Saturday 25 January 2020

🌹മനുഷ്യന് ജാതിയില്ല🌹

ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിന്റെ മുറ്റത്തുള്ള ഒരു മാവിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു. ചൈതന്യ സ്വാമികളും മറ്റു ചില ഭക്തന്മാരും അപ്പോൾ അടുത്തുണ്ടായിരുന്നു. സമയം സായാഹ്നം. ആ നേരത്ത് പത്രപ്രവർത്തകനായ ഒരു ഗുരു ഭക്തൻ അവിടേക്ക് വന്നുചേർന്നു. ആയിടെ മഹാത്മാ ഗാന്ധി ജാതിയെ സംബന്ധിച്ച് പറഞ്ഞിരുന്ന ചില അഭിപ്രായങ്ങൾ ഗുരുദേവന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നുഅയാളുടെ ഉദ്ദേശ്യം..
ഗുരു ഭക്തൻ :- "മഹാത്മാഗാന്ധി വർണ്ണാശ്രമം നല്ലതാണന്നാണ് അഭിപ്രായപ്പെടുന്നത്"
ഗുരുദേവൻ :-
"മഹാത്മാഗാന്ധി വർണ്ണം, ആശ്രമം രണ്ടും രണ്ടാണ്. സാധാരണ ജാതിയെ പറ്റി പറയുമ്പൊൾ വർണ്ണാശ്രമം എന്നാണ് പറയുന്നത്.. വർണ്ണം എന്നാൽ ഗാന്ധി എന്താണെന്നു പറയുന്നു.?
ഗുരുഭക്തൻ :- വർണ്ണം എന്നാൽ ജാതി അല്ലെന്നും ജാതകവുമായി ജാതിക്ക് വർണ്ണവുമായി സംബന്ധമില്ലെന്നാണ് ഗാന്ധി പറയുന്നത്.
ഗുരുദേവൻ :ഗുണകർമ്മങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ഗുണ കർമ്മങ്ങളിൽ സ്ഥായിയായി ഒന്നുമില്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോൾ പിന്നെ എങ്ങനെ വർണ്ണം നിശ്ചയിക്കാം. ?
ഗുരുഭക്തൻ :- ഗാന്ധിജിയുടെ അഭിപ്രായം മൂലം യഥാസ്ഥിതികന്മാർക്കും കുറെ ശക്തി കൂടിയിട്ടുണ്ട്. "
ഗുരുദേവൻ: "എന്താണ് ഗാന്ധി അങ്ങനെ പറയുന്നത് നല്ലതുപോലെ ആലോചിച്ചിട്ടില്ലായിരിക്കാം. നമ്മുടെ അഭിപ്രായത്തിൽ ജാതി ഇല്ല . ഉണ്ടെന്നു വിചാരിക്കുന്നത് കൊണ്ട് ദോഷമല്ലാതെ എന്താണ് ഗുണമുള്ളത് ?മഹാകഷ്ടം ഇനിയും ഈ വിശ്വാസം നീങ്ങിയിട്ടില്ലല്ലോ"
ഗുരുഭക്തൻ :-
ജാതി കൊണ്ട് പല ഗുണങ്ങളുമുണ്ടായിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
സ്വാമി, പാരമ്പര്യമായിട്ടുളളതൊഴിൽ ആചരിച്ചാൽ അത് തൊഴിലിൽ വിദഗ്ദന്മാമരെ ഉണ്ടാക്കുമത്രേ . ജാതിപ്രകാരം തൊഴിൽ ഏർപ്പെടുത്തിയാൽ ജീവിതമത്സരം കുറയുമെന്നും എല്ലാവർക്കും ജോലി ഉണ്ടാകുമെന്നും ഒരു പ്രമാണി ഈയിടെ പറയുകയുണ്ടായി.
ആ നേരത്തു ഒരു അന്തേവാസി കുറച്ചു മാമ്പഴം ഗുരുദേവന് മുന്നിൽ കൊണ്ട് വെച്ചു. അതു എല്ലാവർക്കും എടുത്തു കൊടുക്കുവാൻ ആജ്ഞാപിച്ചത് കേട്ട് അന്തേവാസി അപ്രകാരം ചെയ്തു. അതിനിടയിൽ ഗുരുദേവൻ ഇങ്ങനെ പറഞ്ഞു.
"ജാതി കൊണ്ട് ഒരു ഗുണവുമില്ല. അതു മനുഷ്യരുടെ സ്വാതന്ത്ര്യം തടുക്കുന്നു. ബുദ്ധി നശിപ്പിക്കുന്നു .സ്വാതന്ത്ര്യവും ബുദ്ധിയും ഇല്ലാതെ തൊഴിൽ എങ്ങനെ നന്നാവും.? നമ്മുടെ ആശാൻ കുരുവാൻ മുതലായവർക്ക് ഒരു വസ്തുവും അറിയാതെ ആയല്ലോ. ബുദ്ധിയും കൂടി കെട്ടുപോയി. ജാതി കൊണ്ട് തൊഴിൽ ചീത്തയാകും. ഒരേ സംഗതി തന്നെ നോക്കി ലോകത്തിലുള്ള മറ്റു യാതൊന്നും അറിയാത്തവർക്ക് ഒരു ജോലിയും നന്നായി ചെയ്യുവാൻ സാധിക്കുകയില്ല. "
ആ സംഭാഷണം സന്ധ്യാനേരത്ത് പ്രാർത്ഥനാവേളയിൽ വരെ അങ്ങനെ തുടർന്നു പോയി.
കടപ്പാട് ഗുരുദേവകഥാസാഗരം
രചന :- മങ്ങാട് ബാലചന്ദ്രൻ🌹
ടൈപ്പിംഗ്‌ കടപ്പാട് ഓമനാ രാജൻ ..

Image may contain: 1 person, text

0 comments:

Post a Comment