SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday, 26 September 2017

ഗുരുദേവന്റെ മതവീക്ഷണം.


പ്രിയമൊരു ജാതിയിതെൻ പ്രിയം ത്വദീയ

പ്രിയമപര അപ്രിയമെന്ന നേകമായി

പ്രിയ വിഷയം പ്രതി വന്നിടും ഭ്രമം തൽ

പ്രിയമപ രഅപ്രിയമെന്നറിഞ്ഞിടേണം

…………

പ്രിയമപരന്റെയതെൻ പ്രിയം സ്വകീയ

പ്രിയമപര അ പ്രിയ മി പ്രകാരമാകും

നയ മതി നാലെ നരന്നു നൻമ നൽകും

ക്രിയ യപര പ്രിയ ഹേതുവായ് വരേണം

…………..
ശ്രീനാരായണ ഗുരുദേവൻ പുതിയതായി ഒന്നും പറഞ്ഞില്ല.. ഒന്നിനേയും നിഷേധിച്ചുമില്ല. ലോക നൻമ ആഗ്രഹിക്കുന്നവർ പാലിക്കേണ്ട ചില നയങ്ങൾ മാത്രമാണ് പറഞ്ഞത്. ഓരോരുത്തർക്കും സ്വന്തം മതത്തിൽ പ്രിയ മുണ്ടാകും. സ്വന്തം മതം ശരിയെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല. പക്ഷേ അത് മറ്റുള്ളവർക്ക് അപ്രിയ കര (ദോഷകര) മാകരുത്. മറ്റുള്ളവരുടെ മതം തെറ്റെന്ന് പറയുന്നതിൽ നിന്നാണ് മത കലഹങ്ങളുടെ ആരംഭം. മറ്റുള്ളവരെ പാപിയായും കാഫ റായും അധകൃതനായും ഒക്കെ കാണുന്നതാണ് തെറ്റ്. ഒരിക്കൽ ഗുരുദേവന്റെ അടുത്ത് ചില സുവിശേഷ പ്രവർത്രെത്തി, സ്വർഗത്തിലേക്കുള്ള ഏക വഴി ക്രിസ്തുവാണെന്ന് പറഞ്ഞു. ഗുരുദേവൻ ഒരു ചോദ്യമേ ചോദിയുള്ളു. മനുഷ്യൽ ഭൂമിയിലുണ്ടായിട്ട് ലക്ഷകണക്കിന് വർഷങ്ങളായി. ക്രിസ്തു ജനിക്കുന്നതിനു മുൻപ് ജനിച്ചവരെല്ലാം നരകത്തിലാണോ പോയത് എന്നു മാത്രം.

മനുഷ്യൻ തീയിൽ വെന്ത കിഴക്കുകൾ ഭക്ഷിച്ചു തുടങ്ങിയത് ആദ്യ ശാസ്ത്രീയ കണ്ടുപിടുത്തമായി കണക്കാക്കാം. അതിനു ശേഷം ഉണ്ടായ എല്ലാ കണ്ടുപിടുത്തങ്ങളും അനുപൂരകങ്ങളാണ്. പഴയതിൽ നിന്നാണ് പുതിയ കണ്ടുപിടുത്തമുണ്ടാകുന്നത്. അതുപോലെ മതങ്ങളും.  പുതിയ ഒരു  മതമുണ്ടാകുമ്പോൾ അതിനു മുൻപുണ്ടായിരുന്ന മതങ്ങളിലെ പല ഭാഗങ്ങളും അതിലുണ്ടായിരിക്കും – അതിനെ അടിച്ചുമാറ്റലെന്നൊക്കെ പറയുന്നത് തരം താണ ചാപല്യമാണ്.. അത് സ്വാഭാവികമാണ്. അയ്യായിരത്തിലേറെ വർഷം പഴക്കമുള്ള ഈശാവാസോവ നിഷത്തിൽ പറയുന്ന ഏക ദൈവ സിദ്ധാന്തമാണ്  ബൈബിളും പറയുന്നത്. എന്നാൽ ഭാരതീയ മതങ്ങളിൽ അദ്വൈതികൾ മാത്രമേ അതംഗീകരിക്കുന്നുള്ളു. രാജ്യം ഭരിക്കുന്നത് മന്ത്രിസഭ ആണെങ്കിലും കാര്യങ്ങൾ നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥരാണ്. അതുപോലെ ദൈവമാണ് ലോക നിയതാവ് എങ്കിലും കാര്യങ്ങൾ നടപ്പിലാൻ പ്രതേകം ദേവീദേവൻമാരുണ്ടെന്നതാണ്  ഭാരതീയ മതങ്ങളുടെ കാഴ്ചപ്പാട് – അതിനെ ബഹുദൈവ ആരാധന എന്നാക്കെ പറയുന്നത് വിവരക്കേടാണ്. സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും ഒക്കെ പല മതങ്ങളും ശാസ്ത്രവും ഒക്കെ വ്യത്യസ്തമായാണ് വിവരിക്കുന്നത്. അതു കൊണ്ട് ബഹുസൂര്യ വാദമെന്നോബഹുഭൂമി വാദമെന്നോ പറയാനാകുമോ.

ഈശൽ ജഗത്തിലെല്ലാമായ് വന്നിക്കുന്നേ തു കൊണ്ടു നീ

ചരിക്ക മുക്തനായ് ആശിക്കരുതാരുടെയും ധനം

അല്ലെങ്കി ലന്ത്യം വരേക്കും കർമം ചെയ്തിട്ട സംഗനായ്

ഇരിക്കുകയതല്ലാതില്ലൊന്നും നരന് ചെയ്യുവാൻ

(ഗുരുദേവക്കതം ഈശാവാസോ പതിഷത് പരിഭാഷ)

ദൈവത്തിനുള്ള ആരാധന എന്നത് നല്ല പ്രവ്യത്തിമാത്രമാണ്. ദുഷ്കർമങ്ങൾ ചെയ്തിട്ട്  പ്രർത്ഥിച്ചാലോ കിർ തിച്ചാലോ പൂജിച്ചാലോ ഒന്നും പാപം തീരില്ല. അങ്ങിനെ തീർന്നാൽ ദൈവം നീതിമാനല്ലാതെയാകും.

