Monday 29 December 2014

ക്ഷേത്രവരവ് – എന്ത് ചെയ്യണമെന്ന് ഗുരുദേവന്‍

ഗുരുദേവന്‍റെ ഏറ്റവും പ്രസിദ്ധമായ “മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, ഉപയോഗിക്കരുത്”, “ജാതി ചോദിക്കരുത്, പറയരുത്” എന്നീ വാക്കുകളെ ഗുരുദേവശിഷ്യപരമ്പരകളും അനുയായികളും എങ്ങിനെ തമസ്കരിക്കപ്പെടുകയും “ശ്രീനാരായണീയര്‍” എന്ന സംജ്ഞയിലൂടെ ഒരു പുതിയ ജാതിയോ മതമോ ഉണ്ടാക്കി അവയെ തിരുത്തിക്കുറിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവോ അതുപോലെ തന്നെ ഇക്കൂട്ടര്‍ തള്ളിക്കളഞ്ഞതാണ് ഗുരുദേവന്‍റെ ഈ ക്ഷേത്രസംബന്ധിയായ ഈ ഗുരുവരുളും. ഗുരുവിന്‍റെ വാക്കുകളും പ്രവര്‍ത്തികളും ജനസമൂഹത്തെ അനാചാരങ്ങളില്‍ നിന്നും അന്ധവിശ്വസങ്ങളില്‍ നിന്നും സ്വതന്ത്രരാക്കുക എന്ന ലക്‌ഷ്യം മുന്‍നിറുത്തിയായിരുന്നു. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് നടത്തുന്നതിനു ഗുരുദേവന്‍ ഒരിക്കലും എതിരായിരുന്നില്ല. പക്ഷെ ആരാധനയുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളെയും ആര്‍ഭാടങ്ങളെയും അദ്ദേഹം എന്നും എതിര്‍ത്തിരുന്നു. മനശുദ്ധിയോടെ, ഏകാഗ്രതയോടെ പോകാനുള്ള ഒരു സ്ഥലമായാണ് അദ്ദേഹം ആരാധനാലയങ്ങളെ കണ്ടിരുന്നത്‌. വിഗ്രഹം എന്ത് തന്നെയായാലും ക്ഷേത്രങ്ങള്‍ അറിവു വിപുലീകരിക്കാന്‍ ഉതകുന്ന കേന്ദങ്ങള്‍ ആകണമെന്നും അവ വിശാലമായ, നല്ല വെളിച്ചമുള്ള സ്ഥലത്തായിരിക്കണമെന്നും ക്ഷേത്രങ്ങളോടൊപ്പം വിവിധമതഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള നല്ല ഗ്രന്ഥശാലകള്‍ ഉണ്ടാകണമെന്നുമായിരുന്നു ഗുരു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്നോ? ഗുരുദേവനെ മുക്കിനു മുക്കില്‍ ഓരോ കണ്ണാടിക്കൂട്ടില്‍ ഇരുത്തി വീര്‍പ്പുമുട്ടിക്കുന്ന കാഴ്ച്ചകളല്ലേ നാം കാണുന്നത്? അവിടങ്ങളിലൊക്കെ തന്നെ മത്സരിച്ചു ഉത്സവങ്ങളും പൂജാമഹാമഹങ്ങളും ആഘോഷങ്ങളും ഒക്കെ നടത്തുന്നു. “കരിയും കരിമരുന്നും” ഇല്ലാതെവേണം ക്ഷേത്ര ആഘോഷങ്ങള്‍ എന്നു നമ്മേ ഉപദേശിച്ച ഗുരുദേവന്‍റെ തന്നെ പ്രതിമയുണ്ടാക്കി ഇതൊക്കെ നടത്തി പണം പൊട്ടിച്ചു കളയുന്നു, അതുവഴി കുറെയൊക്കെ പ്രധാന സംഘാടകരും അടിച്ചു മാറ്റുമായിരിക്കും! (എല്ലാവരും അങ്ങിനെയാകണമെന്നില്ല). അപ്പോള്‍ പിന്നെ വലിയ ക്ഷേത്രങ്ങളില്‍ അടിച്ചുപൊളിച്ചു കളയുന്നത് എത്രയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.



