Wednesday 24 April 2013

ഗോവിന്ദാനന്ദ സ്വാമികള്‍

എറണാകുളം ജില്ലയിലെ മുളകുകാടാണ്‌ ഗോവിന്ദസ്വാമിയുടെ ജനനം. പഠനം കഴിഞ്ഞ്‌ കൊച്ചിരാജ്യത്തെ പോലീസില്‍ സേവനം അനുഷ്‌ഠിച്ചു. സന്യാസത്തില്‍ താല്‌പര്യമുദിച്ച്‌ ജോലി രാജിവച്ചു. ബോധാനന്ദസ്വാമിയിലൂടെയാണ്‌ ഗുരുവിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടത്‌. ബോധാനന്ദസ്വാമിയുടെ ധര്‍മ്മസംഘത്തില്‍ അംഗമായിരുന്നു. ഗുരദേവന്‍ ആലുവാ അദൈ്വതാശ്രമത്തില്‍ വിശ്രമിക്കുന്നവേളയില്‍ ബോധാനന്ദസ്വാമികള്‍ ഗുരുദേവനുമായി ഗോവിന്ദാനന്ദനെ പരിചയപ്പെടുത്തി. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ഗുരുകല്‌പനയാല്‍ കാഞ്ചീപുരത്ത്‌ എത്തുകയും ജനസേവനത്തില്‍ മുഴുകുകയും ചെയ്‌തു. അവിടെ ശ്രീനാരായണാശ്രമം എന്ന പേരില്‍ ആശ്രമം സ്ഥാപിക്കുകയും അവിടം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തു. ഗുരുദേവന്‍ ഇവിടെയത്തി വിശ്രമിക്കുകയും തമിഴ്‌മക്കളുടെ പൂജ ഏറ്റുവാങ്ങി അവരിലേക്ക്‌ ആത്മീയപ്രഭ ചൊരിയുകയും ചെയ്‌തിട്ടുണ്ട്‌. ഗുരുദേവ ദര്‍ശനപ്രചാരണാര്‍ത്ഥം ആദ്യമായി ഇന്ത്യക്കുവെളിയില്‍ സഞ്ചരിച്ചത്‌ ഗോവിന്ദാനന്ദസ്വാമിയാണ്‌. ജപ്പാന്‍, ബര്‍മ്മ, സിംഗപ്പൂര്‍, മലയ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്‌. ബോധാനന്ദസ്വാമിയുടെ മഹാസമാധിക്കുശേഷം ധര്‍മ്മസംഘം മഠാധിപതിയായി തിരഞ്ഞെടുത്തത്‌ ഗോവിന്ദാനന്ദസ്വാമിയെയാണ്‌. അക്കാലത്താണ്‌ എസ്‌.എന്‍.ഡി.പി.യുടമായ ഗുരുദേവന്റെ സ്വത്തിന്മേലുള്ള കേസുനടന്നത്‌. 1930 ല്‍ തന്റെ 48-ാമത്തെ വയസ്സില്‍ കാഞ്ചീപുരം ആശ്രമത്തില്‍ മഹാസമാധിയായി. സ്വാമിയുടെ മഹാസമാധി ഇന്ന്‌ ചെങ്കല്‍പെട്ട്‌ ജില്ലയില്‍ പൊതു ഉത്സവദിനമാണ്‌. ശ്രീനാരായണ സേവാശ്രമത്തില്‍ സ്വാമിയുടെ മഹാസമാധിമന്ദിരമുണ്ട്‌.

Posted by  Suresh Babu Madhavan [ ശ്രീനാരായണ ജ്ഞാനസമീക്ഷ - Facebook Group ]
https://www.facebook.com/groups/sreenarayananjanasameksha3/


0 comments:

Post a Comment