Tuesday, 26 September 2017

ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ലക്ഷ്യം മറക്കുന്നുവോ?


മൂഹത്തില്‍ നിലനിന്നിരുന്ന അസമത്വവും അനീതിയും എങ്ങനെ ഇല്ലാതാക്കാമെന്ന ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ചിന്തയുടേയും ഫലമായാണ് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിതമായത്. ഡോ. പല്‍പുവിനുണ്ടായ തിക്താനുഭവം മാത്രമായിരുന്നില്ല യോഗ രൂപികരണത്തിന് പ്രേരണയായത്. സാധുക്കളായ സാധാരണക്കാര്‍ നൂറ്റാണ്ടുകളായനുഭവിച്ചുകൊണ്ടിരുന്ന യാതനകളില്‍നിന്ന് അവരെ മോചിപ്പിക്കുവാനുള്ള ഉത്പതിഷ്ണുക്കളായ മഹാന്മാരുടെ അധമ്യമായ ആഗ്രഹമായിരുന്നു അവര്‍ ശ്രീനാരായണ ഗുരുവിനെ അറിയിച്ചത്. യോഗരൂപീകരണത്തിനുവേണ്ടി മുന്‍കൈയെടുത്തവരാരും തന്നെ നിസാരക്കാരായിരുന്നില്ല. മഹാകവി കുമാരനാശാനുള്‍പ്പെടെയുള്ള ധാരാളം മഹാത്മാക്കള്‍ക്ക് അതില്‍ നിര്‍ണ്ണായക പങ്കുണ്ട്. ശ്രീനാരായണ ധര്‍മപരിപാലനയോഗത്തിന്റെ നിയമപരമായ സൃഷ്ടാവ് ഡോ. പല്പുവാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം ലഭ്യമാണെങ്കിലും ഗുരുവിന് ഇങ്ങനെയൊരു സംഘടനയുടെ ആവശ്യകത തികച്ചും ബോദ്ധ്യമായിരുന്നു. അതുകൊണ്ടാകണം ഗുരു അവിടുത്തെ നാമധേയത്തില്‍ തന്നെ ഇങ്ങനെയൊരു പ്രസ്ഥാനത്തിന് അനുമതി നല്‍കിയത്. ഒരു ജാതിസംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനിയിരുന്നുവെങ്കില്‍ ഗുരു ഒരിക്കലും സ്വന്തം പേര് യോഗത്തിന് അനുവദിക്കുമായിരുന്നില്ല.
എസ്എന്‍ഡിപി യോഗം രൂപീകരണത്തിന് മുന്‍കൈയെടുത്തവരെല്ലാം ഈഴവസമുദായത്തില്‍പ്പെട്ടവരായിരുന്നു. അത്തരത്തിലൊരു ശ്രമം ഒരു സമുദായത്തില്‍ നിന്നു തുടങ്ങുവാന്‍മാത്രമേ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുവദിക്കുമായിരുന്നുള്ളൂ. സാധിക്കുമായിരുന്നുള്ളൂ. വിവിധസമുദായത്തിലുള്ളവര്‍ ഒത്തുചേരാന്‍ അന്ന് കഴിയുമായിരുന്നില്ല. ഗുരുവിനാല്‍ തുടങ്ങിയ സംഘടന പിന്നീട് സാധുജന പരിപാലനസംഘത്തിന്റേയും യോഗക്ഷേമസഭയുടേയും എന്‍എസ്എസിന്റേയുമൊക്കെ രൂപീകരണത്തിന് പ്രേരണയായി. ഓരോസമുദായത്തിലുമുണ്ടായ പരിഷ്‌ക്കരണമാണ് കേരളത്തില്‍ സാമൂഹിക പരിവര്‍ത്തനം സൃഷ്ടിച്ചത്. അതിനെയാണ് നവോത്ഥാനമെന്ന് ഇന്നുവിളിക്കുന്നത്. ഈ പുരോഗതിക്കെല്ലാമുള്ള ഒരു നടുനായകത്വം എസ്എന്‍ഡിപി യോഗത്തിനുള്ളതാണ്. അതാണ് ഈ പ്രസ്ഥാനത്തെ അദ്വിതീയമാക്കുന്നത്. കേരളത്തില്‍ വിപ്ലവപുരോഗമന പ്രസ്ഥാനങ്ങളൊക്കെ ഉണ്ടാകുവാനും വളരുവാനുമൊക്കെ ഇടയായതിന്റെ പിന്നിലും ശ്രീനാരായണ ഗുരുവിന്റെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പങ്ക് ആര്‍ക്കും നിഷേധിക്കുവാന്‍ സാധിക്കുകയില്ല. കേവലം ഒരു ജാതിസംഘടനയെന്ന നിലയിലേക്ക് യോഗം മാറ്റപ്പെടുമ്പോള്‍ യോഗത്തിന്റെ സ്ഥാപിതലക്ഷ്യവും മഹത്തായ പാരമ്പര്യവും പ്രസക്തിയുമാണ് ഇല്ലാതാകുന്നത്.
എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഗുരുസന്ദേശങ്ങളാണ്. ഗുരുസന്ദേശങ്ങള്‍ ഗുരുദര്‍ശനത്തിന്റെ പ്രകടിത രൂപമാണ്. 1888-ല്‍ അരുവിപ്പുറത്ത് ക്ഷേത്രം സ്ഥാപിച്ച് അധഃസ്ഥിതര്‍ക്ക് ആരാധനാസ്വാതന്ത്ര്യം നല്‍കികൊണ്ടാണ് ശ്രീനാരായണഗുരു സാമൂഹികമായി ഇടപെടുന്നത്. ജാതിഭേദവും മതദ്വേഷവും മനുഷ്യനേയും മനുഷ്യനേയും തമ്മില്‍ വേര്‍തിരിക്കുന്ന യാതൊന്നുമില്ലാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയും സര്‍വ്വരും സഹോദരത്വേന വാഴുന്ന മാനസികനിലയുമാണ് ഗുരു ലക്ഷ്യം വയ്ക്കുന്നതെന്ന് ഗുരുസന്ദേശം വ്യക്തമാക്കുന്നു. ഗുരുവിന്റെ അരുവിപ്പുറം സന്ദേശം തന്നെയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം. സമത്വം വളര്‍ത്തി മനുഷ്യരില്‍ സാഹോദര്യം ഉണ്ടാക്കിയെടുക്കുകയെന്ന വലിയ ലക്ഷ്യം. വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കപ്പുറം സാഹോദര്യമെന്ന മാനസീകാവസ്ഥകൂടി ഗുരുദര്‍ശനം ലക്ഷ്യം വയ്ക്കുന്നു.
സമൂഹത്തില്‍ സമത്വവും സോഷ്യലിസവും സ്വാതന്ത്ര്യവുമൊക്കെയുണ്ടാകണമെങ്കില്‍ സാഹോദര്യമെന്ന മാനസികാവസ്ഥയുണ്ടാകണമെന്ന അടിസ്ഥാനമനശാസ്ത്രതത്വം ഗുരു പ്രായോഗികമാക്കുന്നു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് സഹനസമരമോ സത്യഗ്രഹമോ അല്ല ഗുരുവിന്റെ മാര്‍ഗ്ഗം. അത് ഗാന്ധിമാര്‍ഗമാണ്. സൃഷ്ടിച്ച് നേടുകയെന്നതാണ് ഗുരുവിന്റെ മാര്‍ഗ്ഗം. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടെങ്കില്‍ സ്വന്തമായിക്ഷേത്രമുണ്ടാക്കി പ്രവേശിക്കുക. പഠിക്കുവാന്‍ അവസരം നിഷേധിച്ചെങ്കില്‍ പള്ളിക്കൂടങ്ങളുണ്ടാക്കി പഠിക്കുക. തൊഴിലില്ലെങ്കില്‍ തൊഴില്‍ ശാലയുണ്ടാക്കി തൊഴില്‍നേടുകയും മറ്റൊരാള്‍ക്കു കൂടി തൊഴിലുകൊടുക്കുകയും ചെയ്യുക. ഇങ്ങനെ എന്ത് നിഷേധിക്കപ്പെടുന്നുവോ അതുണ്ടാക്കുക. അതിന് സംഘടിത ശക്തിയെ പ്രയോജനപ്പെടുത്തുകയെന്ന പ്രായോഗികമാര്‍ഗമാണ് ഗുരുവിന്റേത്. ലോകത്തുള്ള സകലമനുഷ്യരേയും സഹോദരരാക്കുന്ന വലിയ ദര്‍ശനത്തെ പ്രായോഗികമാക്കുവാന്‍ കടമപ്പെട്ട പ്രസ്ഥാനമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍.
