SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Monday, 27 January 2020

ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ കാഴ്ചപ്പാട്‌

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്‌ വിവിധ കൈവഴികളുണ്ടായിരുന്നെങ്കിലും അതിന്റെയൊക്കെ മുഖ്യസ്രോതസ്‌ ശ്രീനാരായണ ഗുരുവായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്‌. ഒരു കാലഘട്ടത്തെയും ഒരു ജനതയെയും അറിവിന്റെ പ്രകാശപൂരിതമായ വഴിയിലേക്ക്‌ നയിക്കുകയായിരുന്നു ഗുരു. നവോത്ഥാനത്തിന്റെ ദൂരക്കാഴ്ചയായി വിശ്വമാനവികതയുടെ മഹാസിദ്ധാന്തം ആവിഷ്കരിക്കുകയായിരുന്നു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ്‌ പില്‍ക്കാലത്ത്‌ കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശില. ദേഹത്യാഗത്തോട്‌ കൂടി സാധാരണ മനുഷ്യരുടെ ജീവിതം അവസാനിപ്പിക്കുകയും മഹാപുരുഷന്മാരുടെ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു എന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ ഗുരുദേവനെ സംബന്ധിച്ച്‌ ശരിയാണന്ന്‌ വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നു. ഈശ്വര കല്‍പിതമായി തന്നില്‍ നിക്ഷിപ്തമായ ജീവിത ദൗത്യം നിറവേറ്റുവാന്‍ എഴുപത്തിരണ്ട്‌ വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന്‌ ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ്‌ വ്യക്തി ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. കര്‍മ്മനിരതനായ ജ്ഞാനി എന്നാണ്‌ ഒരു പാശ്ചാത്യ ചിന്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. സാമൂഹികമായ അസന്തുലിതാവസ്ഥ ദൈവനിന്ദയായി ഗുരുദേവന്‍ കാണുകയും അതിനെതിരെ സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ പട നയിക്കുകയുമായിരുന്നു. പൊതുസമൂഹധാരയില്‍ കടക്കാനനുവദിക്കാതെ പുറത്തു മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക്‌ ക്ഷേത്രങ്ങളുണ്ടാക്കി ദൈവത്തെ തിരിച്ചുനല്‍കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. വഴി നടക്കുവാനുള്ള പൗരസ്വാതന്ത്ര്യം ഉള്‍പ്പെടെ മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഗുരു അവര്‍ക്ക്‌ ലഭ്യമാക്കി. സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണമായി ഉള്‍ക്കൊണ്ട ആധുനിക കര്‍മ്മയോഗിയാണ്‌ ശ്രീനാരായണഗുരു. മാറ്റുവിന്‍ ചട്ടങ്ങളെ ഗുരുവിന്റെ കര്‍മ്മകാണ്ഡം ശിഷ്യനിലൂടെ ആജ്ഞാശക്തിയായി ബഹിര്‍ഗമിക്കുകയായിരുന്നു. കേരളത്തിന്റെ സാമൂഹ്യചരിത്രം മാറ്റിയെഴുതിയ ഒരു മഹാസംഭവമായിരുന്നു 1888ല്‍ അരുവിപ്പുറത്ത്‌ നടന്ന ശിവപ്രതിഷ്ഠ. നിലവിലുള്ള പൗരോഹിത്യ മേധാവിത്വത്തെ ധിക്കരിക്കുകയായിരുന്നില്ല ഗുരു. കര്‍മ്മത്തിലൂടെ ബ്രാഹ്മണ്യം നേടാമെന്ന്‌ വെളിപ്പെടുത്തുകയായിരുന്നു. ഗുരു ആദ്യം പോരാടിയത്‌ ജാതി വ്യവസ്ഥക്കെതിരെയായിരുന്നു. നരഹരന്‍ അശുദ്ധ വസ്തുവായി, മൃഗതുല്യരായി ജീവിച്ച ഒരു സമൂഹത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മുറുകെ പിടിച്ച ഒരു കാലഘട്ടത്തില്‍ ക്ഷേത്രദര്‍ശനത്തിനോ വഴി നടക്കുവാനോ വസ്ത്രം ധരിക്കുകവാനോ സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുവാന്‍ ശ്രമിച്ചു. ഗുരുവിന്റെ കൃതികള്‍, തത്വദര്‍ശനങ്ങള്‍, വെളിപാടുകള്‍, വിശദീകരണങ്ങള്‍, ഫലിത രൂപേണയുളള ഉപദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, എഴുതാപ്പുറങ്ങളായ മുഖകമലത്തില്‍ വിരിയുന്ന സന്ദേശങ്ങള്‍ ഇവയൊക്കെ പല ഭാഗങ്ങളിലായി പകുത്തുമാറ്റി പരിശോധിക്കുമ്പോഴാണ്‌ അവയിലെ സത്യസൗന്ദര്യം ദൃശ്യമാവുക. ഗുരു കര്‍മ്മ മാര്‍ഗ്ഗേ ചില ദാര്‍ശനിക സത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയുണ്ടായി. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്നുള്ള ക്ഷേത്ര നിര്‍മ്മാണങ്ങളും പ്രതിഷ്ഠകളും പിന്നീട്‌ പ്രതിഷ്ഠകള്‍ ഒഴിവാക്കി ഈശ്വരനെന്ന പരമസത്യത്തിലേക്ക്‌ ഒരുപടി കൂടി നമ്മെ ഉയര്‍ത്തുകയുണ്ടായി. കണ്ണാടിയും ഓങ്കാരവും ദീപവും മഹദ്‌ വചനങ്ങളും ശാരദാ മഠവും പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ചത്‌ സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക്‌ ഉയര്‍ത്താന്‍ തന്നെയായിരുന്നു. സവര്‍ണരായ ഒട്ടേറെ പേര്‍ ഗുരുദേവന്റെ ജാതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. ചില സവര്‍ണ ജാതിക്കാര്‍ ഗുരുദേവനോടുള്ള ബഹുമാനാര്‍ത്ഥം തങ്ങളുടെ കുട്ടികള്‍ക്ക്‌ ശ്രീനാരായണന്‍ എന്ന്‌ നാമകരണം ചെയ്തിരുന്നു. മഞ്ചേരി രാമയ്യര്‍ വക്കീല്‍ ജാതിക്കെതിരെ ശക്തമായി പോരാടിയ ബ്രാഹ്മണശ്രേഷ്ഠനാണ്‌. ജാതിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള ബ്രാഹ്മണരെ സംഘടിപ്പിച്ച്‌ ലീഗ്‌ ഓഫ്‌ ലിബറല്‍ ബ്രാഹ്മിണ്‍സ്‌ എന്നൊരു സംഘടന തന്നെ അദ്ദേഹം രൂപീകരിക്കുകയുണ്ടായി. ബ്രാഹ്മണാന്ദം അബ്രാഹ്മണാന്ദം എന്നിവ ഒരുപോലെ ഗുരുദേവനെ ആദരിച്ചിരുന്നു. തിയൊസഫിക്കല്‍ സംഘാടകര്‍ സമര്‍പ്പിച്ച മംഗളപത്രത്തില്‍ അവതാരപുരുഷന്‍ എന്നാണ്‌ ഗുരുദേവനെ വിശേഷിപ്പിച്ചത്‌. ലോകക്ഷേമത്തിന്‌ വേണ്ടിയുള്ള ശ്രമത്തെ തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പരസ്യമായി അഭിനന്ദിച്ചിരുന്നു. കോടതികളില്‍ ഹാജരാകണമെന്നുള്ള നിര്‍ബന്ധ നിയമത്തില്‍ നിന്നും ഗുരുദേവനെ മഹാരാജാവ്‌ തിരുമനസ്സ്‌ ഒഴിവാക്കിയിരുന്നു. ആത്മീയ ആചാര്യനായ ഗുരു അദ്വൈത ദര്‍ശനത്തെ സാമൂഹിക തലത്തിലേക്ക്‌ ഇറക്കിക്കൊണ്ടുവരികയായിരുന്നു. രണ്ടെന്ന ഭേദം ഇല്ലാത്തതാണ്‌ അദ്വൈതം. ജീവാത്മ പരമാത്മാ ഭേദം അദ്വൈതം നിഷേധിക്കുന്നു. ശ്രീനാരായണ ഗുരു ശ്രീ ശങ്കരാചാര്യരെ പോലെ അദ്വൈത വേദാന്തിയായിരുന്നു. അറിവും അറിവിന്റെ വിഷയവും അറിയുന്നവനും ഒരുതന്നെയാണെന്നും അവ ഭിന്നമല്ലെന്നും ഗുരു അര്‍ത്ഥശങ്കയില്ലാതെ ആത്മോപദേശ ശതകത്തില്‍ സ്ഥാപിച്ചിരിക്കുന്നു. പ്രാര്‍ത്ഥനാ ഗീതമായ ദൈവശതകത്തില്‍ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും! സൃഷ്ടിയും സൃഷ്ടിജാലവും ഒന്നുതന്നെ. അദ്വൈത ദര്‍ശനത്തിന്റെ പരമസത്യം വളരെ ലളിതമായി ഗുരു വെളിപ്പെടുത്തുകയാണ്‌. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌. അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോഗരൂപമാണ്‌ നാമിവിടെ കാണുന്നത്‌. 

