Tuesday 2 July 2013

വ്യാശാശ്രമം -- ശ്രീനാരായണ ഗുരുവിന്‍റെ കാലടികളിലൂടെ "മലയാള സ്വാമി "


ശ്രീ നാരായണഗുരുവിന്‍റെ കാലടികളെ പിന്തുടര്‍ന്ന് , ഗുരുവിന്‍റെ അടുത്ത ശിഷ്യനായ , സിദ്ധ ശിവലിംഗ ഗുരുവില്‍നിന്നു സന്യാസദീക്ഷ സ്വീകരിച്ച അസംഗാനന്ദ ഗിരി സ്വാമികള്‍ സ്ഥാപിച്ചതാണ് ആന്ധ്രപ്രദേശിലെ , കാളഹസ്തിക്കടുത്ത് യേര്‍പ്പേട്ടിലെ വ്യാശാശ്രമം. ആന്ധ്രയിലെ പിന്നോക്ക സമുദായങ്ങളുടെയും , സ്ത്രീകളുടെയും സാമൂഹികപുരോഗതിയുടെ നാള്‍വഴികളില്‍ അസംഗാനന്ദ ഗിരി സ്വാമികളുടെയും വ്യാശാശ്രമത്തിന്‍റെയും പങ്ക് വളരെ വലുതാണ്‌ . 

കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തില്‍ 1855 മാര്‍ച് മാസം 27 ആം തീയതിയാണ് വേലപ്പന്‍ എന്ന അസംഗാനന്ദ ഗിരി സ്വാമികളുടെ ജനനം . എങ്ങണ്ടിയൂരിനടുത്തുള്ള പെരിങ്ങോട്ടുകരയിലെ സിദ്ധ ശിവലിംഗ ഗുരുവിന്‍റെ " ശ്രീ നാരായണ ആശ്രമ " ത്തില്‍ നിന്ന് വിദ്യാഭ്യാസം നേടിയ സ്വാമികള്‍ പരമഗുരുവിന്റെ ആശിര്‍വാദത്തോടെ ഭരതമാകമാനം സഞ്ചരിച്ചു . ഒടുവില്‍ ആന്ധ്രപ്രദേശിലെ , തിരുപ്പതിയിലെ തിരുമലകുന്നില്‍ എത്തിച്ചേര്‍ന്ന അസംഗാനന്ദ സ്വാമികള്‍ കുന്നിന്മുകളിലെ " ഗോഗര്‍ഭം " എന്ന സ്ഥലം തന്‍റെ ആസ്ഥാനമായി തിരഞ്ഞെടുത്തു . ഏതാണ്ട് 12 വര്‍ഷത്തോളം അവിടെ തപസ്സും , ആത്മീയ പഠനവുമായി കഴിച്ചുകൂട്ടി . ഒടുവില്‍ കഠിന തപസിലൂടെയും , യോഗയിലൂടെയും ബ്രഹ്മ സാക്ഷാത്കാരം നേടിയ അസംഗാനന്ദ ഗിരി സ്വാമി , ' പരബ്രഹ്മ സാക്ഷാത്കാരം നേടിയ ഒരുവന്‍ , താന്‍ നേടിയ അറിവ് സഹജീവികളുടെ പുരോഗതിക്കായി വിനിയോഗിക്കണം ' എന്ന ശ്രീ നാരായണ ഗുരുദേവന്‍റെ വാക്കുകളെ പിന്തുടര്‍ന്ന് അടിച്ചമര്‍ത്തപ്പെട്ടവന്റെയും, സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമാകിയുള്ള പ്രവര്‍ത്തനങ്ങളുമായി ഗോഗര്‍ഭ മലമുകളില്‍ തുടര്‍ന്നു .

യുവ സ്വാമിയുടെ സിദ്ധിയും , മാഹാത്മ്യവും കേട്ടറിഞ്ഞ ജനം ആ സന്നിധിയിലേക്ക് എത്തിചേരാന്‍ തുടങ്ങി . തിരുമല ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരും അസംഗാനന്ദ ഗിരി സ്വാമികളെ ദര്‍ശിക്കാന്‍ തുടങ്ങിയതോടുകൂടി സ്വാമിയുടെ ഖ്യാതി ദൂരെ ദിക്കുകളിലേക്ക് വ്യാപിക്കുകയും ആ സന്നിധിയിലേക്ക് ഭക്തജന പ്രവാഹം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്തു. പേരറിയാത്ത ആ സ്വാമിയെ അവര്‍ " മലയാള സ്വാമി " എന്ന് വിളിച്ചു , പിന്നീടു സ്വാമി ആ പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു. ഇപ്രകാരം സ്വാമികളുടെ യശസ്സ് വര്‍ദ്ധിക്കുന്നതില്‍ തിരുമലയിലെ യാഥാസ്ഥിതികരായ ബ്രാഹ്മണ പൂജാരിമാര്‍ അസൂയാലുക്കളായിരുന്നു. അവര്‍ സ്വാമികളെ അവിടെ നിന്നും തുരത്തുവാന്‍ തക്കം പാര്‍ത്തിരുന്നു . അപ്പോഴാണ്‌ സ്വാമികള്‍ " ശ്രീ വെങ്കിടേശ്വര പുഷ്പമാല " എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കിയത് . സ്ത്രീകള്‍ക്കും , പിന്നോക്ക സമുദായങ്ങള്‍ക്കും , യഥേഷ്ടം , യഥാവിധി ഈശ്വരനെ പൂജിക്കുവാന്‍ അനുവാദം നല്‍കുന്നതായിരുന്നു ആ പുസ്തകം . ഇത് യാഥാസ്ഥിതിക മനസ്സുകളെ ചൊടിപ്പിച്ചു . അനന്തരഫലമായി തിരുമലയില്‍ നിന്ന് ഒഴിഞ്ഞു പോകുവാന്‍ ആവശ്യപെട്ടുകൊണ്ടുള്ള ഒരു കത്ത് ക്ഷേത്ര ഭരണാധികാരികള്‍ സ്വാമികള്‍ക്ക് നല്‍കി . എന്നാല്‍ അതിനു മുന്‍പ് തന്നെ അവിടം ഒഴിഞ്ഞു പോകുവാന്‍ സ്വാമികള്‍ തീരുമാനിച്ചിരുന്നു . 