ദൈവത്തിന് കുറെ ആരാധകരെ ഉണ്ടാക്കി കൊടുക്കത്തമെന്നു പറഞ്ഞ് ആർ കെങ്കിലും കോൺട്രാക്റ്റ് കൊടുത്തിട്ടുണ്ടോ? എന്തിനാത്ത് കോടികഞക്കിന് രൂപ വർഷം തോറും മുടക്കി ആളുകളെ മതം മാറ്റുന്നത്. ദൈവം ഒരു മുഖസ്തുതി പ്രിയനാണോ? അവരവരുടെ വിശ്വാസങ്ങളിൽ കൂടുതൽ ആൾ സ്വാധീനം ഉണ്ടാക്കുവാനുള്ള മോഹം മാനുഷികമായ സംഘടനാ ലക്ഷ്യമാണ്. അല്ലാതെ ദൈവം പറയുന്നതല്ല ക്രിസ്തുവിൽ വിശ്വസിച്ചാൽ സ്വർഗം കിട്ടുമെന്ന് വിശ്വാസമുള്ളവർ അങ്ങിനെ ചെയ്യടെ. നബിയെ ആശ്രയിച്ചാൽ സ്വർഗം കിട്ടുമെന്ന് വിശ്വാസമുള്ളവർ അങ്ങിനെ ചെയ്യട്ടേ . ഹിന്ദുവിശ്വാസമോ ബുദ്ധനോകെ ജനനോ ശരിയെന്നു തോന്നുന്നവർ അങ്ങിനെ ചെയ്യട്ടെ. തന്റെ വിശ്വാസം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണല്ലോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ലോകം മുഴുവനും ഒരു മതം മാത്രമാവുന്നതോ യുക്തിവാദികൾ പറയുന്നതുപോലെ ഒരു മതവും ഇല്ലാതാവുന്നതോ സംഭവടമല്ല.. അത്യ മതങ്ങളെ ആദരിക്കാൻ ആക്ഷേപിക്കാതിരിക്കാൻ ഉള്ള മനസ്ഥിതി ഉണ്ടായാലേ സമാധാനം ഉണ്ടാവുകയുള്ളു. ഗുരുദേവൻ പറഞ്ഞതതാണ്. അല്ലാതെ തൈക്കാട്ട് ശിവരാജ ഗുരുവിൽ നിന്നും (അയ്യ സ്വാമി) മന്ത്രദീക്ഷ വാങ്ങി മരുത്വമലയിൽ പിള്ള തടം ഗുഹയിൽ കു മാ രതന്ത്ര വിധി അനുസരിച്ച് തപസിരുന്ന് സിദ്ധി നേടിയ ഗുരുദേവൻ മതമില്ല എന്നും ദൈവമില്ല എന്നും പറഞ്ഞു എന്നത് യുക്തിക്കു നിരക്കുന്ന വാദമാണോെ?

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ

ന്നൊരു മതവും പൊരുതാലൊടുങ്ങുകില്ല

എല്ലാവരേയും എന്റെ മതത്തിൽ കൊണ്ടുവന്ന് സ്വർഗത്തിൽ എത്തിക്കണമെന്ന് വാശി പിടിച്ച് ഭൂമി നരകമാക്കാതെ ഇരിക്കുന്നതല്ലേ ശരി. നരകത്തിൽ പോകുന്നവർ പൊയ്കോട്ടെ എന്നു വിചാരിച്ചാൽ ഭൂമി സ്വർഗമാക്കാം.


