തിരുവിതാംകൂർ നിയമസഭയിലെ പ്രഗൽഭനായ ഒരംഗമായിരുന്നു ചേർത്തലക്കാരനായ എൻ. ആർ. കുഷ്ണൻ വക്കീൽ. അദ്ദേഹത്തിനു ജനിച്ച ആദ്യത്തെ കുഞ്ഞ് അകാലത്തിൽ പൊലിഞ്ഞുപോവുകയുണ്ടായി. രണ്ടാമത്തെ കുഞ്ഞായപ്പോൾ അതിന്റെ ആയുർദൈർഘ്യത്തിനും ആരോഗ്യത്തിനുമായി വക്കീലും കുടുംബവും നിരന്തരം പ്രാർത്ഥിക്കുകയും നിരവധി പൂജകൾ നടത്തുകയുമൊക്കെ ചെയ്തു. പക്ഷെ ആ കുഞ്ഞും ബാല്യത്തിൽ തന്നെ പരലോകം പൂണ്ടു.
കൃഷ്ണൻ വക്കീൽ ഗുരുദേവനിൽ വലിയ ഭക്തിയുള്ള ആളായിരുന്നു. സ്വന്തം വിശ്വാസമനുസരിച്ച് ചില വ്രതങ്ങളനുഷ്ഠിക്കുകയും ഗുരുദേവന്റെ പേരിൽ ഒരു നേർച്ച കഴിക്കുകയും ചെയ്തു. ഓരോ വെള്ളിയാഴ്ചയും കുളികഴിഞ്ഞ് ഗുരുദേവനെ സങ്കല്പിച്ച് പ്രാർത്ഥന നടത്തിയിട്ട് ഒരു ചക്രം വീതം ഒരു പ്രത്യേക വഞ്ചിയിൽ നിക്ഷേപിക്കുവാൻ തുടങ്ങി. ആ വഞ്ചിപ്പണം ഗുരുദേവനു സമർപ്പിച്ചുകൊള്ളാം എന്നായിരുന്നു നേർച്ച. എന്നാൽ ഗുരുദേവൻ തന്റെ ഭവനത്തിലെഴുനുള്ളി നേരിട്ട് അതു സ്വീകരിക്കണം എന്നായിരുന്നു വക്കീലിന്റെ ആഗ്രഹവും പ്രാർത്ഥനയും.
തൃപ്പാദങ്ങൾ ഏഴുന്നള്ളിയാൽ അപ്പോൾ ഇരിക്കുന്നതിനായി പുതിയൊരു മെത്തപായ വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തു. അതിനിടത്തിൽ എന്തെല്ലാം തിരക്കുകളും പ്രയാസങ്ങളും ഉണ്ടായിട്ടും പ്രാർത്ഥനയ്ക്കും നേർച്ചയ്ക്കും യാതൊരു വിഘ്ഞങ്ങളുമുണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ കൃഷ്ണൻവക്കീലിന്റെ പത്‌നി മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്തവണ വക്കീലിനും കുടുംബത്തിനും തികഞ്ഞ ആത്മവിശ്വാസവും ഉണ്ടായിരുന്നു.
കുഞ്ഞിനു അന്നപ്രാശം നടത്തുന്നതിനുള്ള സമയം അടുത്തുവന്നു. ചോറൂണ് എവിടെവച്ചു നടത്തണമെന്നും മറ്റും ആലോചനവന്നപ്പോൾ വക്കീൽ പറഞ്ഞു.
"അന്നപ്രാശം സ്വാമികളെകൊണ്ട് കഴിപ്പിക്കാം."
അപ്പോൾ ഭാര്യ ചോദിച്ചു.
"അതിനു നമ്മൾ കുഞ്ഞുമായി ശിവഗിരിക്കു പോകണ്ടെ?"
വക്കീൽ: "പോകേണ്ടതില്ല. സ്വാമികൾ ഇവിടെ എഴുന്നള്ളി അതു നടത്തിത്തരുമെന്നാണ് എന്റെ വിശ്വാസം. അതാണ് എന്റെ പ്രാർത്ഥനയും."
ഭാര്യ: "അങ്ങനെയായാലും ഗുരുസ്വാമിയെ കണ്ട് അതിനു അപേക്ഷിക്കേണ്ടതല്ലേ?"
അതിനായി ഗുരുസ്വാമിയെ അങ്ങോട്ട് പോയി കാണുകയോ ക്ഷണിക്കുകയോ അപേക്ഷിക്കുകയോ ചെയുകയില്ലെന്നും തന്റെ നേർച്ചയും ഭക്തിയും വിശ്വാസവും ത്രികാലജ്ഞാനിയായ ഗുരുസ്വാമി ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നും വക്കീൽ പത്നിയോടു പറഞ്ഞു. ആ വിവരം മറ്റൊരാൾക്കുപോലും അറിയുമായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ചേർത്തല കളവങ്കോടം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതിനായി ഭഗവാൻ എത്തിച്ചേർന്നു. പക്ഷെ അപ്പോഴും കൃഷ്ണൻ വക്കീൽ തൃപ്പാദങ്ങളെ കാണുവാൻ അങ്ങോട്ടുപോകുന്നില്ല എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. അതറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യക്കു വലിയ ആധിയായി.
അന്നാട്ടിലെ വിശ്വാസികളായ മുഴുവൻ ജനങ്ങളും അപ്പോൾ കളവങ്കോടം ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നെങ്കിലും കൃഷ്ണൻ വക്കീൽ മാത്രം തന്റെ ഭവനത്തിലെ പൂജാമുറിയിൽ നിന്നും അന്നു പുറത്തിറങ്ങിയിരുന്നതേയില്ല.
ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞു മടങ്ങുവാൻ നേരത്ത് ഗുരുദേവൻ "നമ്മുടെ കൃഷ്ണൻ വന്നില്ലേ" എന്ന് അന്വേഷിച്ചു. അപ്പോൾ കൃഷ്ണൻ വക്കീലിനെ അവിടെ കണ്ടവരായി ആരും ഉണ്ടായിരുന്നില്ല.
"എങ്കിൽ കൃഷ്ണനെ കണ്ടിട്ടുപോകാം" എന്നു പറഞ്ഞുകൊണ്ട് ഗുരുദേവൻ അപ്പോൾത്തന്നെ കൃഷ്ണൻ വക്കീലിന്റെ ഭവനത്തിലേക്കു പുറപ്പെട്ടു.
തന്റെ ഭവനത്തിൽ എഴുന്നള്ളിയ സ്വാമിയെ കൃഷ്ണൻ വക്കീൽ സാഷ്ടാംഗം നമസ്കരിച്ചു വരവേറ്റു. അദ്ദേഹം നേർച്ചയായി നിക്ഷേപിച്ചുകൊണ്ടിരുന്ന പൂജാമുറിയിലെ വഞ്ചിപ്പണം ഗുരുദേവൻ ഒരു മന്ദഹാസത്തോടെ സ്വീകരിക്കുകയും ആരുടെയും പ്രത്യേകമായ അപേക്ഷകൂടാതെ വക്കീലിന്റെ കുഞ്ഞിനു അന്നപ്രാശം നടത്തുകയും ചെയ്തു.
https://www.facebook.com/photo.php?fbid=1080350148773654&set=a.191147274360617.50147.100003960367013&type=3&theater&ifg=1
0 comments:
Post a Comment