Tuesday 26 March 2013

ഗാന്ധിജിയുടെ അയിത്തം മാറ്റിയ ഗുരു

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന ഗുരുദര്‍ശനത്തെക്കുറിച്ച്‌ വ്യത്യസ്ത രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു ജാതി ഈഴവ ജാതിയായും ഒരു മതം ഹിന്ദുമതമായും ചില പ്രതിയോഗികളും അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഗുരുവിന്റെ അനുയായികളും വിലയിരുത്തുകയും അത്‌ സ്ഥാപിക്കപ്പെടുവാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു.

അങ്ങിനെയാണെങ്കില്‍ എന്താണ്‌ ഗുരുവിന്റെ ‘ഒരു ജാതി’. മനുഷ്യജാതിതന്നെ! മാനുഷരെല്ലാരുമൊന്നുപോലെ. മഹാബലിയുടെ ഉജ്ജ്വലമായ ഓര്‍മ്മയുണര്‍ത്തുന്ന വിശ്വമാനവികത. ഒരു ജാതി എന്ന ഗുരുവിന്റെ പ്രഖ്യാപനം ശാസ്ത്ര-ദാര്‍ശനിക കാഴ്ചപ്പാടില്‍ ശരിയാണോ ഇവ വെളിപ്പെടുത്താന്‍ ഗുരുദേവന്‍ ഒട്ടേറെ വസ്തുതകള്‍ കര്‍മ്മമാര്‍ഗേണ തെളിവായി നിരത്തിയിട്ടുണ്ട്‌. ജാതി സംബന്ധിച്ച്‌ രണ്ട്‌ ചെറുകൃതികള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്‌. 1) ജാതിനിര്‍ണ്ണയം 2)ജാതിലക്ഷണം “മനുഷ്യാണാം മനുഷ്യത്വം; ജാതിര്‍ഗോത്വം ഗവാം യഥാ” പശുവര്‍ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക്‌ ഗോത്വം ജാതിയാണ്‌. അതുപോലെ മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത്‌ ജാതിയായി ഗണിക്കാം. ജാതിയെന്നത്‌; ജന്മനാലുള്ളത്‌ എന്നാണര്‍ത്ഥം. മനുഷ്യന്‌ ജാതിയൊന്നേയുള്ള. അതാണ്‌ മനുഷ്യജാതി. മനുഷ്യന്റെ സന്താനപരമ്പര മനുഷ്യവര്‍ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്‌. ഇതുമൂലം തന്നെ മനുഷ്യവര്‍ഗം മുഴുവനും ഒരു ജാതിയിലുള്ളതാണെന്നു ഗുരുദേവന്‍ വ്യക്തമാക്കുന്നു. ഗുരുദേവന്റെ ഏറ്റവും വലിയ സന്ദേശം ജാതിനിഷേധം തന്നെയായിരുന്നു.

‘ചാതുര്‍വര്‍ണ്യം മായാസൃഷ്ടം’ എന്ന ഗീതാവാക്യത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും അടിയുറച്ചുവിശ്വസിക്കുകയും നടപ്പിലാക്കുകയും ചെയ്തുപോന്ന ഒരു കുടുംബത്തിലാണ്‌ ഗാന്ധിജി ജനിച്ചത്‌. സത്യാഗ്രഹസമരത്തിന്റെ ഉപജ്ഞാതാവായ അഹിംസയുടെ ഉപാസകനായ, ലോകമാകെ ആരാധിക്കുന്ന ഗാന്ധിജിയില്‍ ഉണ്ടായിരുന്ന അയിത്തം മാറ്റിയെടുത്തത്‌ ശ്രീനാരായണ ഗുരുദവേനാണ്‌. ചാതുര്‍വര്‍ണ്യം ഇല്ലാതായാല്‍ ജാതിവ്യവസ്ഥ തകരുമെന്നും ഇന്ത്യതന്നെ സര്‍വ്വനാശത്തിലാകുമെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും 1925 ഫിബ്രവരിയില്‍ നവജീവനില്‍ അതിനെപ്പറ്റി എഴുതുകയും ചെയ്ത ഗാന്ധിജിയല്ല 1925 മാര്‍ച്ച്‌ 13ന്‌ ഗുരുദേവനെ സന്ദര്‍ശിച്ച്‌ ശിവഗിരിയില്‍ നിന്നും മടങ്ങിയത്‌.

