മികച്ച കായികാഭ്യാസിയും തികഞ്ഞ കലാകാരനും കീഴാളവര്‍ഗ അവകാശപ്പോരാളിയും സമ്പന്നനുമായിരുന്നു വേലായുധപ്പണിക്കര്‍. കൊല്ലവര്‍ഷം ആയിരാമാണ്ടിലെ ധനുമാസം ഇരുപത്തിയേഴാം തിയതി കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴയിലെ കല്ലിശ്ശേരി വീട്ടിലാണ് വേലായുധപ്പണിക്കര്‍ ജനിച്ചത്. വിദേശങ്ങളുമായി അന്നേ കച്ചവട ബന്ധം ഉണ്ടായിരുന്ന തറവാടായിരുന്നു അത്. കുടുംബത്തിനുതന്നെ അരഡസനോളം പാക്കപ്പല്‍ അന്നുതന്നെയുണ്ടായിരുന്നു. അവയൊക്കെ കച്ചവടത്തിനായി മാത്രം വാങ്ങിയവയായിരുന്നു. വേലായുധപ്പണിക്കര്‍ ജനിച്ചതിന്റെ പതിമൂന്നാം ദിവസം അമ്മ മരിച്ചു. മുത്തശ്ശനും മുത്തശ്ശിയുമാണ് അദ്ദേഹത്തെ വളര്‍ത്തിയത്. കുടുംബത്തിലെ കണക്കറ്റ സ്വത്തിനെല്ലാം ഒരേ ഒരു അവകാശിയേ ഉണ്ടായിരുന്നുള്ളൂ. പതിനാറാമത്തെ വയസ്സില്‍ കുടുംബത്തിലെ കാരണവസ്ഥാനം വേലായുധപ്പണിക്കരില്‍ നിക്ഷിപ്തമായി.
പണവും പ്രശസ്തിയുമുണ്ടെങ്കിലും ഈഴവന്‍ അന്നും അവര്‍ണന്‍ തന്നെ.പൊതുവഴികളും പൊതുവസ്ത്രങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന ആ കാലത്തെ ചാതുര്‍വര്‍ണ്യത്തിന്റെ നീതിരഹിതമായ തേര്‍വാഴ്ച നയിക്കുന്ന മല്ലന്മാരെ വേദമോതി ജയിക്കാനാവുമായിരുന്നില്ല. വേലായുധപ്പണിക്കര്‍ അതിനുപറ്റിയ മാര്‍ഗം തന്നെ തെരഞ്ഞെടുത്തു. കുടുംബഭരണം കാര്യസ്ഥനെ ഏല്‍പ്പിച്ചിട്ട് ആയോധനമുറകള്‍ അഭ്യസിക്കാന്‍ തുടങ്ങി. അതിനുശേഷം സവര്‍ണരുടെ വേഷം ധരിച്ച് അവരുടെ ക്ഷേത്രങ്ങളില്‍ പ്രവേശിച്ച് കാര്യങ്ങല്‍ കണ്ടുമനസ്സിലാക്കി, 1027ആം ആണ്ടില്‍ തന്റെ നാട്ടില്‍ ആദ്യമായി ഒരു ശിവക്ഷേത്രം പണിതു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇടക്കാട്ടുള്ള ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഈഴവരുടേതായ ആദ്യത്തെ ശിവക്ഷേത്രമാണ് ഇത്. ആ ക്ഷേത്രം പണിതതിനും നാല് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശ്രീ നാരായണഗുരു ജനിച്ചത്.വേലായുധപ്പണിക്കരുടെ മക്കളും ശ്രീനാരായണ ഗുരുവും ഒരുമിച്ചാണ് പുതുപ്പള്ളിയിലെ വാരണപ്പള്ളി തറവാട്ടില്‍ തങ്ങി പഠിച്ചത്. ശ്രീനാരായണന്‍ വേലായുധപ്പണിക്കരെക്കുറിച്ച് കേള്‍ക്കുകയും ഇടക്കാട്ടു ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ നാരായണന്റെ പില്‍ക്കാല കര്‍മ്മങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും പ്രചോദനവും വേലായുധപ്പണിക്കരുടെ കര്‍മ്മങ്ങളായിരുന്നു.
