Sunday, 25 May 2014

ടി കെ മാധവന്‍ : നവോത്ഥാന വഴിയിലെ സൂര്യന്‍ - അഡ്വ : കെ അനില്‍കുമാര്‍ അഡ്വ.കെ അനില്‍കുമാര്‍

ടി കെ മാധവനെ ശരിയായി മനസിലാക്കാനും അര്‍ഹമായ അംഗീകാരം നല്‍കാനും കേരളത്തിനു സാധിച്ചിട്ടുണ്ടോ? ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുമായി ഇഴചേര്‍ക്കുന്നതില്‍ സവിശേഷപങ്കാണ് അദ്ദേഹം വഹിച്ചത്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ നവോത്ഥാന വഴികളിലേക്കു നയിക്കാന്‍ കിടയറ്റ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. പത്രപ്രവര്‍ത്തന ത്തില്‍ സ്വന്തമായ വഴിതുറന്ന ദ്ദേഹം 'ദേശാഭിമാനി' എന്ന പേരില്‍ ഒരു പത്രം നടത്തുന്നതിന് നെടുനായകത്വം വഹിച്ചു. വദ്യവര്‍ജനപ്രസ്ഥാനം, സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന പ്രക്ഷോഭണം, ഉച്ചനീചത്വ ങ്ങള്‍ക്കെതിരായ സമരം, ക്ഷേത്രപ്രവേശനം, സമത്വവാദം തുടങ്ങിയ നാനാരംഗങ്ങളില്‍ ഒരേസമയം ഇടപെട്ട ടി കെ മാധവന്‍ 1102 ല്‍ എസ് എന്‍ ഡി പി യുടെ സംഘടനാ സെക്രട്ടറിയായി. എസ് എന്‍ ഡി പി ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ സംഘാടന മികവിനാല്‍ നേടാനായത്.

മലയാളവര്‍ഷം 1061 ചിങ്ങമാസം 19 ആം തിയതി കാര്‍ത്തികപ്പിള്ളി നങ്ങ്യാര്‍കുളങ്ങര ചീവാച്ചേരി വീട്ടില്‍ (ആലുമ്മൂട്ടില്‍) കേശവന്‍ചാന്ദാര്‍ അവര്‍കശുടെയും മാവേലിക്കര കണ്ണമംഗലത്ത് താന്നിയംകുന്നേല്‍ ഉമ്മിണിയമ്മയുടേയും മകനായി ടി കെ മാധവന്‍ ജനിച്ചു. ബാല്യകാല വിദ്യാഭ്യാസവേളയില്‍ത്തന്നെ സ്വതന്ത്രമായ ചിന്തയും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിച്ച ടി കെ മാധവന്‍ ചുറ്റുപാടുമുള്ള അസമത്വങ്ങളോട് ഒടുങ്ങാത്ത പ്രതിഷേധം കാത്തുസൂക്ഷിച്ചയാളായിരുന്നു. ശ്രേണീബദ്ധമായ ജാതിഘടനയും അതില്‍ പിന്നോക്ക ജനവിഭാഗങ്ങളുടെ യാതനകളും ബാലമനസിനെ നോവിച്ചതിന്റെ പരിണിതിയായാണ് ടി കെ മാധവന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ജനിക്കുന്നത്.

നിരന്തരമായ വായനയിലൂടെയും എഴുത്തിലൂടെയും സ്വപ്രയത്‌നംകൊണ്ട് മാധവന്‍ കഴിവുകള്‍ വികസിപ്പിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ അനുചരനായി കുറേക്കാലം കഴിച്ചുകൂട്ടി. 1087 ല്‍ വര്‍ക്കല ശിവഗിരിമഠത്തില്‍ നടന്ന ശാരദാ പ്രതിഷ്ഠയില്‍ പങ്കുകൊണ്ടു. തുടര്‍ന്ന് എസ് എന്‍ ഡി പി യുടെ സമ്മേളനങ്ങളില്‍ പങ്കെടുത്തും സംഘടനാ കാര്യങ്ങളില്‍ ശ്രദ്ധിച്ചും പതുക്കപ്പതുക്കെ ശ്രദ്ധേയനായി.
