Wednesday 26 September 2012

ഗുരുദേവ സമാധി


എല്ലാ വർഷവും കന്നി – 5 (സെപ്തംബർ-21) നമ്മൾ ഗുരുദേവന്റെ സമാധിദിനമായി ആചരിച്ചു വരുന്നു.  അതുപോലെ ചിങ്ങമാസത്തിലെ ചതയം നാളിൽ ഗുരുദേവന്റെ ജന്മദിനവും ആഘോഷിക്കുന്നു.  നമ്മുടെ ‘കാലാന്തരം‘  ക്രൈസ്ത്രവവൽക്കരിക്കപ്പെട്ട  കലണ്ടറായി മാറിയപ്പോൾ നമ്മൾ  നമ്മുടെ പൈതൃകത്തെ അവഗണിക്കുന്നുണ്ടോ?   നമ്മുടെ ആഘോഷങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരുന്നതും ആചരിച്ചിരുന്നതും നക്ഷത്രങ്ങളെയും തിഥികളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു.  ഓരോ മാസത്തിലും വരുന്ന നക്ഷത്രം അനുസരിച്ച്  ജനനദിവസവും മരണദിവസവും നമ്മൾ ഓർമ്മിക്കാറുണ്ട്.   ഒരു മാസത്തിൽ രണ്ടു നക്ഷത്രം വരികയാണെങ്കിൽ,  മാസത്തിലെ ആദ്യം വരുന്ന  നക്ഷത്രം ശ്രാദ്ധദിനമായും, അവസാനം വരുന്ന നക്ഷത്രം  ജന്മദിനമായും എടുക്കുന്നു.  ക്രൈസ്തവവൽക്കരണം രൂഢമായപ്പോൾ നമ്മൾ  ‘പിറന്നാൾ’ പോലും മറന്നുപോയിരിക്കുന്നു.  Date of birth  ആണ് ഇന്ന് എല്ലാവർക്കും  അറിയാവുന്നത്.  ആധുനികതയെ പുണർന്നതുകൊണ്ട് ഫെബ്രുവരി – 29 ന് ജനിച്ച വ്യക്തിക്ക് പിറന്നാൾ ആഘോഷിക്കാൻ കഴിയത്തതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നില്ല.  ഗുരുദേവന്റെ  സമാധിദിനം  കന്നി -5നു തന്നെ അനുസ്മരിക്കുന്നതിലും ആധുനികവൽക്കരണം സ്വാധീനം ചെലുത്തിയിരിക്കാം.

ഗുരുദേവന്റെ ഭൌതികശരീരം സമാധി സംസ്കരണം  നടത്തിയത്  ഗുരുദേവന്റെ  അന്ത്യാഭിലാഷമായിരുന്നോ എന്ന കാര്യത്തിൽ എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.  കാരണം, ഒരിക്കൽ സംശയ നിവൃത്തിക്കായി  ശിഷ്യന്മാരിൽ ഒരാൾ ഗുരുദേവനോടു ചോദിച്ചു; “മരിച്ചു കഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്” എന്ന്‌.   അതിന് ഗുരുവിന്റെ മറുപടി;  “ചക്കിലിട്ടാട്ടി കൃഷിക്ക് വളമാക്കുന്നതല്ലേ അതിലും നല്ലത്” എന്ന മറുചോദ്യമായിരുന്നു.  അങ്ങനെ യുക്ത്യാധിഷ്ടിതമായി  സംസാരിക്കാനുള്ള തർക്കശാസ്ത്ര പാടവവും വേദാർത്ഥജ്ഞാനവും ഉണ്ടായിരുന്ന ഗുരുദേവൻ ഇത്തരം ഒരു ആഗ്രഹം പ്രകടിപ്പിക്കാൻ സാധ്യതയില്ല.   ഇതുവരെയും ഈ വിഷയത്തിൽ  തൃപ്തികരമായ ഒരു മറുപടി ലഭിച്ചിട്ടില്ല.  ഗുരുദേവന്റെ ദിവ്യ കളേബരം വിധി അനുസരിച്ച് സമാധി ഇരുത്തി എന്നു മാത്രമെ അറിവായിട്ടുള്ളൂ.



