Monday, 29 December 2014

ഗുരുദേവന്‍ , ജനങ്ങളെ ഒരുമിപ്പിച്ച മഹാശക്‌തി - ആര്‍. ബാലകൃഷ്‌ണപിള്ള


കേരളത്തിന്റെയും രാജ്യത്തിന്റെയും സാമൂഹിക പുരോഗതിക്കു വേണ്ടി പരിശ്രമിച്ച രണ്ട്‌ ആചാര്യന്‍മാരാണ്‌ ചട്ടമ്പിസ്വാമിയും, ശ്രീനാരായണഗുരുദേവനും. ഹൈന്ദവ ക്ഷേത്രങ്ങളില്‍ തീണ്ടലും തൊടീലും ഉണ്ടായിരുന്ന കാലം. തീണ്ടലും തൊടീലും അവസാനിപ്പിക്കാന്‍ ഹിന്ദു ജനവിഭാഗങ്ങളെ പ്രേരിപ്പിച്ചതാണ്‌ ശ്രീനാരായണഗുരുദേവന്റെ വലിയ നേട്ടം.
ചട്ടമ്പിസ്വാമികള്‍ക്ക്‌ ഇതു കാണാനുള്ള ഭാഗ്യമുണ്ടായില്ല. പക്ഷേ ഗുരുദേവന്‌ ഇതു കാണാനുള്ള ഭാഗ്യമുണ്ടായി. അതാണ്‌ ഏറ്റവും പ്രധാനമായ കാര്യം. ഇന്നത്തെ തലമുറയ്‌ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാകില്ല. നമ്മുടെ രാജ്യത്ത്‌ അവര്‍ണനായ ഒരാള്‍ക്കു ചായക്കടയില്‍ മറ്റുള്ളവരോടൊപ്പം ചായകുടിക്കുന്നതിനോ ആഹാരംകഴിക്കുന്നതിനോ ഇരിക്കുന്നതിനോ കഴിയില്ലായിരുന്നു. ചായക്കടയുടെ പിന്നില്‍ അവര്‍ക്കുവേണ്ടി പ്രത്യേകം വച്ചിരുന്ന പാത്രങ്ങളിലായിരുന്നു ചായ നല്‍കിയിരുന്നത്‌. ഇതിനെതിരായി നായര്‍ - ബ്രാഹ്‌മണ സമുദായങ്ങളെ സഹകരിപ്പിക്കുകയും പിന്നീട്‌ അവരെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്‌തു.

മുദ്രാവാക്യങ്ങളില്ലാതെ, ധര്‍ണ നടത്താതെ, ജയിലില്‍പോകാതെ, ഹര്‍ത്താലുകളില്ലാതെ, കാര്യങ്ങള്‍ ജനങ്ങളെക്കൊണ്ടുതന്നെ നടത്തിയെടുത്ത മഹത്തരമായ ശക്‌തിയുടെ ഉടമകളാണ്‌ ഇവര്‍ രണ്ടുപേരും. ഇതില്‍ മുഖ്യമായ പങ്കു വഹിച്ചത്‌ ശ്രീനാരായണഗുരുദേവനാണ്‌. ഇതിന്റെ ഭാഗമായാണ്‌ ഗുരുദേവന്‍ പ്രതിഷ്‌ഠ നടത്താനുണ്ടായ സാഹചര്യം.ഗുരുദേവന്‍ നിരീശ്വരവാദിയാണെന്നാണ്‌ ചിലര്‍ പറയുന്നത്‌. പക്ഷേ അദ്ദേഹത്തെപ്പോലെ വേറേ ഈശ്വരവിശ്വാസിയില്ല. അദ്ദേഹത്തിന്റെ പ്രാര്‍ഥന തുടങ്ങുന്നതുതന്നെ 'അന്ന വസ്‌ത്രാദിമുട്ടാതെ തന്നുരക്ഷിച്ചു ഞങ്ങളെ' എന്നാണ്‌.
ഈശ്വരവിശ്വാസമില്ലായ്‌മ ഉപ്പില്ലാത്ത കഞ്ഞിപോലെ എന്നാണ്‌ ഗുരുദേവന്റെ അഭിപ്രായം. ഉപ്പില്ലാത്ത കഞ്ഞിക്കു രുചിയുണ്ടാകില്ല. ജീവിതത്തില്‍ രുചിയുണ്ടാകണമെങ്കില്‍ ഈശ്വരവിശ്വാസമെന്ന ഉപ്പുണ്ടാകണമെന്നാണ്‌ ഗുരു അര്‍ഥമാക്കിയത്‌. ഏതെങ്കിലും ഒരു സമുദായത്തിന്റേത്‌ എന്ന്‌ ഗുരുദേവനെ മുദ്രകുത്തിയതാണ്‌ ഹിന്ദുസമുദായത്തിന്റെ അപചയത്തിനു കാരണം.ശ്രീനാരായണഗുരു ഏതെങ്കിലും ഒരു സമുദായത്തിന്റേയോ, ഏതെങ്കിലുമൊരു വിഭാഗത്തിന്റേയോ മാത്രം ഗുരുവല്ല, ശ്രീനാരായണഗുരു നായന്‍മാരുടെയും ബ്രാഹ്‌മണന്റെയും ആചാര്യനാണ്‌.
പുതിയ തലമുറയ്‌ക്ക് ഗുരുദേവനെ പറ്റിയുള്ള ശരിയായ ചിത്രം അറിയില്ല. സ്‌കൂളില്‍ ഈഴവനെയും പട്ടികജാതിക്കാരനെയും അകറ്റിനിര്‍ത്തുന്ന കാലഘട്ടമുണ്ടായിരുന്നു. ശ്രീനാരായണന്‍ ഗുരുമുഖത്തുനിന്നുമൊന്നുമല്ല പഠിച്ചത്‌, സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും അഗാധമായ പാടവം ഉണ്ടായിരുന്നു.