ഭാരതം തത്വചിന്തയുടെ നാടാണ്. ഒരുപാട് തത്വചിന്തകരും ഋഷിമാരുമൊക്കെ ഭാരതത്തിലുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അനേകരില്‍ ഒരാളായി ശ്രീനാരായണ ഗുരുവിനെ കാണുവാന്‍ കഴിയുകയില്ല. ജാതി, മതം, ദൈവം എന്നീ വിഷയങ്ങളില്‍ ഗുരുവിന്റെ കാഴ്ചപ്പാട് ഭാരതീയ ദാര്‍ശനികരില്‍ ഗുരുവിനെ വ്യത്യസ്തനാക്കുന്നു. ഈ വിഷയങ്ങളിലാണ് സമൂഹത്തില്‍ ഏറ്റവും വലിയ ചൂഷണം നടക്കുന്നത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള അജ്ഞതയെയാണ് കാലാകാലങ്ങളായി മുതലെടുത്തുകൊണ്ടിരിക്കുന്നത്. ജാതി, മതം, ദൈവം എന്നീ വിഷയങ്ങളെ ഗുരു വ്യക്തമായി പഠിപ്പിച്ചു. ഈ വിഷയങ്ങളില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ദാര്‍ശനികത ഗുരുവിന്റെ മാത്രം സവിശേഷതയാണ്.
ഗുരുവിന്റെ ദാര്‍ശനികത വെളിവാകുന്നത് അറുപത്തഞ്ചോളം വരുന്ന കൃതികളിലൂടെയാണ്. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലായി എഴുതപ്പെട്ട ഗുരുദേവകൃതികള്‍ ഇന്നും പലര്‍ക്കും പരിചിതമല്ല. ഗുരുസന്ദേശങ്ങളാണ് പ്രചുരപ്രചാരം നേടിയത്. സന്ദേശങ്ങള്‍ ദര്‍ശനത്തിലേയ്ക്കുള്ള ചൂണ്ടുപലകകള്‍മാത്രമാണ്. ഗുരുവിനെക്കുറിച്ചുള്ള സാമാന്യധാരണയെല്ലാം ഗുരുസന്ദേശങ്ങളിലൂന്നിനിന്നുകൊണ്ടുള്ളവയാണ്. ഹിമാലയത്തിലേക്കുള്ള ചൂണ്ടുപലക കണ്ടിട്ട് ഹിമാലയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതുപോലെയാണ് ഗുരുവിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അധികവും. ഗുരുവിന്റെ ദാര്‍ശനിക തനിമ തിരിച്ചറിയാത്തതുകൊണ്ടാണ് ശങ്കരാചാര്യരോടും, വൈകുണ്ഠസ്വാമികളോടും, ചട്ടമ്പിസ്വാമികളോടും, ദയാനന്ദസരസ്വതിയോടുമൊക്കെ ഗുരുവിനെ ചേര്‍ത്തുവായിക്കുന്നത്. ഗുരുവിന്റെ ദാര്‍ശനിക തനിമയും മഹത്വവും തിരിച്ചറിയുവാനും അത് സമൂഹത്തില്‍ എത്തിക്കുവാനും ഗുരുവിനാല്‍ സ്ഥാപിതമായ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. എന്നാല്‍ മാത്രമേ ഗുരുവിനെ ഗുരുവായറിയാന്‍ സമൂഹം പ്രേരിതമാകുകയുള്ളൂ.
