Friday, 24 January 2014

ആമചാടി തേവന്‍ എന്ന വിനയധിക്കാരി - മണര്‍കാട്‌ ശശികുമാര്‍.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പെട്ട ക്ഷേത്രങ്ങളുടെ നാട്‌ എന്നറിയപ്പെടുന്ന വേമ്പനാട്ടു കായലിലെ പെരുമ്പളം ദ്വീപാണ്‌ ആമചാടി തേവന്റെ ജന്മസ്ഥലം. 1967 വരെ ജീവിച്ചിരുന്ന തേവന്റെ ജനന തിയതിയെപ്പറ്റി വ്യക്തമായ രേഖകളില്ല. പെരുമ്പളത്തുനിന്നും വേമ്പനാട്ടു കായലിലൂടെ ബോട്ടില്‍ 15 മിനിട്ടു യാത്ര ചെയ്‌താല്‍ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പൂത്തോട്ട യിലെത്താം. മറ്റൊരു പ്രത്യേകതയും പൂത്തോട്ടക്കുണ്ട്‌. അത്‌ എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളുടെ സംഗമസ്ഥാനം എന്നുള്ളതാണ്‌. പെരുമ്പളത്തുകാര്‍ വൈക്കത്തേക്കും എറണാകുളത്തേക്കും യാത്രചെയ്യുന്ന പ്രധാന മാര്‍ഗ്ഗവും ഇതു തന്നെയാണ്‌. തേവന്റെ കാലത്ത്‌ സര്‍വീസ്‌ ബോട്ടുകള്‍ ഉണ്ടായിരുന്നില്ല. വള്ളമായിരുന്നു ഏക ആശ്രയം.

കണ്ണനും കാളിയും ആയിരുന്നു തേവന്റെ അച്ഛനും അമ്മയും. തേവന്റെ നാലാം വയസില്‍ തന്നെ ആ സാധുക്കള്‍ മരിച്ചു. പെരുമ്പളത്തെ പ്രശസ്‌ത നായര്‍ തറവാടായിരുന്ന കണ്ണേത്തു വീട്ടിലെ കൃഷികാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്‌ ഇവരായിരുന്നു. ഈ തറവാട്ടിലെ ഗൃഹനാഥ അച്ചുക്കുട്ടിയമ്മ, അനാഥനായ തേവനെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോന്നു. തീണ്ടല്‍, തൊടീല്‍ എന്നീ നീചമായ ആചാരങ്ങളുടെ അല്ലെങ്കില്‍ വര്‍ണവെറിയുടെ ചാട്ടുളിപ്പോറലേറ്റു പുറംബണ്ടില്‍ മാത്രം നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു പുലയക്കിടാത്തനെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്താന്‍ തീരുമാനിച്ച അച്ചുക്കുട്ടിയമ്മക്ക്‌ ഈ ലേഖകന്റെ ഒരുകോടി നമസ്‌കാരം. വൈകുണ്‌ഠസ്വാമി, ശ്രീനാരായണഗുരു, അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ്‌ കറുപ്പന്‍ തുടങ്ങിയ നവോത്ഥാന നായകര്‍ ഒരു ജീവിതം തന്നെ കലഹിച്ച്‌ തകര്‍ത്തെറിഞ്ഞ വരേണ്യരുടെ മതാധിപത്യത്തിന്റെ തീണ്ടല്‍ കുടുമ്മികള്‍ വീണ്ടും വളര്‍ത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ തലമുറയുടെ സമുദായ ഗുരുക്കന്മാര്‍ ഗുണപാഠമാക്കേണ്ടതാണ്‌ അച്ചുക്കുട്ടിയമ്മ എന്ന തറവാട്ടമ്മയുടെ ജീവിത ദര്‍ശനം.