 Soman T N   

ഗുരുദേവനും നവോത്ഥാനവും


വിവേകാനന്ദ സ്വാമികള്‍ കണ്ട കേരളം ‘ഭ്രാന്താലയം’. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കകം. സര്‍വസമുദായ മൈത്രിയുടെ തീര്‍ഥാലയമായി കേരളം. ഇതിന്റെ പിന്നില്‍ സര്‍ഗ്ഗാത്മകമായി പ്രതിപ്രവര്‍ത്തിപ്പിച്ച കൈകള്‍ നാരായണ ഗുരുദേവന്റേതായിരുന്നുവെന്നത് ചരിത്ര സത്യം.
ഒരു സാധാരണ കുടുംബത്തില്‍ വയല്‍വാരത്ത് താമസിക്കുന്ന നാണു എന്ന കുട്ടി തൊട്ടടുത്തുള്ള അരുവിയില്‍ കുളിക്കാനിറങ്ങി. സമപ്രായക്കാരനായ കൂട്ടുകാരന്‍ നാണുവിന്റെ പുറം തേച്ചുകൊടുത്തു. ഇക്കാര്യ അറിഞ്ഞ അമ്മാവന്‍ നാണുവിനെ പൊതിരെ തല്ലി. തൊട്ടു-കൂടാത്തവനും തീണ്ടി-ക്കൂടാത്തവനുമായ കുട്ടി നാണുവിന്റെ പുറം തേച്ച് കൊടുത്തതിന്റെ അരിശം തീര്‍ത്തതായിരുന്നു അമ്മാവന്‍.
കുട്ടിക്കാലത്ത് കിട്ടിയ ആ അടിയുടെ ചൂടും വേദനയും സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും വേര്‍തിരിവുകളുടെയും ലോകത്തേയ്ക്കാണ് നാണുവിനെ നയിച്ചത്. പിന്നീടുണ്ടായ സത്യാന്വേഷപ്രവര്‍ത്തനങ്ങളാണ് നാണുവിനെ ശ്രീനാരായണ ഗുരുവായി അംഗീകരിക്കാന്‍ ഇടയായത്. ദേശീയ പ്രസ്ഥാന ധാപയിലെ കര്‍മ്മപരിപാടികളുടെ വികാസത്തിന് ആവശ്യമായ പശ്ചാത്തലവും സാമൂഹിക വീക്ഷണവും കേരളത്തില്‍ പ്രദാനം ചെയ്തുവെന്നതാണ് ഗുരുദേവനെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കുന്നത്. വേദ-ഉപനിഷത്തുക്കളുടേയും പിന്‍ബലത്തില്‍ സവര്‍ണ്ണ മേധാവിത്വം നിലനിര്‍ത്തിയിരുന്ന ജാതീയവും മതപരവുമായ വേര്‍തിരിവുകളെയും അരുവിപ്പുറത്തെ 1888ലെ ഒരൊറ്റ ക്ഷേത്ര പ്രതിഷ്ഠയിലൂടെ ഗുരുദേവന്‍ വെട്ടി നീക്കി. രക്തപങ്കിലമാകാതെയുള്ള ഈ ക്ഷേത്രപ്രതിഷ്ഠ സവര്‍ണ്ണ മേധാവിത്വത്തിനെതിരെയുള്ള വന്‍ പ്രഹരമായിരുന്നു. ക്ഷേത്ര മതിലില്‍ ആലേഖനം ചെയ്യപ്പെട്ട
ജാതിഭേതം മതദ്വേഷം
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേണ വാഴുന്ന
മാതൃകാ സ്ഥാനമാമിത്.’
എന്ന ഗുരു സന്ദേശം സൗഹാര്‍ദ്ദ മനോഭാവത്തിന്റെയും സമന്വയത്തിന്റെയും വിളംബരം.
ശ്രീബുദ്ധന്‍ തെളിയിച്ച മാനവ സ്‌നേഹത്തിന്റെ ധര്‍മ്മരശ്മികള്‍ ശ്രീ ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്താല്‍ കൂടുതല്‍ പ്രകാശമാനമായെങ്കിലും ‘പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബ’മായി അനുഭവപ്പെട്ടത് ശ്രീനാരായണ ഗുരുവിന്റെ കാലത്തായിരുന്നു. അദ്വൈത സിദ്ധാന്തത്തെ സാമാന്യ ലോകത്തിന് സുഗ്രഹ്യമാക്കാനുതകുന്ന കര്‍മ്മപദ്ധതികല്‍ നടപ്പിലാക്കുമ്പോഴും സവര്‍ണര്‍ കൈയടക്കി വെച്ചിരുന്ന പ്രമാണങ്ങളും അനുഷ്ഠാനങ്ങളും സര്‍വര്‍ക്കും തുല്യമാണെന്ന് പ്രഖ്യാപിക്കുവാന്‍ ഗുരുദേവന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു. സമത്വ-സാഹോദര്യ-സ്വാതന്ത്ര്യത്തിന് വിലങ്ങ്തടിയായ അനുശാസനങ്ങളെ നിഷ്‌കരുണം യുക്തിയുക്തമായി നിരാകരിക്കുവാനും നിഷേധിക്കുവാനും ഗുരുദേവന്‍ മടികാണിച്ചില്ല. അഖണ്ഡമായ സമത്വവും സാര്‍വ്വ ലൗകികമായ സൗഭ്രാത്വവും, അതാണ് ശ്രീനാരായണ ദര്‍ശനത്തിന്റെ അന്തസത്ത.
ഭൗതിക പുരോഗതി സംബന്ധിച്ച ഗുരുദേവ വീക്ഷണം വ്യക്തമാക്കുന്നതാണ് ശിവഗിരി തീര്‍ഥാടന സന്ദേശം.
കൃസ്തുവര്‍ഷാവസാന ദിനമായ ഡിസംബര്‍ 31നും പൊതുവര്‍ഷ ദിനമായ ജനുവരി ഒന്നിനുമായി നിശ്ചയിച്ചത് തന്നെ സര്‍വ്വസമുദായ സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് പകിട്ട് കൂട്ടി.
വിദ്യാഭ്യാസം, ശുചിത്വം, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ദ ചര്‍ച്ചകളും പ്രായോഗിക അജണ്ടയുമാണ് തീര്‍ഥാടന ലക്ഷ്യമായി ഗുരുദേവന്‍ കണ്ടത്. വിഷയങ്ങള്‍ ചര്‍ച്ചചെയ്താല്‍ മാത്രം പോര, പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമെ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകൂ. ഗുരുദവന്റെ ശിവഗിരി തീര്‍ഥാടന സന്ദേശം, വര്‍ത്തമാനകാലത്തിലും പ്രസക്തിയോടെ, പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നത്.
ക്ഷേത്രസങ്കല്‍പ്പത്തിലും വ്യത്യസ്ത സമീപനമായിരുന്നു ഗുരുദേവന്റേത്. മാനവീകത പ്രയോഗിക്കുകയാണ് ആത്മീയതയുടെ ഏറ്റവും വലിയ ദൗത്യം. മാനവീകതയുടെ സാക്ഷാത്കാരത്തിന് വേണ്ടി നലികൊള്ളുമ്പോള്‍ മാത്രമെ ആത്മീയത സഫലമാകൂ.- ഗുരുദേവന്‍ ഓര്‍മ്മിപ്പിക്കുന്നു.
ക്ഷേത്രപരിസരം വൃക്ഷങ്ങളാലും പൂന്തോട്ടങ്ങളാലും അലംകൃതമായിരിക്കണം. വിശ്രമിക്കാനും സദ്‌വികാരങ്ങള്‍ വളര്‍ത്താനും ഇത് ഉപകരിക്കും. സമൂഹസംഗമത്തില്‍ സാമൂഹികോദ്ധാരണണത്തിനുമുള്ള ആസ്ഥാനമായി ക്ഷേത്രം പരിവര്‍ത്തനം ചെയ്യപ്പെടണമെന്നു ഗുരു ഉപദേശിക്കുന്നു.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ക്ഷേത്രങ്ങളെക്കാള്‍ വിദ്യാലയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നതായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. വിദ്യകൊണ്ട് പ്രഭുദ്ധരാകുക എന്ന ഗുരുവചനം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ശക്തം
‘ഇനി ക്ഷേത്ര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞ് വരികയാണ്. അമ്പലം പണിയാന്‍ പണം ചെലവിടുന്നത് ദുര്‍വ്യയമായി ദുഖിക്കാന്‍ ഇടയുണ്ടെന്നും പ്രധാന ദേവാലയം വിദ്യാലയമാണെന്നും പണം പിരിച്ച് വിദ്യാലയങ്ങളുണ്ടാക്കാന്‍ ഉത്സാഹിക്കണം’, ഇത് 1917ല്‍ ഗുരുദേവന്‍ നടത്തിയ ആഹ്വാനം.
സ്ത്രീകളുടെ ഉന്നമനത്തിന് സ്ത്രീ സമാജങ്ങള്‍ ആരംഭിക്കണമെന്നും ഗുരു ഉത്‌ബോധിപ്പിച്ചു. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കുന്ന ശാസ്ത്ര-സാങ്കേതി വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഗുരു.
ഗ്രഹശുദ്ധി, പരിസര ശുദ്ധി, ശരീരശുദ്ധി, ഇന്ദ്രിയ ശുദ്ധി, വാക്ശുദ്ധി എന്നീ പഞ്ച ശുദ്ധി അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം ഗുരു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. ഇന്ന് സമൂഹത്തെ വീര്‍പ്പുമുട്ടിക്കുന്ന പകര്‍ച്ച വ്യാദികലില്‍ നിന്നും പരസ്പര സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാനുള്ള ഒരു ഒറ്റമൂലിയായി ഗുരുവിന്റെ പഞ്ചശുദ്ധിയെ കണക്കാക്കാം.
1914ല്‍ ആലുവയില്‍ വെച്ച് സംഘടിപ്പിച്ച ലോക സര്‍വമത സമ്മേളനത്തിന്റെ മുഖമുദ്ര ‘അറിയാനും അറിയിക്കാനുമാണ്- വാദിക്കാനും ജയിക്കാനുമല്ല’ എന്നതായിരുന്നു. സംഘര്‍ഷമല്ല, സമന്വയവും സഹോദര്യ വീണൃവുമാണ് ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഏറെ തിളക്കത്തോടെ സമൂഹത്തിന്റെ വഴികാട്ടിയായി നിലകൊള്ളുവാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് കഴിയുന്നതും അതുകൊണ്ടാണ്.
തോപ്പില്‍ ധര്‍മ്മരാജന്‍

ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ലക്ഷ്യം മറക്കുന്നുവോ?