ശിവഗിരിയില്‍ നടന്ന രണ്ടു വിശിഷ്ട മഹത്വക്കളുടെ ഹൃദയസംഗമം ഒരു ചരിത്ര സംഭവം തന്നെയായിരുന്നു. പ്രഥമദര്‍ശനം കൊണ്ടുതന്നെ ഗാന്ധിജിയിലുണ്ടായ അയിത്തം പിഴുതെറിയുവാന്‍ ഗുരുദേവന്‌ സാധിച്ചു. ശൂദ്രന്‌ ബ്രാഹ്മണത്വം കൈവരിക്കാം. ബ്രാഹ്മണന്‍ ശൂദ്രനായെന്നുംവരാം. ജന്മംകൊണ്ട്‌ ആരും ബ്രാഹ്മണനാകുന്നില്ലെന്നു ഗുരു ആദ്ധ്യത്മിക-ശാസ്ത്രതെളിവുകളിലൂടെ ഗാന്ധിജിയെ ബോധ്യപ്പെടുത്തുകയുണ്ടായി.

അധ:കൃതരുടെ ഉന്നമനത്തിനായി ഗുരുദേവന്റെ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജിയുടേതിനോളം പ്രാധാന്യമുള്ളതാണെന്നും ശ്രീരാമകൃഷ്ണ പരമഹംസരെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ റോമെയിന്‍ റോളണ്ട്‌ രേഖപ്പെടുത്തിയ സത്യംപോലും ഇന്ത്യാചരിത്രമെഴുതിയ പണ്ഢിതന്മാര്‍ കാണാതെപോയത്‌ ഖേദകരമാണ്‌. മഹാകവി രവീന്ദ്രനാഥടാഗോറും ഗാന്ധിജിയും ഒരുപോലെ ഗുരുദേവനെ മഹാത്മാവെന്ന്‌ വിശേഷിപ്പിച്ചത്‌ ഗുരുദേവന്റെ ആദ്ധ്യാത്മിക ചൈതന്യവും ധര്‍മ്മകര്‍മ്മമാര്‍ഗങ്ങളും മനസ്സിലാക്കിക്കൊണ്ടും തന്നെയാണ്‌. ശിവഗിരി സന്ദര്‍ശിച്ച ശേഷമാണ്‌ ഹരിജനോദ്ധാരണം പ്രധാന കര്‍മ്മമായിസ്വീകരിച്ചതും, ജീവന്‍ മാസികയുടെ പേര്‍ ഹരിജന്‍ എന്നാക്കിമാറ്റിയതും.
ഗാന്ധിജി ശിവഗിരി സന്ദര്‍ശിക്കുന്നതുവരെ കരുതിയത്‌ ചാതുര്‍വര്‍ണ്ണും ദൈവദത്തവും പ്രകൃതി സഹജവുമായ കര്‍മ്മബന്ധിതമായ ഒരു പ്രതിഭാസമെന്നായിരുന്നു.