- ഭാഗ്യശീലന്‍ ചാലാട
https://www.janmabhumidaily.com/news18162

Saturday, 25 January 2020

🌹മനുഷ്യന് ജാതിയില്ല🌹

ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിന്റെ മുറ്റത്തുള്ള ഒരു മാവിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു. ചൈതന്യ സ്വാമികളും മറ്റു ചില ഭക്തന്മാരും അപ്പോൾ അടുത്തുണ്ടായിരുന്നു. സമയം സായാഹ്നം. ആ നേരത്ത് പത്രപ്രവർത്തകനായ ഒരു ഗുരു ഭക്തൻ അവിടേക്ക് വന്നുചേർന്നു. ആയിടെ മഹാത്മാ ഗാന്ധി ജാതിയെ സംബന്ധിച്ച് പറഞ്ഞിരുന്ന ചില അഭിപ്രായങ്ങൾ ഗുരുദേവന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നുഅയാളുടെ ഉദ്ദേശ്യം..
ഗുരു ഭക്തൻ :- "മഹാത്മാഗാന്ധി വർണ്ണാശ്രമം നല്ലതാണന്നാണ് അഭിപ്രായപ്പെടുന്നത്"
ഗുരുദേവൻ :-
"മഹാത്മാഗാന്ധി വർണ്ണം, ആശ്രമം രണ്ടും രണ്ടാണ്. സാധാരണ ജാതിയെ പറ്റി പറയുമ്പൊൾ വർണ്ണാശ്രമം എന്നാണ് പറയുന്നത്.. വർണ്ണം എന്നാൽ ഗാന്ധി എന്താണെന്നു പറയുന്നു.?
ഗുരുഭക്തൻ :- വർണ്ണം എന്നാൽ ജാതി അല്ലെന്നും ജാതകവുമായി ജാതിക്ക് വർണ്ണവുമായി സംബന്ധമില്ലെന്നാണ് ഗാന്ധി പറയുന്നത്.
ഗുരുദേവൻ :ഗുണകർമ്മങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ഗുണ കർമ്മങ്ങളിൽ സ്ഥായിയായി ഒന്നുമില്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോൾ പിന്നെ എങ്ങനെ വർണ്ണം നിശ്ചയിക്കാം. ?
ഗുരുഭക്തൻ :- ഗാന്ധിജിയുടെ അഭിപ്രായം മൂലം യഥാസ്ഥിതികന്മാർക്കും കുറെ ശക്തി കൂടിയിട്ടുണ്ട്. "
ഗുരുദേവൻ: "എന്താണ് ഗാന്ധി അങ്ങനെ പറയുന്നത് നല്ലതുപോലെ ആലോചിച്ചിട്ടില്ലായിരിക്കാം. നമ്മുടെ അഭിപ്രായത്തിൽ ജാതി ഇല്ല . ഉണ്ടെന്നു വിചാരിക്കുന്നത് കൊണ്ട് ദോഷമല്ലാതെ എന്താണ് ഗുണമുള്ളത് ?മഹാകഷ്ടം ഇനിയും ഈ വിശ്വാസം നീങ്ങിയിട്ടില്ലല്ലോ"
ഗുരുഭക്തൻ :-
ജാതി കൊണ്ട് പല ഗുണങ്ങളുമുണ്ടായിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
സ്വാമി, പാരമ്പര്യമായിട്ടുളളതൊഴിൽ ആചരിച്ചാൽ അത് തൊഴിലിൽ വിദഗ്ദന്മാമരെ ഉണ്ടാക്കുമത്രേ . ജാതിപ്രകാരം തൊഴിൽ ഏർപ്പെടുത്തിയാൽ ജീവിതമത്സരം കുറയുമെന്നും എല്ലാവർക്കും ജോലി ഉണ്ടാകുമെന്നും ഒരു പ്രമാണി ഈയിടെ പറയുകയുണ്ടായി.
ആ നേരത്തു ഒരു അന്തേവാസി കുറച്ചു മാമ്പഴം ഗുരുദേവന് മുന്നിൽ കൊണ്ട് വെച്ചു. അതു എല്ലാവർക്കും എടുത്തു കൊടുക്കുവാൻ ആജ്ഞാപിച്ചത് കേട്ട് അന്തേവാസി അപ്രകാരം ചെയ്തു. അതിനിടയിൽ ഗുരുദേവൻ ഇങ്ങനെ പറഞ്ഞു.
"ജാതി കൊണ്ട് ഒരു ഗുണവുമില്ല. അതു മനുഷ്യരുടെ സ്വാതന്ത്ര്യം തടുക്കുന്നു. ബുദ്ധി നശിപ്പിക്കുന്നു .സ്വാതന്ത്ര്യവും ബുദ്ധിയും ഇല്ലാതെ തൊഴിൽ എങ്ങനെ നന്നാവും.? നമ്മുടെ ആശാൻ കുരുവാൻ മുതലായവർക്ക് ഒരു വസ്തുവും അറിയാതെ ആയല്ലോ. ബുദ്ധിയും കൂടി കെട്ടുപോയി. ജാതി കൊണ്ട് തൊഴിൽ ചീത്തയാകും. ഒരേ സംഗതി തന്നെ നോക്കി ലോകത്തിലുള്ള മറ്റു യാതൊന്നും അറിയാത്തവർക്ക് ഒരു ജോലിയും നന്നായി ചെയ്യുവാൻ സാധിക്കുകയില്ല. "
ആ സംഭാഷണം സന്ധ്യാനേരത്ത് പ്രാർത്ഥനാവേളയിൽ വരെ അങ്ങനെ തുടർന്നു പോയി.
കടപ്പാട് ഗുരുദേവകഥാസാഗരം
രചന :- മങ്ങാട് ബാലചന്ദ്രൻ🌹
ടൈപ്പിംഗ്‌ കടപ്പാട് ഓമനാ രാജൻ ..

