Friday 12 July 2013

അരുളുള്ളവനാണു ജീവി

അവനിവാഴ്വിന്‍ തലപ്പത്തിരിപ്പവന്‍
അധിനിവേശം മഹാമന്ത്രമാക്കിയോന്‍
അലിവിന്നാധാരമില്ലെങ്കിലെങ്ങനെ
മനുജനായ്ക്കാലമോര്‍ക്കുവതെപ്പൊഴും

പിഴകളെണ്ണിത്തിരിക്കുവാനൊക്കൊലാ
ഹിതമതോടെയുമല്ലാതെയും ദിനം
ഹൃദയമൊന്നില്‍ പിഴാബോധമേശിയാല്‍
അതുവരേയ്ക്കുള്ള പാപമോ ശൂന്യമായ്

വിടജപങ്ങള്‍ കലികാലകേളികള്‍
ചകിതമാനസത്തേങ്ങലിന്നൊച്ചകള്‍
അണുപിളര്‍ന്നും മഹാമാരി തൂകിയും
സഹജജീവിതം താറുമാറാക്കുവോര്‍

ഹൃദയമുള്ളില്‍ വിഷപ്പാമ്പൊളിച്ചവര്‍
പുണരുമെങ്കിലും കത്തിയാഴ്ത്തുന്നവര്‍
ഗുരുവചസ്സിന്റെ ഗംഗ തൊടാത്തവര്‍
വികടലോകം ഭരിച്ചു മുടിപ്പവര്‍

ഇനിയുമേറെ വൈകീടൊല്ലേ കൂട്ടരേ
ഹൃദയജാലകം മെല്ലെത്തുറന്നിടൂ
തരളമാമെന്റെ ഗുരുദേവഗീതികള്‍
അമൃതമായ് നിന്റെ ഹൃദയത്തിലൂറട്ടെ

മധുകണമുണ്ടുറങ്ങാതെ വണ്ടേ നീ
മതിവരുംവരെ പാടിനടക്കുക
മഹിതമാനസ ഗീതങ്ങളായെന്റെ
മനിതസ്നേഹിയാം ഗുരുവിന്‍ കരുണകള്‍!

(2007 ജനുവരിയില്‍ 74-)മതു ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
വര്‍ക്കല ശിവഗിരിമഠത്തില്‍ അഖില കേരളാടിസ്ഥാനത്തില്‍ നടന്ന കവിതാരചനാമത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ രചന.)
Posted on Facebook  by Hari charutha 

0 comments:

Post a Comment