1037ല്‍ കഥകളിയോഗം അരങ്ങേറി. ഇത് കണ്ട് കലിയിളകിയ സവര്‍ണര്‍ ദിവാന് പരാതി അയച്ചു.ദിവാന്‍ പണിക്കരുടെ വാദം കേട്ടശേഷം പണിക്കര്‍ക്ക് അനുകൂലമായി വിധിച്ചു. അതിനുശേഷമാണ് നാട്ടില്‍ ഈഴവന്‍ കഥകളി ആരംഭിക്കാന്‍ തുടങ്ങിയത്. മൂക്കുത്തി അണിഞ്ഞു നടന്ന ഒരു ഈഴവസ്ത്രീയെ സവര്‍ണര്‍ അതിനീചമായി അപമാനിക്കുകയും ശാരീരികമായി ദണ്ഡിപ്പിക്കുയും ചെയ്തു. ഇതറിഞ്ഞ പണിക്കര്‍ അവര്‍ണരായ ആണുങ്ങളേയും കൂട്ടി തിരിച്ചുതല്ലി. കൂടെ വരാന്‍ മടിച്ച അവര്‍ണരെ താന്‍ നേരിട്ടു തല്ലുമെന്ന് പണിക്കര്‍ പറഞ്ഞു. പണിക്കരുടെ തല്ലുഭയന്നും ചിലര്‍ പണിക്കരുടെ കൂടെ ചേര്‍ന്നു. വേലായുധപ്പണിക്കരുടെ ഈ ചെറുത്തുനില്‍പ്പാണ് മൂക്കൂത്തി ലഹള എന്ന പേരില്‍ അറിയപ്പെട്ടത് .പുടവ ഉടുത്തതിന്റെ പേരിലും പുകിലുണ്ടായി. അതിനുകൊടുത്ത തിരിച്ചടി പുടവലഹള എന്നപേരിലും അവമതിക്കപ്പെട്ടു.
അക്കാലത്ത് കാര്‍ത്തികപ്പള്ളി താലൂക്കിലെ അവര്‍ണരുടെ മുഖ്യതൊഴില്‍ കൃഷിപ്പണിയായിരുന്നു. ഇത്തരം അവമതികള്‍ക്ക് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സവര്‍ണര്‍ക്കുവേണ്ടി ആരും പണിക്ക് ഇറങ്ങരുതെന്ന് പണിക്കര്‍ ആജ്ഞാപിച്ചു. അതോടെ കൃഷിയും നെല്ലുകുത്തും തേങ്ങാവെട്ടുമൊക്കെ മുടങ്ങി. ഇന്ത്യ കണ്ട ആദ്യത്തെ കാര്‍ഷികസമരമായിരുന്നു അത്. ഇതോടെ പൊറുതിമുട്ടിയ സവര്‍ണര്‍ പണിക്കരെ വകവരുത്താന്‍ തീരുമാനിച്ചു. അതിന്റെ ഫലമായി നടന്ന ഗൂഡാലോചനയുടെ ഫലമാണ് വേലായുധപ്പണിക്കരുടെ അപമൃത്യു. 19ആം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ക്രിസ്തീയ വൈദികനായ പാലക്കുന്നേല്‍ മത്തായി മറിയം, 'വര്‍ത്തമാനം' എന്ന തലക്കെട്ടില്‍ വേലായുധപ്പണിക്കരുടെ മരണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1874 ജനുവരി മൂന്നാം തിയതി 16 തണ്ടുവെച്ച ഒരു വള്ളത്തില്‍ കായംകുളത്തുനിന്നും കൊല്ലത്തേക്കു പോകുമ്പോള്‍ വഴിയില്‍ വെച്ച് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് വള്ളത്തില്‍ കയറിയ ജോനകര്‍ പണിക്കരെ കുത്തിക്കൊന്നു. കുത്തിയ 'തൊപ്പിയിട്ട കിട്ടന്‍' എന്ന ആ കുപ്രസിദ്ധ കുറ്റവാളി മതം മാറി മുസ്ലീമായ ഈഴവനാണ്.