Image may contain: 1 person, text

Sunday, 12 January 2020

ആരെങ്കിലുംനന്നാവട്ടെ
കൊല്ലം പരവൂരിൽ വൈരഭൻ എന്നൊരു വലിയ സമ്പന്നർ ഉണ്ടായിരുന്നു. പിൽക്കാലത്തു വലിയ പണ്ഡിതനും എഴുത്തുകാരനുമൊക്കെയായിത്തീർന്ന അദ്ദേഹം അക്കാലത്തു സ്വന്തമായി ഒരു അച്ചുക്കൂടം സ്ഥാപിച്ചു.
കേരള ഭൂഷണം എന്നായിരുന്നു ആ അച്ചുകൂടത്തിന്റെ പേര്. അവിടെ നിന്നാണ് 1892-ൽ സുജനാനന്ദിനി എന്ന പത്രം അദ്ദേഹം പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നത്. അതോടെ പരവൂർ കേശവനാശാൻ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായിത്തീർന്നു.
ഗുരുദേവനിൽ വലിയ ഭക്തിയും വിശ്വാസവും ഉള്ള ആളായിരുന്നു ആശാൻ. ഗു രുദേവസന്ദേശങ്ങൾ പ്രയോഗത്തിൽ വരുത്തുവാനും തന്റെ പത്രത്തേയും അച്ചു കൂടത്തോളം പരമാവധി അദേഹം ഉപയോഗിച്ചിരുന്നു. സമുദായിക ഉന്നമനം ആശാന്റെ മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു. അതിനായി ഈഴവ സമാജം സഭയുണ്ടാക്കി വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഊർജ്ജിതപ്പെടുത്തുകയും ചെയ്തു.
ഗുരുദേവന്റെസമ്മതം വാങ്ങി പരവൂരിൽ വച്ച് സമാജത്തിന്റെ ഒരു പൊതുയോഗം ആശാൻ വിളിച്ചു കൂട്ടാൻ നിശ്ചയിക്കയുണ്ടായി.ആ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നതിനു വേണ്ടി ഗുരുദേവനെ ആ ശാൻ ക്ഷണിച്ചു.ഈഴവരെ മാത്രമല്ല സമുദായികമായും', സാമൂഹികമായും, വിഷമതകൾ അനുഭവിച്ചു വരുന്ന മറ്റുള്ളവരെയും യോഗത്തിൽ സംബന്ധിപ്പിക്കണമെന്ന് ഗുരുദേവൻ പ്രത്യേകം നിർദ്ദേശിച്ചു.
അപ്പോൾ ആശാൻ ഇങ്ങനെ പറഞ്ഞു.
"ഈഴവരേക്കാൾ ഉയർന്ന ജാതിക്കാർ യോഗത്തിനു വരികയില്ല. ഈഴവരെക്കാൾ താഴ്ന്ന ജാതിക്കാരെ സംബന്ധിപ്പിക്കാൻ ഈഴവർ സമ്മതിക്കുകയുമില്ല."
അതു കെട്ടിട്ടുഗുരുദേവൻ പറഞ്ഞു.
"ആരെങ്കിലും നന്നാവട്ടെ അതു കണ്ട് മറ്റുള്ളവരും അനുകരിക്കട്ടെ."
അങ്ങനെ 1904 സെപ്റ്റംബർ 14-ാം തീയതി പരവൂരിൽ വെച്ചു സമാജത്തിന്റെ യോഗം നടന്നു. ആ യോഗത്തിൽ ഗുരുദേവൻ തന്നെയായിരുന്നു അദ്ധ്യക്ഷപദം അലങ്കരിച്ചിരുന്നത്.'അപരിഷ്കൃതമായ ആചാരങ്ങൾ ബഹിഷ്ക്കരിക്കണമെന്നും വിവാഹ സമ്പ്രദായത്തിൽ പരിഷ്കൃതമായ രീതി നടപ്പിൽ വരുത്തണമെന്നും ഗുരുദേവൻ ആജ്ജാപിച്ചു.
' പരവൂരിലുള്ളവർക്കു പുറമേ അന്യനാട്ടിൽ നിന്നു വന്നെത്തിയവരും ആ യോഗത്തിൽ സംബന്ധിച്ചിരുന്നു. ഗുരുദേവന്റെ സാന്നിദ്ധ്യവും കല്പനയും അവർക്കു എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് നല്കുകയുണ്ടായത്. സമുദായത്തിന്റെ ഏകീകരണത്തിനും മുന്നേറ്റത്തിനും ആ യോഗത്തിലൂടെ വലിയ പ്രേരണയും പ്രചോദനവം നല്കിയ പരവൂർ കേശവനാശാനെ ജനങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു.
ഗുരുദേവൻ ആശാനെ അഭിനന്ദിക്കയും അനുഗ്രഹിക്കയും ചെയ്ത ശേഷം അവിടെ നിന്നും ശിവഗിരിയിലേക്ക് മടങ്ങി.
 - മങ്ങാട് ബാലചന്ദ്രൻ..
📚ഗുരുദേവ കഥാസാഗരം

