Wednesday, 23 March 2016

കാലദേശാതീതനായ ജഗത്ഗുരു ....



കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിനടുത്ത് ടുണീഷ്യ എന്ന രാജ്യത്ത് നിന്ന് ഒരു ഗ്രന്ഥം കണ്ടെത്തുകയുണ്ടായി.1950 ല്‍ രചിക്കപ്പെട്ട രിഹ്ലത്തുല്‍ ഹൗലല്‍ അര്‍ലി ( ഒരു ലോക സഞ്ചാരിയുടെ ആത്മകഥ ) എന്ന ഈ ഗ്രന്ഥം രചിച്ചത് ടുണീഷ്യക്കാരനായ നസറുദ്ദീന്‍ മക്ദസി എന്ന മുസല്‍മാനായ ലോകസഞ്ചാരി ആയിരുന്നു.7 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഈ ബൃഹത് ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിബാധിക്കുന്നത് കേരളത്തില്‍ വിരാജിച്ച ഒരു മഹാത്മാവിനെ പറ്റിയാണ.് അത് മറ്റാരുമല്ല ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളാണ്.
സഞ്ചാരപ്രിയന്‍ ആയിരുന്ന നസ്റുദ്ദീന്‍ മക്ദസി 1945 കാലഘട്ടത്തില്‍ ലോകസഞ്ചാരത്തിനായി പുറപ്പെട്ടു.പല മഹാനഗരങ്ങളും മഹാത്ഭുതങ്ങളും സന്ദര്‍ശിച്ച മക്ദസി ഇറാനില്‍ എത്തി ചേര്‍ന്നു .ഇറാനില്‍ സാധാരണ ജനതക്കിടയില്‍ അദ്ദേഹം താമസിച്ചു.അവിടെ വച്ച് അവര് തങ്ങളുടെ പ്രാര്‍ത്ഥനാവേളയില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഒരു പ്രാര്‍ത്ഥന ചൊല്ലുന്നതായി മക്ദസി ശ്രദ്ദിച്ചു. ഈ പ്രാര്‍ത്ഥനയെപ്പറ്റി അന്വേഷിച്ച മക്ദസിക്ക് അറിയുവാന്‍ സാധിച്ചത് ഭാരതത്തിലെ തിരുവിതാംകൂര്‍കാരനായ ഒരു സംന്യാസിവര്യന്‍ രചിച്ച ആത്മോപദേശ ശതകം എന്ന കൃതിയുടെ പരിഭാഷയാണ് എന്നതാണ്. അവിടെ നിന്നും മക്ദസി തന്റെ യാത്ര തുടര്‍ന്ന് ഇറാഖില്‍ എത്തി.അവിടെയും മക്ദസിക്ക് കേള്‍ക്കാന്‍ സാധിച്ചത് തെരുവോരങ്ങളില്‍ കൂടി പോലും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ജനത
അറബിഭാഷയില്‍ പാടി നടക്കുന്ന ആത്മോപദേശ ശതകമാണ്.ഒാര്‍ക്കണം 1945 കാലഘട്ടത്തില്‍ ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സാധ്യതകള്‍ ഇല്ലാതിരുന്നപ്പോളും കേരളം എന്ന ചെറിയ നാട്ടില്‍ ജീവിച്ച ഒരു സാധു സംന്യാസിവര്യനാല്‍ രചിക്കപ്പെട്ട ആത്മോപദേശ ശതകത്തിന്റെ വിശാലതയും വ്യാപ്തിയും.
മക്ദസിയുടെ മനസ്സില്‍ ആത്മോപദേശം എഴുതിയ സംന്യാസിയെ നേരിട്ട് കാണണം എന്ന ആഗ്രഹം ഉദിച്ചു.കാരണം ഇത്രയും ഘാതം അകലെയുള്ള വ്യത്യസ്ത മതവിശ്വാസികളായ ജനത അവരുടെ ഭാഷകളില്‍ ഒരു സന്യാസി എഴുതിയ കൃതി മനഃപാഠമാക്കണമെങ്കില്‍ ഇത് എഴുതിയ വ്യക്തി നിസാരക്കാരനാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച് ശ്രീനാരായണ ഗുരുവിനെ കാണണം എന്ന ആഗ്രഹത്താല്‍ ഭാരതത്തിലേക്ക് തിരിച്ചു.യാത്രാ മധ്യെ പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയ മക്ദസി അവിടുത്തെ ജനതയോട് കേരളത്തെപ്പറ്റിയും നാരായണഗുരുവിനെപ്പറ്റിയും അന്വേഷിച്ചപ്പോള്‍ അത്ഭുതം ഉളവാക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.1926 ല്‍ ഉറുദ്ദു ഭാഷയില്‍ കറാച്ചിയില്‍ ഒരു പ്രസ്സില്‍ ആത്മോപദേശ ശതകം അച്ചടിക്കപ്പെട്ടിരുന്നു.400 വരികളുള്ള ആത്മോപദേശ ശതകത്തിന്റെ 1 വരിയുടെ വ്യാഖ്യാനം രേഖപ്പെടുത്താന്‍ ആനാട്ടിലെ സാഹിത്യകാരന്‍മാര്‍ക്ക് 24 പേജുകള്‍ വേണ്ടിവന്നു..ദൈവഞ്ജാനത്തിന്റെ അപാരത എന്നാണ് മക്ദസിയോട് സാഹിത്യകാരന്‍മാര്‍ ആത്മോപദേശ ശതകത്തെ പറ്റി വിശേഷിപ്പിച്ചത്.