അച്ചുക്കുട്ടിയമ്മ മക്കള്‍ക്കൊപ്പം തേവനേയും എഴുത്തും വായനയും പഠിപ്പിച്ചു. കാലം കടന്നു പോയി. ജാതിചിന്തയുടെ ദുര്‍ഗന്ധപൂരിതമായ സമൂഹത്തിലേക്ക്‌ തേവന്‍ ഇറങ്ങി നടന്നു. ഈ കാലത്താണ്‌ വായനയില്‍ കമ്പമുണ്ടായിരുന്ന തേവന്‍ പല പുസ്‌തകങ്ങളിലേക്കും കണ്ണെറിഞ്ഞത്‌. അത്‌, നെറികേടു കള്‍ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള അറിവും ഊര്‍ജ്ജവുമായി തേവനില്‍ നിറഞ്ഞു. ഭാവിയില്‍ കണ്ണേത്തമ്മക്ക്‌ ഒരു കളങ്കമാകാതിരിക്കാന്‍ അവിടെ നിന്നും പോയേ തീരൂ എന്ന ഒരു ചിന്ത തേവനെ അലട്ടാന്‍ തുടങ്ങി. ഇത്രയും കാലം സ്വന്തം മകനെ പോലെ അന്നം തന്ന്‌ സ്‌നേഹിച്ച ധന്യയായ ആ അമ്മയോട്‌ കാര്യങ്ങള്‍ ബോധിപ്പിച്ച്‌ പടിയിറങ്ങുമ്പോള്‍ യുവാവായ തേവന്റെ ഉള്ളു പുകയുന്നുണ്ടായിരുന്നു. ഇമകളിറുക്കിപ്പിടിച്ച്‌ തളര്‍ന്നു നിന്ന അച്ചുക്കുട്ടിയമ്മയോടു യാത്ര ചോദിക്കാന്‍ കെല്‍പ്പില്ലാതെ തേവന്‍ പുതിയൊരിടം തേടി നടന്നു. 

അങ്ങനെയാണ്‌ തേവന്‍ തൊട്ടടുത്തുള്ള ആമചാടി തുരുത്തില്‍ എത്തുന്നത്‌. അവിടെ ഒരു കുടില്‍ കെട്ടി താമസം തുടങ്ങി. ഈ കാലത്താണ്‌ തേവന്റെ വിവാഹം നടന്നത്‌. ഭാര്യയുടെ പേര്‌ കാളി എന്നായിരുന്നു. ഒരാണും മൂന്നു പെണ്ണും അവര്‍ക്കു പിറന്നു. ആ ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. കാളി മരിച്ചു. തേവന്‍ രണ്ടാമത്‌ പൊന്നാച്ചിയെ വിവാഹം കഴിച്ചു. അതില്‍ എട്ട്‌ മക്കള്‍ പിറന്നു.

പൂത്തോട്ടക്കും പെരുമ്പളത്തിനും ഇടക്കുള്ള ആറേഴു തുരുത്തുകളില്‍ പ്രധാനപ്പെട്ടതാണ്‌ ആമചാടി തുരുത്ത്‌. ഊരും പേരുമില്ലാത്ത ശവങ്ങള്‍ മറവുചെയ്യപ്പെടുന്നത്‌ ഇവിടെയാ യിരുന്നു. ആമകള്‍ കായലിലേക്ക്‌ ചാടിയിറങ്ങുന്നതും കരയിലേക്ക്‌ ചാടിക്കയറുന്നതും ഇവിടത്തെ ഒരു പതിവു കാഴ്‌ചയായിരുന്നു. ആമചാടി തുരുത്ത്‌ എന്ന്‌ പേരു ലഭിച്ചത്‌ ഈ കൗതുക കാഴ്‌ചയില്‍ നിന്നുമാകാം.

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠക്കുശേഷം ഒരിക്കല്‍ ശ്രീനാരായണഗുരു ഇവിടെ എത്തുകയുണ്ടായി. അന്ന്‌, വളരെ ദൂരെ മാറി നിന്ന തേവനെ വിളിച്ച്‌ കല്‍ക്കണ്ടവും മുന്തിരിയും നല്‍കി ഗുരു അനുഗ്രഹിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ അദ്ദേഹത്തിന്‌ വഴിമാറി ചിന്തിക്കാനുള്ള കരുത്തായി നലകൊണ്ടു.

