Tuesday 26 September 2017

ശ്രീനാരായണഗുരുവും സായിപ്പന്മാരും

 ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമാണല്ലോ ശിവഗിരി. ഡിസംബര്‍ 30, 31, ജനുവരി 01 തീയതികളിലാണ് ഇപ്പോള്‍ ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം നടത്തിവരാറുള്ളത്. ശ്രീനാരായണ ഗുരുതന്നെയാണ് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം നടത്തുന്നതിന് അനുമതി നല്‍കിയത്. ജനുവരി ഒന്നാണ് തീര്‍ത്ഥാടനദിനമായി ഗുരു അന്ന് നിശ്ചയിച്ചത്. ഗുരുവും ഗുരുഭക്തരായ രണ്ടുപേരും തമ്മില്‍ നടത്തിയതും ശിവഗിരി തീര്‍ത്ഥാടനം തുടങ്ങാന്‍ കാരണമായതുമായ സംഭാഷണം താഴെ കൊടുക്കുന്നു. പസ്തുത സംഭാഷണത്തില്‍ നിന്നുതന്നെ അക്കാലത്തെ സാമൂഹികാവസ്ഥയുടെ ഒരു ഏകദേശ ചിത്രം ലഭിക്കുകയും ചെയ്യും.   1928 ജനുവരി 15-ാം തീയതി കോട്ടയത്തെ നാഗമ്പടം ക്ഷേത്രത്തില്‍ ഗുരു വിശ്രമിക്കുകയായിരുന്നു.  കോട്ടയം ടി.കെ.കിട്ടന്‍ റൈട്ടര്‍, വല്ലഭശ്ശേരില്‍ ഗോവിന്ദന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെ ഭക്തജനങ്ങള്‍ ഗുരുവിനെ സന്ദര്‍ശിക്കുകയും ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രസ്തുത സംഭാഷണത്തില്‍ നിന്ന്: ഗുരു: എന്താ വൈദ്യന്‍, വിശേഷിച്ച് റൈട്ടറുമായിട്ട്?
വൈദ്യന്‍: റൈട്ടര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ച് അനുവാദ കല്‍പന വാങ്ങിക്കാനുണ്ട്.
ഗുരു: എന്താണ്. പറയാമല്ലോ. വൈദ്യന്‍: കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ട് എഴുതിവെച്ചിരിക്കുകയാണ്.  കല്‍പിച്ചാല്‍ റൈട്ടര്‍ വായിച്ചുകൊള്ളും.
റൈട്ടര്‍: ശിവഗിരി തീര്‍ത്ഥാടനം (എന്നു വായിച്ചു)
ഗുരു: തീര്‍ത്ഥാടനമോ?  ശിവഗിരിയോ?  കൊള്ളാം!  നമ്മുടെ കുഴല്‍വെള്ളത്തില്‍ കുളിക്കാം.  ശാരദാ ദേവിയെ വന്ദിക്കുകയും ചെയ്യാം.  നല്ല കാര്യം.  വായിക്കണം.  കേള്‍ക്കട്ടെ.
റൈട്ടര്‍: കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പിച്ച് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
ഗുരു: വര്‍ക്കല ജനാര്‍ദ്ദനം പുണ്യസ്ഥലമാണല്ലോ.  അതിനടുത്ത് ശിവഗിരികൂടി പുണ്യസ്ഥലമാകുമോ?
റൈട്ടര്‍:  ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ല.  അല്ലാതെ പോകുന്നവര്‍ക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്.  തൃപ്പാദങ്ങള്‍ കല്‍പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും. കല്‍പന ഉണ്ടായാല്‍ മതി.
ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടറും വൈദ്യനും വിശ്വസിക്കുന്നു അല്ലേ?
വൈദ്യന്‍: ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.
ഗുരു: അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ മൂന്നുപേരായി.  മതിയാകുമോ?
വൈദ്യന്‍: കല്‍പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും മറ്റ് അധ:കൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.
ഗുരു: വിശ്വാസമായല്ലോ, കൊള്ളാം. അനുവാദം തന്നിരിക്കുന്നു. തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍  വന്നുകൂടുന്നത് ഏതു മാസം/തീയതി/ആഴ്ച/നക്ഷത്രം ആയിരിക്കണമെന്ന ചോദ്യത്തിന് ഗുരു നല്‍കിയ മറുപടിയിങ്ങനെ
: ”തിര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ.  ജനുവരി മാസം ഒന്നാം തീയതി”.  സംഭാഷണത്തിനിടയില്‍, തീര്‍ത്ഥാടകര്‍ രുദ്രാക്ഷമാല ധരിക്കണമോ എന്ന ചോദ്യത്തിന് ഗുരു പറഞ്ഞ രസകരമായ മറുപടിയിങ്ങനെ
:  ” വേണ്ടാ, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടിക്കുന്നത് നന്നായിരിക്കും.  ഗുണമുണ്ടാകാതിരിക്കയില്ല”.