ഗാന്ധിജി ശിവഗിരിയില്‍വെച്ച്‌ ഗുരുദേവനോട്‌ ഇങ്ങനെ ചോദിച്ചു. ഗുരോ ജാതി വ്യത്യാസം പ്രകൃതിയിലും മനുഷ്യരിലും മററു ജീവജാലങ്ങളിലും സഹജമല്ലേ
ഗുരു: അങ്ങ്‌ അങ്ങിനെ പറയുന്നതിന്‌ എന്താണടിസ്ഥാനം തെല്ലകലെ നില്‍ക്കുന്ന ഒരു മാവ്‌ ചൂണ്ടി ഗാന്ധിജി പറഞ്ഞു. നോക്കൂ ആ മാവിന്‌ കൂമ്പിലയുണ്ട്‌, തളിരിലയുണ്ട്‌, പച്ചിലയുണ്ട്‌, പഴുത്തിലയുണ്ട്‌, തണ്ടുണ്ട്‌, വേരുണ്ട്‌-ഒന്നു തന്നെ എത്ര വിഭിന്നം
അതിബാഹ്യമായഭിന്നതകളെക്കുറിച്ചാണ്‌ ഗാന്ധിജി സംസാരിച്ചത്‌. അവയ്ക്കിടയിലെ അദൃശ്യമായ ഏകതയുടെ പൊരുളറിയിക്കാനുള്ള മൂന്നാംകണ്ണ്‌ ഗാന്ധിജി തുറന്നില്ല. 

ഗുരു പറഞ്ഞു. ശരിയാണ്‌ ഇലകള്‍ വളരെ വ്യത്യസ്തങ്ങളാണ്‌; അങ്ങ്‌ ഒന്നു പരീക്ഷിച്ചുനോക്കൂ.. ഇവയെല്ലാം വിഭിന്നമാണെങ്കിലും ഇവയുടെ ചാറിന്റെ രുചി ഒന്നായിരിക്കും. ഗാന്ധിജി ചിന്താകുലനായി ഗുരുവിന്റെ തേജസ്സാര്‍ന്ന മുഖത്തേക്കു നോക്കി.
ഗുരു സനാതന ധര്‍മ്മത്തിലെ അദ്വൈതത്തോടൊപ്പം ശാസ്ത്രസത്യംകൂടി ഗാന്ധിജിയുടെ മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ഗാന്ധിജി ചിരിച്ചുകൊണ്ട്‌ ഒരു ചോദ്യം ചോദിച്ചു. അധ:കൃത വര്‍ഗക്കാരില്‍ത്തന്നെ അയിത്താചാരമുണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചുട്ടുണ്ടോ
ഗുരു: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. പുലയ,പറയ സമുദായങ്ങളിലെ കുട്ടികള്‍ മറ്റുള്ളവരോടൊപ്പം ശിവഗിരിയില്‍ താമസിച്ചു പഠിച്ചുവരുന്നു. മറ്റുള്ളവരുമൊത്ത്‌ അവര്‍ ആരാധനകളില്‍ സംബന്ധിക്കുകയും ചെയ്യുന്നു. 

