Friday 26 September 2014

നമ്മുടെ ആദ്ധ്യാത്മിക പാരമ്പര്യം

തിന്മയ്ക്കു താല്ക്കാലികവിജയം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പക്ഷേ ആത്യന്തികവിജയം സത്യത്തിനും, നന്മക്കുമായിരിക്കുമെന്നതിന് യാതൊരു സംശയവുമില്ല. ഈശ്വരശക്തി മൃഗീയമായ ശരീരശക്തിയേക്കാള്‍ എത്രയോ മടങ്ങ് വലുതാണ്. വേദനയും, യാതനയും അനുഭവിക്കുന്ന ഒരു കാലഘട്ടത്തെയാണ് ഈ ലോകം നേരിടുന്നത്. നാശത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ച് ശക്തമായി വളരുകയാണെങ്കിലും, മരണം എല്ലാറ്റിനേയും ഗ്രസിക്കാന്‍ വാപിളര്‍ന്ന് നില്‍ക്കുകയാണെങ്കിലും ആശങ്കക്കും, അങ്കലാപ്പിനും ഇനിയും സമയമായിട്ടില്ല.

സന്തോഷവും, സമാധാനവും, സംതൃപ്തിയും കളിയാടുന്ന ഒരു യുഗപ്പിറവിക്കുമുന്‍പ്, സംഘര്‍ഷവും, അസമാധാനവും, അസംതൃപ്തിയും മുറ്റിനില്‍ക്കുന്ന ഒരു കാലഘട്ടത്തെ നേരിടണമെന്നത് പ്രകൃതിയുടെ അഥവാ ഈശ്വരനിശ്ചയമാണ്. ഈ തത്വം വ്യക്തികള്‍ക്കും ബാധകമാണ്. ഒരു വ്യക്തി ജീവിതം പുരോഗതി നേടുന്നതും അമൂല്യമായ ജീവിതപരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നതും, പ്രതിബന്ധങ്ങളെ തരണം ചെയ്തും, പല പരീക്ഷണങ്ങളേയും വിജയകരമായി നേരിട്ടതിനുശേഷവുമാണ്.
ഈശ്വരശക്തി നിശ്ശബ്ദമായും, നിയന്ത്രിതമായും, നിശ്ചിതമായും പ്രവര്‍ത്തിച്ച് അവസാനം മാത്രമെ അതിന്റെ മഹത്തായ രീതി അനുഭവ വേദ്യമായിത്തീരൂ യുദ്ധത്തിന്റെ ഭീകരതയും, ബീഭത്സതയും, തിക്തവും വേദനാപൂര്‍ണ്ണവുമായ അനുഭവങ്ങള്‍ യുദ്ധാനന്തരകാലത്തെ ശാന്തിയും, സമാധാനവും സത്ഭാവങ്ങളും ദൂരീകരിക്കുന്നു. ശാസ്ത്രീയവും, ബുദ്ധിപരവുമായ മനുഷ്യന്റെ വളര്‍ച്ചയും, നേട്ടങ്ങളും മാനവരാശിയുടെ നാശത്തിന് തന്നെവഴിതെളിച്ചിട്ടുണ്ടെങ്കിലും, അവനില്‍ അന്തര്‍ലീനമായ ആദ്ധ്യാത്മിക പാരമ്പര്യം ഈ നീച ശക്തികളെ സ്വാഭാവികമായി കീഴ്‌പ്പെടുത്തി, മനുഷ്യരാശിയുടെ സന്തോഷത്തിനും, സമാധാനത്തിനും, പരോഗതിക്കും, യോജിപ്പിനും, വഴിതെളിക്കുന്ന പുതിയ ഒരു ജീവിതതത്ത്വം സമ്മാനിക്കുന്നു.