മക്ദസി യുടെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു.ഇത്രയും ശ്രേഷ്ഠനായ ഗുരുവിനെ നേരിട്ടു കാണുക തന്നെ വേണം എന്ന ആശയോടെ മക്ദസി കേരളത്തിലേക്ക് തിരിച്ചു.തമിഴ്നാട്ടിലെ ശിവാനന്ദ ആശ്രമത്തില്‍ എത്തിയ മക്ദസി ഗുരുവിനെ അന്വേഷിച്ചു.അവിടുള്ള സന്യാസി നാരായണ ഗുരു കേരളത്തില്‍ ജീവിച്ചിരുന്ന പൂര്‍ണ്ണ പുണ്ണ്യാവതാരമായിരുന്നുവെന്നും സ്വകര്‍മ്മത്താല്‍ മാനവനെ പരിശോഭിതനാക്കിയ പുണ്യാത്മാവാണെന്നും1928 കന്നിമാസം 5ന് ഗുരു ശിവഗിരിയില്‍ മഹാസമാധി പ്രാപിച്ചുവെന്നും മക്ദസിയെ അറിയിച്ചു.താന്‍ തേടി വന്ന മഹാ ഗുരുവിനെ കാണുവാന്‍ കഴിയാതെ പോയല്ലോ എന്ന ദുഖത്താല്‍ സഞ്ചാരം മതിയാക്കി തിരികെ ടുണീഷ്യയിലേക്ക് തിരിച്ചു.മടക്കയാത്രയില്‍ മക്ദസി ചിന്തിച്ചു , നാരായണ ഗുരു എന്ന മഹാത്മാവ് അവതാര പൂരുഷന്‍ ആണെങ്കില്‍ ഒരു യഥാര്‍ത്ഥ ഗുരു ആണെങ്കില്‍ തനിക്ക് ഗുരു അത് വെളിവാക്കി തരുക തന്നെ ചെയ്യും.യഥാര്‍ത്ഥ ഗുരുവിനു മരണമില്ല അത് തനിക്ക് വെളിവാകുക തന്നെ ചെയ്യും.