വള്ള വസ്‌ത്രധാരിയായ തേവനോടും തേവന്റെ പ്രവര്‍ത്തനങ്ങളോടും അമര്‍ഷമുണ്ടായിരുന്ന ഒരു കൂട്ടം മേലാളന്മാര്‍ പിന്‍പടി ചവിട്ടി വരുന്നത്‌ അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരു ദിവസം പൂത്തോട്ട കടവില്‍ നിന്നും കടത്തു വഞ്ചിയിലേക്കു കയറുമ്പോള്‍ ചില സവര്‍ണര്‍ കരുതിക്കൂട്ടി വെച്ചിരുന്ന ചെളി തേവന്റെ വസ്‌ത്രങ്ങളിലേക്ക്‌ വലിച്ചറിഞ്ഞു. അതുകൊണ്ടോന്നും തേവന്‍ ഭയന്നില്ല. അദ്ദേഹം ഒറ്റയാള്‍ പിപ്ലവകാരിയെ പോലെ നിഷേധത്തിന്റെയും തിരസ്‌കാരത്തിന്റെയും ഉള്‍ക്കരുത്തോടെ സവര്‍ണ മേധാവിത്വത്തിനെതിരേ ശ്രേഷ്‌ഠമായി കലഹിച്ചു. ലൊട്ടു ലൊടുക്കു വേലകള്‍ കൊണ്ടോന്നും തേവനെ തളക്കാനാവില്ല എന്നു മനസ്സിലാക്കിയ മേലാളര്‍ മറ്റേതെങ്കിലും വിധത്തില്‍ കുടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

അങ്ങിനെ ഏതോ മേലാളക്കഴുകന്മാര്‍ തേവനെതിരേ ഒരു കള്ളക്കേസു കൊടുത്തു. പൊലീസുകാര്‍ ആമചാടി തുരുത്തില്‍ എത്തി. തലേദിവസത്തെ കാലവര്‍ഷത്തിമിര്‍പ്പില്‍ കുടിലിലേക്ക്‌ ചോര്‍ന്നൊലിച്ച വെള്ളക്കെട്ടില്‍ കുതിര്‍ന്നുപോയ പുസ്‌തകശേഖരം ഒരു കീറത്തഴപ്പായില്‍ വെയിലത്തിട്ടുണ ക്കുകയായിരുന്നു തേവനപ്പോള്‍. ഈറന്‍ വിട്ടുമാറാത്ത, മെഴുകിയ ചാണകം അടര്‍ന്നുപോയ ഇറയത്ത്‌ ഒരു പായവിരിച്ചിട്ട്‌ തേവന്‍ വിനയത്തോടെ പൊലീസുകാരനോട്‌ ഇരിക്കുവാന്‍ പറഞ്ഞു. 

വായനയില്‍ കമ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ മുറ്റത്തു നിരത്തിയിട്ടിരുന്ന നനഞ്ഞ പുസ്‌തകങ്ങളിലേക്ക്‌ കണ്ണോടിച്ചു. അക്കാലത്ത്‌ പലര്‍ക്കും കേട്ടറി വുപോലുമില്ലാത്ത വിലപ്പെട്ട കൃതികള്‍ ഒരു കീഴാളന്റെ വീട്ടുമുറ്റത്ത്‌ വെയിലേറ്റു കിടക്കുന്ന ആ കാഴ്‌ച പൊലീസ്‌ ഇന്‍സ്‌പെക്ടറെ വിസ്‌മയിപ്പിച്ചു എന്നതാണ്‌ സത്യം.