ദേശാഭിമാനി എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചുകൊണ്ടാണ് ടി കെ മാധവന്‍ പൊതുരംഗത്തേക്ക് കാലെടുത്തുവെച്ചതെന്ന് പറയാം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിനെ തുടര്‍ന്ന് അദ്ദേഹത്തിനുണ്ടായിരുന്ന സ്വദേശാഭിമാനി എന്ന പേരിനെ അനുകരിച്ചാണ് ദേശാഭിമാനിയെന്ന പേര് നല്‍കിയത്. 1890 ല്‍ അത് പ്രസിദ്ധീകരണം തുടങ്ങി. ആദ്യം മാനേജരായും പിന്നീട് പത്രാധിപരായും മാറിയ ടി കെ മാധവന്‍ ശക്തമായ ഇടപെടലുകളാണ് പത്രപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ നിര്‍വഹിച്ചത്. പിന്നോക്ക ജനവിഭാഗങ്ങളുടെ, വിശിഷ്യാ ഈഴവ ജനവിഭാഗം അനുഭവിച്ചിരുന്ന ദുരിതങ്ങളുടെ പരിഹാരമാണ് മാധവന്‍ തേടിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി, പൗരസമത്വവാദം കേരള സമൂഹത്തില്‍ ദേശാഭിമാനിയിലൂടെയാണ് മാധവന്‍ അവതരിപ്പിച്ചത്.

ഇതിനിടയില്‍ ശ്രീമൂലം പ്രജാസഭയില്‍ ഈഴവ അംഗമായി ടി കെ മാധവനെ നിയമിച്ചിരുന്നു. 1917-19 കാലഘട്ടങ്ങളില്‍ മഹാകവി മൂലൂര്‍ ഉള്‍പ്പെടെയുള്ള വരുമായി സഹകരിച്ച് ശക്തമായ പ്രവര്‍ത്തനമാണ് നടത്തിയത്. എല്ലാ ഹിന്ദുക്കള്‍ക്കും ജാതിവ്യത്യാസം കൂടാതെ എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും പ്രവേശിച്ച് ആരാധനനടത്തുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം ടി കെ മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ മതകാര്യങ്ങളെ സംബന്ധിച്ച ചര്‍ച്ച പാടില്ല എന്ന വിലക്ക് ചൂണ്ടിക്കാട്ടി അതിന് അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് ടി കെ മാധവന്‍ പ്രജാസഭയില്‍നിന്ന് രാജിവെച്ചു
മഹാത്മാഗാന്ധി 1102 കന്നിമാസം 6 ആം തിയതി തിരുനല്‍വേലിയില്‍ എത്തിയപ്പോള്‍ തിരുവിതാംകൂറിലെ അധസ്ഥിത വര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ ടി കെ മാധവന്‍ തിരുനല്‍വേലിയിലെത്തി മഹാത്മാഗാന്ധിയെ കണ്ടു. തിരുവിതാംകൂറിലെ സാമൂഹ്യാന്തരീക്ഷത്തെപ്പറ്റിയും ശ്രീനാരായണഗുരുവിന്റെ മഹനീയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഗാന്ധിജി ടി കെ മാധവനില്‍ നിന്ന് കേട്ടറിഞ്ഞു. ക്ഷേത്ര പ്രവേശന പ്രക്ഷോഭണത്തില്‍ ആദ്യമൊക്കെ അനുവാദം നല്‍കാന്‍ ഗാന്ധിജി തയാറായില്ല. എന്നാല്‍ തിരുവിതാംകൂറിലെ സാമൂഹ്യഘടനയില്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ കൈവരിച്ചുകൊണ്ടിരുന്ന വളര്‍ച്ച വിവരിച്ച് ടി കെ മാധവന്‍ ക്ഷേത്രപ്രവേശനസമരം സംഘടിപ്പിക്കാനുള്ള അനുവാദം നേടിയെടുത്തു. മാത്രമല്ല കോണ്‍ഗ്രസിന്റെ കാര്യപരിപാടിയില്‍ അത് ഉള്‍പ്പെടുന്നതായി ഗാന്ധിയെക്കൊണ്ട് എഴുതി വാങ്ങിയിട്ടാണ് മാധവന്‍ തിരികെ വന്നത്.