പ്രീയരെ നസറുദ്ദീന്‍ മക്ദസി തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു
ഒന്നല്ല ,രണ്ടല്ല ,മൂന്നല്ല പതിമൂന്ന് തവണ ശ്രീനാരായണ ഗുരു തനിക് നേരിട്ട് ദര്‍ശനം നല്‍കി തന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്കിഎന്ന്. ഇത് എഴുതിയത് ഒരു ഭാരതീയനോ ശ്രീനാരായണീയനോ അല്ല.മറിച്ച് ഈജിപ്റ്റിനടുത്ത ടുണീഷ്യക്കാരനായ മുസല്‍മാന്‍ നസുറുദ്ദീന്‍ മക്ദസിയാണ്.ലോകം കണ്ട മഹാസഞ്ചാരി കേരളത്തില്‍ ജീവിച്ച് സമാധി പ്രാപിച്ച ശ്രീനാരായണ ഗുരുവിനെ 13 തവണ കണ്ട് അനുഭവിച്ചറിഞ്ഞ ആത്മസത്യം 7 ഭാഗങ്ങളുള്ള ഗ്രന്ഥത്തില്‍ 5 ഭാഗങ്ങളിലൂം എഴുതിവച്ചിരിക്കുന്നു.' താന്‍ ഈ ലോകത്ത് ലോകാത്ഭുതങ്ങള്‍ ഒരുപാട് കണ്ടു എന്നാല്‍ മഹാത്ഭുതം ഒന്നെയുള്ളു , അത് ജഗത്ഗുരു ശ്രീനാരായണ ഗുരു തൃപ്പാദങ്ങള്‍ മാത്രമാണ്.'' എന്ന് മക്ദസി തന്റെ ഗ്രന്ഥത്തില്‍ അടിവരയിട്ടു പറയുന്നു.
പ്രീയരെ ഒന്നോര്‍ക്കു , ശ്രീനാരായണ ഗുരു എന്ന മഹാനിധിയെ സ്വന്തമായി കിട്ടിയവരല്ലെ നമ്മള്‍.ലോകത്ത് അത്യപൂര്‍വ്വവും സമാനതകള്‍ ഇല്ലാത്തതുമായ ഈ മഹാത്ഭുതത്തെ സ്വന്തമാക്കണ്ടവരല്ലേ നമ്മള്‍.ദൈവത്തെ അന്വേഷിച്ച് ,സത്യത്തെ അന്വേഷിച്ച് , ആത്മസുഖത്തെ അന്വേഷിച്ച് അലയേണ്ടവരല്ല നമ്മള്‍.കൈവന്ന നിധിയെ അറിഞ്ഞ് ആചരിച്ച് സ്വായത്തമാക്കുകയാണ് നമ്മള്‍ ചെയേണ്ടത്..
നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം
നമുക്കിതില്‍ പരം ദൈവം നിനക്കിലുണ്ടോ
ഗുരുവര്യന്‍ ഇതൂപോലെ ലഭിക്കുമോ കുലത്തിന്
ഗുരുഭക്തിയില്ലാതാര്‍ക്കും
കുശലമാമോ..
തൃപ്പാദസേവാംശി
രമേശ്. രവി‍

2 comments:

കൃസ്ത്യന് പാതിരിമാര് നടത്തിയ സാമൂഹ്യ മാറ്റം വിപ്ലവകരമാണ്. അവരെ നന്ദിയോടെ സ്മരിക്കാതെ മലയാളി അക്ഷരം പഠിക്കുന്നത് പോലും നന്ദികേടാണ്.ഈ ബ്ലോഗിൽ ഈഴവന്റെ ഇന്നത്തെ സാമൂഹ്യ ഉയർച്ചക്ക് കാരണക്കാരായ ക്രൈസ്തവ മിഷനറിമാരെ സ്മരിച്ചു കണ്ടില്ല .മദർ തെരേസയെ കുറിച്ച് ചില ധുരൂഹത പരത്തുക എന്ന ഉദ്ധേശത്തോടെ ഒരു ലേഖനം ക്രിസ്തുമതത്തെ അവമതിച്ചുള്ള ഏതോ തത്വചിന്തകയുടെ പ്രസ്താവന ഒക്കെ കാണാൻ സാധിച്ചു,അതുപോലെ മറ്റുചില ഒളിയമ്പുകളും , നല്ലത്. അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നതിനും 83 കൊല്ലം മുന്പ് 1805-ല് തെക്കന്തിരുവിതാംകൂറിലെ മൈലാടിയില് വേദമാണിക്യം എന്ന ദലിതന്ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ബന്ധുക്കളെ വിളിച്ചുകൂട്ടി അവരുടെ കുടിലില് സഭാരധാന തുടങ്ങിയതും തിരുവിതാംകൂറിലെ അയിത്തജാതിക്കാരുടെ ആരധനാസ്വാതന്ത്ര്യ വിളംബരമായിരുന്നു. പില്ക്കാലത്ത് നാടാരും ഈഴവരും ദലിതരോടൊപ്പം വേദമാണിക്യത്തിന്റെ പള്ളി ആരാധനയിലും പള്ളിക്കൂടത്തിലും പഠിച്ചിറങ്ങി പ്രബുധരായതാണ് മാറുമറക്കല് സമരത്തിനു വഴിതെളിച്ചത്.
ഈഴവ സമുധായക്കാർക്ക് ക്രിസ്ത്യൻ മിഷനറിമാർ മൂലം ലഭിച്ച നന്മയാണ് യഥാര്ത മൂലധനം.
1859-ൽ മാധവറാവു ദിവാനും കല്ലൻ സായ്വ് ബ്രിട്ടീഷ് റസിടന്റും ആയിരിക്കുമ്പോൾ മാറ് മറയ്ക്കൽ സമരം ആരംഭിച്ചു നീണ്ട 36 വർഷത്തെ ചെറുത്തു നിൽപ്പിനു ശേഷവും ഹൈന്ദവ ആചാരങ്ങളെയും ജീവിതരീതിയും തകർക്കാൻ ശ്രമിക്കുന്നു എന്ന പേരില് ക്രൈസ്തവ മത പീഡനം തിരുവിതാംകുറിൽ ശക്തിപ്പെട്ടു.അതിന്റെ കാരണം സ്ത്രീകൾ മാറ് മറയ്ക്കാൻ തുടങ്ങി എന്നതായിരുന്നു.ഒടുവിൽ മദ്രാസ് ഗവർണർ സർ ചാൾസ് ട്രെവല്ല്യൻ തിരുവിതാംകൂർ രാജാവിന് ശക്തമായ താക്കീതു കൊടുത്തു "ബ്രിട്ടീഷ് സാമ്രാജ്യം ഭരിക്കുന്നത് ഒരു സ്ത്രിയാണെന്നും അവരുടെ സാമ്രാജ്യത്തിലെ സഹോദരിമാരുടെ സ്ത്രിത്വത്തെ അവഹേളിക്കുന്നവർ ആരായാലും അവരത് ക്ഷമിക്കയില്ലെന്നും തിരുവിതാംകൂർ രാജാവ് ഓർമ്മിക്കണം വേണ്ടിവന്നാൽ ബയണറ്റിന്റെ മുന കൊണ്ട് ഇ പരിഷ്കാരം വരുത്തുമെന്നും മദ്രാസ് ഗവർണർ കല്പിച്ചപ്പോൾ ഗന്ധ്യന്തരം ഇല്ലാതെ രാജാവിനും ദിവാൻ മാധവറാവുവിനും അനുസരിക്കേണ്ടി വന്നു അങ്ങനെ ആർക്കും ഏതു വേഷവും ധരിക്കാം എന്ന് 1859-ൽ കല്പന വന്നു.
യുറോപ്യൻ മിഷനറിമാരാണ് മനുഷ്യരെ മനുഷ്യരായി കാണാൻ ഭാരതീയരെ പഠിപ്പിച്ചത് എന്ന് ചുമ്മാ കളിതമാശയ്ക്ക് പറഞ്ഞതല്ല 1859-ൽ തിരുവിതംകുറിൽ വസ്ത്ര സ്വാതന്ധ്ര്യം അനുവദിച്ചപ്പോൾ കൊച്ചിരജ്യത്ത് മാറ് മറച്ചു സ്ത്രീകള്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു.1905-ൽ തൃപ്പുണിത്തുറ ക്ഷേത്രത്തിൽ റൌക്ക ധരിച്ചു എത്തിയ നായർ സ്ത്രീകളുടെ റൌക്ക ഊരിച്ചു ക്ഷേത്ര ദർശനം നടത്തിച്ച വാർത്ത 1905 december 23-ആം തീയതിയിലെ മലയാള മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മനുസ്മൃതിയുടെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാറിടം മറയ്ക്കാൻ അവരെ അനുവദിക്കാതിരുന്നതു.ഇപ്പൊ അത് ഭേതഗതി ചെയ്തത് കൊണ്ടല്ല നായർ ആട്യത്വം പറയുന്ന സ്ത്രീകള് പോലും(അയിത്തജാതിക്കാരുടെ കാര്യം പിന്നേം കഷടം) മാറ് മറച്ചു ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് മറിച്ച് ക്രൈസ്തവൻ ഈ നാടിനു ഒരു പ്രകാശമായി മാറിയത് കൊണ്ടാണ്.