ഭാരതീയ സംസ്‌ക്കാരത്തേയും ജീവിതത്തേയും നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്നത് ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയാണ്. ശങ്കരാചാര്യര്‍ ഉള്‍പ്പെടെയുള്ള മഹാത്മാക്കളെല്ലാം മനുഷ്യരെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്ന ഈ വ്യവസ്ഥിതിയെ അംഗീകരിച്ചപ്പോള്‍ ഗുരുമാത്രമാണ് ഈ വ്യവസ്ഥിതിയെ പൂര്‍ണമായും നിഷേധിച്ചത്. ഇത് ഗുരുവിനെ പുരോഗമനവാദികള്‍ക്കു സ്വീകാര്യനാക്കുന്നു. വേദാധികാരനിരൂപണത്തില്‍ വേദം ശൂദ്രനും പഠിക്കാമെന്ന വിപ്ലവകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ശൂദ്രനുണ്ടെന്നു ചട്ടമ്പിസ്വാമികള്‍ സമ്മതിക്കുന്നു. ശുദ്രനുണ്ടെന്നു സമ്മതിക്കുന്നതിലൂടെ വര്‍ണ്ണവ്യവസ്ഥയെ പരോക്ഷമായി ചട്ടമ്പിസ്വാമി അംഗീകരിക്കുന്നു. ഗുണകര്‍മങ്ങളെ ആധാരമാക്കി വര്‍ണവ്യവസ്ഥയെ ന്യായീകരിക്കാനുള്ള വര്‍ണവാദികളുടെ തന്ത്രത്തെ ഗുരു തികഞ്ഞ യുക്തിയോടെ നിഷേധിക്കുന്നു.
ഗുണവും കര്‍മ്മവും ശാശ്വതമല്ല. അത് സന്ദര്‍ഭാനുസരണം മാറിക്കൊണ്ടിരിക്കും. ശാശ്വതമല്ലാത്ത ഗുണകര്‍മങ്ങളാല്‍ എങ്ങനെ വര്‍ണമുണ്ടാകുമെന്ന് ഗുരു ചോദിക്കുന്നു. വര്‍ണം ശാശ്വതമാണെന്നാണ് വര്‍ണവാദികളുടെ നിലപാട്. ഇങ്ങനെ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ നിഷേധിക്കുവാനും സയുക്തം അതിന്റെ ഏതുതരത്തിലുള്ള സാധ്യതയേയും തള്ളുവാനും ഭാരതത്തില്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ഗാന്ധിജിയും ഗുരുവുമായുണ്ടായ കൂടികാഴ്ചയില്‍ ഗാന്ധിജി ചാതുര്‍വണ്യത്തെ ന്യായീകരിച്ച് സോദാഹരണം ഗുരുവിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ എത്രയുക്തമായാണ് ഗുരു ഗാന്ധിജിയെ തിരുത്തിയത്. ഗാന്ധിജിയുടെ ജാതിയെ സംബന്ധിച്ച കാഴ്ചപാടില്‍ ഗുരു മാറ്റം വരുത്തിയെന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഗാന്ധിജിയുടെ കാഴ്ചപാടില്‍ മാറ്റം വരുത്തുവാന്‍ ഗുരുവിനുകഴിഞ്ഞു എന്നു സമ്മതിക്കാന്‍ കേരളീയര്‍ക്ക് പ്രയാസമാണ്. ചരിത്രകാരന്മാര്‍ പലപ്പോഴും വസ്തുതകളെയല്ല മുന്‍വിധികളെയാണ് മുറുകെപിടിക്കുന്നത്.