ഈ വിവരം എസ്.എന്‍.ഡി.പി. സൂവനീറില്‍ പി.ഒ.കുഞ്ഞുപണിക്കര്‍ എഴുതിയിട്ടുണ്ട്.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍,മാറുമറക്കാനും മുണ്ട് മുട്ടിനു താഴെവെച്ച് ഉടുക്കാനും താണ ജാതിക്കാരോട് പറയുമായിരുന്നു. ഒരുപാട് പറഞ്ഞെങ്കിലും സവര്‍ണരുടെ ആക്രമണം ഭയന്ന് ആരും അതിന് തയ്യാറായിരുന്നില്ല. ആയിടെ ഈഴവരുടെ പ്രസിദ്ധമായ തറവാട്ടില്‍ പിറന്ന ഒരു യുവതി മൂക്കുത്തിയുമണിഞ്ഞുകൊണ്ട് ബന്ധുവീട്ടില്‍ വിരുന്നിനുപോയി. വഴിയില്‍ വെച്ച് അവരെ സവര്‍ണര്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു. ശാരീരിക ദണ്ഡനവും ഏല്‍പ്പിച്ചു. ഈ വിവരം വേലായുധപ്പണിക്കര്‍ ആറിഞ്ഞു. അതിനെ നേരിടാനുറച്ച്, ഒരു വള്ളം നിറയെ മേല്‍മുണ്ടും ഒരു ചെറിയ കുട്ട നിറയെ മൂക്കൂത്തിയും പണിയിച്ച് ,തട്ടാനോടുകൂടി ഒരു ദിവസം രാവിലെ കായംകുളം ചന്തയിലെത്തി. അല്‍പ്പം വടക്കുള്ള ഒരു ആല്‍ത്തറയില്‍ സ്ഥാനം പിടിച്ചു. ചന്തയില്‍ വരുകയും പോവുകയും ചെയ്ത എല്ലാ അവര്‍ണരായ സ്ത്രീകളെയും വിളിച്ച് മേല്‍മുണ്ടും മൂക്കുത്തിയും ധരിപ്പിച്ചു. ഏറെപ്പേരെയും ഭീഷണിപ്പെടുത്തേണ്ടാതായും വന്നു.
വിവരം സവര്‍ണര്‍ അ റി ഞ്ഞു.ഇത് അങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ലെന്ന് അവര്‍ തീരുമാനിച്ചു.ചന്തയില്‍നിന്നും ദൂരെ മാറി മല്ലന്മാരെ തയ്യാറാക്കി നിര്‍ത്തി. മേല്‍മുണ്ടും മൂക്കുത്തിയുമണിഞ്ഞുവന്ന അവര്‍ണസ്ത്രീകളെ തടഞ്ഞുനിര്‍ത്തി അത് പിടിച്ചുവാങ്ങുകയും പൊതിരെ തല്ലുകയും ചെയ്തു. മുലക്കണ്ണില്‍ വെള്ളക്കയുടെ മൂട് ചാര്‍ത്തി അപമാനിച്ചു. ഈ വിവരമറിഞ്ഞ പണിക്കര്‍ തല്ലിയവരെ തിരിച്ചുതല്ലണമെന്ന് അപമാനിതരായ സ്ത്രീകളുടെ ആണ്‍പിറന്നവന്മാരോട് ആജ്ഞാപിച്ചു. അടിമകളായ ആ ആണുങ്ങള്‍ മടിച്ചുനിന്നു. ഭാര്യയെ തല്ലിയ സവര്‍ണരെ തല്ലാന്‍ തയ്യാറാകാത്ത ആണുങ്ങളെ താന്‍ നേരിട്ടുതല്ലുമെന്ന് പണിക്കര്‍ പ്രഖ്യാപിച്ചു. പണിക്കരുടെ തല്ലുഭയന്നും ചിലര്‍ സവര്‍ണരെ തിരിച്ചുതല്ലാന്‍ തയ്യാറായി. ആ പ്രക്ഷോഭമാണ് മൂക്കുത്തി ലഹളയായി അിറയപ്പെടുന്നത്.