തീര്‍ത്ഥാടകര്‍ പാലിക്കേണ്ടത് ശ്രീബുദ്ധന്റെ ‘പഞ്ചശുദ്ധി’കളായ ശരീരശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയാണെന്നും തീര്‍ത്ഥാടകര്‍ ധരിക്കേണ്ടത് മഞ്ഞ വസ്ത്രമാണെന്നും ഗുരു നിര്‍ദ്ദേശിക്കുകയുണ്ടായി.  ഗുരുവിന്റെ മഹാസമാധിക്കുശേഷം 1933 ജനുവരി ഒന്ന് ഞായറാഴ്ചയായിരുന്നു ആദ്യത്തെ ശിവഗിരിതീര്‍ത്ഥാടനം. ഇലവുംതിട്ടയില്‍നിന്നു പി.വി. രാഘവന്റെ നേതൃത്വത്തില്‍ ചെറിയൊരു തീര്‍ത്ഥാടക സംഘം ശിവഗിരിയിലെത്തി. കിട്ടന്‍ റൈട്ടറുടെ നേതൃത്വത്തില്‍ മറ്റൊരു തീര്‍ത്ഥാടക സംഘവും ശിവഗിരിയിലെത്തി. ഈ രണ്ടു സംഘങ്ങളും ചേര്‍ന്നാണ് ആദ്യത്തെ ശിവഗിരി തീര്‍ത്ഥാടനം നടത്തിയത്. സായിപ്പന്മാര്‍ ഇന്ത്യവിട്ടുപോകണമെന്ന മുദ്രാവാക്യം ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലത്താണ് ശിവിഗിരി തീര്‍ത്ഥാടനം സായിപ്പന്മാരുടെ ആണ്ടുപിറവിദിനമായ ജനുവരി ഒന്നിനായിരിക്കണമെന്ന് ഗുരു നിശ്ചയിച്ചത്. ഈ നിലപാടില്‍ ഗുരുവിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. ഇന്ത്യയില്‍ കൊടികുത്തിവാണിരുന്ന ജാതിവ്യവസ്ഥയ്ക്ക് ചെറുതായെങ്കിലുമൊരു ഇളക്കമുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ കാരണമായി. സായിപ്പന്മാര്‍ ഇന്ത്യവിട്ടുപോകണമെന്നു പറയുന്ന പലരുടെയും കാപട്യം തിരിച്ചറിയാനുള്ള ബുദ്ധി ഗുരുവിനുണ്ടായിരുന്നു.
ഈഴവര്‍ ക്ഷേത്രപ്രവേശനമാവശ്യപ്പെട്ട കാലത്ത്, ‘ഈഴവര്‍ക്ക് കൊടുക്കണം; ഉടന്‍ കൊടുക്കണം; ഈഴവന്റെ മുതുകത്തുതന്നെ കൊടുക്കണം’ എന്ന പറഞ്ഞ ഒ.എന്‍. കൃഷ്ണക്കുറുപ്പിനെപ്പോലുള്ള ‘സ്വരാജ്യവാദി’കളായിരുന്നു അന്നുണ്ടായിരുന്നത്. ഇത്തരം ‘സ്വരാജ്യവാദ’ികളെക്കാള്‍ നല്ലത് സായിപ്പന്മാരാണ് എന്ന തിരിച്ചറിവ് ശ്രീനാരായണഗുരുവിനുണ്ടായിരുന്നു.  മറ്റു ചില സന്ദര്‍ഭങ്ങളിലും ഗുരു സായിപ്പന്മാരെ ന്യായീകരിച്ച് സംസാരിച്ചിട്ടുണ്ട്. ഒന്നാംലോക മഹായുദ്ധം നടക്കുന്ന കാലത്ത് സ്വാമികളും ഒരു ശിഷ്യനുമായി ഇങ്ങനെ ഒരു സംവാദമുണ്ടായി.ഗുരു: ഇംഗ്ലീഷുകാര്‍ ജയിക്കാന്‍ നാമൊക്കെ പ്രാര്‍ത്ഥിക്കണം. നമുക്കൊക്കെ സന്ന്യാസം നല്കിയ ഗുരുക്കന്മാരാണവര്‍.
ശിഷ്യന്‍: സന്ന്യാസം നല്കുക എന്നുവച്ചാല്‍ മന്ത്രോപദേശം ചെയ്തു കാഷായം നല്കുകയാണു പതിവ്. തൃപ്പാദങ്ങള്‍ കല്പിച്ചതിന്റെ അര്‍ത്ഥം മനസ്സിലായില്ല.
ഗുരു: ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്ന്യസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതികള്‍ നോക്കി ഭരിക്കുന്നവരല്ലായോ? വൈക്കം സത്യാഗ്രഹകാലത്തു കോട്ടന്‍സായ്പവര്‍കളുടെ കൂടെ ഒന്നിച്ചുപോയ ഒരു തീയ്യന്, നിരോധിക്കപ്പെട്ട റോഡില്‍ക്കൂടി പോകാന്‍ തടസ്സമുണ്ടായില്ലെന്ന് അറിഞ്ഞപ്പോള്‍
ഗുരു ഇങ്ങനെ പറഞ്ഞു: ”കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ. ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിനു വിരോധമില്ല. സായ്പിന്റെ ഭരണംകൊണ്ട് പലേ ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍ ജന്മനാ തുല്യരാണെന്ന് വിശ്വസിക്കുകയും
അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ വഴിക്കേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റുമായിരുന്നുള്ളൂ.
ഇതുകൊണ്ടുതന്നെയാണ് ബാബാ സാഹേബ് ഡോ. ബി.ആര്‍.അംബേദ്ക്കറും ബ്രിട്ടീഷ് സായിപ്പന്മാരുടെ കാര്യത്തില്‍ ശ്രീനാരായണഗുരുവിനെപ്പോലെത്തന്നെ ചിന്തിച്ചത്……………………….
സഹായഗ്രന്ഥം: നാരായണഗുരു, പി.കെ.ബാലകൃഷ്ണന്‍

0 comments:

Post a Comment