മൂഹത്തില്‍ നിലനിന്നിരുന്ന അസമത്വവും അനീതിയും എങ്ങനെ ഇല്ലാതാക്കാമെന്ന ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ചിന്തയുടേയും ഫലമായാണ് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിതമായത്. ഡോ. പല്‍പുവിനുണ്ടായ തിക്താനുഭവം മാത്രമായിരുന്നില്ല യോഗ രൂപികരണത്തിന് പ്രേരണയായത്. സാധുക്കളായ സാധാരണക്കാര്‍ നൂറ്റാണ്ടുകളായനുഭവിച്ചുകൊണ്ടിരുന്ന യാതനകളില്‍നിന്ന് അവരെ മോചിപ്പിക്കുവാനുള്ള ഉത്പതിഷ്ണുക്കളായ മഹാന്മാരുടെ അധമ്യമായ ആഗ്രഹമായിരുന്നു അവര്‍ ശ്രീനാരായണ ഗുരുവിനെ അറിയിച്ചത്. യോഗരൂപീകരണത്തിനുവേണ്ടി മുന്‍കൈയെടുത്തവരാരും തന്നെ നിസാരക്കാരായിരുന്നില്ല. മഹാകവി കുമാരനാശാനുള്‍പ്പെടെയുള്ള ധാരാളം മഹാത്മാക്കള്‍ക്ക് അതില്‍ നിര്‍ണ്ണായക പങ്കുണ്ട്. ശ്രീനാരായണ ധര്‍മപരിപാലനയോഗത്തിന്റെ നിയമപരമായ സൃഷ്ടാവ് ഡോ. പല്പുവാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം ലഭ്യമാണെങ്കിലും ഗുരുവിന് ഇങ്ങനെയൊരു സംഘടനയുടെ ആവശ്യകത തികച്ചും ബോദ്ധ്യമായിരുന്നു. അതുകൊണ്ടാകണം ഗുരു അവിടുത്തെ നാമധേയത്തില്‍ തന്നെ ഇങ്ങനെയൊരു പ്രസ്ഥാനത്തിന് അനുമതി നല്‍കിയത്. ഒരു ജാതിസംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനിയിരുന്നുവെങ്കില്‍ ഗുരു ഒരിക്കലും സ്വന്തം പേര് യോഗത്തിന് അനുവദിക്കുമായിരുന്നില്ല.
എസ്എന്‍ഡിപി യോഗം രൂപീകരണത്തിന് മുന്‍കൈയെടുത്തവരെല്ലാം ഈഴവസമുദായത്തില്‍പ്പെട്ടവരായിരുന്നു. അത്തരത്തിലൊരു ശ്രമം ഒരു സമുദായത്തില്‍ നിന്നു തുടങ്ങുവാന്‍മാത്രമേ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുവദിക്കുമായിരുന്നുള്ളൂ. സാധിക്കുമായിരുന്നുള്ളൂ. വിവിധസമുദായത്തിലുള്ളവര്‍ ഒത്തുചേരാന്‍ അന്ന് കഴിയുമായിരുന്നില്ല. ഗുരുവിനാല്‍ തുടങ്ങിയ സംഘടന പിന്നീട് സാധുജന പരിപാലനസംഘത്തിന്റേയും യോഗക്ഷേമസഭയുടേയും എന്‍എസ്എസിന്റേയുമൊക്കെ രൂപീകരണത്തിന് പ്രേരണയായി. ഓരോസമുദായത്തിലുമുണ്ടായ പരിഷ്‌ക്കരണമാണ് കേരളത്തില്‍ സാമൂഹിക പരിവര്‍ത്തനം സൃഷ്ടിച്ചത്. അതിനെയാണ് നവോത്ഥാനമെന്ന് ഇന്നുവിളിക്കുന്നത്. ഈ പുരോഗതിക്കെല്ലാമുള്ള ഒരു നടുനായകത്വം എസ്എന്‍ഡിപി യോഗത്തിനുള്ളതാണ്. അതാണ് ഈ പ്രസ്ഥാനത്തെ അദ്വിതീയമാക്കുന്നത്. കേരളത്തില്‍ വിപ്ലവപുരോഗമന പ്രസ്ഥാനങ്ങളൊക്കെ ഉണ്ടാകുവാനും വളരുവാനുമൊക്കെ ഇടയായതിന്റെ പിന്നിലും ശ്രീനാരായണ ഗുരുവിന്റെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പങ്ക് ആര്‍ക്കും നിഷേധിക്കുവാന്‍ സാധിക്കുകയില്ല. കേവലം ഒരു ജാതിസംഘടനയെന്ന നിലയിലേക്ക് യോഗം മാറ്റപ്പെടുമ്പോള്‍ യോഗത്തിന്റെ സ്ഥാപിതലക്ഷ്യവും മഹത്തായ പാരമ്പര്യവും പ്രസക്തിയുമാണ് ഇല്ലാതാകുന്നത്.
എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഗുരുസന്ദേശങ്ങളാണ്. ഗുരുസന്ദേശങ്ങള്‍ ഗുരുദര്‍ശനത്തിന്റെ പ്രകടിത രൂപമാണ്. 1888-ല്‍ അരുവിപ്പുറത്ത് ക്ഷേത്രം സ്ഥാപിച്ച് അധഃസ്ഥിതര്‍ക്ക് ആരാധനാസ്വാതന്ത്ര്യം നല്‍കികൊണ്ടാണ് ശ്രീനാരായണഗുരു സാമൂഹികമായി ഇടപെടുന്നത്. ജാതിഭേദവും മതദ്വേഷവും മനുഷ്യനേയും മനുഷ്യനേയും തമ്മില്‍ വേര്‍തിരിക്കുന്ന യാതൊന്നുമില്ലാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയും സര്‍വ്വരും സഹോദരത്വേന വാഴുന്ന മാനസികനിലയുമാണ് ഗുരു ലക്ഷ്യം വയ്ക്കുന്നതെന്ന് ഗുരുസന്ദേശം വ്യക്തമാക്കുന്നു. ഗുരുവിന്റെ അരുവിപ്പുറം സന്ദേശം തന്നെയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം. സമത്വം വളര്‍ത്തി മനുഷ്യരില്‍ സാഹോദര്യം ഉണ്ടാക്കിയെടുക്കുകയെന്ന വലിയ ലക്ഷ്യം. വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കപ്പുറം സാഹോദര്യമെന്ന മാനസീകാവസ്ഥകൂടി ഗുരുദര്‍ശനം ലക്ഷ്യം വയ്ക്കുന്നു.
സമൂഹത്തില്‍ സമത്വവും സോഷ്യലിസവും സ്വാതന്ത്ര്യവുമൊക്കെയുണ്ടാകണമെങ്കില്‍ സാഹോദര്യമെന്ന മാനസികാവസ്ഥയുണ്ടാകണമെന്ന അടിസ്ഥാനമനശാസ്ത്രതത്വം ഗുരു പ്രായോഗികമാക്കുന്നു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് സഹനസമരമോ സത്യഗ്രഹമോ അല്ല ഗുരുവിന്റെ മാര്‍ഗ്ഗം. അത് ഗാന്ധിമാര്‍ഗമാണ്. സൃഷ്ടിച്ച് നേടുകയെന്നതാണ് ഗുരുവിന്റെ മാര്‍ഗ്ഗം. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടെങ്കില്‍ സ്വന്തമായിക്ഷേത്രമുണ്ടാക്കി പ്രവേശിക്കുക. പഠിക്കുവാന്‍ അവസരം നിഷേധിച്ചെങ്കില്‍ പള്ളിക്കൂടങ്ങളുണ്ടാക്കി പഠിക്കുക. തൊഴിലില്ലെങ്കില്‍ തൊഴില്‍ ശാലയുണ്ടാക്കി തൊഴില്‍നേടുകയും മറ്റൊരാള്‍ക്കു കൂടി തൊഴിലുകൊടുക്കുകയും ചെയ്യുക. ഇങ്ങനെ എന്ത് നിഷേധിക്കപ്പെടുന്നുവോ അതുണ്ടാക്കുക. അതിന് സംഘടിത ശക്തിയെ പ്രയോജനപ്പെടുത്തുകയെന്ന പ്രായോഗികമാര്‍ഗമാണ് ഗുരുവിന്റേത്. ലോകത്തുള്ള സകലമനുഷ്യരേയും സഹോദരരാക്കുന്ന വലിയ ദര്‍ശനത്തെ പ്രായോഗികമാക്കുവാന്‍ കടമപ്പെട്ട പ്രസ്ഥാനമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍.
