Tuesday, 26 September 2017

ഗുരുദേവനും നവോത്ഥാനവും


വിവേകാനന്ദ സ്വാമികള്‍ കണ്ട കേരളം ‘ഭ്രാന്താലയം’. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കകം. സര്‍വസമുദായ മൈത്രിയുടെ തീര്‍ഥാലയമായി കേരളം. ഇതിന്റെ പിന്നില്‍ സര്‍ഗ്ഗാത്മകമായി പ്രതിപ്രവര്‍ത്തിപ്പിച്ച കൈകള്‍ നാരായണ ഗുരുദേവന്റേതായിരുന്നുവെന്നത് ചരിത്ര സത്യം.
ഒരു സാധാരണ കുടുംബത്തില്‍ വയല്‍വാരത്ത് താമസിക്കുന്ന നാണു എന്ന കുട്ടി തൊട്ടടുത്തുള്ള അരുവിയില്‍ കുളിക്കാനിറങ്ങി. സമപ്രായക്കാരനായ കൂട്ടുകാരന്‍ നാണുവിന്റെ പുറം തേച്ചുകൊടുത്തു. ഇക്കാര്യ അറിഞ്ഞ അമ്മാവന്‍ നാണുവിനെ പൊതിരെ തല്ലി. തൊട്ടു-കൂടാത്തവനും തീണ്ടി-ക്കൂടാത്തവനുമായ കുട്ടി നാണുവിന്റെ പുറം തേച്ച് കൊടുത്തതിന്റെ അരിശം തീര്‍ത്തതായിരുന്നു അമ്മാവന്‍.
കുട്ടിക്കാലത്ത് കിട്ടിയ ആ അടിയുടെ ചൂടും വേദനയും സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും വേര്‍തിരിവുകളുടെയും ലോകത്തേയ്ക്കാണ് നാണുവിനെ നയിച്ചത്. പിന്നീടുണ്ടായ സത്യാന്വേഷപ്രവര്‍ത്തനങ്ങളാണ് നാണുവിനെ ശ്രീനാരായണ ഗുരുവായി അംഗീകരിക്കാന്‍ ഇടയായത്. ദേശീയ പ്രസ്ഥാന ധാപയിലെ കര്‍മ്മപരിപാടികളുടെ വികാസത്തിന് ആവശ്യമായ പശ്ചാത്തലവും സാമൂഹിക വീക്ഷണവും കേരളത്തില്‍ പ്രദാനം ചെയ്തുവെന്നതാണ് ഗുരുദേവനെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കുന്നത്. വേദ-ഉപനിഷത്തുക്കളുടേയും പിന്‍ബലത്തില്‍ സവര്‍ണ്ണ മേധാവിത്വം നിലനിര്‍ത്തിയിരുന്ന ജാതീയവും മതപരവുമായ വേര്‍തിരിവുകളെയും അരുവിപ്പുറത്തെ 1888ലെ ഒരൊറ്റ ക്ഷേത്ര പ്രതിഷ്ഠയിലൂടെ ഗുരുദേവന്‍ വെട്ടി നീക്കി. രക്തപങ്കിലമാകാതെയുള്ള ഈ ക്ഷേത്രപ്രതിഷ്ഠ സവര്‍ണ്ണ മേധാവിത്വത്തിനെതിരെയുള്ള വന്‍ പ്രഹരമായിരുന്നു. ക്ഷേത്ര മതിലില്‍ ആലേഖനം ചെയ്യപ്പെട്ട
ജാതിഭേതം മതദ്വേഷം
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേണ വാഴുന്ന
മാതൃകാ സ്ഥാനമാമിത്.’
എന്ന ഗുരു സന്ദേശം സൗഹാര്‍ദ്ദ മനോഭാവത്തിന്റെയും സമന്വയത്തിന്റെയും വിളംബരം.
ശ്രീബുദ്ധന്‍ തെളിയിച്ച മാനവ സ്‌നേഹത്തിന്റെ ധര്‍മ്മരശ്മികള്‍ ശ്രീ ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്താല്‍ കൂടുതല്‍ പ്രകാശമാനമായെങ്കിലും ‘പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബ’മായി അനുഭവപ്പെട്ടത് ശ്രീനാരായണ ഗുരുവിന്റെ കാലത്തായിരുന്നു. അദ്വൈത സിദ്ധാന്തത്തെ സാമാന്യ ലോകത്തിന് സുഗ്രഹ്യമാക്കാനുതകുന്ന കര്‍മ്മപദ്ധതികല്‍ നടപ്പിലാക്കുമ്പോഴും സവര്‍ണര്‍ കൈയടക്കി വെച്ചിരുന്ന പ്രമാണങ്ങളും അനുഷ്ഠാനങ്ങളും സര്‍വര്‍ക്കും തുല്യമാണെന്ന് പ്രഖ്യാപിക്കുവാന്‍ ഗുരുദേവന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു. സമത്വ-സാഹോദര്യ-സ്വാതന്ത്ര്യത്തിന് വിലങ്ങ്തടിയായ അനുശാസനങ്ങളെ നിഷ്‌കരുണം യുക്തിയുക്തമായി നിരാകരിക്കുവാനും നിഷേധിക്കുവാനും ഗുരുദേവന്‍ മടികാണിച്ചില്ല. അഖണ്ഡമായ സമത്വവും സാര്‍വ്വ ലൗകികമായ സൗഭ്രാത്വവും, അതാണ് ശ്രീനാരായണ ദര്‍ശനത്തിന്റെ അന്തസത്ത.
ഭൗതിക പുരോഗതി സംബന്ധിച്ച ഗുരുദേവ വീക്ഷണം വ്യക്തമാക്കുന്നതാണ് ശിവഗിരി തീര്‍ഥാടന സന്ദേശം.
കൃസ്തുവര്‍ഷാവസാന ദിനമായ ഡിസംബര്‍ 31നും പൊതുവര്‍ഷ ദിനമായ ജനുവരി ഒന്നിനുമായി നിശ്ചയിച്ചത് തന്നെ സര്‍വ്വസമുദായ സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് പകിട്ട് കൂട്ടി.