തിരുമലകുന്നിറങ്ങിയ മലയാള സ്വാമികള്‍ തനിക്ക് അനുയോജ്യമായ ഒരിടം തേടി അന്വേഷണം ആരംഭിച്ചു . ആ അന്വേഷണം ചെന്നവസാനിച്ചത്‌ യേര്‍പ്പെട്ടിലെ കുന്നിന്‍ മുകളിലാണ് . 1926 ഇല്‍ കാളഹസ്തി ഭരണാധികാരി ഈ ഭൂമി സ്വാമികള്‍ക്ക് പതിച്ചുനല്‍കി . അങ്ങിനെ വ്യാശാശ്രമം എന്ന മലയാളസ്വമിയുടെ ആസ്ഥാനം യേര്‍പ്പെട്ടില്‍ ഉയര്‍ന്നു വന്നു .
ആശ്രമരൂപീകരണാനന്തരം അസംഗാനന്ദ ഗിരി സ്വാമികളുടെപ്രവര്‍ത്തനം പരമ ഗുരുവായ ശ്രീനാരായണ ഗുരുദേവന്‍ കേരളത്തില്‍ തുടങ്ങിവച്ച ആത്മീയ ചിന്തകളുടെയും , സാമൂഹിക വിപ്ലവങ്ങളുടെയും ചുവടുപിടിച്ചായിരുന്നു. ബ്രഹ്മവിദ്യ നിഷിദ്ധമായിരുന്ന സ്ത്രീകള്‍ക്കും , പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുമായി അവ പഠിപ്പിക്കുന്ന ചുമതല മലയാള സ്വാമി ഏറ്റെടുത്തു . 1945 നവംബറില്‍ ആത്മീയപഠനാര്‍ത്ഥം ഒരു ബ്രഹ്മവിദ്യ പാഠശാല സ്വാമികള്‍ തുടങ്ങി . ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിയ ബ്രഹ്മവിദ്യാലയത്തിന്റെ അതേ രീതിയിലാണ് ഈ പാഠശാലയുടെയും പ്രവര്‍ത്തനം . സ്വാമികളുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്നു പിന്നോക്ക ജാതിക്കാര്‍ മൃഗബലിയും മറ്റും നിര്‍ത്തലാക്കി . 

കേരളത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ ആശിര്‍വാദത്തോടെ , ഡോ . പല്‍പ്പുവും, കുമാരനാശാനും നേതൃത്വം കൊടുത്ത് രൂപീകരിച്ച ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിന്‍റെ ( s n d p ) മാതൃകയില്‍ 1926 ഇല്‍ മലയാള സ്വാമികള്‍ ' സനാതന ധര്‍മ്മപരിപാലന സേവാ സമാജം ' എന്ന സംഘടനയ്ക്ക് രൂപം നല്‍കി . അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മീയ വിശ്വാസങ്ങളെ വളര്‍ത്തിയെടുത്ത് അവനെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഥമ ലക്‌ഷ്യം . 1927 ല്‍ 'യഥാര്‍ത്ഥ ഭാരതി ' എന്ന പേരില്‍ സ്വാമികള്‍ തുടങ്ങിയ മാഗസിന്‍ വ്യാശാശ്രമത്തിന്റെ ഔദ്യോഗിക ശബ്ദമായി ഇന്നും നിലകൊള്ളുന്നു . 

