Tuesday, 29 December 2015

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ (അര്‍ത്ഥസഹിതം) – വി. ബാലകൃഷ്ണന്‍ Complete Works of Sri Narayana Guru – Malayalam translation

“ഗുരുദേവ കവിതകള്‍ക്ക് പദാനുപദ അര്‍ത്ഥം നല്കി പ്രകാശനം ചെയ്യുന്ന ഗ്രന്ഥമാണ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍. ഈ ഗ്രന്ഥം തയ്യാറാക്കുന്നതില്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, മുനി നാരായണ പ്രസാദ് ഉള്‍പ്പെടെ പ്രഗല്ഭരായ പലരുടേയും വ്യാഖ്യാനങ്ങള്‍ എനിക്കു സഹായകമായി വര്‍ത്തിച്ചിട്ടു്. ഇവരോടെല്ലാം എനിക്കുള്ള നിസ്സീമമായ കടപ്പാട് വാക്കുകള്‍ക്കതീതവുമാണ്.
“മഹാകവി കുമാരനാശാന്‍, ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതിയ ജീവചരിത്രം ഈ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടു്. കൊല്ലവര്‍ഷം 1090-ല്‍ വിവേകോദയം മാസികയിലാണ് ഇതു പ്രസിദ്ധീകരിച്ചത്. ഗുരുവിനെപ്പറ്റി പിന്നീടുണ്ടായ എല്ലാ ജീവചരിത്രങ്ങള്‍ക്കും അടിസ്ഥാനമായത് ആശാന്റെ ഈ ലഘുജീവചരിത്ര ഗ്രന്ഥമാണ്. പ്രസ്തുത ഭാഗം ഈ ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അത്യധികം ചാരിതാര്‍ത്ഥ്യമുണ്ട്. ഗുരുസ്വാമിയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും.
“ഗുരുവചനങ്ങളും അദ്ദേഹത്തിന്റെ കാവ്യ സംസ്‌കൃതിയും രോമഹര്‍ഷത്തോടെയല്ലാതെ ഒരു കേരളീയനും ഉള്‍ക്കൊള്ളാനാവുകയില്ല. ആ ചേതോവികാരമാണ് ഇതിന്റെ സമ്പാദനത്തിനും വ്യാഖ്യാനത്തിനും നിദാനമായി വര്‍ത്തിച്ചത്. തിരക്കിനിടയില്‍ യാദൃച്ഛികമായി എന്തെങ്കിലും സ്ഖലിതങ്ങള്‍ വന്നുപോയിട്ടുമെങ്കില്‍ സദയം ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. സ്നേഹബുദ്ധ്യാ അവ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
“പുതിയ സഹസ്രാബ്ദത്തിലേക്ക് കാലൂന്നിയിരിക്കുന്ന നാം, ഇന്നലെകളിലേക്ക് മനസ്സു തിരിക്കുമ്പോഴാണ് ഗുരുദേവന്റെ പ്രസക്തിയും, ധന്യമായ ആ ജീവിതം പകര്‍ന്നു നല്കിയ തിരിവെട്ടവും തിരിച്ചറിയുക. ഒരു യുഗത്തിന്റെ മുഖ്യ ചാലകശക്തിയായി വര്‍ത്തിച്ച ഗുരുദേവന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.”
– വി. ബാലകൃഷ്ണന്‍, പാല

0 comments:

Post a Comment