ഭാരതം തത്വചിന്തയുടെ നാടാണ്. ഒരുപാട് തത്വചിന്തകരും ഋഷിമാരുമൊക്കെ ഭാരതത്തിലുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അനേകരില്‍ ഒരാളായി ശ്രീനാരായണ ഗുരുവിനെ കാണുവാന്‍ കഴിയുകയില്ല. ജാതി, മതം, ദൈവം എന്നീ വിഷയങ്ങളില്‍ ഗുരുവിന്റെ കാഴ്ചപ്പാട് ഭാരതീയ ദാര്‍ശനികരില്‍ ഗുരുവിനെ വ്യത്യസ്തനാക്കുന്നു. ഈ വിഷയങ്ങളിലാണ് സമൂഹത്തില്‍ ഏറ്റവും വലിയ ചൂഷണം നടക്കുന്നത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള അജ്ഞതയെയാണ് കാലാകാലങ്ങളായി മുതലെടുത്തുകൊണ്ടിരിക്കുന്നത്. ജാതി, മതം, ദൈവം എന്നീ വിഷയങ്ങളെ ഗുരു വ്യക്തമായി പഠിപ്പിച്ചു. ഈ വിഷയങ്ങളില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ദാര്‍ശനികത ഗുരുവിന്റെ മാത്രം സവിശേഷതയാണ്.
ഗുരുവിന്റെ ദാര്‍ശനികത വെളിവാകുന്നത് അറുപത്തഞ്ചോളം വരുന്ന കൃതികളിലൂടെയാണ്. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലായി എഴുതപ്പെട്ട ഗുരുദേവകൃതികള്‍ ഇന്നും പലര്‍ക്കും പരിചിതമല്ല. ഗുരുസന്ദേശങ്ങളാണ് പ്രചുരപ്രചാരം നേടിയത്. സന്ദേശങ്ങള്‍ ദര്‍ശനത്തിലേയ്ക്കുള്ള ചൂണ്ടുപലകകള്‍മാത്രമാണ്. ഗുരുവിനെക്കുറിച്ചുള്ള സാമാന്യധാരണയെല്ലാം ഗുരുസന്ദേശങ്ങളിലൂന്നിനിന്നുകൊണ്ടുള്ളവയാണ്. ഹിമാലയത്തിലേക്കുള്ള ചൂണ്ടുപലക കണ്ടിട്ട് ഹിമാലയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതുപോലെയാണ് ഗുരുവിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അധികവും. ഗുരുവിന്റെ ദാര്‍ശനിക തനിമ തിരിച്ചറിയാത്തതുകൊണ്ടാണ് ശങ്കരാചാര്യരോടും, വൈകുണ്ഠസ്വാമികളോടും, ചട്ടമ്പിസ്വാമികളോടും, ദയാനന്ദസരസ്വതിയോടുമൊക്കെ ഗുരുവിനെ ചേര്‍ത്തുവായിക്കുന്നത്. ഗുരുവിന്റെ ദാര്‍ശനിക തനിമയും മഹത്വവും തിരിച്ചറിയുവാനും അത് സമൂഹത്തില്‍ എത്തിക്കുവാനും ഗുരുവിനാല്‍ സ്ഥാപിതമായ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. എന്നാല്‍ മാത്രമേ ഗുരുവിനെ ഗുരുവായറിയാന്‍ സമൂഹം പ്രേരിതമാകുകയുള്ളൂ.
ഭാരതീയ സംസ്‌ക്കാരത്തേയും ജീവിതത്തേയും നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്നത് ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയാണ്. ശങ്കരാചാര്യര്‍ ഉള്‍പ്പെടെയുള്ള മഹാത്മാക്കളെല്ലാം മനുഷ്യരെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്ന ഈ വ്യവസ്ഥിതിയെ അംഗീകരിച്ചപ്പോള്‍ ഗുരുമാത്രമാണ് ഈ വ്യവസ്ഥിതിയെ പൂര്‍ണമായും നിഷേധിച്ചത്. ഇത് ഗുരുവിനെ പുരോഗമനവാദികള്‍ക്കു സ്വീകാര്യനാക്കുന്നു. വേദാധികാരനിരൂപണത്തില്‍ വേദം ശൂദ്രനും പഠിക്കാമെന്ന വിപ്ലവകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ശൂദ്രനുണ്ടെന്നു ചട്ടമ്പിസ്വാമികള്‍ സമ്മതിക്കുന്നു. ശുദ്രനുണ്ടെന്നു സമ്മതിക്കുന്നതിലൂടെ വര്‍ണ്ണവ്യവസ്ഥയെ പരോക്ഷമായി ചട്ടമ്പിസ്വാമി അംഗീകരിക്കുന്നു. ഗുണകര്‍മങ്ങളെ ആധാരമാക്കി വര്‍ണവ്യവസ്ഥയെ ന്യായീകരിക്കാനുള്ള വര്‍ണവാദികളുടെ തന്ത്രത്തെ ഗുരു തികഞ്ഞ യുക്തിയോടെ നിഷേധിക്കുന്നു.
ഗുണവും കര്‍മ്മവും ശാശ്വതമല്ല. അത് സന്ദര്‍ഭാനുസരണം മാറിക്കൊണ്ടിരിക്കും. ശാശ്വതമല്ലാത്ത ഗുണകര്‍മങ്ങളാല്‍ എങ്ങനെ വര്‍ണമുണ്ടാകുമെന്ന് ഗുരു ചോദിക്കുന്നു. വര്‍ണം ശാശ്വതമാണെന്നാണ് വര്‍ണവാദികളുടെ നിലപാട്. ഇങ്ങനെ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ നിഷേധിക്കുവാനും സയുക്തം അതിന്റെ ഏതുതരത്തിലുള്ള സാധ്യതയേയും തള്ളുവാനും ഭാരതത്തില്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ഗാന്ധിജിയും ഗുരുവുമായുണ്ടായ കൂടികാഴ്ചയില്‍ ഗാന്ധിജി ചാതുര്‍വണ്യത്തെ ന്യായീകരിച്ച് സോദാഹരണം ഗുരുവിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ എത്രയുക്തമായാണ് ഗുരു ഗാന്ധിജിയെ തിരുത്തിയത്. ഗാന്ധിജിയുടെ ജാതിയെ സംബന്ധിച്ച കാഴ്ചപാടില്‍ ഗുരു മാറ്റം വരുത്തിയെന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഗാന്ധിജിയുടെ കാഴ്ചപാടില്‍ മാറ്റം വരുത്തുവാന്‍ ഗുരുവിനുകഴിഞ്ഞു എന്നു സമ്മതിക്കാന്‍ കേരളീയര്‍ക്ക് പ്രയാസമാണ്. ചരിത്രകാരന്മാര്‍ പലപ്പോഴും വസ്തുതകളെയല്ല മുന്‍വിധികളെയാണ് മുറുകെപിടിക്കുന്നത്.