മതകലപാത്തിന്റേയും മതതീവ്രവാദത്തിന്റേയും മതവത്ക്കരണത്തിന്റേയും കാലഘട്ടമാണിത്. മതത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിനെല്ലാം അടിസ്ഥാനം. മതത്തെ പഠിച്ചാല്‍മാത്രമേ മതാന്ധത മാറുകയുള്ളൂ. ഗുരുമതത്തെ പഠിപ്പിച്ചു. സകലമതങ്ങളുടേയും സാരം ഒന്നുതന്നെയാണെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. ആചാരങ്ങളിലുള്ള വ്യത്യാസമാണ് ഭിന്നമതങ്ങളുണ്ടെന്ന ധാരണയുണ്ടാക്കുന്നത്. ആചാരങ്ങള്‍ മതത്തിന്റെ പുറംചട്ടയാണ്. മതവാദികള്‍ ഈ പുറംചട്ടമാത്രമണിയുന്നവരാണ്. മതങ്ങള്‍ അതുമാത്രമാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. മതത്തിന്റെ അന്തസത്ത അറിയാന്‍ മതങ്ങള്‍ അനുവദിക്കുകയില്ല. മതത്തിന്റെ മാധുര്യം ആന്തരികതയിലാണ്. ആന്തരികതയില്‍ എല്ലാമതങ്ങളും തുല്യതപുലര്‍ത്തുന്നു. അതുകൊണ്ടാണ് പലമതസാരവും ഏകമെന്ന് ഗുരു കല്‍പ്പിച്ചത്. മതവക്താക്കള്‍ സ്വന്തം മതത്തേയും ഇതര മതങ്ങളേയും പഠിക്കുമ്പോള്‍ മാത്രമേ മതത്തിന്റെ ഏകത്വം ബോധ്യമാകുകയുള്ളൂ. മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല മതങ്ങള്‍ മനുഷ്യനുവേണ്ടിയാണ് എന്ന വലിയതിരുത്തല്‍ ഗുരുവരുത്തി. മതസ്വാതന്ത്ര്യം തടയരുതെന്നും ഏതുമതം സ്വീകരിക്കുന്നതിനും മനുഷ്യന് അവകാശമുണ്ടെന്നും ഉദ്‌ബോധിപ്പിച്ചു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന സന്ദേശം ഗുരുവിന്റെ മതദര്‍ശനത്തിന്റെ മുഖമുദ്രയാണ്. നിലവിലുള്ള ഒരു മതത്തോടും മമതയോ സംബന്ധമോയില്ലെന്നും ജാതി മതചിന്തകള്‍വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നുവെന്നുമൊക്കെ ഗുരു വിളംബരം ചെയ്തിട്ടുണ്ട്. ഹിന്ദുമതത്തെ ഒരു മതമെന്ന നിലയില്‍പോലും ഗുരു അംഗീകരിച്ചിട്ടില്ല. മഹത്തായൊരു ജീവിതശൈലിയെ-സംസ്‌ക്കാരത്തെ-മതവത്ക്കരിക്കുകയെന്ന വലിയ തെറ്റാണ് ഭാരതത്തില്‍ നൂറ്റാണ്ടുകളായി ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അഭിപ്രായമാണ് ഗുരുവിനുണ്ടായിരുന്നത്. അദ്വൈതത്തിനെ പൂണുലണിയിച്ച ആര്യമതങ്ങളെ നിഷേധിച്ച ഗുരുവിനെ പൂണൂലണിയിക്കാനാണ് ഇന്നുനമ്മള്‍ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യം സമൂഹം തിരിച്ചറിയണം. ഗുരുവിനെ ഹിന്ദുമതത്തിന്റെ വക്താവാക്കുവാനുള്ള നീക്കത്തെ എസ്എന്‍ഡിപി യോഗം ഏതു തരത്തില്‍ പിന്‍തുണക്കുന്നതും ഗുരുവിനോടുചെയ്യുന്ന അനീതിയാണ്. ഏതു തരത്തിലുള്ള പ്രലോഭനമുണ്ടാകുമ്പോഴും ഗുരുവിനേയും ഗുരുവിന്റെ ഏകലോക ദര്‍ശനത്തേയും മുറുകെപിടിക്കുവാന്‍ യോഗത്തിന് ആര്‍ജവമുണ്ടാകേണ്ടതാണ്.
