Friday, 7 August 2015
സംഘടിച്ചേ മതിയാകൂ....
എവിടെയെല്ലാം ധര്‍മ്മത്തിന് ച്യുതി സംഭവിച്ച് ജീവിതം ദുസ്സഹമാവുകയും മാനവസമൂഹം മരണത്തിന്‍റെ വേദനയില്‍ പുളുകയും ചെയ്യുന്പോള്‍, അവിടെയെല്ലാം ധര്‍മ്മസംസ്ഥാപനകര്‍മ്മത്തിലൂടെ സമൂഹ നവോത്ഥാനം ചെയ്യുന്നതിനായി അവതാരങ്ങള്‍ സംഭവിക്കുന്നു. അജ്ഞതയുടേയും അന്ധവിശ്വാസത്തിന്‍റേയും വിലങ്ങുകള്‍ പൊട്ടിച്ച് സകലതരം അടിമത്വങ്ങളില്‍ നിന്നു മോചനം നല്കുന്ന ജീവിതദര്‍ശനത്തിലേയ്ക്ക് അവതാരങ്ങള്‍ ജനങ്ങളെ നയിക്കുന്നു. കേരളീയ ജീവിതം പതിത്വത്തിന്‍റെ പരമകോടിയില്‍, ജാതി പിശാചിന്‍റെ നീചദംഷ്ട്രകളില്‍ അകപ്പെട്ട് അസഹ്യമായപ്പോള്‍ ശ്രീനാരായണഗുരു അവതരിച്ചു. ശാരീരികവും മാനസികവും വൈകാരികവും സാമൂഹ്യവും ധാര്‍മ്മികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ഷിച്ചുകൊണ്ട് അതേസമയം ആധുനിക കാലഘട്ടത്തിന്‍റെ പ്രത്യേകതകള്‍ക്കനുയുക്തമായ ഒരു സമഗ്ര ജീവിതദര്‍ശനം ഗുരു മുന്നോട്ടുവച്ചു. ഗുരുവിന്‍റെ ആശയങ്ങള്‍ കേരളജനതയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. മനുഷ്യന്‍റെ ലൗകികമായ താല്പര്യങ്ങളെ നിരാകരിക്കുകയും ആത്മിയമായ കാര്യങ്ങള്‍ മുന്നോട്ടു വച്ചിരുന്നതെങ്കില്‍ അതിനിത്ര സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. അതേസമയം ആത്മീയതയെ അവഗണിച്ച് ലൗകികതയ്ക്കു പ്രാധാന്യം കൊടുത്തുള്ള ദര്‍ശനമായിരുന്നെങ്കില്‍, കുടുംബഭദ്രതയ്ക്കും, ധാര്‍മ്മിക മണ്ഡലത്തിനും അധഃപതനം സംഭവിച്ച് ജീവിതം അശാന്തിയുടേയും അസ്വസ്ഥതയുടേയും നിരന്തരതകള്‍ക്കിടയാക്കുന്ന സാഹചര്യം സംജാതമാക്കിയേനെ. അങ്ങനെയുള്ള ദര്‍ശനത്തിനും നിലനില്പുണ്ടാകുമായിരുന്നില്ല. ആത്മീയതയ്ക്കും ഭൗതികതയ്ക്കും സമതുലതത്വം സൃഷ്ടിക്കുവാന്‍ ഗുരു മുന്നോട്ടുവച്ച ആശയങ്ങള്‍ കേരളീയ ജീവിതത്തിന് ലോകോത്തര പ്രാധാന്യം സൃഷ്ടിച്ചിരിക്കുന്നുവെന്ന് നാം അറിയണം. ജീവിത സംസ്ഥിതിയില്‍ ലോകത്തിലെ തന്നെ ഉന്നതസ്ഥാനം കേരളത്തിലെ ഗ്രാമങ്ങള്‍ക്കാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തിന് നമുക്ക് തൊട്ടടുത്തുള്ള കര്‍ണ്ണാടകത്തിലെയോ, തമിഴിലേയോ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാല്‍ എഴുപതുകളിലേയോ എണ്‍പതുകളിലേയോ സ്ഥിതിവിശേഷമാണവിടെ നിലകൊള്ളുന്നതെന്നു മനസ്സിലാക്കാം. ശ്രീനാരായണദര്‍ശനം പ്രചരിപ്പിക്കുന്നതിനായി ലോകത്തില്‍ പല ഭാഗങ്ങളിലും വിവിധ പ്രസ്ഥാനങ്ങള്‍പ്രവര്‍ത്തിക്കുന്നതായി നമുക്കറിയാം. ഇത്തരം പ്രസ്ഥാനങ്ങളുടെ ഗുണഭോക്താക്കള്‍ അതതു ദേശങ്ങളിലെ മലയാളികള്‍ മാത്രമാണെന്ന ന്യൂനത നാം അംഗീകരിച്ചേ മതിയാവൂ. എന്തുകൊണ്ട് തദ്ദേശീയരായ ജനതയെ ശ്രീനാരായണ ദര്‍ശനത്തിന്‍റെ സ്വര്‍ഗ്ഗസോപാനങ്ങളിലലെത്തിക്കുവാന്‍ മറുനാടന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കാവുന്നില്ല എന്നത് ചിന്താവിഷയമാക്കേണ്ടതുണ്ട്. ഇന്ത്യയിലാകമാനമുള്ള ഗ്രാമീണ ജനതയിലേയ്ക്ക് ലോകമെന്പാടുമുള്ള മാനവസമൂഹത്തിലേക്ക് ഗുരുദര്‍ശനം കടന്നു ചെന്നേ മതിയാവൂ. അതിനു കൂട്ടായ യത്നം അനിവാര്യം തന്നെ. സമാന സമുദായങ്ങളുമായോ ആശയ ഐക്യസംഘടനകളുമായോ മറുനാടന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യപ്രാപ്തിക്ക് പ്രഥമ പോംവഴിയെന്നു കരുതുന്നു. അതിനുള്ള ചില യത്നങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ യത്നങ്ങള്‍ വിജയപ്രദമാക്കാന്‍ വിശ്വഗുരുവിന്‍റെ അനുഗ്രഹം നമ്മോടൊപ്പമുണ്ടാകട്ടെ.
https://www.facebook.com/pages/Swaroopa-Chaithanya/524320201043502?fref=photo
0 comments:
Post a Comment