ശരീര സംബന്ധമായി മാത്രമാലോചിച്ചാല്‍ മനുഷ്യന്‍ മൃഗതുല്ല്യനാണ്. ബുദ്ധിപരമായി അവന്‍ വിവേകശാലിയാണ്. ധര്‍മ്മത്തിന്റെയും നീതിയുടെയും തലത്തില്‍ അവന്‍ നന്മയുടെ ശക്തി ദുര്‍ഗ്ഗമാണ്. ആത്മീയതലത്തിലോ, അവന്‍ ദിവ്യമായ വെളിച്ചവും, സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയും നിറപ്പകിട്ടാര്‍ന്ന പ്രതീകവുമാണ്. മാനവികതയുടെ വളര്‍ച്ച-ഒരുതലത്തില്‍ നിന്ന് മറ്റ് തലത്തിലേക്കു സ്വാഭാവികവും, അനുപേക്ഷണീയവുമാണ്.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യക്തമായ ധാരണയ്ക്കും, അടുപ്പത്തിനും, ഐക്യത്തിനും, പരസ്പരസ്‌നേഹത്തിനും വിശ്വാസത്തിനും, സമാധാനത്തിനും സമയം അടുത്തുപോയി. ഇത്തരം ഒരു നല്ലകാലത്തെക്കുറിച്ച് ചിന്തിക്കയും, ഉറക്കെ പ്രഖ്യാപിക്കുകയും, ഇത്തരം ഒരു സമ്മാനദിനം സൃഷ്ടിച്ചെടുക്കുകയും ചെയ്യണമെന്നുള്ളത് നിയന്താവിന്റെ നിശ്ചയമാണ്. അധഃപതിച്ച, ആസുരിക ചിന്തകളില്‍നിന്നും വിമുക്തരായി ഉന്നതമായ സാത്വിക ചിന്തകളില്‍ മുഴുകി നാം ജീവിച്ചാല്‍, ലോകജനതയ്ക്കു ഒരു പുനരുജ്ജീവനം-ഒരു പുതിയ ജീവിതം-തന്നെ സംഭാവന ചെയ്യാന്‍ സഹായകമാവുമെന്നതിന് തര്‍ക്കമില്ല. വിശുദ്ധവും, സംസ്‌കാരികമായി ഉയര്‍ന്നതുമായ ഒരു ഹൃദയത്തിന്റെ ഉടമയ്ക്കുമാത്രമെ മനുഷ്യരാശിയെ പരസ്പരം ബന്ധിച്ച് ഒരു കുടംബത്തിലെ അംഗങ്ങളായി അംഗീകരിക്കാന്‍ സാധിക്കൂ. ഹൃദയത്തെ ശുദ്ധമാക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. മനസ്സിനേയും, ഹൃദയത്തെയും, നന്മയുടെയും, സ്‌നേഹ തേജസ്സിന്റെയും, പരമപദവുമായി ലയിപ്പിക്കുക എന്നതാണത്.
മനുഷ്യരാശിയുടെ ഐക്യം സാക്ഷാത്കരിക്കുക എന്നതുതന്നെ ഒരു ദിവ്യമായ അനുഭൂതിയില്‍ കൂടിമാത്രമേ സാധിക്കൂ. ഈശ്വരന്‍ എന്ന സങ്കല്പത്തെ അല്ല സത്യത്തെ നാം മറന്നാല്‍ അല്ലെങ്കില്‍ ഉപേക്ഷിച്ചാല്‍ – ആ സത് വിചാരമാണ് നമ്മെ ഒറ്റക്കെട്ടായി നിര്‍ത്തിയിരിക്കുന്നത് മറ്റ് മാര്‍ഗ്ഗങ്ങളില്‍ക്കൂടി എത്രശ്രമിച്ചാലും പരമമായ ലക്ഷ്യം, സങ്കല്‍പങ്ങള്‍ നേടി എടുക്കാന്‍ നമുക്ക് സാധിക്കില്ല. ഈശ്വര നാമം അനാവശ്യമായും ഉപയോഗിക്കാറുണ്ട്. സ്വാര്‍ത്ഥത നേടിയെടുക്കാന്‍പോലും, ഈശ്വരപ്രാര്‍ത്ഥനയും, ആരാധനയും അന്യരുടെ കണ്ണില്‍ മണ്ണ് വാരി ഇടാന്‍ നടത്തുന്നവരും ഉണ്ട്. ഈശ്വരന്‍ സര്‍വ്വജ്ഞനും, സര്‍വ്വവ്യാപിയുമാണ്. എല്ലാ കര്‍മ്മങ്ങള്‍ക്കും