ഇനി ഗുരു ആഗ്രഹിച്ചപോലെ ക്ഷേത്രങ്ങളില്‍ കിട്ടുന്ന പണം പാവങ്ങളെയും ആവശ്യക്കാരെയും സഹായിക്കാനാണോ ഉപയോഗിക്കുന്നത് എന്നു നമുക്ക് നോക്കാം. ഇന്ന് ആത്മീയതയാണ് ഏറ്റവും വലിയ ലാഭം കിട്ടുന്ന ബിസിനസ്. ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന തുകയില്‍ നല്ലൊരു പങ്കും ക്ഷേത്രത്തിന്‍റെ / ആത്മീയസ്ഥാപനത്തിന്‍റെ ആസ്തി ഇരട്ടിപ്പിക്കാന്‍ വേണ്ടിയാണു. വിവിധതരം കോഴ്സ്കള്‍ക്കായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും വലിയ ആശുപത്രികളും ഒക്കെ നടത്തുന്നത് വിവിധ മതങ്ങളുടെ കീഴിലുള്ള ആരാധനാലയങ്ങളാണ്. അവിടൊക്കെ നിയമനങ്ങളിലും പ്രവേശനത്തിനും ചികിത്സക്കും എന്ത് മാത്രം സൌജന്യം പാവങ്ങള്‍ക്കായി ചെയ്യാറുണ്ട് എന്നത് നമുക്കറിവുള്ളതാണല്ലോ? ഇതിനിടയില്‍ പബ്ലിസിറ്റിക്ക് വേണ്ടി ചിലത് ചെയ്യുന്നത് ഇവിടെ മറക്കുന്നില്ല. വിദ്യാലയങ്ങളിലെ പ്രവേശനത്തിനും നിയമനങ്ങള്‍ക്കും മറ്റു കച്ചവടക്കാരോടൊപ്പം ഈ ആരാധനാലയങ്ങളും മത്സരിച്ചു ലേലം വിളിയാണ്.

ഗുരുദേവവചനങ്ങള്‍ കൃത്യതയോടെ പാലിക്കാന്‍ കടമപ്പെട്ട ഗുരുദേവശിഷ്യപരമ്പരയും ഇക്കാര്യത്തില്‍ ഭിന്നരല്ല. ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ ശിവഗിരിക്ക് ചുറ്റുമുള്ള പാവങ്ങളെയും താഴ്ന്നജാതിക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ദിനവും മിശ്രഭോജനസദ്യ സൌജന്യമായി നടത്തിയിരുന്നത്. അതിനു ഒരു ജാതി വ്യത്യാസമില്ലതാക്കാന്‍ സഹായിക്കുന്ന മനസ്സുണ്ടാക്കുക എന്ന മഹനീയലക്ഷ്യവും പാവപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു. ഇന്നും അത് നടക്കുന്നുണ്ട്, വിപുലമായ തോതില്‍ ‘ഗുരുപൂജ’ എന്ന പേരില്‍. പക്ഷെ, സൌജന്യമല്ലാത്തത് കൊണ്ടും ക്ഷണിക്കാത്തതുകൊണ്ടും ചുറ്റുമുള്ള പാവങ്ങളും താഴ്ന്നജാതിക്കാരും പങ്കെടുക്കാറില്ല, അതുകോട് ഗുരുദേവന്‍ നടത്തിയിരുന്ന മിശ്രഭോജനവുമല്ല എന്നു മാത്രം. വര്‍ഷങ്ങളായി അവിടുത്തെ ആഘോഷപരിപാടികള്‍ മദ്യരാജാക്കന്മാരുടെ നിയന്ത്രണത്തിലാണ് താനും, അതുകൊണ്ടാകാം പീതാംബരധാരികളെക്കൊണ്ട് നിറയുന്ന ആ ദിവസങ്ങളില്‍ വര്‍ക്കലയിലെ മദ്യശാലകളില്‍ വന്‍തിരക്കാണ്, വര്‍ക്കലക്ക് ആകെ മദ്യത്തിന്‍റെ മണവും. ഗുരുസമാധിയിലും ശാരദാസന്നിധിയിലും സംഘത്തിന്‍റെ കീഴിലുള്ള മറ്റു ഗുരുസന്നിധികളിലും വന്‍ക്ഷേത്രങ്ങളിലെപ്പോലെയോ അതിലേറെയോ തന്നെ വരവുണ്ട്. ഇത്രയൊക്കെ വരവുണ്ടെങ്കിലും സംഘം നടത്തുന്ന നര്‍സിംഗ് കോളേജ് ഉള്‍പ്പെടെയുള്ള ഒരു വിദ്യാഭ്യാസസ്ഥാപനങ്ങളിലും സൌജന്യമായി പാവപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കിയതായി എനിക്കറിവില്ല. ആസ്തി കുന്നുകൂടിയപ്പോള്‍ ശിഷ്യന്മാര്‍ തമ്മില്‍ ഗ്രൂപ്പ്‌പോരും അധികാരത്തര്‍ക്കവും കൂടി, അതിനു ചരട് വലിക്കാന്‍ സ്ഥാപിതചിന്തകളുള്ള വന്‍തോക്കുകളും! ഇവരെല്ലാം ഒത്തുപിടിച്ചപ്പോള്‍ ഗുരുവചനം സ്വന്തം ആസ്ഥാനത്തു തന്നെ സ്വാഹ!

By. Mohana Kumar Padmanabhan

0 comments:

Post a Comment