ഗുരുദര്‍ശനത്തിന്റെ സവിശേഷതയെ പരിഗണിക്കാതെ അദ്വൈത ദര്‍ശനമെന്ന നിലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. ഭാരതീയ സംസ്‌ക്കാരത്തേയും ദേശീയതയേയും അവസരോചിതമായി കൂട്ടിക്കുഴച്ച് ഹിന്ദുമതവത്ക്കരണം നടത്തുന്നവര്‍ക്ക് ആയുധമാകുകയെയുള്ളൂ. സമാനതകള്‍വച്ചുകൊണ്ട് ഗുരുദര്‍ശനത്തെ വ്യഖ്യാനിക്കുന്നതിനു പകരം സമാനതകള്‍ക്കപ്പുറത്തുള്ള സവിശേഷതകാണുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ഗുരുദര്‍ശനത്തിന്റെ മഹത്വവും അതിന്റെ സാമൂഹിക പ്രാധാന്യവും തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഇതുള്‍ക്കൊള്ളാതിരുന്നാല്‍ പ്രസ്ഥാനങ്ങളുടെ താത്വിക അടിത്തറയാണ് ഇളകുന്നത്.
മതാതിഷ്ഠിത രാഷ്ട്രീയ സംഘനകള്‍ക്ക് ശ്രീനാരായണപ്രസ്ഥാനങ്ങളെ കീഴ്‌പ്പെടുത്തുവാന്‍ അനായാസം സാധിക്കും. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ സംഘടിതരാകേണ്ടതും രാഷ്ട്രീയശക്തിയാര്‍ജിക്കേണ്ടതും താക്കോല്‍സ്ഥാനങ്ങളിലെത്തേണ്ടതുമൊക്കെ ആവശ്യം തന്നെയാണ്. അത് ഗുരുദര്‍ശനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് പ്രസ്ഥാനം നേടേണ്ടതാണ്. ഭൂരിപക്ഷവര്‍ഗീയതയുടെ ഭാഗമായി ശ്രീനാരായണപ്രസ്ഥാനങ്ങള്‍ മാറിയാല്‍ പിന്നെ ശ്രീനാരായണ ഗുരുവിനും ശ്രീനാരായണപ്രസ്ഥാനങ്ങള്‍ക്കും ഒരു പ്രസക്തിയുമുണ്ടാകില്ലെന്ന് പ്രസ്ഥാനങ്ങളുടെ നേതൃത്വം തിരിച്ചറിയണം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പിന്‍തുണക്കുന്ന സമീപനത്തില്‍ നിന്ന് യോഗം പിന്‍തിരിയണം. അല്ലെങ്കില്‍ ഗുരുവിനോടും ഗുരുദര്‍ശനത്തോടും കാട്ടുന്ന കൊടിയവഞ്ചനയായിരിക്കും. മഹത്തായ എസ്എന്‍ഡിപി യോഗം ഒരു നൂറ്റാണ്ടുകൊണ്ടു സാമൂഹികനീതിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെല്ലാം നിരര്‍ത്ഥകമാകും യോഗത്തിന്റെ സംഘടിതശക്തിയെ ഗുരുദര്‍ശനത്തെ പ്രായോഗികമാക്കാന്‍ വേണ്ടിവിനിയോഗപ്പെടുത്തിയാല്‍ അത് വലിയ സമൂഹിക മുന്നേറ്റം തന്നെയുണ്ടാക്കും. അതാണ് എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ഡോ. എം ആര്‍ യശോധരന്‍

(ലേഖകന്‍ ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാണ്.)

0 comments:

Post a Comment