന്‍ എന്ന ഫോട്ടോഗ്രാഫറിലൂടെ തെളിയുന്നത്. അതുവരെ നിങ്ങള്‍ പ്രതിമയിലൂടെയെങ്കിലും അറിയുക. എന്നാല്‍ അതില്‍തന്നെ നില്‍ക്കേണ്ടതുമില്ല. പ്രതിമയേയും അതിക്രമിച്ച് മുന്നേറണം. അതാവാം ഗുരു പ്രതിമ നിര്‍മ്മിച്ചതിനെ എതിര്‍ക്കാതിരുന്നതും. ആന്തരിക സത്തയായ രസത്തെ അറിയുന്നതാണല്ലോ ഗുരുവിന്റെ ദാര്‍ശനിക കൃതികള്‍ അവയെ ശ്രീനാരായണ ജ്ഞാനസമീക്ഷയിലെ ദര്‍ശനാമൃതത്തിലൂടെ പരിചയപ്പെടാം.
ശ്രീനാരായണ ജ്ഞാനസമീക്ഷ ഗ്രൂപ്പ്)

0 comments:

Post a Comment