അസംഗാനന്ദ സ്വാമികള്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ച മറ്റൊരു മേഖല സ്ത്രീകളുടെയും , വിധവകളുടെയും സാമൂഹിക പുരോഗതി ആയിരുന്നു . സ്ത്രീകള്‍ക്ക് ബ്രഹ്മവിദ്യ അഭ്യസിക്കുന്നതിനായി ആശ്രമത്തോട് ചേര്‍ന്ന് ഒരു ' കന്യാ ഗുരുകുലം ' സ്ഥാപിച്ചു . വിധവകള്‍ അവരുടെ ഇഷ്ടപ്രകാരം പുന:ര്‍വിവാഹം ചെയ്യുന്നതിനോ , അതല്ലെങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്നതിനോ സമൂഹം അനുവാദം നല്‍കണമെന്ന് വാദിച്ച സ്വാമികള്‍ അപ്രകാരം കഴിയുന്ന വിധവകള്‍ക്ക്‌ പുന:രധിവാസത്തിനായി ആശ്രമങ്ങളും , സമാജങ്ങളും ഉയര്‍ന്നുവരണമെന്നും അഭിപ്രായപെട്ടു . സ്ത്രീധനവും , ബഹുഭാര്യാത്വവും ഏറ്റവും നിന്ദ്യമായ കാര്യങ്ങളെന്ന് ഉത്ബോധിപ്പിച്ച മലയാള സ്വാമി സമൂഹത്തില്‍ നിന്ന് വേശ്യാവൃത്തി തുടച്ചുനീക്കുവാനായി പ്രവര്‍ത്തിക്കുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു .

സമൂഹത്തിലെ തോട്ടുകൂടായ്മ്ക്കെതിരായി നിശബ്ദ വിപ്ളവം നയിച്ച മലയാള സ്വാമി , പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണം , അവരുടെ ശുചിത്വമില്ലായ്മയും, ജീവിത ശൈലിയുമാണെന്ന് അഭിപ്രയാപ്പെട്ടു . അതിനാല്‍ അവര്‍ ഗോവധവും , ഗോമാംസവും വര്‍ജ്ജിക്കണമെന്നും , മദ്യം ഉപയോഗിക്കുന്നത് നിര്‍ത്തി തങ്ങളുടെ കുട്ടികളെ പാഠശാലകളില്‍ അയച്ചു സമൂഹത്തിന് ഉതകുന്ന പൌരന്മാരായി അവരെ വളര്‍ത്തി എടുക്കണമെന്നും സ്വാമികള്‍ അവരെ ഉപദേശിച്ചു . ഇപ്രകാരം അവര്‍ ജീവിച്ചാല്‍ സമൂഹം അവരെ തനിയെ അംഗീകരിച്ചുകൊള്ളുമെന്ന് സ്വാമി വാദിച്ചു .ജാതീയമായ തരം തിരിവുകളില്‍ അത്യന്തം വിഷണ്ണനായ സ്വാമികള്‍

" ഒരു ദൈവം - പരബ്രഹ്മം 
ഒരു മതം - ബ്രഹ്മവിദ്യ 
ഒരു ജാതി - മാനവജാതി" എന്ന മഹത്തായ ആശയം ആന്ധ്രയിലെ ജനങ്ങള്‍ക്കുമാത്രമല്ല , ലോകത്തിലെ മുഴുവന്‍ ജനതയ്ക്കുമായി നല്‍കി . " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന ശ്രീ നാരായണ ഗുരുദേവന്‍റെ മഹദ് വചനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആശയം എന്നതില്‍ സംശയമില്ല . 

ഇപ്രകാരം ആന്ധ്രപ്രദേശിലെ വിശിഷ്യാ രായല്‍സീമ മേഖലയിലെ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് നിസ്സീമമായ സംഭാവനകള്‍ നല്‍കിയ ,ശ്രീ നാരായണഗുരുവിന്റെ പിന്‍തലമുറക്കാരനായ മലയാള സ്വാമി എന്ന അസംഗാനന്ദ സ്വാമികള്‍ 1962 ജൂലൈ 12 ന് സമാധിയായി . കേരളത്തില്‍ ഗുരുദേവന്‍ തുടങ്ങിയ സാമൂഹികവും , ആത്മീയവുമായ വിപ്ളവങ്ങളെ, അതേപടി ആന്ധ്രാപ്രദേശിന്റെ മണ്ണില്‍ നട്ടുവളര്‍ത്തിയ സ്വാമികള്‍ തുടങ്ങിയ വ്യാശാശ്രമം ഇന്ന് ഭാരതത്തിലുടനീളം ശാഖകളുള്ള ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആശ്രമത്തിന്‍റെ ഭാഗമായി വാരണാസിയില്‍ ഒരു ' അദ്വൈത വേദാന്ത പഠന കേന്ദ്രം പ്രവര്‍ത്തിക്കുന്നു . കൂടാതെ ആശ്രമത്തിന്‍റെ കീഴില്‍ നിരവിധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , വ്യവസായ സംരഭങ്ങളും പ്രവര്‍ത്തിച്ചുവരുന്നു . 
എല്ലാ അര്‍ത്ഥത്തിലും പരമഗുരുവായ ശ്രീനാരായണ ഗുരുദേവന്‍റെ സന്ദേശവാഹകന്‍ ആയിരുന്നു മലയാള സ്വാമികള്‍ എന്ന സദ്ഗുരു അസംഗാനന്ദ ഗിരി .

Courtesy : gurudevan.info

0 comments:

Post a Comment