മതകലപാത്തിന്റേയും മതതീവ്രവാദത്തിന്റേയും മതവത്ക്കരണത്തിന്റേയും കാലഘട്ടമാണിത്. മതത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിനെല്ലാം അടിസ്ഥാനം. മതത്തെ പഠിച്ചാല്‍മാത്രമേ മതാന്ധത മാറുകയുള്ളൂ. ഗുരുമതത്തെ പഠിപ്പിച്ചു. സകലമതങ്ങളുടേയും സാരം ഒന്നുതന്നെയാണെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. ആചാരങ്ങളിലുള്ള വ്യത്യാസമാണ് ഭിന്നമതങ്ങളുണ്ടെന്ന ധാരണയുണ്ടാക്കുന്നത്. ആചാരങ്ങള്‍ മതത്തിന്റെ പുറംചട്ടയാണ്. മതവാദികള്‍ ഈ പുറംചട്ടമാത്രമണിയുന്നവരാണ്. മതങ്ങള്‍ അതുമാത്രമാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. മതത്തിന്റെ അന്തസത്ത അറിയാന്‍ മതങ്ങള്‍ അനുവദിക്കുകയില്ല. മതത്തിന്റെ മാധുര്യം ആന്തരികതയിലാണ്. ആന്തരികതയില്‍ എല്ലാമതങ്ങളും തുല്യതപുലര്‍ത്തുന്നു. അതുകൊണ്ടാണ് പലമതസാരവും ഏകമെന്ന് ഗുരു കല്‍പ്പിച്ചത്. മതവക്താക്കള്‍ സ്വന്തം മതത്തേയും ഇതര മതങ്ങളേയും പഠിക്കുമ്പോള്‍ മാത്രമേ മതത്തിന്റെ ഏകത്വം ബോധ്യമാകുകയുള്ളൂ. മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല മതങ്ങള്‍ മനുഷ്യനുവേണ്ടിയാണ് എന്ന വലിയതിരുത്തല്‍ ഗുരുവരുത്തി. മതസ്വാതന്ത്ര്യം തടയരുതെന്നും ഏതുമതം സ്വീകരിക്കുന്നതിനും മനുഷ്യന് അവകാശമുണ്ടെന്നും ഉദ്‌ബോധിപ്പിച്ചു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന സന്ദേശം ഗുരുവിന്റെ മതദര്‍ശനത്തിന്റെ മുഖമുദ്രയാണ്. നിലവിലുള്ള ഒരു മതത്തോടും മമതയോ സംബന്ധമോയില്ലെന്നും ജാതി മതചിന്തകള്‍വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നുവെന്നുമൊക്കെ ഗുരു വിളംബരം ചെയ്തിട്ടുണ്ട്. ഹിന്ദുമതത്തെ ഒരു മതമെന്ന നിലയില്‍പോലും ഗുരു അംഗീകരിച്ചിട്ടില്ല. മഹത്തായൊരു ജീവിതശൈലിയെ-സംസ്‌ക്കാരത്തെ-മതവത്ക്കരിക്കുകയെന്ന വലിയ തെറ്റാണ് ഭാരതത്തില്‍ നൂറ്റാണ്ടുകളായി ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അഭിപ്രായമാണ് ഗുരുവിനുണ്ടായിരുന്നത്. അദ്വൈതത്തിനെ പൂണുലണിയിച്ച ആര്യമതങ്ങളെ നിഷേധിച്ച ഗുരുവിനെ പൂണൂലണിയിക്കാനാണ് ഇന്നുനമ്മള്‍ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യം സമൂഹം തിരിച്ചറിയണം. ഗുരുവിനെ ഹിന്ദുമതത്തിന്റെ വക്താവാക്കുവാനുള്ള നീക്കത്തെ എസ്എന്‍ഡിപി യോഗം ഏതു തരത്തില്‍ പിന്‍തുണക്കുന്നതും ഗുരുവിനോടുചെയ്യുന്ന അനീതിയാണ്. ഏതു തരത്തിലുള്ള പ്രലോഭനമുണ്ടാകുമ്പോഴും ഗുരുവിനേയും ഗുരുവിന്റെ ഏകലോക ദര്‍ശനത്തേയും മുറുകെപിടിക്കുവാന്‍ യോഗത്തിന് ആര്‍ജവമുണ്ടാകേണ്ടതാണ്.
ഗുരുദര്‍ശനത്തിന്റെ സവിശേഷതയെ പരിഗണിക്കാതെ അദ്വൈത ദര്‍ശനമെന്ന നിലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. ഭാരതീയ സംസ്‌ക്കാരത്തേയും ദേശീയതയേയും അവസരോചിതമായി കൂട്ടിക്കുഴച്ച് ഹിന്ദുമതവത്ക്കരണം നടത്തുന്നവര്‍ക്ക് ആയുധമാകുകയെയുള്ളൂ. സമാനതകള്‍വച്ചുകൊണ്ട് ഗുരുദര്‍ശനത്തെ വ്യഖ്യാനിക്കുന്നതിനു പകരം സമാനതകള്‍ക്കപ്പുറത്തുള്ള സവിശേഷതകാണുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ഗുരുദര്‍ശനത്തിന്റെ മഹത്വവും അതിന്റെ സാമൂഹിക പ്രാധാന്യവും തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഇതുള്‍ക്കൊള്ളാതിരുന്നാല്‍ പ്രസ്ഥാനങ്ങളുടെ താത്വിക അടിത്തറയാണ് ഇളകുന്നത്.
മതാതിഷ്ഠിത രാഷ്ട്രീയ സംഘനകള്‍ക്ക് ശ്രീനാരായണപ്രസ്ഥാനങ്ങളെ കീഴ്‌പ്പെടുത്തുവാന്‍ അനായാസം സാധിക്കും. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ സംഘടിതരാകേണ്ടതും രാഷ്ട്രീയശക്തിയാര്‍ജിക്കേണ്ടതും താക്കോല്‍സ്ഥാനങ്ങളിലെത്തേണ്ടതുമൊക്കെ ആവശ്യം തന്നെയാണ്. അത് ഗുരുദര്‍ശനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് പ്രസ്ഥാനം നേടേണ്ടതാണ്. ഭൂരിപക്ഷവര്‍ഗീയതയുടെ ഭാഗമായി ശ്രീനാരായണപ്രസ്ഥാനങ്ങള്‍ മാറിയാല്‍ പിന്നെ ശ്രീനാരായണ ഗുരുവിനും ശ്രീനാരായണപ്രസ്ഥാനങ്ങള്‍ക്കും ഒരു പ്രസക്തിയുമുണ്ടാകില്ലെന്ന് പ്രസ്ഥാനങ്ങളുടെ നേതൃത്വം തിരിച്ചറിയണം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പിന്‍തുണക്കുന്ന സമീപനത്തില്‍ നിന്ന് യോഗം പിന്‍തിരിയണം. അല്ലെങ്കില്‍ ഗുരുവിനോടും ഗുരുദര്‍ശനത്തോടും കാട്ടുന്ന കൊടിയവഞ്ചനയായിരിക്കും. മഹത്തായ എസ്എന്‍ഡിപി യോഗം ഒരു നൂറ്റാണ്ടുകൊണ്ടു സാമൂഹികനീതിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെല്ലാം നിരര്‍ത്ഥകമാകും യോഗത്തിന്റെ സംഘടിതശക്തിയെ ഗുരുദര്‍ശനത്തെ പ്രായോഗികമാക്കാന്‍ വേണ്ടിവിനിയോഗപ്പെടുത്തിയാല്‍ അത് വലിയ സമൂഹിക മുന്നേറ്റം തന്നെയുണ്ടാക്കും. അതാണ് എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ഡോ. എം ആര്‍ യശോധരന്‍

