Saturday, 14 February 2015

ദൈവത്തെ എവിടെ ദര്‍ശിക്കാം


'ഈ സ്‌തോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളും വലിച്ചെറിയുക. വാതിലടഞ്ഞ, ഇരുളടഞ്ഞ ഈ ശൂന്യതയില്‍ നീ ആരെയാണ് ആരാധിക്കുന്നത്? കണ്ണുതുറക്കുക. നിന്റെ ദൈവം ഇവിടെയില്ല.' (ഗീതാഞ്ജലി, ടാഗോര്‍)
പണംകൊടുത്ത് ഈശ്വരാനുഗ്രഹം വാങ്ങാം എന്ന് തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. അവര്‍ ഒരിക്കലും ദൈവത്തെ അറിയുന്നില്ല. ഈശ്വരന്‍ നിന്ദിതരും പീഡിതരും നിസ്വരുമായവരുടെ കൂടെയാണ് എന്ന ക്രിസ്തുവചനം ഇവിടെ ഓര്‍മ്മിക്കുന്നത് ഉചിതമായിരിക്കും. 
ദൈവത്തെ ഒരു വേലക്കാരന്റെയോ, ക്വട്ടേഷന്‍ സംഘത്തലവന്റേയോ ഒക്കെ റോളിലാണോ നാം അവരോധിച്ചിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
ക്ഷേത്രത്തില്‍ ചെന്ന് ഭഗവാനേ എനിക്ക് പണം സമ്പാദിക്കാനുള്ള വഴി കണ്ടെത്തിത്തരണേ.....എന്റെ മക്കളുടെ കല്യാണം നടത്തിത്തരണേ.... വീടുവയ്ക്കാന്‍ നല്ല സ്ഥലം കാണിച്ചുതരണേ.... എന്നു മാത്രമല്ല, അയല്‍ക്കാരന്‍ എനിക്ക് ശത്രുവായിരിക്കുന്നു, അവനെ ഒരു പാഠം പഠിപ്പിക്കണേ എന്നോ ചിലപ്പോള്‍ അവനെ തട്ടിക്കളയണേ എന്നോ ഒക്കെ പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാതില്ല. തത്ത്വം അറിയാതെയാണെങ്കിലും ഇക്കാര്യത്തെ മുന്‍നിറുത്തി ശത്രുസംഹാര പുഷ്പാഞ്ജലികള്‍ കഴിക്കുന്നവരും കുറവല്ല. ഇതൊക്കെ കാണുമ്പോള്‍ ഈശ്വരന്‍ നമ്മുടെ ആരായിരിക്കുന്നു എന്ന് ചിന്തിക്കുന്നതില്‍ തെറ്റ് പറയുവാന്‍ സാധിക്കുമോ..?
ഇതി അയം ഹൃദി എന്ന ഉപനിഷദ് വാക്യം ആരും ഓര്‍ക്കാറില്ല. തത്ത്വമസി എന്ന് ശബരിമലയില്‍ എഴുതിവച്ചിരിക്കുന്നത് ആരും കാണാറില്ല ഇനി കണ്ടാല്‍ കണ്ടഭാവവും നടിക്കാതെ സ്വാമിയേ ശരണമയ്യപ്പ എന്ന് തൊണ്ടപൊട്ടുമാറ് വിളിച്ച് സ്വാമി അയ്യപ്പനെ തേടി അലയുന്നത് കാണുമ്പോള്‍ അതിന്റെ തത്ത്വം അറിയുന്നവര്‍ക്ക് ഈ ഒച്ചപ്പാടും അലച്ചിലും വലിയൊരു കോമഡിഷോ കാണുന്ന മാനസികോല്ലാസത്തില്‍ അതിനെ ഒരു ചിരിവ്യായാമം ആയി മാറ്റുന്നു.
സ്‌ത്രോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളും മാനസികാരോഗ്യത്തെ, ഏകാഗ്രതയെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപായങ്ങള്‍മാത്രമാണ്. ഏകാഗ്രതയിലൂടെ ബുദ്ധി-മനസ്സുകള്‍ക്ക് സത്യത്തിന്റെ പാത സുവ്യക്തമാകും. ഋഷികള്‍ ഇവയെ നിര്‍മ്മിച്ചിരിക്കുന്നതും ഈ ഒറ്റ കാര്യത്തിനുമാത്രം. എന്നാല്‍ ഇന്ന് ഇവയെ ഉപയോഗിച്ച് സാമ്പത്തിക-ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് പുരോഹിതവര്‍ഗ്ഗം ശ്രമിക്കുന്നത്. ഋഷിവചനങ്ങളെ മതങ്ങള്‍ കയ്യേറി മതത്തിന്റെ വേലിക്കെട്ടില്‍ തളച്ചു. അതാണ് ഇന്ന് ദര്‍ശനങ്ങള്‍ നേരിടുന്ന വെല്ലുവിളി. ദര്‍ശനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നാം ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു...

(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)

0 comments:

Post a Comment