Image may contain: 1 person, beard and closeup

ബ്രഹ്മശ്രീ ശങ്കരാനന്ദസ്വാമികള്‍

ബ്രഹ്മശ്രീ ശങ്കരാനന്ദസ്വാമികള്‍
തൃശൂരിലെ പുതുക്കാടു കോമത്തുകാടു തറവാട്ടില്‍ 1061 ല്‍ ആണ്‌ മീനത്തില്‍ ശങ്കരന്‍ ജനിച്ചത്‌. ആലത്തൂര്‍ ബ്രഹ്മാനന്ദശിവയോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട്‌ അമ്മയോടൊപ്പം ഗുരുദേവനെ സന്ദര്‍ശിച്ചു.
1090 ല്‍ സ്വാമികള്‍ ഗുരുദേവന്റെ ശിഷ്യപരമ്പരയിലെ കണ്ണിയായിമാറി.
1943 മുതല്‍ 1959 വരെ ശിവഗിരി മഠാധിപതിയായി.
എസ്‌.എന്‍.ഡി.പി.യോഗവും ശിവഗിരിമഠവുമായി നടത്തിയിരുന്ന കേസ്‌ ഒത്തുതീര്‍പ്പാക്കാനായത്‌ ഒരു പ്രധാനസംഭവമാണ്‌ 1954, 55, 56 എന്നീ വര്‍ഷങ്ങളില്‍ സ്വാമികളുടെ അധ്യക്ഷതയിലാണ്‌ ഗുരുദേവജന്മശതാബ്‌ദി ആഘോഷിച്ചത്‌.
ഗുരുദേവകൃതികള്‍ ആദ്യമായി ശിവഗിരിയില്‍ നിന്ന്‌ പ്രസാധനം ചെയ്‌തത്‌ ഈ കാലത്താണ്‌.
ശിവഗിരി മഹാസമാധി മന്ദിരത്തില്‍ പ്രതിമാ പ്രതിഷ്ഠ നിര്‍വ്വഹിച്ചതും ബ്രഹ്മവിദ്യാലയം ഉദ്ഘാടനം ചെയ്തതും സ്വാമികളാണ്.
1976 ജനുവരി 12 ന്‌ ശിവഗിരിയില്‍ സമാധിയായി.

ഏകാത്മകം മെഗാ ഇവന്റ്".

🌼ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം "

ശ്രീ നാരായണ ഗുദേവ തൃപ്പാദങ്ങൾ
ഒരു മാനവ ജന്മം അതിന്റെ പൂർണമായ മോക്ഷപ്രാപ്തിയിൽ എത്തിച്ചേരണം എങ്കിൽ അവന്റെ പ്രയാണത്തിൽ ആത്മീയതയുടെയും ഭൗതീകതയുടെയും സമ്മേളനം അത്യാവശ്യം ആണ്. അതുകൊണ്ടാണ് പ്രാർത്ഥനയ്ക്കായി ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ഭഗവാൻ തന്നെ ശാസ്ത്രസാങ്കേതിക സമ്മേളനം തീർത്ഥാടനത്തോടനുബന്ധിച്ചു നടത്തുവാൻ നിഷ്കർഷിച്ചത്.

അനാദിയായ പ്രകൃതിയുടെ ഓരോ അണുവിലും ഈശ്വരീയതയുടെ കണികകളെ കാട്ടിത്തരുന്ന ഭഗവാന്റെ ദർശന സാക്ഷാൽകാരങ്ങൾ മനസ്സിലാക്കുവാൻ ഒരു മനുഷ്യായുസ്സ് മതിയാകുമോ എന്നത് ചിന്തനീയമാണ്. ഇനിയും ഈ മഹാവെളിച്ചം മനസ്സിലാകാത്ത മനസ്സുകളിലേക്കു ഈ മഹാവെളിച്ചമെത്തിക്കുക എന്ന എസ് എൻ ഡി പി യോഗത്തിന്റെ പരിശ്രമമാണ് "ഏകാത്മകം മെഗാ ഇവന്റ്".

കലാമണ്ഡലം ഡോ.ധനുഷാ സന്യാൽ, ഭഗവാന്റെ കുണ്ഡലിനി പാട്ടെന്ന അമൃതിനു മോഹിനിയാട്ടത്തിന്റെ ലാസ്യരസം പകർന്നു ചിട്ടപ്പെടുത്തിയ ഈ കലാവിരുന്ന് ഈ വരുന്ന 18 നു തൃശൂർ തേക്കിൻകാട് മൈതാനിയിൽ അനാവൃതമാവുമ്പോൾ ലോകമനസ്സുകളിലേക്കു ശ്രീ ഗുരുദേവ ദർശനം എത്തപ്പെടും...

ലോക ചരിത്രവിസ്മയമായി 6000ൽ അധികം കലാകാരികൾ ഒരു പോലെ ഒരേ മനസ്സോടെ അണിനിരക്കുന്ന നൃത്തവിസ്മയം ഗിന്നസ് താളുകളിലേക്കു ചാർത്തപ്പെടുന്ന അഭൗമ നിമിഷത്തിനു സാക്ഷിയാവാൻ... സ്വാഗതം... തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലേക്ക്... 🙏🌼