ക്ഷേത്രപ്രവേശനത്തിനുവേണ്ടി അഹിംസയില്‍ അധിഷ്ഠിതമായ ഒരു സത്യാഗ്രഹത്തിന് ഗാന്ധിജി അനുവാദം നല്‍കിയത് മാധ്യമങ്ങളിലൂടെ നല്ല പ്രചാരം നേടി. തിരുവിതാംകൂറിലെ സവര്‍ണവിഭാഗങ്ങളിലെ നേതാക്കള്‍ പലരും ക്ഷേത്രപ്രവേശനത്തെ മുമ്പേതന്നെ അനുകൂലിച്ചിരുന്നു. എന്നാല്‍ സാധാരണക്കാരുടെ മനോനില അത്രയേറെ ഉയര്‍ന്നതായിരുന്നില്ല. മഹാത്മജി ഇക്കാര്യത്തില്‍ സ്വീകരിച്ച പരസ്യ നിലപാട് കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ ശക്തമായ ഇടപെടലായി. അതിന് സഹായകരമായത് ടി കെ മാധവന്റെ പരിശ്രമങ്ങളായിരുന്നു.
1923 ല്‍ കാക്കിനടയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 38 ആം വാര്‍ഷിക സമ്മേളനത്തില്‍ അയിത്തോച്ചാടനം കോണ്‍ഗ്രസിന്റെ കാര്യപരിപാടിയായി അംഗീകരിക്കാന്‍ ടി കെ മാധവന്‍ നടത്തിയ പരിശ്രമങ്ങള്‍ ചരിത്രപ്രാധാന്യമുള്ളതാണ്. അവസാനം ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹത്തിന്റെ ഭാഗമായി കെ പി കേശവമേനോനോടൊപ്പം ടി കെ മാധവനും ജയിലിലടക്കപ്പെട്ടു. 20 മാസത്തോളം നീണ്ട വൈക്കം സത്യാഗ്രഹം മഹാത്മജിയുടെ ഇടപെടലോടെ താത്കാലികമായി അവസാനിപ്പിച്ചു. വൈക്കം സത്യാഗ്രഹത്തോടെ അവര്‍ണരുടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് വിചാരിച്ചിരുന്ന തെങ്കിലും പല സ്ഥലങ്ങളിലും തുടര്‍ സമരങ്ങള്‍ വേണ്ടിവന്നു. അമ്പലപ്പുഴക്ഷേത്രം, പറവൂര്‍ കണ്ണന്‍കുളങ്ങര, ശുചീന്ദ്രം തുടങ്ങിയ പലസ്ഥലങ്ങളിലും സമരങ്ങള്‍ നടന്നു. വൈക്കം കഴിഞ്ഞാല്‍ സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭണങ്ങളില്‍ ഏറ്റവും പൊതുജന ശ്രദ്ധയാകര്‍ഷിച്ചത് തിരുവാര്‍പ്പ് സമരമാണ്.
പിന്നീട് അദ്ദേഹം എസ് എന്‍ ഡി പി യുടെ പ്രവര്‍ത്തനങ്ങളില്‍ ആമഗ്നനായി മാറുകയും സംഘടനാ സെക്രട്ടറിയായി 1102 ല്‍ നിയമിതനാകുകയും ചെയ്തു. ഇതേ കാലത്തുതന്നെ ക്ഷേത്രപ്രവേശന ത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളിലും ടി കെ മാധവന്‍ വ്യാപൃതനായി. കടുത്ത ആസ്ത്മാരോഗം മൂലം വളരെയേറെ ക്ലേശിച്ചിരുന്ന ടി കെ മാധവന് കഠിനാധ്വാനം മൂലം ആരോഗ്യം നന്നേ കുറഞ്ഞുവന്നു. 1105 മേടം 15 ന് (1930) ടി കെ മാധവന്‍ അന്തരിച്ചു.
'ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്' എന്ന മഹത് ദര്‍ശനം പകര്‍ന്നു നല്‍കിയ ശ്രീനാരായണഗുരുദേവന്റെ മഹാചിന്തകളെ കര്‍മ്മ പഥത്തിലാക്കാന്‍ അത്യധ്വാനം ചെയ്ത പോരാളികളില്‍ ഒന്നാമന്‍ ടി കെ മാധവന്‍ തന്നെയാണ്. മഹാത്മാഗാന്ധി യോടുള്ള അഗാധമായ കൂറും സ്‌നേഹവും ഉപാസനയും ടി കെ മാധവന് കൃത്യമായ ജീവിത നിഷ്ഠയാണ് പകര്‍ന്നുനല്‍കിയത്.
കേരള നവോത്ഥാനത്തിന്റെ സൃഷ്ടികര്‍ത്താക്കളില്‍ ടി കെ മാധവന്റെ സ്ഥാനം ഉയര്‍ന്നു നില്‍ക്കുന്നു. തിരുവാര്‍പ്പില്‍ സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭം ആരംഭിക്കാന്‍ നേതൃത്വം നല്‍കുകയും അതിനെ ദേശീയ ശ്രദ്ധയിലേക്കെത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്ത ടി കെ മാധവനോട് ഈ നാട് കടപ്പെട്ടിരിക്കുന്നു.
*****
പരശുരാമന്‍ സൃഷ്ടിച്ചതാണ് കേരളമെന്നും പിന്നീട് അത് നമ്പൂതിരി കുടുംബങ്ങള്‍ക്കായി ദാനം ചെയ്തതാണെന്നുമുള്ള ഐതിഹ്യത്തിലൂടെ തലമുറകളിലേക്കു പകര്‍ന്നു നല്‍കിയ അധികാരത്തിന്റെ പൊതു സമ്മതിയിലാണ് ബ്രാഹ്മണ മേധാവിത്വം നാടുഭരിച്ചത്. ആചാര്യ സി പി റായിയും ടി കെ മാധവനുമായി അക്കാലത്തു നടന്ന ഒരു സംഭാഷണത്തിന്റെ പൂര്‍ണ രൂപം മദ്രാസിലെ 'സ്വരാജ്യം' എന്ന ഇംഗ്ലീഷ് പത്രം പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
ആചാര്യ സി പി റായി : കേരളത്തിലെ ബ്രാഹ്മണാധിപത്യത്തെപ്പറ്റി വിവരിച്ചു പറയാമോ ?
ടി കെ മാധവന്‍
ടി കെ മാധവന്‍ : 'ഉവ്വ് വിഷ്ണുവിന്റെ ഒരു അവതാരമായ പരശുരാമന്‍ കേരളഭൂമി സമുദ്രത്തില്‍ നിന്നും ഉദ്ധരിച്ചെടുത്ത് താന്‍ 21 വട്ടം ക്ഷത്രിയന്മാരെ കൊന്ന പാപശാന്തിക്കായി കാരമണ്ഡലക്കരയില്‍ നിന്നും കൊണ്ടുവന്ന ബ്രാഹ്മണര്‍ക്ക് ദാനം കൊടുത്തു എന്നാണ് ഐതിഹ്യം. പരശുരാമന്‍ കൊണ്ടുവന്ന ഈ ബ്രാഹ്മണരുടെ സന്താനങ്ങളേ്രത ഇന്നത്തെ നമ്പൂതിരിമാര്‍. കേരളത്തിലെ വിശേഷാചാരമായ മരുമക്കത്തായം നമ്പൂതിരിമാരുടെ ഐശ്വര്യത്തിനും സൗകര്യത്തിനുമായി പരശുരാമന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള താണത്രേ. പരശുരാമന്‍ പരശു എറിഞ്ഞ് സമുദ്രത്തില്‍ നിന്നും ഭൂമി ഉദ്ധരിച്ചെടുത്തു എന്നുള്ള കഥയുടെ പരമാര്‍ത്ഥം എന്താണെന്ന് അറിവില്ല. എന്നാല്‍ സമുദ്രഗര്‍ഭത്തില്‍ സ്ഥിതിചെയ്തിരുന്ന കേരളഭൂമി സ്വാഭാവികമായ കാരണങ്ങളുടെ വ്യാപാരം നിമിത്തം പഴയകാലത്ത് അടിയില്‍ നിന്നും പൊങ്ങിവന്നിട്ടുള്ളതാണെന്നു ഭൂഗര്‍ഭശാസ്ത്രജ്ഞന്മാര്‍ പറയുന്നുണ്ട്. ഏതായാലും കേരളഭൂമി മുഴുവനും അവരുടെ സ്വന്തം വകയാണെന്നു നമ്പൂതിരിമാര്‍ അവകാശം പറഞ്ഞുവരുന്നു. ഈ അവകാശത്തെ സ്ഥാപിക്കാനായി അവര്‍ പഴയ സംസ്‌കൃത ഗ്രന്ഥങ്ങളെ പ്രമാണമായി എടുത്തുപറയുന്നുണ്ട്. കേരളത്തിലെ സകലതും, ആ ബ്രാഹ്മണ സമുദായങ്ങളെക്കൂടിയും, ഈശ്വരന്‍ സൃഷ്ടിച്ചിട്ടുള്ളത് നമ്പൂതിരിമാരുടെ സുഖപൂരണത്തിനാണെന്ന് അവര്‍ വാദിക്കുന്നു. ഇതിനനുസരിച്ചുള്ള ഒരു സമുദായഘടനയാണ് അവര്‍ കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ആ ഘടനയെ മതത്തില്‍ വേരുറപ്പിച്ചു മതത്തിന്റെ പിന്‍ബലംകൊണ്ട് ഉണ്ടാകാവുന്ന ശക്തിയും അവര്‍ സമ്പാദിച്ചിരിക്കുന്നു. പാതിവ്രത്യം അവരുടെ സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക സ്വത്താണെന്നും അന്യസമുദായ ക്കാരായ സ്ത്രീകള്‍ വ്യഭിചാരം ചെയ്താല്‍ അത് പാപമല്ലെന്നും അവര്‍ നിയമം ഉണ്ടാക്കിയിരിക്കുന്നു. നമ്പൂതിരിമാര്‍ ഭൂമി ഉടമസ്ഥന്മാര്‍ മാത്രമല്ല കേരളത്തില്‍ മതത്തിന്റെയും സമുദായത്തിന്റെയും അധ്യക്ഷന്മാരുമാണ്. നമ്പൂതിരിയുടെ ഇച്ഛക്കു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രക്ഷയില്ലാത്ത രീതിയിലാണ് സമുദായഘടന രൂപീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷ് മലബാറില്‍ നിത്യനിഷ്ഠയോടുകൂടിയ ജീവിതം, അവിടത്തെ കുടിയായ്മ ഏര്‍പ്പാടു നിമിത്തം അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. നമ്പൂതിരിമാരുടെ ഭൂമി ഉടമസ്ഥതയോടു മതംകൂടി കൂട്ടിക്കെട്ടിയതിന്റെ ഫലമാണ് അത്.
ആചാര്യ സി പി റായി : നമ്പൂതിരിമാരുടെ പ്രത്യേക ാവശ്യങ്ങളുടെ അടിസ്ഥാന കാരണങ്ങളായി മതസംബന്ധമായ പ്രമാണ ഗ്രന്ഥങ്ങളുണ്ടെന്നു പറഞ്ഞല്ലോ; അത് എന്താണ്?
