Friday 14 February 2014

ശംഖുംമുഖത്ത് ചരിത്രം കുറിച്ചവർക്ക് നന്ദി.............. തുഷാർ വെള്ളാപ്പള്ളി

ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് പ്രസിദ്ധമായ ശംഖുംമുഖം കടപ്പുറം. അവിടെ കഴിഞ്ഞ ജനുവരി 31ന് എസ്.എൻ.ഡി.പി യോഗം പുതിയൊരു ചരിത്രം കൂടി കുറിച്ചു. ദക്ഷിണ കേരളം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ സമ്മേളനമായി അന്നത്തെ തിരുവിതാംകൂർ ഈഴവമഹാസംഗമം. രാഷ്ട്രീയജന്മിമാർക്കുള്ള മുന്നറിയിപ്പുമായി കേരളത്തിലെമ്പാടുനിന്നും ജനലക്ഷങ്ങൾ തലസ്ഥാനനഗരിയിലേക്ക് ഒഴുകിയെത്തി. കേരളത്തിലെ മൂന്നിലൊന്ന് വരുന്ന ജനസമൂഹത്തിന്റെ സങ്കടങ്ങളും പ്രതിഷേധങ്ങളും ആശങ്കകളും അറബിക്കടലിലെ തിരകൾക്കൊപ്പം അന്നവിടെ അലയടിച്ചു. ഭൂമിയും ജോലിയും സമ്പത്തും രാഷ്ട്രീയാധികാരങ്ങളും അന്യമാകുന്ന ഒരു സമൂഹം രാഷ്ട്രീയത്തിലെ നിറഭേദങ്ങൾ മറന്ന് ഒന്നുചേർന്നതിന് പിന്നിൽ ചില തിരിച്ചറിവുകളുടെ കരുത്തുമുണ്ട്.
സാമൂഹ്യനീതിയുടെ രാഷ്ട്രീയമാണ് എസ്.എൻ.ഡി.പി യോഗം ശംഖുംമുഖത്ത് പ്രഖ്യാപിച്ചത്. അതു തന്നെയാണ് ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവച്ച രാഷ്ട്രീയവും. സംഘടിത ന്യൂനപക്ഷങ്ങൾ എല്ലാ സീമകളും ലംഘിച്ച് കേരളത്തിന്റെ സ്വത്തും അധികാരവും കൈയടക്കുന്നതിന്റെയും പിന്നാക്കവിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് അകറ്റപ്പെടുന്നതിന്റെയും പ്രതിഷേധമായിരുന്നു ശംഖുംമുഖത്ത് കണ്ടത്. രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അത് മനസിലാക്കിക്കൊടുക്കുന്നതിൽ സംഗമം വിജയിച്ചു. അവകാശനിഷേധങ്ങൾ ഇനിയും പൊറുക്കില്ലെന്ന സമുദായത്തിന്റെ മുന്നറിയിപ്പ് അധികാരകേന്ദ്രങ്ങൾ ഇനിയും അവഗണിച്ചാൽ അതിന് തിരിച്ചടിയുണ്ടാകുമെന്ന ബോധ്യപ്പെടുത്തലുമായിരുന്നു തിരുവിതാംകൂർ ഈഴവമഹാസംഗമം.


മൂന്നുമാസത്തിലേറെയായി കുടുംബയോഗം പ്രവർത്തകരുൾപ്പെടെയുള്ള പതിനായിരക്കണക്കിന് പേരുടെ രാപകൽ അധ്വാനത്തിന്റെ സാഫല്യമായിരുന്നു ശംഖുംമുഖത്ത് കണ്ടത്. സംഗമത്തിന്റെ വിജയത്തിനായി കുടുംബയൂണിറ്റ് തലം തുടങ്ങി ചെറുതും വലുതുമായ രണ്ടു ലക്ഷത്തോളം യോഗങ്ങൾ ചേർന്നു. അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുത്ത മഹാസമ്മേളനം കേഡർ പാർട്ടികളെപ്പോലും അസൂയപ്പെടുത്തുന്ന രീതിയിൽ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ അടുക്കും ചിട്ടയുമായി നിയന്ത്രിച്ചു. സമുദായത്തോടുള്ള സ്‌നേഹം മാത്രമാണ് സാധാരണക്കാരായ ലക്ഷക്കണക്കിന് പേരെ സംഗമത്തിലേക്ക് അടുപ്പിച്ചത്. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ ചുമരെഴുതാനും നോട്ടീസ് നൽകാനും പോസ്റ്ററുകളൊട്ടിക്കാനും ജനങ്ങൾ മുന്നിട്ടിറങ്ങി. രാവും പകലും മഴയും മഞ്ഞും അവഗണിച്ച് കാടും മേടും കുന്നും കുഴികളും താണ്ടി ഗൃഹസമ്പർക്കം നടത്തി. തിരുവനന്തപുരം ജില്ലയിൽ മാത്രം ഒന്നര ലക്ഷം കൊടികളും ഒരു ലക്ഷം ബോർഡുകളും യൂത്ത് മൂവ്മെന്റ് പ്രവർത്തകർ നേരിട്ട് സ്ഥാപിച്ചു. സംസ്ഥാനത്തെമ്പാടുമുള്ള നൂറുകണക്കിന് യോഗം-യൂത്ത് മൂവ്മെന്റ് പ്രവർത്തകർ സ്വന്തം കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് മാസങ്ങളോളം എന്നോടൊപ്പം ചേർന്നു പ്രവർത്തിച്ചു. മഹാസംഗമത്തിന്റെ മഹാവിജയത്തിനു പിറകിൽ ഇവരുടെയെല്ലാം വിയർപ്പുണ്ട്. ഈഴവസമുദായത്തിന്റെ കരുത്ത് കേരളത്തിന് ദൃശ്യമാക്കിക്കൊടുത്തതിൽ അവർക്ക് എക്കാലത്തും അഭിമാനിക്കാം. സംഗമം വൻവിജയമാക്കാൻ വേണ്ടി പ്രവർത്തിച്ച ഓരോരുത്തരോടും കടപ്പാടുണ്ട്. സമ്മേളനത്തിന് എല്ലാ പിന്തുണയും നൽകിയ സഹോദര സമുദായ സംഘടനകളോടും അവരുടെ നേതാക്കളോടും കൃതജ്ഞത രേഖപ്പെടുത്തുന്നു. വാഹനങ്ങൾ നിയന്ത്രിക്കാനും സുരക്ഷാ ഏർപ്പാടുകൾക്കും വേണ്ട സഹായങ്ങൾ നൽകിയ പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പത്ര-ദൃശ്യമാദ്ധ്യമങ്ങൾ, സർവ പിന്തുണയും നൽകിയ കേരളകൗമുദി, സമ്മേളന പ്രതിനിധികൾക്ക് കേരളത്തിലെമ്പാടും ഭക്ഷണവും അഭയവുമുൾപ്പെടെ സഹായം നൽകിയവർ തുടങ്ങി നേരിട്ടും അല്ലാതെയും അകമഴിഞ്ഞ സഹായങ്ങൾ നൽകിയ ഓരോരുത്തർക്കും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.

തുഷാർ വെള്ളാപ്പള്ളി

0 comments:

Post a Comment