"താങ്കളുടെ പേരില്‍ ഒരു കേസുണ്ട്‌. വിളിച്ചുകൊണ്ടു പോകാനാണ്‌ ഞങ്ങള്‍ വ്‌ന്നത്‌. ഈ പരാതിയില്‍ പറയുന്ന കുറ്റം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല എന്നെനിക്ക്‌ പൂര്‍ണബോധ്യ മുണ്ട്‌. ഞങ്ങള്‍ പോകുന്നു. തേവന്‍, ഞാനൊന്ന്‌ അന്വേഷി ക്കട്ടെ". ഇന്‍സ്‌പെക്ടര്‍ പറഞ്ഞു നിര്‍ത്തി. തേവന്‍ നിശബ്ദനായി നിന്നതേയുള്ളൂ.

മടങ്ങിയ പൊലീസുകാര്‍ക്കൊപ്പം തേവനും വള്ളക്കടവുവരെ അവരെ അനുഗമിച്ചു. വഞ്ചി തീരം വിട്ടപ്പോള്‍ ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തിനു നേരേ നോക്കി ചിരിച്ചു. തേവന്‌ ആശ്വാസമായി. മേലാളരുടെ കയ്യാങ്കളിയുടെ കാപട്യങ്ങള്‍ കായലിലേക്ക്‌ വലിച്ചറിഞ്ഞ്‌ കീഴാളക്കരു ത്തോടെ തേവന്‍ ജന്മത്തിന്റെ പടവുകളിലൂടെ മുന്നോട്ടു നടന്നു.

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നവോത്ഥാന പ്രതിഭകളുടെ അശ്രാന്ത പരിശ്രമങ്ങള്‍ മൂലം മേലാളരുടെ അഹങ്കാരത്തിന്‌ ഉശിരു നഷ്ടപ്പെട്ടു കൊണ്ടിരുന്ന കാലം. മഹാത്മാ ഗാന്ധിയുടെ അയിത്തോച്ചാടന സമരപ്രഖ്യാപനങ്ങളുടെ അലയടികള്‍ തിരുവിതാംകൂറിലേക്കും പടര്‍ന്നുതുടങ്ങി. വൈക്കം സത്യാഗ്രഹത്തിനുള്ള ഒരുക്കു കൂട്ടല്‍ ആരംഭിക്കുന്നതേയുള്ളൂ. അങ്ങനെ പൂത്തോട്ടയിലെത്തിയ ടി കെ മാധവന്‍ ആമചാടി തേവനെ പരിചയപ്പെട്ടു. തേവനെന്ന കറുപ്പിന്റെ കരുത്തിനെ ടി കെ മാധവന്‍ നെഞ്ചോടു ചേര്‍ത്തു. അത്‌ മറ്റൊരു സമര സന്നാഹത്തിന്റെ തമരിന്‌ തീകൊളുത്തി.

ഒരു ദിവസം പൂത്തോട്ട ശിവക്ഷേത്രത്തില്‍ ദീപാരാധനക്ക്‌ കൈകൂപ്പിനിന്ന അമ്പലവാസികള്‍ക്കിടയിലൂടെ തേവന്റെ കൈപിടിച്ച്‌ ടി കെ മാധവന്‍ ശ്രീകോവിലിന്റെ മുന്നിലേക്ക്‌ നടന്നു കയറി. നേരിയ ഇരുളിന്റെ മറവില്‍ പെട്ടെന്ന്‌ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഒരു നിമിഷം, എല്ലാം കലങ്ങി മറിഞ്ഞു. അശുദ്ധം, അശുദ്ധം എന്നു പറഞ്ഞുകൊണ്ട്‌ അവിടെയുണ്ടാ യിരുന്നവര്‍ നാലുപാടും ഒഴിഞ്ഞു മാറി. ആരേയും കൂസാതെ ക്ഷേത്രത്തില്‍ തൊഴുതുമടങ്ങിയ ഇവരെ എതിര്‍ക്കാന്‍ അവിടെയു ണ്ടായിരുന്നവര്‍ക്ക്‌ കരുത്തുണ്ടാ യിരുന്നില്ല. ഒരു പക്ഷെ, അതുവരെ തീരുമാനത്തിലെത്താത്ത വൈക്കം സത്യാഗ്രഹത്തിന്റെ "ട്രയല്‍ റണ്‍" ആയിരിക്കാമിത്‌. എങ്കിലും സവര്‍ണര്‍ അടങ്ങിയിരുന്നില്ല. ടി കെ മാധവനും തേവനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളം രണ്ടുപേരും കോട്ടയം ജയിലില്‍ ശിക്ഷിതരായി കഴിഞ്ഞു. നീചാചാരങ്ങളുടെ നടവരമ്പില്‍ യാത്ര മുറിക്കപ്പെട്ടെത്തിയ സവര്‍ണാധിപത്യ ത്തിന്റെ നെറുകയില്‍ അഗ്നിയായി കത്തിപ്പടരാനുള്ള ആവേശവുമായാണ്‌ അവര്‍ ജയില്‍ വിമോചിതരായത്‌. അങ്ങനെ വൈക്കം സമരഭടന്മാര്‍ക്കൊപ്പം തേവന്‍ ചേര്‍ന്നു.

