Friday 7 August 2015

ശിവഗിരി ശാരദാപ്രതിഷ്ഠയും ധര്‍മ്മമീമാംസ പരിഷത്തും

ആയിരത്തി എണ്ണൂറ്റിയെണ്‍പത്തിയെട്ടിലെ ശിവരാത്രിനാളില്‍ ഗുരുദേവന്‍ അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠ ചരിത്രത്തിന്‍റെ താളുകളില്‍ കനകകാന്തി വിതറി നില്ക്കുകയാണ്. കേരളീയ നവോത്ഥാനത്തിന് നന്ദി കുറിച്ച അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയുടെ ഉജ്ജ്വലകാന്തിക്കു മുന്നില്‍ ഗുരുദേവന്‍റെ മറ്റ് അത്യധികം പ്രാധാന്യമേറിയ പല സാമൂഹിക നവോത്ഥാന കര്‍മ്മങ്ങളുടേയും പ്രഭ മങ്ങിപ്പോയതായി ചിലപ്പോള്‍ നമുക്ക് തോന്നാം. അപ്പോള്‍ പോലും, ആയിരത്തിത്തൊള്ളായിരത്തി പന്ത്രണ്ടില്‍ ശിവഗിരിക്കുന്നിന്‍റെ അടിവാരത്തില്‍ ഗുരുദേവന്‍ നിര്‍വ്വഹിച്ച ശാരദാപ്രതിഷ്ഠാകര്‍മ്മം ഒരു നിറദീപത്തിന്‍റെ ശോഭയും പ്രസരിപ്പും നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ തിക്കി നിറയ്ക്കുന്നത് അനുഭവവേദ്യമാകാറുണ്ടല്ലോ. ആ ധന്യമുഹൂര്‍ത്തത്തിന്‍റെ സ്മരണ ഉണര്‍ത്തിക്കൊണ്ട് 103-മത് ശാരദാപ്രതിഷ്ഠാ വാര്‍ഷികവും 53-മത് ധര്‍മ്മമീമാംസ പരിഷത്തും ഏപ്രില്‍ മാസം ശിവഗിരിയില്‍ നടത്തപ്പെടുകയാണ്.1087 മേടമാസത്തിലെ ചൈത്രപൗര്‍ണമിയിലായിരുന്നു ഗുരുദേവന്‍ വിദ്യാദേവതയായ ശാരദാംബയെ പ്രതിഷ്ഠിച്ചത്. പ്രസ്തുത ആഘോഷത്തെപ്പറ്റി മഹാകവി കുമാരനാശാന്‍ വിവേകോദയത്തില്‍ ഇപ്രകാരം എഴുതി: “..... മലവെള്ളം പോലെ വന്നുകൂടിയ ജനപ്രവാഹംകൊണ്ട് ആ പ്രദേശം മുഴുവന്‍ നിറഞ്ഞു. ജനങ്ങളുടെ ഉത്സാഹവും തിരക്കും അവര്‍ണനീയമായിരുന്നു... വെള്ള വസ്ത്രങ്ങള്‍ ധരിച്ച് പുരുഷാരങ്ങള്‍ കൂട്ടം കൂട്ടമായി കുന്നിന്‍റെ ചരിവുകളിലും താഴ്വാരങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭംഗി ദൂരെനിന്ന് നോക്കിയാല്‍ പശ്ചിമഘട്ടപാര്‍ശ്വങ്ങളില്‍ ശരല്‍ക്കാലത്തുള്ള മേഘങ്ങളുടെ വിലാസത്തെ ആരും ഓര്‍ത്തുപോകുമായിരുന്നു. യോഗങ്ങള്‍ പിരിഞ്ഞു മുകളില്‍ നിന്നിറങ്ങിയിട്ടുള്ളവര്‍ക്ക് രോമാഞ്ചജനകമായ സാദൃശ്യം തോന്നുമായിരുന്നു. ചുരുക്കത്തില്‍ ഇത്ര പരിശുദ്ധവും ഇത്ര ഹൃദയംഗവും ഇത്ര അര്‍ത്ഥവത്തും ഇത്ര ആഡംബരയുക്തവുമായ ഒരു ആഘോഷം ദൈവികമായ ലൗകികമായോ ഇതിനുമുന്പ് നടന്നുകണ്ടിട്ടില്ലെന്ന് ആരും സമ്മതിക്കുന്നതാകുന്നു. ഇപ്രകാരം ഈശ്വരകാരുണ്യം കൊണ്ടും അലൗകിക മഹാപുരുഷനായ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹം കൊണ്ടും വളരെനാള്‍ പ്രതീക്ഷിച്ചിരുന്ന ശാരദാപ്രതിഷ്ഠയും മഹായോഗങ്ങളും ഏറ്റവും അഭിമാനകരമാംവണ്ണം അവസാനിച്ചു”. ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന ഗുരുവാണി ഉള്‍ക്കൊള്ളുന്ന സന്ദേശം തന്നെയാണ് ശിവഗിരി ശാരദാപ്രതിഷ്ഠയുടെ ആത്യന്തിക ലക്ഷ്യവും. വിദ്യയുടെ അധിദേവതയായ സരസ്വതി തന്നെയാണല്ലോ ശാരദാംബ. മന്ദസ്മിതമുഖിയായി വരദമുദ്രയാല്‍ ഭക്തരെ അനുഗ്രഹിക്കുകയും ഒരു കയ്യില്‍ കിളിയും വേറൊന്നില്‍ ഗ്രന്ഥവും മറുകയ്യില്‍ അറിവിന്‍റെ അമൃതകുംഭവുമായി ശിവഗിരിയുടെ അടിവാരത്തില്‍ അഷ്ടകോണ്‍ മന്ദിരത്തില്‍ ജ്ഞാനശക്തി സ്വരൂപിണിയായ ശാരദാംബ വിരാജിക്കുകയാണ്. ശിവഗിരിയിലെ ശാരദാംബ വീണാവാഗിനി കരിയോ, കരിമരുന്നോ, ഉത്സവമോ, നിവേദ്യമോ ഇല്ലാതെ ഭക്തജനഹൃദയങ്ങളില്‍ നിര്‍മ്മലശുദ്ധിയുടെയും അക്ഷരതേജസ്സിന്‍റെയും പൊന്‍പ്രഭയുമേന്തി നില്ക്കുകയാണ് ശാരദാംബ. ഗുരുദേവന്‍റെ ക്ഷേത്രസങ്കല്പങ്ങളുടെ ഉദാത്തമാതൃകയാണ് ശാരദാമഠം. അവിടുത്തെ ബിംബകല്പനയില്‍ ജ്വലിച്ചുനില്ക്കുന്ന ദര്‍ശനസൗന്ദര്യം ധ്യാനാത്മകതയോടെ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്പോള്‍ മാത്രമേ ഗുരുദേവന്‍ ക്ഷേത്രസങ്കല്പങ്ങളുടെ അമൂല്യത സമഗ്രമായി ഉള്‍ക്കൊള്ളുവാന്‍ കഴിയൂ എന്നു പറയുന്നതാവും ശരി. അജ്ഞതയുടെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ നിന്നും ജ്ഞാനത്തിന്‍റെ പ്രകാശഗോപുരങ്ങളിലേക്ക് നമ്മെ നയിക്കുവാന്‍, ഗുരുദര്‍ശനത്തിന്‍റെ അലൗകികകാന്തി വിളങ്ങിനില്ക്കുന്ന ശിവഗിരിയില്‍ ശാരദാംബയുടെ തിരുസാന്നിദ്ധ്യമല്ലാതെ മറ്റെന്താണ് ഉചിതമാവുക. ശ്രീ ശാരദാ പ്രതിഷ്ഠയുടെ അന്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ശിവഗിരിമഠത്തില്‍ ശ്രീനാരായണധര്‍മ്മമീമാംസ പരിഷത്തിനു തുടക്കം കുറിച്ചത്. ഗുരുദേവദര്‍ശനസൗരഭ്യം നുകരുവാന്‍ ഏറ്റവും വലിയ ജ്ഞാനോദ്യാനമായി മാറിയിരിക്കുകയാണ് ധര്‍മ്മമീമാംസ പരിഷത്ത്. അത് ശിവഗിരിയുടെ പ്രശാന്താന്തരീക്ഷത്തിലാകുന്പോള്‍ അതിന് അനുഭൂതികളേറെയാണ്. ഗുരുദര്‍ശനഗരിമ ഹൃദയത്തില്‍ സ്വീകരിക്കുവാനും ആഗോളതലത്തില്‍ പ്രചരിപ്പിക്കുവാനും ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഈ ജ്ഞാനയജ്ഞത്തിന് എല്ലാ ആശംസകളും നേരുന്നതോടൊപ്പം ശാരദാംബയുടെ അനുഗ്രഹം ഏവരിലും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
സ്വരൂപ ചൈതന്യ
https://www.facebook.com/pages/Swaroopa-Chaithanya/524320201043502?fref=photo

0 comments:

Post a Comment