വിദ്യാഭ്യാസം, ശുചിത്വം, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ദ ചര്‍ച്ചകളും പ്രായോഗിക അജണ്ടയുമാണ് തീര്‍ഥാടന ലക്ഷ്യമായി ഗുരുദേവന്‍ കണ്ടത്. വിഷയങ്ങള്‍ ചര്‍ച്ചചെയ്താല്‍ മാത്രം പോര, പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമെ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകൂ. ഗുരുദവന്റെ ശിവഗിരി തീര്‍ഥാടന സന്ദേശം, വര്‍ത്തമാനകാലത്തിലും പ്രസക്തിയോടെ, പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നത്.
ക്ഷേത്രസങ്കല്‍പ്പത്തിലും വ്യത്യസ്ത സമീപനമായിരുന്നു ഗുരുദേവന്റേത്. മാനവീകത പ്രയോഗിക്കുകയാണ് ആത്മീയതയുടെ ഏറ്റവും വലിയ ദൗത്യം. മാനവീകതയുടെ സാക്ഷാത്കാരത്തിന് വേണ്ടി നലികൊള്ളുമ്പോള്‍ മാത്രമെ ആത്മീയത സഫലമാകൂ.- ഗുരുദേവന്‍ ഓര്‍മ്മിപ്പിക്കുന്നു.
ക്ഷേത്രപരിസരം വൃക്ഷങ്ങളാലും പൂന്തോട്ടങ്ങളാലും അലംകൃതമായിരിക്കണം. വിശ്രമിക്കാനും സദ്‌വികാരങ്ങള്‍ വളര്‍ത്താനും ഇത് ഉപകരിക്കും. സമൂഹസംഗമത്തില്‍ സാമൂഹികോദ്ധാരണണത്തിനുമുള്ള ആസ്ഥാനമായി ക്ഷേത്രം പരിവര്‍ത്തനം ചെയ്യപ്പെടണമെന്നു ഗുരു ഉപദേശിക്കുന്നു.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ക്ഷേത്രങ്ങളെക്കാള്‍ വിദ്യാലയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നതായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. വിദ്യകൊണ്ട് പ്രഭുദ്ധരാകുക എന്ന ഗുരുവചനം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ശക്തം
‘ഇനി ക്ഷേത്ര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞ് വരികയാണ്. അമ്പലം പണിയാന്‍ പണം ചെലവിടുന്നത് ദുര്‍വ്യയമായി ദുഖിക്കാന്‍ ഇടയുണ്ടെന്നും പ്രധാന ദേവാലയം വിദ്യാലയമാണെന്നും പണം പിരിച്ച് വിദ്യാലയങ്ങളുണ്ടാക്കാന്‍ ഉത്സാഹിക്കണം’, ഇത് 1917ല്‍ ഗുരുദേവന്‍ നടത്തിയ ആഹ്വാനം.
സ്ത്രീകളുടെ ഉന്നമനത്തിന് സ്ത്രീ സമാജങ്ങള്‍ ആരംഭിക്കണമെന്നും ഗുരു ഉത്‌ബോധിപ്പിച്ചു. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കുന്ന ശാസ്ത്ര-സാങ്കേതി വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഗുരു.
ഗ്രഹശുദ്ധി, പരിസര ശുദ്ധി, ശരീരശുദ്ധി, ഇന്ദ്രിയ ശുദ്ധി, വാക്ശുദ്ധി എന്നീ പഞ്ച ശുദ്ധി അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം ഗുരു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. ഇന്ന് സമൂഹത്തെ വീര്‍പ്പുമുട്ടിക്കുന്ന പകര്‍ച്ച വ്യാദികലില്‍ നിന്നും പരസ്പര സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാനുള്ള ഒരു ഒറ്റമൂലിയായി ഗുരുവിന്റെ പഞ്ചശുദ്ധിയെ കണക്കാക്കാം.
1914ല്‍ ആലുവയില്‍ വെച്ച് സംഘടിപ്പിച്ച ലോക സര്‍വമത സമ്മേളനത്തിന്റെ മുഖമുദ്ര ‘അറിയാനും അറിയിക്കാനുമാണ്- വാദിക്കാനും ജയിക്കാനുമല്ല’ എന്നതായിരുന്നു. സംഘര്‍ഷമല്ല, സമന്വയവും സഹോദര്യ വീണൃവുമാണ് ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഏറെ തിളക്കത്തോടെ സമൂഹത്തിന്റെ വഴികാട്ടിയായി നിലകൊള്ളുവാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് കഴിയുന്നതും അതുകൊണ്ടാണ്.
തോപ്പില്‍ ധര്‍മ്മരാജന്‍

0 comments:

Post a Comment