(ലേഖകന്‍ ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാണ്.)

ശ്രീനാരായണഗുരുവും സായിപ്പന്മാരും

 ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമാണല്ലോ ശിവഗിരി. ഡിസംബര്‍ 30, 31, ജനുവരി 01 തീയതികളിലാണ് ഇപ്പോള്‍ ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം നടത്തിവരാറുള്ളത്. ശ്രീനാരായണ ഗുരുതന്നെയാണ് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം നടത്തുന്നതിന് അനുമതി നല്‍കിയത്. ജനുവരി ഒന്നാണ് തീര്‍ത്ഥാടനദിനമായി ഗുരു അന്ന് നിശ്ചയിച്ചത്. ഗുരുവും ഗുരുഭക്തരായ രണ്ടുപേരും തമ്മില്‍ നടത്തിയതും ശിവഗിരി തീര്‍ത്ഥാടനം തുടങ്ങാന്‍ കാരണമായതുമായ സംഭാഷണം താഴെ കൊടുക്കുന്നു. പസ്തുത സംഭാഷണത്തില്‍ നിന്നുതന്നെ അക്കാലത്തെ സാമൂഹികാവസ്ഥയുടെ ഒരു ഏകദേശ ചിത്രം ലഭിക്കുകയും ചെയ്യും.   1928 ജനുവരി 15-ാം തീയതി കോട്ടയത്തെ നാഗമ്പടം ക്ഷേത്രത്തില്‍ ഗുരു വിശ്രമിക്കുകയായിരുന്നു.  കോട്ടയം ടി.കെ.കിട്ടന്‍ റൈട്ടര്‍, വല്ലഭശ്ശേരില്‍ ഗോവിന്ദന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെ ഭക്തജനങ്ങള്‍ ഗുരുവിനെ സന്ദര്‍ശിക്കുകയും ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രസ്തുത സംഭാഷണത്തില്‍ നിന്ന്: ഗുരു: എന്താ വൈദ്യന്‍, വിശേഷിച്ച് റൈട്ടറുമായിട്ട്?
വൈദ്യന്‍: റൈട്ടര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ച് അനുവാദ കല്‍പന വാങ്ങിക്കാനുണ്ട്.
ഗുരു: എന്താണ്. പറയാമല്ലോ. വൈദ്യന്‍: കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ട് എഴുതിവെച്ചിരിക്കുകയാണ്.  കല്‍പിച്ചാല്‍ റൈട്ടര്‍ വായിച്ചുകൊള്ളും.
റൈട്ടര്‍: ശിവഗിരി തീര്‍ത്ഥാടനം (എന്നു വായിച്ചു)
ഗുരു: തീര്‍ത്ഥാടനമോ?  ശിവഗിരിയോ?  കൊള്ളാം!  നമ്മുടെ കുഴല്‍വെള്ളത്തില്‍ കുളിക്കാം.  ശാരദാ ദേവിയെ വന്ദിക്കുകയും ചെയ്യാം.  നല്ല കാര്യം.  വായിക്കണം.  കേള്‍ക്കട്ടെ.
റൈട്ടര്‍: കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പിച്ച് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
ഗുരു: വര്‍ക്കല ജനാര്‍ദ്ദനം പുണ്യസ്ഥലമാണല്ലോ.  അതിനടുത്ത് ശിവഗിരികൂടി പുണ്യസ്ഥലമാകുമോ?
റൈട്ടര്‍:  ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ല.  അല്ലാതെ പോകുന്നവര്‍ക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്.  തൃപ്പാദങ്ങള്‍ കല്‍പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും. കല്‍പന ഉണ്ടായാല്‍ മതി.
ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടറും വൈദ്യനും വിശ്വസിക്കുന്നു അല്ലേ?
വൈദ്യന്‍: ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.
ഗുരു: അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ മൂന്നുപേരായി.  മതിയാകുമോ?
വൈദ്യന്‍: കല്‍പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും മറ്റ് അധ:കൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.
ഗുരു: വിശ്വാസമായല്ലോ, കൊള്ളാം. അനുവാദം തന്നിരിക്കുന്നു. തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍  വന്നുകൂടുന്നത് ഏതു മാസം/തീയതി/ആഴ്ച/നക്ഷത്രം ആയിരിക്കണമെന്ന ചോദ്യത്തിന് ഗുരു നല്‍കിയ മറുപടിയിങ്ങനെ
: ”തിര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ.  ജനുവരി മാസം ഒന്നാം തീയതി”.  സംഭാഷണത്തിനിടയില്‍, തീര്‍ത്ഥാടകര്‍ രുദ്രാക്ഷമാല ധരിക്കണമോ എന്ന ചോദ്യത്തിന് ഗുരു പറഞ്ഞ രസകരമായ മറുപടിയിങ്ങനെ
:  ” വേണ്ടാ, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടിക്കുന്നത് നന്നായിരിക്കും.  ഗുണമുണ്ടാകാതിരിക്കയില്ല”.