Image may contain: 7 people, people smiling, text

Wednesday, 8 January 2020

ഗുരുദേവ ദർശനങ്ങളിൽ അധിഷ്ഠിതമായി നവകേരളം സൃഷ്ടിക്കും : മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം : ജാതിയും മതവുംനോക്കാതെ പാവപ്പെട്ടവനെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ശ്രീനാരായണ ഗുരുദേവന്റെ ദർശങ്ങളെ അടിസ്ഥാനമാക്കിയാണ് പിണറായി സർക്കാർ നവകേരളം സൃഷ്ടിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൈത്താഴിൽ, വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ അടിമകളെ ഉടമകളാക്കി. അതുപോലെ ദാരിദ്രവും കഷ്ടതയും അനുഭവിക്കുന്നവരുടെ ദുരിതം അകറ്റുകയാണ് ലക്ഷ്യം. നരനെ നരനായി കാണാനാണ് ഗുരു പഠിപ്പിച്ചത്. ഇന്ന് പൗരത്വം നിശ്ചയിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്ക് ഗുരുദേവ ദർശനങ്ങൾ എന്തെന്ന് അറിയില്ല. വർഗീയതയും വംശീയതയും പടർത്താൻ തീവ്രമായ ശ്രമം നടക്കുന്ന വർത്തമാനകാലത്ത് ഗുരുദേവ ദർശനങ്ങൾ രാജ്യത്താകമാനും പ്രചരിപ്പിക്കണം. ഗുരുദേവ ദർശനങ്ങളിലൂടെ മുന്നോട്ട്‌പോകുന്നതിനാലാണ്‌കേരളത്തിൽ ആർക്കും വർഗീയത ആളിക്കത്തിക്കാൻ സാധിക്കാത്തത്. ഗുരുദേവ ദർശനങ്ങളുടെ വെളിച്ചം കെടുത്താനുള്ള ശ്രമങ്ങൾ ചെറുക്കണം.ഇടതുപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് ശിവഗിരി എക്കാലവും ഊർജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ടി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അടിച്ചമർത്തപ്പെട്ടവനെ സ്വതന്ത്രനാക്കി ഉയർത്തിക്കൊണ്ടുവന്ന ഗുരുകേരളീയർക്ക് എക്കാലവും ആവശേമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരു പ്രസാദ് സ്വാഗതം പറഞഞ്ഞു.ഡോ.ജയരാജ്, വി.കേശവദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗതാഗത, ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കയർകോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, മെഡിമിക്സ് ഗ്രൂപ്പ് എം.ഡിഡോ.എ.വി.അനൂപ്,ലേബർ ഇന്ത്യ എം.ഡി സന്തോഷ്‌ജോർജ് കുളങ്ങര, ഇംബക്സ് എൻജിനിയറിംഗ് ഡയറക്ടർ ജിജു രാജു, ബാദിബോർഡ് സെക്രട്ടറി ശരത്.വി.രാജ്, എസ്.എൻ.ഡി.പിയോഗം കൗൺസിൽ ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.സുന്ദരം എന്നിവർ സംസാരിച്ചു. ആദിത്യ ഗ്രൂപ്പ് എം.ഡിദേശപാലൻ പ്രദീപ് നന്ദിയും പറഞ്ഞു.

https://keralakaumudi.com/news/news.php?id=215859&u=sivagiri

Sunday, 5 January 2020

പ്രതീകാത്മക ശിവഗിരി തീർത്ഥാടനം ഇന്ദ്രപ്രസ്ഥത്തിൽ

എസ് എൻ ഡി പി യോഗം ഡൽഹി യൂണിയന്റെയും കാൽക്കാജി ശാഖയുടെയും നേതൃത്വത്തിൽ പതിനൊന്നാമത് പ്രതീകാത്മക ശിവഗിരി തീർത്ഥാടനം ജനുവരി 5നു ഗോവിന്ദപുരി ഗുരുദേവ ക്ഷേത്രത്തിൽ കൊണ്ടാടി. ഡൽഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ കാൽക്കാജി അളകനന്ദ ബാലഗോപാല ക്ഷേത്ര നടയിൽ നിന്ന് രാവിലെ 8നു ആയിക്കണക്കിനു ഗുരുദേവ ഭക്തർ പങ്കെടുത്ത പദയാത്ര 5 കി.മി താണ്ടി ഗോവിന്ദപുരി ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു ഗുദേവ പൂജകളിൽ പങ്കെടുത്തു.
ഡൽഹിയിൽ താമസിച്ചു ജോലിചെയ്യുന്ന ഗുരുദേവ ഭക്തർക്ക് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുക എന്നത് അസാധ്യമാണ് എന്നത് കണക്കിൽ എടുത്തുകൊണ്ട് 2009 ഇൽ യൂണിയൻ പ്രസിഡന്റ് ശ്രീ ടി.കെ.കുട്ടപ്പൻ അവറുകളും യൂണിയൻ സെക്രട്ടറി സി കെ പ്രിൻസ് അവറുകളും ആണ് ഡൽഹിയിൽ പ്രതീകാത്മക തീർത്ഥാടനത്തിന് തുടക്കം കുറിച്ചത്. തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങൾ ഉൾകൊണ്ടുകൊണ്ടുള്ള മുതിർന്നവരുടെയും കുട്ടികളുടെയും പ്രഭാഷണങ്ങളും നടന്നു വരുന്നു.
ഇന്ന് ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളെകുറിച്ച് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ ആയ ശ്രീമതി പ്രീതി ദിനേശൻ അവറുകൾ പ്രഭാഷണം നടത്തി
ഇന്ന് നടന്ന പ്രതീകാത്മക തീർത്ഥാടനത്തിന് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ ടി എസ് അനിൽ യൂണിയൻ സെക്രട്ടറി ശ്രീ സി കെ പ്രിൻസ് യോഗം ബോർഡ് മെമ്പർ ശ്രീ എം കെ അനിൽ , യൂണിയൻ കൗൺസിലർമാർ യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, കാൽക്കാജി ശാഖാ പ്രസിഡന്റ് ശ്രീ രവി , യൂണിയൻ വനിതാ സംഗം പ്രസിഡന്റ് ശ്രീമതി സുധ ലച്ചു , സെക്രട്ടറി ശ്രീമതി ജ്യോതി ബാഹുലേയൻ വിവിധ ശാഖാ ഭാരവാഹികൾ , വനിതാ സംഗം യൂണിറ്റ് ഭാരവാഹികൾ , യൂത് മൂവേമെന്റ് ഭാരവാഹികൾ മുൻ യൂണിയൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.....
Image may contain: 10 people, people standing and outdoor


ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നവോത്ഥാന പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷി

ശ്രീനാരായണ ഗുരുവിന് മുന്‍പ് അധഃകൃതരുടെ ഉന്നമനത്തിനും സാമൂഹ്യ പരിവര്‍ത്തനത്തിനും വേണ്ടി പരിശ്രമിച്ച കര്‍മധീരനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.
1825 ല്‍ കാര്‍ത്തികപ്പിള്ളി താലൂക്കിലെ പ്രശസ്ത ഈഴവ കുടുംബത്തിലാണ് വേലായുധപ്പണിക്കര്‍ ജനിച്ചത്. വളരെ സമ്പന്നമായ പശ്ചാത്തലമുണ്ടായിരുന്നതിനാല്‍ പ്രഗത്ഭരായ അധ്യാപകരെ വീട്ടില്‍ കൊണ്ടുവന്ന് വേലായുധനെ പഠിപ്പിക്കുകയാണുണ്ടായത്. അക്കാലത്ത് നല്ലനിലയില്‍ തന്നെ സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. ഭാഷാപഠനത്തിനുപുറമെ ആയൂര്‍വേദവും ജ്യോതിഷവും അദ്ദേഹത്തിന് പഠിക്കാന്‍ കഴിഞ്ഞു. സാമ്പത്തിക സൗകര്യമുണ്ടായിരുന്നതിനാല്‍ കുതിരസവാരിയും വാള്‍പയറ്റും അദ്ദേഹം അഭ്യസിച്ചു. ഉന്നതശീര്‍ഷനും അഭ്യാസമുറകള്‍ പഠിച്ച ദൃഢശരീരവും കോമള രൂപനുമായതിനാല്‍ എല്ലാവരുടേയും ശ്രദ്ധപിടിച്ചു പറ്റുന്ന പുരുഷകേസരിയായിരുന്നു അദ്ദേഹം.
കാര്‍ത്തികപ്പിളളി താലൂക്കിലെ പുതുപ്പള്ളിയിലുള്ള പ്രസിദ്ധ കുടുംബമായ വാരണപ്പിള്ളിയിലെ വെളുമ്പി എന്ന യുവതിയെ വേലായുധന്‍ വിവാഹം കഴിച്ചു. വാരണപ്പിള്ളി തറവാട് അക്കാലത്തു പണ്ഡിതരായ അധ്യാപകരാല്‍ പ്രസിദ്ധമായിരുന്നു. ശ്രീനാരായണഗുരു വിദ്യാര്‍ഥിയായി പഠിക്കാനെത്തുന്നത് വാരണപ്പിള്ളി തറവാട്ടിലാണ്.
സാമ്പത്തികമായി ഉച്ചാവസ്ഥയിലായിരുന്നെങ്കിലും സാമൂഹ്യമായ അവഗണനകള്‍ വേലായുധന്‍ ജനിച്ച ഈഴവ സമുദായത്തിന് അനുഭവിക്കേണ്ടിവന്നു. ഈഴവരേക്കാള്‍ താഴ്ന്ന ജാതിക്കാരുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു. അയിത്താചരണവും സവര്‍ണരുടെ സാമീപ്യത്തില്‍ നിന്ന് അടികണക്കിന് മാറി നില്ക്കണമെന്നുള്ള അവസ്ഥയും വേലായുധനില്‍ അമര്‍ഷത്തിന്റെ അഗ്നി പടര്‍ത്തി. അമ്പലങ്ങളില്‍ പ്രവേശനമില്ലാതിരുന്നതു കൊണ്ട് ദൂരെമാറി ആരാധിക്കാന്‍ മാത്രമെ അവര്‍ണര്‍ക്ക് കഴിഞ്ഞിരുന്നുള്ളു. സവര്‍ണരുടെ കലയായി അറിയപ്പെട്ടിരുന്ന കഥകളി പോലുള്ള ക്ഷേത്രകലകളും അവര്‍ണര്‍ക്ക് അപ്രാപ്യമായിരുന്നു.
കേരളത്തിലെ നവോത്ഥാന സമരത്തിന് തീകൊളുത്തിയത് ശ്രീനാരായണഗുരു അരുവിപുറം പ്രതിഷ്ഠ നടത്തിയതോടെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഗുരുദേവനു തന്നെയും മാര്‍ഗദര്‍ശിയായി വേലായുധന്‍ ഒരു അമ്പലം പണിത് ശിവപ്രതിഷ്ഠ നടത്തിച്ചു.
1888 ല്‍ ഗുരുദേവന്‍ അരുവിപുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852 ല്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ കാര്‍ത്തികപ്പിള്ളിയിലെ മംഗലത്ത് കേരള ശൈലിയില്‍ ഒരു ക്ഷേത്രം നിര്‍മിച്ച് ശിവപ്രതിഷ്ഠ നടത്തി.
ശ്രീനാരായണ ഗുരു ജനിക്കുന്നതിനും നാലുവര്‍ഷം മുമ്പാണ് ഈ സംഭവം നടന്നത്. മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കള്‍ എന്ന തന്ത്രിയാണ് പ്രതിഷ്ഠ നടത്തിയത്. എല്ലാജാതി മതസ്ഥര്‍ക്കും അവിടെ പ്രവേശനം അനുവദിച്ചിരുന്നു. അയിത്തജാതിക്കാരന്റെ ഈ ധിക്കാരം സവര്‍ണപ്രമാണിമാരെ പ്രകോപിപ്പിച്ചു. എങ്കിലും വേലായുധപണിക്കരുടെ പ്രതാപവും ആയോധനകലകളിലുള്ള പ്രാവീണ്യവും ആള്‍ബലവും മൂലം അവര്‍ നിശബ്ദരായി.
1853 ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണംകരയില്‍ വേറൊരു ശിവക്ഷേത്ര നിര്‍മാണത്തിനും വേലായുധപണിക്കര്‍ ശ്രമിച്ചു. ക്ഷേത്രനിര്‍മ്മാണവും വിഗ്രഹപ്രതിഷ്ഠയും അവര്‍ണരുടെ ധര്‍മാചരണത്തിന് എതിരാണെന്നു പറഞ്ഞു സവര്‍ണര്‍ ദിവാന് പരാതി അയച്ചു. പ്രതിഷ്ഠാകര്‍മം മുടക്കുന്നതിനായി ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പ്രശ്‌നം സനാതനവും ആചാരത്തെ സംബന്ധിച്ചതുമാകയാല്‍ ദിവാന്‍ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തുകയുണ്ടായി. അവര്‍ണര്‍ക്കായി ക്ഷേത്രനിര്‍മാണവും ശിവപ്രതിഷ്ഠയും മുമ്പ് നടന്നിട്ടുണ്ടെന്ന് ദിവാന് മുമ്പില്‍ തെളിവു കൊടുക്കുകയും, അതിന് മുന്‍ അനുഭവമായി മംഗലത്തു നടന്ന ശിവപ്രതിഷ്ഠ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ദിവാന്റ തീരുമാനം ക്ഷേത്രനിര്‍മാണത്തിനനുകൂലമായിരുന്നു. അങ്ങനെ സവര്‍ണരുടെ ഭീഷണിക്കും ഭരണകൂടത്തിന്റെ ഇടപെടലിനും എതിരെ പോരാടിയാണ് തണ്ണീര്‍മുക്കത്ത് വേലായുധ പണിക്കര്‍ ക്ഷേത്രം നിര്‍മിക്കുന്നത്.