സാക്ഷിയുമാണ്. വ്യക്തികള്‍ക്കായാലും രാഷ്ട്രങ്ങള്‍ക്കായാലും അതതിന്റെ പ്രവര്‍ത്തിഫലം ഈശ്വരന്‍ നല്കും. ശുദ്ധരും, നിസ്വാര്‍ത്ഥരും, നിര്‍മ്മലരും, വിട്ടുവീഴ്ചാമനോഭാവമുള്ളവരും, ക്ഷമാശീലരും മാത്രമേ ഈശ്വരനാല്‍ ലോകോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടു. അത്തരക്കാര്‍ക്കേ പ്രകാശവും ആനന്ദവും പകര്‍ന്നുതരാന്‍ സാധിക്കൂ.
ഈശ്വരാരാധന, ധ്യാനം, പ്രാര്‍ത്ഥന മുതലായവയില്‍ കൂടി നമ്മിലുള്ള ദിവ്യവും. അമൂല്യവുമായ ചൈതന്യം പ്രകടമാക്കി, നിസ്വാര്‍ത്ഥസേവനം കൊണ്ട് കൂടുതല്‍ തേജസ്സുറ്റവരാകാന്‍ ശ്രമിക്കുക എന്നത് നമ്മില്‍ നിക്ഷിപ്തമായ കടമയാണ്. സര്‍വ്വേശ്വരന്‍ നമുക്കു തന്നിരിക്കുന്ന ഈ അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി ഈശ്വരനോട് അടുക്കുവാനും, മറ്റുള്ളവരെ ആ വഴിക്കുകൊണ്ടുവരാനും, പരമോന്നതിയിലേക്കു നയിക്കുവാനും പ്രയോജനപ്പെടുത്തണം. പ്രാര്‍ത്ഥനയും, ധ്യാനവും മറ്റുള്ളവരുടെ ജീവിതത്തിന് ചെയ്യുന്ന പ്രയോജനങ്ങള്‍ മാത്രം കണക്കാക്കാതെ, അവരവരുടെ ആത്മീയമായ വളര്‍ച്ചയ്ക്ക് വളരെയേറെ ഉപകരിക്കും എന്നത് സത്യമാണ്. അനസ്യൂതം ഈശ്വരനില്‍ ലയിക്കാനുള്ള സന്നദ്ധത  അഥവാ എല്ലായ്‌പ്പോഴും ധ്യാനനിരതനായിരിക്കാനുള്ള വ്യഗ്രത നമ്മുടെ ഹൃദയത്തില്‍ അനിര്‍വചനീയമായ ശാന്തിയും, വിശുദ്ധിയും, ആനന്ദവും സമ്മാനിക്കുകയും, അവയുടെ അനര്‍ഗളപ്രവാഹം സൃഷ്ടിക്കുകയും ചെയ്യുമെന്നത് നിഷേധിക്കാന്‍ പാടില്ലാത്ത സത്യമാണ്.
നമുക്കൊരുമിച്ച് ഉണര്‍ന്നെഴുന്നേല്‍ക്കാം. ദിവ്യത്വത്തിന്റെ പ്രതീകങ്ങളായി വളര്‍ന്നു വലുതാകാം. നാം ദിവ്യത്വത്തിന്റെ അംശങ്ങളാണെന്നുള്ള സത്യം മറക്കരുത്! നമുക്കൊന്നിച്ച് ഈശ്വരീയ പ്രകാശം. പ്രസരിപ്പ്, സമാധാനം ഇവ പ്രകടമാക്കാം. യുദ്ധത്തിന്റെ കെടുതികളും, അന്ധകാരവും തുടച്ചുനീക്കി, ശരിയായ, സത്യസന്ധമായ, പരസ്പര സ്‌നേഹവിശ്വാസമുള്ള, ശാന്തിയും സമാധാനവും കളിയാടുന്ന ഉത്തമ ജീവിതം മാനവരാശിക്കു കാഴ്ചവയ്ക്കാം. ഈശ്വരന്റെ അപാരമായ കഴിവും സ്‌നേഹവും അങ്ങനെ പ്രകടമാക്കാം. സര്‍വ്വവും ഈശ്വരനില്‍ സമര്‍പ്പിക്കാം.


അവലംബം : പുണ്യഭൂമി
കെ.ആര്‍.ഗോപാലകൃഷ്ണന്‍ 

0 comments:

Post a Comment