കാവിയുടുക്കുന്നതു കൊണ്ട്‌ ആരും സന്യാസിയാകില്ല. പുരാണ സിനിമകളിലും മറ്റുമാണ്‌ സന്യാസി കാവിയുടുക്കുന്നത്‌. പുരാണങ്ങളില്‍ പറയുന്നത്‌ മരവുരിയാണ്‌. ശ്രീനാരായണ ഗുരു ബുദ്ധസംസ്‌കാരത്തില്‍ നിന്നുള്ള വര്‍ണമാണ്‌ അണിഞ്ഞത്‌. എസ്‌.എന്‍.ഡി.പി. യോഗവുമായി പ്രശ്‌നമുണ്ടായപ്പോള്‍ അദ്ദേഹം കുറേനാള്‍ സിലോണില്‍പോയി താമസിച്ചു. പിന്നെ ഇവിടെനിന്നുള്ള നിരന്തരമായ നിര്‍ബന്ധത്തെ തുടര്‍ന്നാണു ശിവഗിരിയില്‍ എത്തിയെന്നാണ്‌ ഞാന്‍ ചരിത്രത്തില്‍ പഠിച്ചത്‌. അദ്ദേഹം വലിയ ജ്‌ഞാനിയായിരുന്നു. ഇന്ന്‌ നമ്മുടെ നാട്‌ നശിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
മദ്യവ്യവസായം ഈഴവ സമുദായത്തിന്റെ കുത്തകയായിരുന്ന കാലത്ത്‌ അദ്ദേഹം ചെത്തരുത്‌, വില്‍ക്കരുത്‌, കുടിക്കരുത്‌ എന്നുപറഞ്ഞ മഹാനായ സന്യാസിയാണ്‌. സ്വന്തം സമുദായം നടത്തിവന്നിരുന്ന മദ്യവ്യവസായം സമൂഹത്തിന്‌ ആപല്‍ക്കരമാണ്‌, അപകടകരമാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. പ്രവാചകനെപ്പോലെ മഹത്‌ വ്യക്‌തിത്വമാണ്‌ ശ്രീനാരായണ ഗുരുദേവന്റേത്‌. ഈഴവ സമുദായത്തോട്‌ പറഞ്ഞു- നിങ്ങള്‍ കള്ള്‌ ഉണ്ടാക്കുന്നതു നിര്‍ത്തി കൃഷി ചെയ്യാന്‍. പിന്നെ വ്യവസായം ചെയ്യാന്‍ പറഞ്ഞു.
കൃഷിചെയ്യാന്‍ ആരുമില്ല. തിരുവനന്തപുരവും കൊല്ലവും വര്‍ക്കലയുമെല്ലാം വ്യവസായത്തിലേക്കു പ്രവേശിച്ചത്‌ ആ കാലഘട്ടത്തിലാണ്‌. വേദപുസ്‌തകത്തിലെ പഴയ നിയമത്തില്‍ പറയുന്നത്‌ ആറു വര്‍ഷം മാത്രമെ ഒരാള്‍ കൃഷിചെയ്യാവു എന്നാണ്‌. ജീവിച്ചിരുന്ന കാലഘട്ടത്തെക്കാള്‍ ഗുരുദേവന്റെ പ്രബോധനങ്ങള്‍ക്ക്‌ വര്‍ത്തമാനകാലഘട്ടത്തില്‍ പ്രസക്‌തിയും പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്‌.

- See more at: http://www.mangalam.com/relegion/1707#sthash.wg3kwGBW.dpuf

0 comments:

Post a Comment