അക്കാലത്ത് നെയ്ത്ത് പണിയില്‍ പ്രാവീണ്യം നേടിയിരുന്നത് ഈഴവ സമുദായക്കാരായിരുന്നു. എന്നാല്‍ അവര്‍ നെയ്‌തെടുക്കുന്ന മനോഹരമായ പുടവകള്‍ അവര്‍ക്ക് ഉടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മുട്ടിറങ്ങിക്കിടക്കുന്ന നേര്‍ത്ത പുടവകള്‍ മേല്‍ജാതി സ്ത്രീകള്‍ക്ക് ഉടുക്കാനുള്ളതാണ്. അച്ചിപുടവ എന്നാണ് അതിന്റെ പേര്‍തന്നെ. അവര്‍ണരായ സ്ത്രീ-പുരുഷന്മാര്‍ മുട്ടിന് കീഴോട്ട് വസ്ത്രം താഴ്ത്തിധരിക്കുന്നത് അവര്‍ണര്‍ സമ്മതിച്ചിരുന്നില്ല. അത് ധിക്കാരവും നിയമലംഘനവുമായി പരിഗണിക്കപ്പെട്ടിരുന്നു. കായംകുളത്തിനടുത്ത് പന്നിയൂര്‍ പ്രദേശത്ത് ഒരു ഈഴവ യുവതി അച്ചിപ്പുടവ മുട്ടിന് താഴ്ത്തി ഉടുത്ത് വയല്‍വരമ്പില്‍ കൂടി നടന്നുപോകുന്നതുകണ്ട് രോഷാകുലരായ മേല്‍ജാതിക്കാര്‍ അവളുടെ പുടവ വലിച്ചുകീറി ചളിയിലെറിഞ്ഞ് അവളെ അപമാനിച്ച വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്ന് പണിക്കരുടെ ചെവിയിലുമെത്തി. പണിക്കര്‍ ഉടനെതന്നെ അഭ്യാസികളായ കുറെ ചെറുപ്പക്കാരുമായി പന്നിയൂരെത്തി. സവര്‍ണ മേധാവികളെ വെല്ലുവിളിച്ചുകൊണ്ട് കുറച്ചു യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച് വയല്‍വരമ്പിലൂടെ നടത്തിച്ചു. ഒരു പ്രമാണിയും എതിര്‍ക്കാന്‍ ധൈര്യപ്പെട്ടില്ല.
ഈഴവര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതിനും അക്കാലത്ത് വിലക്കുണ്ടായിരുന്നു. അവര്‍ണസ്ത്രീ സ്വര്‍ണ മൂക്കുത്തിധരിച്ച് പന്തളം ചന്തയിലെത്തിയതു കണ്ട് സവര്‍ണപ്രമാണിമാര്‍ പ്രകോപിതരായി. അവര്‍ ആ സ്ത്രീയുടെ മൂക്കുത്തി ബലമായി വലിച്ചുപറിച്ചു. ആ മൂക്കിന്റെ ഭാഗം കീറിപ്പറിഞ്ഞ് ആ ഈഴവസ്ത്രീ ചോരപാടുമായി നിലവിളിച്ച് ഓടിപ്പോയി. ഇതുകേട്ടറിഞ്ഞ വേലായുധപ്പണിക്കര്‍ അടുത്ത ചന്തദിവസം ഒരു വട്ടിനിറയെ പൊന്നിന്‍ മൂക്കുത്തികളുമായി പന്തളം ചന്തയിലെത്തി. എന്തിനും തയ്യാറായി തന്റെ സുഹൃദ്‌വൃന്ദവും കൂടെയുണ്ടായിരുന്നു. അവര്‍ണ യുവതികളെ വിളിച്ചുവരുത്തി അവരുടെ മൂക്കിലെ ആഭരണ തുളകളില്‍ നിന്ന് ഈര്‍ക്കില്‍ കഷ്ണങ്ങളും ഓലചിന്തുകളും പിച്ചളകമ്പികളുമെല്ലാം ഊരിക്കളഞ്ഞ് താന്‍ കൊണ്ടുവന്ന പൊന്നിന്‍ മൂക്കുത്തികള്‍ ഭംഗിയായി ധരിപ്പിച്ച് അവരെ ചന്തയില്‍ നടത്തിച്ചു. ധൈര്യമുള്ളവരുണ്ടെങ്കില്‍ മൂക്കുത്തി പറിച്ചെടുക്കാന്‍ വരാന്‍ പറഞ്ഞ് വെല്ലുവിളിച്ച് വാളുയര്‍ത്തി ആറാട്ടുപുഴ വേലായുധപണിക്കര്‍ കുതിരപ്പുറത്ത് കയറി അവിടെയെല്ലാം ചുറ്റിയടിച്ചു. അവര്‍ണരുടെ ആചാരങ്ങളെ തിരുത്തിക്കുറിച്ച് ധീരമായി മുന്നേറിയ സംഭവമാണിത്. സ്ത്രീ-സ്വാതന്ത്ര്യത്തിനും വിവേചനത്തിനുമായി നടന്ന ഉജ്ജ്വലപോരാട്ടമായി ഇതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഒരു പ്രക്ഷോഭകനും അവര്‍ണരുടെ ജനനായകനും മാത്രമായിരുന്നില്ല. ആഢ്യസവര്‍ണരുടെ ഇല്ലങ്ങളിലും സവര്‍ണ ക്ഷേത്രങ്ങളിലും മാത്രം അരങ്ങേറിയിരുന്ന കഥകളി എന്ന കലാരൂപത്തെ ഈഴവര്‍ക്കും കെട്ടിയാടാന്‍ കഴിയുന്ന ഒരു കലയാക്കി മാറ്റിയത് വേലായുധപ്പണിക്കരായിരുന്നു. നമ്പൂതിരി ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും മാത്രമേ കഥകളി നടക്കൂ എന്നതിനാല്‍ അവര്‍ണര്‍ക്ക് ഒളിച്ചും പാത്തും പതുങ്ങിയും മാത്രമേ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നുള്ളു. ഈഴവരുടെ കഥകളി അരങ്ങേറ്റമെന്നത് സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല.
