Thursday 9 January 2014

"വിദ്യകൊണ്ട് പ്രബുദ്ധരാവുക" --- ഗുരു വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നു .

18 , 19 നൂറ്റാണ്ടുകളില്‍ ഭാരതം , വിശിഷ്യാ കേരളം , ജാതീയവും , തൊഴില്‍പരവുമായ അസമത്വങ്ങളുടെ പേരില്‍ ജനസംഖ്യയുടെ സിംഹ ഭാഗം വരുന്ന ഒരു സമൂഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. എല്ലാ വിധ അവകാശങ്ങളുടെയും അധികാരികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഒരു ചെറു വിഭാഗം ഇവരെ സമൂഹത്തിന്റെ സമസ്തമേഖലകളില്‍നിന്നും അകറ്റി നിര്‍ത്തി എന്ന് പറയുന്നതാവും ശരി . ഈ തരത്തിലുള്ള അസമത്വം ഏറ്റവും അധികം ബാധിച്ചത് അടിച്ചമര്‍ത്തപ്പെട്ടവന്റെ അറിവ് നേടാനുള്ള അവകാശത്തെ ആയിരുന്നു . ഗുരുമുഖത്തുനിന്നു അറിവുനേടാന്‍ അനുവദിച്ചിരുന്നില്ല എന്ന് മാത്രമല്ല അറിയാതെ അത് ശ്രവിച്ചാല്‍ അവന്‍റെ കാതില്‍ ഈയം ഒഴിച്ചിരുന്ന കാലം . ഇത്തരത്തില്‍ സാമൂഹിക അസമത്വങ്ങള്‍ നടമാടിയിരുന്ന , ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് ഭഗവാന്‍ ശ്രീനാരായണന്റെ സംഭാവനകള്‍ വളരെ വലുതാണ് .അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ ആണ് . അധ:കൃതര്‍ സാമൂഹിക പുരോഗതികൈവരിച്ച് മുഖ്യധാരയില്‍ എത്തെണമെങ്കില്‍ അവരില്‍ ആത്മാഭിമാനം വളര്‍ത്തുകയാണെന്ന് വേണ്ടതെന്നു ഗുരു വിശ്വസിച്ചു. ഈശ്വരാരാധനയും , വിദ്യാഭ്യാസ പ്രാപ്തിയും വഴി അവരെ അതിലേക്കു നയിക്കാന്‍ ഗുരുവിനു സാധിച്ചു . 'വിദ്യ' എന്ന രണ്ടക്ഷരം കൊണ്ട് ഗുരു സമൂഹത്തില്‍ വരുത്തിയ വിപ്ളവകരമായ മാറ്റങ്ങള്‍ .
"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന് ഉദ്ഘോഷിച്ച ഗുരു , ജനപങ്കാളിത്തത്തോടെ കേരളത്തിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി , അതിലൂടെ അവര്‍ണ്ണന്റെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിച്ചു . ആരധനാലയങ്ങളോട് ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും , ആരാധനാലയങ്ങളിലെ വരുമാനം അതിന്‍റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തുവാനും ഗുരു നമ്മെ പഠിപ്പിച്ചു . ഈ ആശയം മുന്‍നിര്‍ത്തി " ഇനി വിദ്യാലയങ്ങളാവട്ടെ ക്ഷേത്രങ്ങള്‍ " എന്ന് അരുളിയ ഗുരുദേവന്‍ ആ ലക്ഷ്യത്തിലേക്ക് എല്ലാവിഭാഗം ജനങ്ങളെയും നയിച്ചു .
ഇന്ന് കേരളം സാമൂഹികപുരോഗതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെങ്കില്‍ അതിനു നിദാനമാകുന്നത് ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിവച്ച വിദ്യാഭ്യാസ സ്വാതന്ത്ര്യ സമ്പ്രദായമാണ് . സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ഒരു ജനസഞ്ചയത്തെ വിദ്യയിലൂടെ കൈപിടിച്ചുയര്‍ത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ എന്ന് എന്താവുമായിരുന്നു കേരളത്തിന്റെ അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ ? ഒരുപക്ഷെ കേരളം മറ്റൊരു ഒറിസ്സയോ , ബീഹാറോ ഒക്കെ ആയി മാറിയേനെ .