ടി കെ മാധവന്‍ : ചില പ്രമാണങ്ങളുണ്ട്. ശാങ്കരസ്മൃതി, കേരളമാഹാത്മ്യം ഇവ രണ്ടുമാണ് അവയില്‍ മുഖ്യമായിട്ടുള്ളവ എന്നു തോന്നുന്നു. ഇവക്കുതമ്മില്‍ കൂടുതല്‍ പ്രാമാണ്യം ശാങ്കരസ്മൃതിക്കാണത്രേ. മലബാറിലെ വിവാഹക്രമത്തെ പരിഷ്‌കരിക്കാനായി ജസ്റ്റിസ് സര്‍ ടി മുത്തുസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ മദ്രാസ് ഗവണ്‍മെന്റില്‍ നിന്നും നിയമിച്ചിരുന്ന മലബാര്‍ മാരിയേജ് കമ്മീഷനെപ്പറ്റി കേട്ടിരിക്കുമല്ലോ. സര്‍ സി ശങ്കരന്‍ നായര്‍ ഈ കമ്മീഷനില്‍ ഒരു അംഗമായിരുന്നു. ഈ കമ്മീഷനെപ്പറ്റി കേട്ടിരിക്കുമല്ലോ. ഈ കമ്മീഷന്‍ ഈ ഗ്രന്ഥത്തെപ്പറ്റി വളരെ ഗാഢമായി അന്വേഷണം നടത്തി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥ്തിന് 200 കൊല്ലത്തിലധികം പഴക്കമില്ലെന്നാണ് അവരുടെ അഭിപ്രായം. അ തിന്റെ കര്‍ത്താവ് ഒരു നമ്പൂതിരിയാണെന്നും ആ നമ്പൂതിരി കൃത്രിമമായി നിര്‍മ്മിക്കുന്നതാണ് ഈ ഗ്രന്ഥമെന്നും ആ പണ്ഡിതസംഘം അഭിപ്രായപ്പെട്ടിരി ക്കുന്നു.
ആചാര്യ സി പി റായി : തിരുവിതാംകൂര്‍ രാജകുടുംബവും നമ്പൂതിരിമാരുമായുള്ള ബന്ധത്തിന്റെ സ്വഭാവമെന്ത് ?
ടി കെ മാധവന്‍ : തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നമ്പൂതിരിമാര്‍ക്കുള്ള സ്വാധീനശക്തി അവര്‍ണനീയമാണ്. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ ക്ഷത്രിയരല്ല എന്നാണ് ഐതിഹ്യം. സിംഹാസനാരോഹണത്തിനുമുമ്പായി നമ്പൂതിരിമാര്‍ അവരെ ക്ഷത്രിയന്മാര്‍ അല്ലെങ്കില്‍ ദ്വിജന്മാരായി മാറ്റി അവര്‍ക്ക് തുലാപുരുഷദാനം നടത്തി സ്വര്‍ണംകൊണ്ടു പ്രത്യേകം ഉണ്ടാക്കിവെച്ചിട്ടുള്ള പശുവിന്റെ ഗര്‍ഭത്തില്‍കൂടി കടന്നു വായില്‍ക്കൂടി വെളിക്കുവന്നതിനുശേഷം, പഞ്ചഗവ്യം നിറച്ചുവെച്ചിട്ടുള്ള ഒരു സ്വര്‍ണത്താമരയില്‍ മുങ്ങുന്നുന്നു. അതിനെ തുടര്‍ന്ന് ഒരു ത്രാസില്‍ കയറി ഇരുന്നിട്ട് മറ്റേ ത്രാസില്‍ സ്വര്‍ണം വെള്ളി ഈ ലോഹങ്ങള്‍കൊണ്ടുള്ള നാണയം ഇട്ടു തൂക്കുന്നു. ഈ ക്രിയകളെല്ലാം നടന്നതിനു ശേഷം സ്വര്‍ണം കൊണ്ടുള്ള പശു, താമര, നാണയങ്ങള്‍ ഇവയെല്ലാം മഹാരാജാക്കന്മാര്‍ നമ്പൂതിരി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നു. പകരമായി നമ്പൂതിരിമാര്‍ കൈപൊക്കി അനുഗ്രഹിച്ചു മഹാരാജാക്കന്മാര്‍ക്കു ദ്വിജത്വം നല്‍കുന്നു. ഇതുകൂടാതെ രാജകുടുംബം ഒരു നൂറുകൂട്ടം കാര്യങ്ങള്‍ക്കു നമ്പൂതിരിമാരെ ആശ്രയിക്കേണ്ടതുണ്ട്.
****
കടപ്പാട് : നാഷനന്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച, അഡ്വ. കെ അനില്‍കുമാര്‍ എഴുതിയ 'തിരുവാര്‍പ്പ് സഞ്ചാരസ്വാതന്ത്ര്യസമരം - നവോത്ഥാനചരിത്രത്തിലെ ഒരേട് ' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം പകര്‍ത്തിയിട്ടുള്ളത്.

0 comments:

Post a Comment