1924 മാര്‍ച്ച്‌ 30 ന്‌ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം മുതല്‍ തന്നെ തേവന്‍ സജീവമായി പങ്കെടുത്തു. കെ പി കേശവമേനോന്‌ തേവനോട്‌ ഒരു പ്രത്യേക താല്‍പ്പര്യമു ണ്ടായിരുന്നു. അതുകൊണ്ടാ യിരിക്കാം അദ്ദേഹം മഹാത്മജിക്ക്‌ തേവനെ പരിചയ പ്പെടുത്തി ക്കൊടുത്തത്‌. മദ്യപിക്കരുതെന്നും ഹരിജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കണമെന്നും വൃത്തിയുള്ള വസ്‌ത്രം ധരിക്കാന്‍ അവരെ ബോധ്യപ്പെടുത്തണമെന്നും ഓലകൊണ്ടുള്ള ആഭരണങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കണമെന്നും ഗാന്ധിജി തേവനെ അടുത്തു വിളിച്ച്‌ ഉപദേശിച്ചു എന്നുള്ളത്‌ ഒരു കൊച്ചു കാര്യമല്ല. അതൊക്കെ ചരിത്രകാരന്മാര്‍ മറന്നത്‌ തേവന്‍ ഒരു കീഴാളനായതിനാലാണ്‌. അല്ലെങ്കില്‍ തേവന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥകള്‍ തേന്‍വാക്കുകളായി പുതിയ കാലത്തിന്റെ നാവിലൂടെ ഒഴുകുമായിരുന്നു.

വൈക്കത്ത്‌ തീണ്ടല്‍ പലകയുടെ അതിര്‍ത്തി ലംഘിച്ചു നടന്ന കുഞ്ഞപ്പിയേയും ബാഹുലേയനേയും ഗോവിന്ദപ്പണിക്കരേയും അറസ്റ്റ്‌ ചെയ്‌തപ്പോള്‍ മഹാത്മാഗാന്ധിക്ക്‌ ജയ്‌ വിളിച്ചുകൊണ്ട്‌ നിന്ന സമരക്കാരില്‍ ഒരാള്‍ തേവനായിരുന്നു. വൈക്കം സത്യാഗ്രഹത്തിനിടയില്‍ കാസചികിത്സക്കായി തിരുവനന്തപുര ത്തേക്ക്‌ പോയ ടി കെ മാധവന്‌ കത്ത്‌ മുഖാന്തിരം വിവരങ്ങളൊക്കെ കൈമാറിയത്‌ ആമചാടി തേവനായിരുന്നു വെന്ന്‌ കോട്ടുകോയിക്കല്‍ വേലായുധന്‌ ടി കെ മാധവന്‍ കൊല്ലത്തുനിന്നും അയച്ച കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (മഹാത്മാഗാന്ധി സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗത്തിന്റെ "വൈക്കം സത്യാഗ്രഹ രേഖകള്‍" എന്ന പുസ്‌തകം. പേജ്‌ 243 )