അന്ന് ജാതീയമായ തരംതിരുവുകള്‍ ആണ് പാവപെട്ടവന് വിദ്യ അപ്രാപ്യമാക്കിയിരുന്നതെങ്കില്‍ എന്താണ് ഇന്നത്തെ സ്ഥിതി ? ഉന്നതവിദ്യാഭ്യാസം എന്നത് സാധാരണക്കാരന് ഒരു മരീചിക പോലെ അകന്നു പോയ്ക്കൊണ്ടെയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭാരിച്ച ഫീസ്‌ സമ്പ്രദായവും , കച്ചവടവല്‍കരണവും അത് അവന് അപ്രാപ്യമാക്കുന്നു .ഈ അവസ്ഥയില്‍ ഇനിയൊരു അബ്ദുള്‍കലാം ഉണ്ടാകുമോ എന്നത് സംശയകരമാണ് ? ജനസംഖ്യയുടെ 50 % മാനത്തില്‍ അധികം ജനങ്ങളുടെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെ എന്ന് കൂടി അറിയുമ്പോഴേ ഇതിന്റെ ഭയാനകത മനസ്സിലാവൂ .ലക്ഷങ്ങള്‍ ഫീസ്‌ കൊടുത്ത് വിദ്യാഭ്യാസം നേടാന്‍ എത്രപേര്‍ക്ക് കഴിയും? . ലക്ഷങ്ങള്‍ കൈയ്യിലുള്ളവനെ വിദ്യാഭ്യാസം ചെയ്യാനാവൂ എന്ന അവസ്ഥ വീണ്ടും സംജാതമാകുന്നു ! പഠന ചെലവ് കണ്ടെത്താനാവാതെ ആത്മഹത്യ ചെയുന്ന രെജനി എസ് ആനന്ദുമാരുടെ എണ്ണം കേരളത്തില്‍ ദിനം പ്രതി കൂടി വരുന്നു .പാവപെട്ടവന്റെ ഉന്നമനത്തിനായി ഗുരു രൂപംകൊടുത്ത പ്രസ്ഥാനത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോലും അവര്‍ക്ക് വേണ്ട പരിഗണന കിട്ടുന്നുണ്ടോ എന്നത് സംശയകരമാണ് . . പാവപ്പെട്ടവന്റെ നാണയതുട്ടുകള്‍കൊണ്ട് , വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപോക്കുന്ന സമുദായങ്ങള്‍ പിന്നീടു അവരെ മറക്കുന്നു , അവന്റെ വിദ്യാഭ്യാസ അവകാശങ്ങളെ വിലപന്യ്ക്ക് വയ്ക്കുന്നു . വാണിജ്യവല്കരണം അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ പവപെട്ടവന്റെ കണ്ണീരിന് എന്തുവില ?

ആരാധനാലയങ്ങള്‍ പവപെട്ടവന്റെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കുന്ന ഇടങ്ങളായി മാറണമെന്നു ആഹ്വാനം ചെയ്ത ശ്രീ നാരായണഗുരുവിന്റെ നാട്ടില്‍ ഇന്ന് ആരാധനാലയങ്ങള്‍ വിദ്യാഭ്യാസത്തെ കച്ചവടത്തിന് വയ്ക്കുമ്പോള്‍ ഗുരു വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നു !!!!

Posted on Facebook Group by : ബിനു കേശവന്‍
https://www.facebook.com/groups/jagatgurushreenarayangurudev/permalink/636866393047246/

1 comments:

വിദ്യകൊണ്ട് പ്രബുദ്ധരാവുക-ഗുരു വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നു

Post a Comment