ഭൌതികശരീരം സംസ്കരിക്കുന്നതിനെക്കുറിച്ച് നമുക്ക് എന്തെങ്കിലും ആധികാരികമായ അറിവ് നിലനിന്നിരുന്നോ എന്നുള്ള ഒരു അന്വേഷമാണ് ഈ ലേഖനത്തിനു  കാരണം.  ശരീരത്തിന്റെ ആരംഭം ഗർഭാധാനത്താലും, അന്ത്യം ഭസ്മീകരണത്താലും ആകുന്നു.   മറ്റുള്ളവയ്ക്കൊന്നിനും ദോഷം വരാത്തവിധം  അടക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിനെയാണ്  സംസ്കരിക്കുക എന്നു പറയുന്നത്.  ദോഷം പ്രകൃതിക്കുപോലും ഉണ്ടാകരുത് എന്നതാണ്  ധർമ്മം.   കുഞ്ഞുങ്ങൾ  അന്നപ്രാശന സംസ്കാരം (ചോറൂണ്) കഴിയുന്നതിനുമുമ്പുവരെയുള്ള  സമയത്ത്  മരിച്ചാൽ മറവു ചെയ്യാം.  കാരണം, ശിശുവിന്റെ ശരീരം അല്പമാത്രമാകയാൽ മണ്ണിനെ ദുഷിപ്പിക്കുന്നതിന് പരിധിയുണ്ട്.  ആ ദൂഷ്യം പരിഹരിക്കാൻ  പ്രകൃതി സമർത്ഥയുമാണ്.   അന്നപ്രാശനത്തിനുശേഷമുള്ള ഏതു ജഡവും  ഇഷ്ടികർമ്മം (ദഹനം) നടത്തണം എന്നാണ്  വേദവിധി.   ആറടി മണ്ണ്  സംസ്കാരത്തിന് ഉപയോഗിക്കാമെന്നല്ലാതെ അത് കൈവശപ്പെടുത്താൻ  നമുക്ക് അധികാരമില്ല.   ശവശരീരം അടക്കം ചെയ്യുന്ന സെമിത്തേരികളുള്ള  സ്ഥലങ്ങളിൽ  കുറെകഴിയുമ്പോൾ  കടുത്ത മാലിന്യ സമസ്യയുണ്ടാകും.  അന്ന് പരിസ്ഥിതിവാദികൾ ഉപവസിച്ചതുകൊണ്ടോ  ആക്രോശിച്ചതുകൊണ്ടോ പ്രയോജനമൊന്നും  ഉണ്ടാവില്ല.   ഭൂമിയിൽ ജനിക്കുന്ന ജനങ്ങൾക്കെല്ലാം  കല്ലറയുണ്ടാക്കിയാൽ ഭാവിയിൽ  ശവസംസ്കാരത്തിന്   അന്യഗ്രഹങ്ങളെ  ആശ്രയിക്കേണ്ടതായിവരും.

 നെയ്യും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള അന്ത്യേഷ്ടിയാണ്  വേദവിധി.   ചാരമായിത്തീരലാണ് ശരീരത്തിന്റെ അന്ത്യമെന്ന് യജുർവേദം  അറിയിക്കുന്നു.  “വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം”.   ശരീരം മൂത്തവരുടെയോ ഇളയവരുടെയോ എന്നു നോക്കേണ്ടതില്ല.   ‘ഉച്ചി വച്ച കൈകൊണ്ട് ഉദകക്രിയ‘ എന്നുണ്ട്.  ഉദകക്രിയ ദാഹകർമ്മത്തിലേ ഉള്ളൂ.  മരണാനന്തരം ആർക്കും കല്ലറയും സമാധിയും ഉണ്ടാക്കരുതെന്ന നിഷ്കർഷയും കൂടി  സന്ദർഭം നിമിത്തം സ്മരിക്കാൻ ഇടവരുത്തുന്നു ഭസ്മാന്തം ശരീരമെന്ന വേദവാണി.

 അന്ത്യേഷ്ടി കഴിഞ്ഞ മണ്ണ്‌ വീണ്ടെടുത്ത് കൃഷിഭൂമിയാക്കുന്ന പ്രക്രിയയാണ്  ‘സഞ്ചയനം’.   തെങ്ങും വാഴയും  ധാന്യങ്ങളും ആ മണ്ണിൽ നടുകയും വിതയ്ക്കുകയും ചെയ്യുന്നത് വളരെ ശാസ്ത്രീയമായ ഭൂസംരക്ഷണമാണ്.  അങ്ങിനെ  അന്ത്യേഷ്ടി കഴിഞ്ഞ സ്ഥലം  ഉപയോഗയോഗ്യമാക്കുന്നു.

സംഗമില്ലാതെ നിഷ്കാമകർമ്മം ചെയ്ത് സാക്ഷാത്കാരം നേടിയ ആൾ ജീവന്മുക്തനായിട്ടാണ് ശിഷ്ടകാലം  ജീവിക്കുന്നത്.  ശരീരം വിട്ട ജീവന്മുക്തന്റെ ശവ്യം (ശവസംസ്കാരം) ചെയ്യണം.  ശരീരത്തിന്റെ അന്ത്യം  ഭസ്മാത്കരണത്തിലാകണം.   അന്തിമ  സംസ്കാരമൊന്നും ജീവന്മുക്തനു ചെയ്തില്ലെങ്കിലും ആ ആത്മാവിനെ അതൊന്നും ബാധിക്കുകയില്ല.  ജീവന്മുക്തനല്ലെങ്കിൽ അയാൾ ലൌകികനാണ്.   അതിനാൽ  ദാഹസംസ്കാരം കൂടിയേ കഴിയൂ.  ലോകത്തിന് ഹാനി വരുത്തുന്ന, മണ്ണിൽ മറവു ചെയ്യൽ,  വെള്ളത്തിലൊഴുക്കൽ, കല്ലറകൾ കെട്ടി സമാധിയിരുത്തൽ ഇവയൊന്നും വിട്ടുപോയ ജീവന്മുക്തനു വേണ്ടിയല്ല ചെയ്യുന്നത്.  സമാധിയിരുത്തുകയും മറ്റും ചെയ്താൽ വേദവിരുദ്ധക്രിയ നിമിത്തം ഉണ്ടാകുന്ന അന്ധവിശ്വാസജന്യമായ സമാധിപൂജാദികൾ ലൌകികരുടെ ധ്യേയമായ ജീവന്മുക്തിപ്രാ‍പ്തിക്കു  വിഘാതമായിത്തീരും.  അവർ ജീവന്മുക്തന്റെ അനുഗ്രഹം കൊണ്ട് ആ പദവി ലഭിക്കുമെന്ന മൌഢ്യത്തിലായിപ്പോകും.