ഒരുദിവസം സത്യാഗ്രഹ പന്തലില്‍ നിന്നും വൈകിട്ട്‌ മടങ്ങിയ ആമചാടി തേവന്റേയും രാമനിളയതിന്റേയും കണ്ണിലേക്ക്‌ ഇണ്ടംതുരുത്തി നമ്പൂതിരിയുടെ ഗുണ്ടകള്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം കൊലഞ്ഞിലില്‍ മുക്കി ചിതറിച്ചൊഴിച്ചു. ചുണ്ണാമ്പിനൊപ്പം കമ്മട്ടിപ്പാലും ഉണ്ടായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടത്‌ കേസരിയുടെ ലേഖനത്തില്‍ നിന്നുമാണ്‌.

വൈക്കം സത്യാഗ്രഹ സമര നേതാക്കള്‍ക്കൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ട തേവനേയും കോട്ടയം സബ്‌ജയിലിലേക്ക്‌ കൊണ്ടുപോയി. ജയിലിലെ ക്രൂരമര്‍ദ്ദനവും കാഴ്‌ച മങ്ങലും കൂടിയായപ്പോള്‍ തേവന്‍ ആരോഗ്യപരമായി തളര്‍ന്നു. ഇക്കാലമത്രയും തേവന്റെ ഭാര്യയും കുട്ടികളും വൈക്കം ആശ്രമത്തിലാണ്‌ താമസിച്ചത്‌. ജയിലില്‍ നിന്നും തിരിച്ചെത്തിയ തേവന്‌ ആമചാടി തുരുത്തില്‍ കാണാനായത്‌, തന്റെ കൊച്ചു കുടിലിന്റെ തറ മാത്രമായിരുന്നു. ഓലയും തൂണും വാരിയുമൊക്കെ ഏതോ മേലാളക്കഴുകന്മാര്‍ കൊത്തിവലിച്ച്‌ കായലില്‍ താഴ്‌ത്തിക്കളഞ്ഞു. വിവരമറിഞ്ഞെത്തിയ ടി കെ മാധവന്റെ ശ്രമഫലമായി തേവന്‌ ഒരേക്കര്‍ സ്ഥലം പതിച്ചു കിട്ടി. അതില്‍ അവശേഷിക്കുന്ന സ്ഥലത്ത്‌ ഇപ്പോള്‍ തേവന്റെ വീടും സ്‌മൃതിമണ്ഡപവും മാത്രം ഏതാണ്ട്‌ അനാഥമായി ക്കൊണ്ടിരിക്കുന്ന ഈ സ്ഥലത്തേക്ക്‌ ഹൈടെക്‌ സംസ്‌കാര ത്തിന്റെ കാലനക്കം ഉണ്ടാകാതെയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. കാലം അങ്ങനെയാണ്‌. പക്ഷെ, ഇന്നത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി വിയര്‍ത്ത്‌ ഒരു പാവം മനുഷ്യന്റെ മനസിന്റെ സ്‌പന്ദനങ്ങള്‍ ഈ അസ്‌തിമാടത്തില്‍ നിന്നും നിങ്ങള്‍ക്കു കേള്‍ക്കാം ; മൗനപ്പെട്ടു പോയെങ്കിലും.

മഹാത്മാഗാന്ധി ദില്ലിയില്‍ നിന്നും തേവന്‌ കണ്ണിലൊഴിക്കാന്‍ ഹോമിയോ മരുന്ന്‌ അയച്ചുകൊടുത്തിരുന്നു. കാഴ്‌ചയില്‍ സാമാന്യം മാറ്റങ്ങളു ണ്ടായെങ്കിലും അതിനേക്കാളേറെ തെളിമയായി തേവനില്‍ നിലകൊണ്ടത്‌ മഹാത്മജി ഒരു സാധു മനുഷ്യനെ മറന്നില്ലല്ലോ എന്നുള്ളതാണ്‌.