തീര്‍ത്ഥാടകര്‍ പാലിക്കേണ്ടത് ശ്രീബുദ്ധന്റെ ‘പഞ്ചശുദ്ധി’കളായ ശരീരശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയാണെന്നും തീര്‍ത്ഥാടകര്‍ ധരിക്കേണ്ടത് മഞ്ഞ വസ്ത്രമാണെന്നും ഗുരു നിര്‍ദ്ദേശിക്കുകയുണ്ടായി.  ഗുരുവിന്റെ മഹാസമാധിക്കുശേഷം 1933 ജനുവരി ഒന്ന് ഞായറാഴ്ചയായിരുന്നു ആദ്യത്തെ ശിവഗിരിതീര്‍ത്ഥാടനം. ഇലവുംതിട്ടയില്‍നിന്നു പി.വി. രാഘവന്റെ നേതൃത്വത്തില്‍ ചെറിയൊരു തീര്‍ത്ഥാടക സംഘം ശിവഗിരിയിലെത്തി. കിട്ടന്‍ റൈട്ടറുടെ നേതൃത്വത്തില്‍ മറ്റൊരു തീര്‍ത്ഥാടക സംഘവും ശിവഗിരിയിലെത്തി. ഈ രണ്ടു സംഘങ്ങളും ചേര്‍ന്നാണ് ആദ്യത്തെ ശിവഗിരി തീര്‍ത്ഥാടനം നടത്തിയത്. സായിപ്പന്മാര്‍ ഇന്ത്യവിട്ടുപോകണമെന്ന മുദ്രാവാക്യം ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലത്താണ് ശിവിഗിരി തീര്‍ത്ഥാടനം സായിപ്പന്മാരുടെ ആണ്ടുപിറവിദിനമായ ജനുവരി ഒന്നിനായിരിക്കണമെന്ന് ഗുരു നിശ്ചയിച്ചത്. ഈ നിലപാടില്‍ ഗുരുവിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. ഇന്ത്യയില്‍ കൊടികുത്തിവാണിരുന്ന ജാതിവ്യവസ്ഥയ്ക്ക് ചെറുതായെങ്കിലുമൊരു ഇളക്കമുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ കാരണമായി. സായിപ്പന്മാര്‍ ഇന്ത്യവിട്ടുപോകണമെന്നു പറയുന്ന പലരുടെയും കാപട്യം തിരിച്ചറിയാനുള്ള ബുദ്ധി ഗുരുവിനുണ്ടായിരുന്നു.
ഈഴവര്‍ ക്ഷേത്രപ്രവേശനമാവശ്യപ്പെട്ട കാലത്ത്, ‘ഈഴവര്‍ക്ക് കൊടുക്കണം; ഉടന്‍ കൊടുക്കണം; ഈഴവന്റെ മുതുകത്തുതന്നെ കൊടുക്കണം’ എന്ന പറഞ്ഞ ഒ.എന്‍. കൃഷ്ണക്കുറുപ്പിനെപ്പോലുള്ള ‘സ്വരാജ്യവാദി’കളായിരുന്നു അന്നുണ്ടായിരുന്നത്. ഇത്തരം ‘സ്വരാജ്യവാദ’ികളെക്കാള്‍ നല്ലത് സായിപ്പന്മാരാണ് എന്ന തിരിച്ചറിവ് ശ്രീനാരായണഗുരുവിനുണ്ടായിരുന്നു.  മറ്റു ചില സന്ദര്‍ഭങ്ങളിലും ഗുരു സായിപ്പന്മാരെ ന്യായീകരിച്ച് സംസാരിച്ചിട്ടുണ്ട്. ഒന്നാംലോക മഹായുദ്ധം നടക്കുന്ന കാലത്ത് സ്വാമികളും ഒരു ശിഷ്യനുമായി ഇങ്ങനെ ഒരു സംവാദമുണ്ടായി.ഗുരു: ഇംഗ്ലീഷുകാര്‍ ജയിക്കാന്‍ നാമൊക്കെ പ്രാര്‍ത്ഥിക്കണം. നമുക്കൊക്കെ സന്ന്യാസം നല്കിയ ഗുരുക്കന്മാരാണവര്‍.
ശിഷ്യന്‍: സന്ന്യാസം നല്കുക എന്നുവച്ചാല്‍ മന്ത്രോപദേശം ചെയ്തു കാഷായം നല്കുകയാണു പതിവ്. തൃപ്പാദങ്ങള്‍ കല്പിച്ചതിന്റെ അര്‍ത്ഥം മനസ്സിലായില്ല.
ഗുരു: ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്ന്യസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതികള്‍ നോക്കി ഭരിക്കുന്നവരല്ലായോ? വൈക്കം സത്യാഗ്രഹകാലത്തു കോട്ടന്‍സായ്പവര്‍കളുടെ കൂടെ ഒന്നിച്ചുപോയ ഒരു തീയ്യന്, നിരോധിക്കപ്പെട്ട റോഡില്‍ക്കൂടി പോകാന്‍ തടസ്സമുണ്ടായില്ലെന്ന് അറിഞ്ഞപ്പോള്‍
ഗുരു ഇങ്ങനെ പറഞ്ഞു: ”കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ. ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിനു വിരോധമില്ല. സായ്പിന്റെ ഭരണംകൊണ്ട് പലേ ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍ ജന്മനാ തുല്യരാണെന്ന് വിശ്വസിക്കുകയും
അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ വഴിക്കേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റുമായിരുന്നുള്ളൂ.
ഇതുകൊണ്ടുതന്നെയാണ് ബാബാ സാഹേബ് ഡോ. ബി.ആര്‍.അംബേദ്ക്കറും ബ്രിട്ടീഷ് സായിപ്പന്മാരുടെ കാര്യത്തില്‍ ശ്രീനാരായണഗുരുവിനെപ്പോലെത്തന്നെ ചിന്തിച്ചത്……………………….
സഹായഗ്രന്ഥം: നാരായണഗുരു, പി.കെ.ബാലകൃഷ്ണന്‍

ചെമ്പഴന്തിയില്‍ ഉദിച്ച നക്ഷത്രം


കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ  പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. അറിവും,വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധസ്ഥിതര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു എന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയര്‍ന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ദാര്‍ശനികതയിലൂടെയാണ്.

പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്. സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക വിപത്തുക്കള്‍ക്കെതിരെ അദ്ദേഹം സധൈര്യം രംഗത്തിറങ്ങി.ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു.

സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണമായി ഉള്‍ക്കൊണ്ട കര്‍മ്മയോഗിയാണ് ശ്രീനാരായണ ഗുരു. കണ്ണാടിയും ഓങ്കാരവും ദീപവും ശാരദാ മഠവും, പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ച് സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക് ഉയര്‍ത്തി. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍.

ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. ഈ ആധുനിക കാലത്തും അദ്ദേഹത്തിന്റെ പല വചനങ്ങളും പ്രസക്തമാണ്. കര്‍മ്മനിരതനായ ജ്ഞാനി എന്നാണ് ഒരു പാശ്ചാത്യ ചിന്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.