കഥകളിയോഗം സ്ഥാപിക്കുകയെന്നത് സവര്‍ണ മേധാവിത്തത്തോടുള്ള വെല്ലുവിളിയായി സ്വീകരിച്ച വേലായുധപണിക്കര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. മംഗലം ക്ഷേത്രത്തില്‍ കഥകളിക്ക് പ്രവേശനമുണ്ടായിരുന്നതിനാല്‍ അവിടെവച്ച് കഥകളി അഭ്യസിക്കാന്‍ തീരുമാനിച്ചു. കഥകളി ആചാര്യനായ അമ്പലപ്പുഴ മാധവകുറുപ്പിന്റെ സഹായത്തോടെ ക്ഷേത്രത്തിനുചുറ്റുമുള്ള കലാതാല്‍പ്പര്യമുള്ള കുറെ ഈഴവ ചെറുപ്പക്കാരെ കഥകളി പരിശീലിപ്പിച്ച് വേലായുധപണിക്കര്‍ ഒരു കഥകളി യോഗം സ്ഥാപിച്ച് അരങ്ങേറ്റം നടത്തി. വേലായുധപ്പണിക്കരുടെ നാലുമക്കളും കഥകളി പഠിച്ച് വേഷമിട്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
വേലായുധപണിക്കരുടെ കഥകളിയോഗം പ്രസിദ്ധിയാര്‍ജിക്കുകയും അതോടൊപ്പം എന്തുവിലകൊടുത്തും ഇതിനെ എതിര്‍ക്കാന്‍ സവര്‍ണര്‍ രംഗത്തുവരികയും ചെയ്തു. ഈഴവ ചെറുപ്പക്കാര്‍ കഥകളിയിലെ ദേവരൂപങ്ങള്‍ കെട്ടിയാടുന്നത് സവര്‍ണര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമായിരുന്നു. സവര്‍ണര്‍ സംഘടിതരായി ദിവാന്‍ജിക്ക് മുമ്പാകെ പരാതി നല്‍കി. കഥകളിയിലെ കഥാപാത്രങ്ങള്‍ പുരാണ പ്രസിദ്ധിയുള്ള ദേവന്മാരും ബ്രാഹ്മണരും രാജാക്കന്മാരും അസുരന്മാരുമൊക്കെയാണ്. മുഖത്തു പച്ചതേച്ച്, ചുട്ടികുത്തി, തലയില്‍ രാജപ്രൗഢിക്കു ചേരുന്ന കിരീടം വെച്ചാണ് വേഷങ്ങള്‍ രംഗത്തുവരുന്നത്. ആ വേഷം വിനോദത്തിനാണെങ്കില്‍പോലും അയിത്ത ജാതിക്കാരായ ഈഴവര്‍ കെട്ടുന്നതും കളിക്കുന്നതും ധര്‍മ്മനീതിക്കെതിരാണെന്നും കളിക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ദൈവവിരോധമുണ്ടാകുമെന്നും ദിവാനയച്ച പരാതിയില്‍ സവര്‍ണര്‍ ബോധിപ്പിച്ചു. ജാതി ഹിന്ദുക്കള്‍ ഇത് സഹിക്കില്ലെന്നും സമാധാനലംഘനമുണ്ടാകുമെന്നും അവര്‍ ദിവാനെ ധരിപ്പിച്ചു. ദിവാന്‍ ടി മാധവറാവു ഇരുകക്ഷികളെയും വിളിച്ചുവരുത്തി. പുരാണങ്ങളും ഇതിഹാസങ്ങളും നിരത്തി വേലായുധപ്പണിക്കര്‍ തന്നെയാണ് ശക്തമായ വാദം നടത്തിയത്. സവര്‍ണരുടെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും മറ്റു നിയമതടസങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ കഥകളി നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള വിധിയാണ് ദിവാന്‍ പുറപ്പെടുവിച്ചത്.
തിരുവിതാംകൂര്‍ മഹാരാജാവും ഈ പുരുഷ കേസരിയെ ബഹുമാനിക്കുകയുണ്ടായി. പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ സാളഗ്രാമം തരണനല്ലൂര്‍ നമ്പൂതിരിപ്പാടില്‍ നിന്നും കായംകുളം കായലില്‍ വെച്ച് കീരിക്കാട്ടുകാരായ ചില അക്രമികള്‍ കൈവശമാക്കി. ആ സാളഗ്രാമം തിരികെ വാങ്ങുന്നതിനും അക്രമികളെ പിടിച്ചേല്‍പ്പിക്കുന്നതിനും തിരുവിതാംകൂര്‍ മഹാരാജാവ് വേലായുധപണിക്കരെ അധികാരപ്പെടുത്തി. തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമാക്കി തീര്‍ത്തതില്‍ സന്തോഷിച്ച് പണിക്കര്‍ക്ക് രണ്ടുകൈക്കും മഹാരാജാവ് വീരശൃംഖല നല്‍കുകയും ബഹുമതിയായി പണിക്കര്‍ സ്ഥാനം കല്‍പ്പിച്ചുനല്‍കുകയും ചെയ്തു.
സവര്‍ണര്‍ക്ക് എന്നും തലവേദനയായി പണിക്കര്‍ മാറി. അവര്‍ണരുടെ പ്രശ്‌നങ്ങള്‍ക്കും നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ മഹാധീരനായിരുന്നു പണിക്കര്‍. ആയോധനവിദ്യയും കുതിര സവാരിയും സ്വായത്തമാക്കിയ പണിക്കരെ 1874 ല്‍ ധനു 24 ന് തണ്ടുവച്ച ബോട്ടില്‍ കായംകുളം കായല്‍ വഴി കൊല്ലത്തേക്ക് പോകുമ്പോള്‍ ശത്രുക്കള്‍ ആസൂത്രിതമായി സംഘടിച്ച് നടുക്കായലില്‍ വച്ച് കുത്തിക്കൊല്ലുകയാണുണ്ടായത്.
തന്റെ ഹ്രസ്വമായ ജീവിതകാലത്ത് അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി പോരാടിയ ധീരോജ്ജ്വലനായ മറ്റൊരു നേതാവും വേലായുധപ്പണിക്കരെപോലെ ഉണ്ടാവില്ല. ആ സിംഹഗര്‍ജ്ജനം സവര്‍ണരെ വിറപ്പിച്ചു. അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും കോട്ടകളില്‍ വിള്ളലുണ്ടാക്കി.
കേരളത്തിലെ നവോഥാന പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി ചരിത്രം രേഖപ്പെടുത്തുക ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആയിരിക്കും.
വീരപുരുഷന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു....
കടപ്പാട് അഡ്വ. ഇ രാജന്