സഹനത്തിന്റെ വേദന ഉള്ളിലൊതുക്കി ആരോടും പരിഭവമില്ലാതെ ജീവിതാനുഭവങ്ങളെ ഗുണിച്ചും ഹരിച്ചും മരണം വരെ ശുഭപ്രതീക്ഷ കളുമായി കാഴ്‌ചക്കപ്പുറത്തേക്ക്‌ മനസുചേര്‍ത്തുവെച്ചു കാതോര്‍ത്ത ഈ രാജ്യസ്‌നേഹിയെ സമൂഹം ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക്‌ വലിച്ചെറിഞ്ഞ തില്‍ പുതിയ ലോകത്തിന്‌ വലിയ പ്രശ്‌നമായി തോന്നില്ല. കാരണം പഴയ കാലത്തേക്കാള്‍ ഗുരുതരമായ മതചിന്ത പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു.

ആമചാടി തേവനെ നിരന്തരം അന്വേഷിക്കുകയും കുശലങ്ങള്‍ ചോദിക്കുകയും ചെയ്‌ത ഒരു വലിയ മനുഷ്യനുണ്ടായിരുന്നു ; മറ്റാരുമല്ല, കെ പി കേശവമേനോന്‍. അദ്ദേഹം ഒരിക്കല്‍ തേവനോടു പറഞ്ഞു ; "നീ തേവനല്ല, ദേവനാണ്‌". 

തേവന്റെ കൂട്ടുകാരി പൊന്നാച്ചിയുടെ ചരമവാര്‍ത്തയറിഞ്ഞ്‌ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പോലും ആ വഴിക്ക്‌ ചെന്നിട്ടില്ലെന്ന്‌ തേവന്റെ മക്കള്‍ പറയുന്നു.

സവര്‍ണ നെറികേടിന്റെ തമ്പ്രാക്കന്മാരുടെ നെഞ്ചിലേക്ക്‌ തേവന്‍ വലിച്ചെറിഞ്ഞ അമര്‍ഷപ്പന്തങ്ങളിലൊന്ന്‌ പുതിയ തലമുറയുടെ നേരെയും വരുന്നുണ്ട്‌ എന്നുള്ളത്‌ മറ്റൊരു വാസ്‌തവം.

ചരിത്രം ഭ്രഷ്ട്‌ കല്‍പ്പിച്ചങ്കിലും ആമചാടി തോവനോട്‌ ജനങ്ങള്‍ക്കൊരു ആദരവുണ്ട്‌. ആമചാടി തേവനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട്‌ വൈക്കം ഷിബു രചിച്ച "വൈക്കം സത്യാഗ്രഹം" എന്ന നാടകം പൂത്തോട്ട ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ എറണാകുളം ടൗണ്‍ഹാളില്‍ അരങ്ങേറിയത്‌ അതിന്‌ തെളിവാണ്‌. ഉണ്ണി പൂണിത്തുറയാണ്‌ നാടകം സംവിധാനം ചെയ്‌തത്‌.

ഒരിക്കല്‍ പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നടത്തിയ കുട്ടികളുടെ ക്യാമ്പിന്റെ പഠനയാത്ര തേവന്റെ സ്‌മൃതിമണ്ഡപത്തിലേക്കായിരുന്നു. അവിടെ, നമ്രശിരസ്‌ക രായിരുന്ന കുട്ടികളുടെ ചെവിച്ചെണ്ടയില്‍ തേവന്റെ ശബ്ദഗമകങ്ങള്‍ ഒരു കലിക്കാറ്റായി വന്നടിച്ചു;

"കറുപ്പിന്റെ കരുത്ത്‌ ഈ തുരുത്തില്‍
അവസാനിക്കുന്നില്ല മക്കളേ...."

- മണര്‍കാട്‌ ശശികുമാര്‍ (ഫോണ്‍.9048055644)
http://idaneram.blogspot.in/2014/01/blog-post_15.html?spref=fb

0 comments:

Post a Comment