ഇത് എന്തോ വ്യക്തിതാല്പര്യം ന്റെ മുകളിൽ എഴുതി വച്ചത് ആണ് , അതുകൊണ്ട് തന്നെ ഒരു വശം മാത്രമേ പറയുന്നുള്ളു , ക്രൈസ്തവർ വരുകയും വിദ്യാഭ്യാസം എല്ലാവര്ക്കും കൊടുക്കുകയും ചെയ്തു എന്നത് എല്ലാം ഉള്ളത് ആണ് , പക്ഷെ മറു മറയ്ക്കൽ ന്റെ കാര്യത്തിൽ അവർക്കു മത പരിവർത്തനത്തിനുള്ള ഒരു അവസരം ആയി മാത്രമേ അതിനെ കണ്ടിട്ടുള്ളു , റൂർക്കയും ജാക്കറ്റും ധരിക്കാൻ മതം മാറിയ സ്ത്രീകൾക് അന്നും അനുവാദം ഉണ്ട് , പക്ഷെ നായർ സ്ത്രീകളെ പോലെ മേലാട ധരിക്കാൻ പറ്റില്ല .അവര്ണ ഹിന്ദു സ്ത്രീകൾക് മറു മറയ്ക്കാൻ പാടില്ല .

19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മറു മറയ്ക്കൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു ,1819 ൽ മുൻറോ പ്രഭുവിന്റെ ഉത്തരവ് പ്രകാരം മതം മാറിയ യുവതികൾക്ക് മേലാട (സവർണർ ഉപയോഗിക്കുന്ന പോലുള്ള ) ധരിക്കാൻ ഉള്ള അവകാശം കൊടുക്കുകയും , പിന്നീട് സവർണ പരാതിയുടെ മേൽ അത് എടുത്തു കളയുകയും ചെയ്തു എന്നാണ് ചരിത്രം. അതിനൊപ്പം അവര്ണര്ക് ഹിന്ദുക്കൾക്കും ജാക്കറ്റും റൂർക്കയും എല്ലാം അനുവദിക്കുകയും ചെയ്തു .പിനീട് 1829 വരെ സവർണരെ പോലുള്ള മേലടയ്ക്കു വേണ്ടി പ്രക്ഷോഭങ്ങൾ നടക്കുകയും , 29 ൽ മൊത്തത്തിൽ അവര്ണര്ക് ഒരു രീതിയിൽ ഉള്ള മേലാട പാടില്ല എന്ന വിളംബരം വരുകയും ചെയ്തു. പിന്നീട് ആണ് ബാക്കി പ്രക്ഷോഭങ്ങൾ എല്ലാം

Post a Comment