നായര്‍കുടുംബത്തിലെ യുവതികള്‍ പുറത്തുപോകുമ്പോള്‍ മാറില്‍ ചുട്ടിവെച്ച നേര്യത് ഇടുമായിരുന്നു. ഇതിനെ അച്ചിപ്പുടവ എന്നു വിളിച്ചിരുന്നു. ആ പുടവ നെയ്യുന്നത് ഈഴവരായിരുന്നു. അച്ചിപ്പുടവ നെയ്യുന്ന ഈഴവയുവതിക്ക് അതൊന്നുചുറ്റാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ കായംകുളത്തിന് വടക്കുള്ള പത്തിയൂര്‍ പ്രദേശത്തെ പണിക്കരുടേതിനേക്കാളും പ്രസിദ്ധമായ ആലുംമൂട്ടില്‍ തറവാട്ടിലെ ഒരു യുവതി പുടവയുമണിഞ്ഞ് നിരത്തിലൂടെ നടക്കാന്‍ ചങ്കൂറ്റം കാട്ടി. ഇത് സവര്‍ണ മേധാവിയായ വേരേഴത്തു കാരണവര്‍ അറിഞ്ഞു. കലി കയറിയ അയാള്‍ പുടവചുറ്റിയ ഈഴവയുവതിയെ അപമാനിക്കാന്‍ കിങ്കരന്മാരെ വിട്ടു.
ഇതറിഞ്ഞ പണിക്കര്‍ കുതിരപ്പുറത്തുകയറി സംഭവസ്ഥലത്തേക്ക് കുതിച്ചു. അപ്പോഴേക്കും സംഭവം നടന്നുകഴിഞ്ഞിരുന്നു. ഉടനേ വേരേഴത്തുകാരണവരുടെ വീട്ടിലെത്തി പണിക്കര്‍.നാളെ അപമാനിക്കപ്പെട്ട ഈഴവയുവതി പുടവചുറ്റി പൊതുനിരത്തിലൂടെ നടക്കുമെന്നും തടയാല്‍ കരുത്തുള്ള നായന്മാരുണ്ടെങ്കില്‍ വരാന്‍ പറഞ്ഞ് പണിക്കര്‍ അവരെ വെല്ലുവിളിച്ചു. പണിക്കര്‍ പറഞ്ഞതുപോലെ ചെയ്തു.എതിര്‍ക്കാന്‍ വന്നവരെ ശരിക്കും കൈകാര്യം ചെയ്തു. തിരിച്ചടിയും പരാജയവും സവര്‍ണരെ രോഷാകുലരാക്കി. അവര്‍ പ്രത്യാക്രമണം ഊര്‍ജിതമാക്കി. പണിക്കരും കൂട്ടരും അവരെ ധീരമായി നേരിട്ടു. മറ്റൊരു അടവുനയവും പണിക്കര്‍ സ്വീകരിച്ചു. സവര്‍ണരുടെ കൃഷിയിടങ്ങളിലെല്ലാം പണിയെടുത്തിരുന്നത് അവര്‍ണരായിരുന്നു. അനീതികള്‍ക്ക് അറുതിയാകുന്നതുവരെ ആരും പണിക്ക് ഇറങ്ങിപ്പോകരുതെന്ന് പണിക്കര്‍ ആജ്ഞാപിച്ചു. സംഘട്ടനങ്ങല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ണയുവതികളുടെ മൂക്കും മുലയും നൊന്തുകൊണ്ടും സവര്‍ണമല്ലന്മാരുടെ മുതുക് ചതഞ്ഞുകൊണ്ടുമിരുന്നു. ഒടുവില്‍ ഗതികെട്ട മേലാളന്മാര്‍ സര്‍ക്കാരിനെ സമീപിച്ചു. അവര്‍ മാപ്പുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പുടവയും മൂക്കുത്തിയും അവര്‍ണയുവതികള്‍ക്കും അണിയാമെന്ന ഉത്തരവിന്‍ പ്രകാരം സംഘട്ടനങ്ങള്‍ക്ക് അറുതിയായി. ഇതാണ് പുടവവഴക്ക് എന്നപേരില്‍ അറി യപ്പെട്ടത്.
Source : http://thakkaneram.blogspot.in/2013/11/blog-post_7109.html?spref=fb
0 comments:
Post a Comment