നമ്മൾ ഗുരുദേവനെ ആരാധിക്കേണ്ടത് ഗുരുദേവന്റെ കൃതികൾ മനസ്സിലാക്കുക എന്ന  പൂജയിലൂടെയാണ്.  ഗുരുദേവന്റെ കൃതികളുടെ പഠനം ഒരു തപസ്സായി  കാണണം.   ആത്മസാക്ഷാത്ക്കാരത്തിനുള്ള വഴി ഗുരുദേവന്റെ അനുഭവ കുറിപ്പുകളായി അദ്ദേഹത്തിന്റെ  കൃതികളിൽ  സാംശീകരിച്ചു വച്ചിട്ടുണ്ട്.  ഗുരുക്കന്മാർ  വഴികാട്ടികൾ മാത്രമാണ്.   ഫലം നേടേണ്ടത്  സ്വപ്രയത്നത്താലാണ്.

5000 വർഷം മുമ്പ്  കലിയുഗ ആരംഭത്തിൽ  തന്നെ  വേദം അഥവാ അറിവ്  അന്യാധീനപ്പെട്ടു തുടങ്ങിയതോടെ  ഭാരതം അതിന്റെ അധഃപതനചരിത്രം രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു.  ഈ ക്ലിഷ്ട സന്ധിയിൽ   വേദനഷ്ടം അവതാരത്തെക്കൊണ്ട് ഇല്ലാതാക്കാം എന്ന കണ്ടു പിടുത്തം പുരാണ രചയിതാക്കളുടെ  പകൽക്കിനാവായിരുന്നു.   ഇന്ന് നമുക്കിടയിൽ പ്രചലിതമായ  പുരാണ കഥകളിൽ  വേദം വീണ്ടെടുക്കുന്ന വിഷ്ണു  അവതാരങ്ങളിൽ (മത്സ്യാവതാരം) ആദ്യത്തേതാകുന്നതും  ഇങ്ങനെയാണ്.    സവർണ്ണ പൌരോഹിത്യ ഗൂഢതന്ത്രം  ഭാരതത്തിൽ  ആധുനിക കാലത്ത് വീണ്ടും പ്രകടമായി.  ജാതിചിന്തയും വർണ്ണ വിവേചനവും  മൂലം ഭാരതത്തിനെ അന്ധകാരത്തിൽ നിന്നും അന്ധകാരത്തിലേയ്ക്ക്  നയിക്കുന്ന ഭരണ കർത്താക്കളുടെ മൂല്യച്യുതിയിൽ  കേരളത്തിനെ  ഒരു ഭ്രാന്താലയമായി  വിവേകാനന്ദനുപോലും തോന്നിപ്പോയതിൽ അതിശയിക്കാനില്ല.         ജാതി ബ്രാഹ്മണന് വേദം, കൂടിയസവർണ്ണന് ഉപനിഷത്തുക്കൾ വരെ, സവർണ്ണശൂദ്രന് ഗീതയും ഭാഗവതവും, ദരിദ്രശൂദ്രന് ഭജനയും ഹരിനാമകീർത്തനവും യക്ഷിപ്പാട്ടും സർപ്പം തുള്ളലും – ഇതായിരുന്നു അടുത്ത കാലം വരെ ഹൈന്ദവപുരോഹിത വർഗ്ഗത്തിന്റെ  രീതി.   അക്കാലത്ത് നമുക്ക് വേദത്തെ  അഥവാ അറിവിനെ  വീണ്ടെടുത്തു തന്ന രണ്ട് അവതാരങ്ങളാണ് ശ്രീനാരായണ ഗുരുദേവനും  ചട്ടമ്പിസ്വാമികളും.  ആ ഋഷിവര്യന്മാർ നമുക്ക്  വീണ്ടെടുത്തു തന്ന അറിവ്  നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

ഓം സഹനാവവതു സഹനൌഭുനക്തു
സഹവീര്യം കരവാവഹൈ,
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാ വഹൈ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

0 comments:

Post a Comment