ഗാന്ധിജി: വളരെ സന്തോഷം.
ഗാന്ധിജിയുടെ മനസ്സില്‍ ബാല്യത്തില്‍ തന്നെ ആഴത്തില്‍ പതിഞ്ഞിരുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പാപക്കറ തുടച്ചുമാറ്റാന്‍ ഗുരുദേവനുള്ള ശാസ്ത്രീയവും യുക്തിസഹജവുമായ ആശയസംവാദത്തിന്‌ സാധിച്ചു. ഗാന്ധിജിക്ക്‌ തന്റെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍ നിന്നു ലഭ്യമല്ലാത്ത ധാര്‍മ്മിക സത്യങ്ങള്‍ ഗുരുദേവനില്‍ നിന്നും ഉള്‍ക്കൊള്ളുവാനായി എന്നത്‌ ചരിത്ര വസ്തുതയാണ്‌. ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി ഗാന്ധിജി പറഞ്ഞപ്പോള്‍ ഗുരുദേവന്‌ അത്‌ യുക്തിപൂര്‍വ്വം നിഷേധിക്കുകയായിരുന്നു.
മഹാത്മജിയുടെ ജാതി-മത ചിന്തകള്‍ക്ക്‌ പുതിയൊരു പരിവേഷം കൊടുക്കുവാന്‍ ഗുരുദേവനുമായുള്ള സംവാദത്തിന്‌ കഴിഞ്ഞെന്നു തോന്നുന്നു. ഗാന്ധിജിയുടെ ഉപമയുടെ അപൂര്‍ണ്ണതയെ ഗുരു പൂര്‍ത്തീകരിച്ചപ്പോള്‍ ഗാന്ധിജിക്ക്‌ പുതിയ കാഴ്ചപ്പാട്‌ കിട്ടിയിരിക്കണം. 
ഇലകളുടെ വൈവിധ്യമല്ല പ്രധാനം ഇലകളുടെ ആന്തരീകമായ രസത്തിന്റെ സമാനതയാണ്‌ പ്രധാനം എന്നാണ്‌ ഗുരു പറഞ്ഞതിന്റെ സാരം. ആ മാഞ്ചുവട്‌ അതിപാവനമായ ആദ്ധ്യാത്മിക കുരുക്ഷേത്രമായി അപ്പോള്‍ മാറി. (ഡോ.സുകുമാര്‍ അഴീക്കോട്‌)
1943 ജനുവരിയില്‍ കേരളത്തിലെത്തിയ ഗാന്ധിജിക്ക്‌ പള്ളുരുത്തിയിലെ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം ഒരു സ്വീകരണം നല്‍കി. അന്നു ഗാന്ധിജിക്ക്‌ സമര്‍പ്പിച്ച മംഗള പത്രത്തില്‍ രണ്ടാംവട്ടമേശസമ്മേളനത്തില്‍ അംബേദ്കര്‍ക്കെതിരെ ഗാന്ധിജി കൈക്കൊണ്ട നിലപാടിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ജാതി സ്പര്‍ദ്ധയും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും നശിപ്പിച്ചല്ലാതെ അധ:കൃതരുടെ മോചനം സാധ്യമാവില്ലെന്ന്‌ മംഗള പത്രം ചൂണ്ടിക്കാട്ടി. കേവലം പത്തു മിനിറ്റ്മാത്രം പ്രസംഗിക്കുവാനിരുന്ന ഗാന്ധിജി മുക്കാല്‍ മണിക്കൂറോളം പ്രസംഗിച്ചശേഷമാണ്‌ വേദി വിട്ടത്‌. പള്ളുരുത്തി പ്രസംഗത്തിന്‌ ശേഷം ഭാരതത്തിലെ എല്ലാ പത്രങ്ങളും വര്‍ണ്ണാശ്രമ ധര്‍മ്മത്തെ എതിര്‍ത്തുകൊണ്ട്‌ മുഖപ്രസംഗം എഴുതി. കേരളത്തില്‍ സജീവ ചര്‍ച്ചകള്‍ നടന്നു. ഈ മംഗളപത്രം എഴുതിയത്‌ ഗുരുശിഷ്യനായ സഹോദരന്‍ അയ്യപ്പനായിരുന്നു. ഗാന്ധിജിയുടെ പ്രസംഗത്തിന്റെ മറ്റൊലി കേരളത്തിലും ദേശീയ തലത്തിലും ഒരു കൊടുങ്കാറ്റിന്റെ ആരവമുയര്‍ത്തി. 

ആധുനിക ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഹ്യൂമനിസ്റ്റായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ മതദര്‍ശനവും ജീവിതദര്‍ശനവും അടിസ്ഥാനപരമായി ഹ്യൂമനിസമായിരുന്നു. അവ രണ്ടും സമജ്ജസമായി സംയോജിപ്പിക്കുന്നതില്‍ ഗുരു വിജയിച്ചു. നവോത്ഥാനകാലഘട്ടത്തിന്‌ ശേഷമുണ്ടായ ക്രിസ്റ്റ്യന്‍ ഹ്യൂമനിസ്റ്റുകളുടെതിനേക്കാള്‍ ഉദാരവും വിശാലവുമായിരുന്നു ഗുരുവിന്റെ മാനവികത. ദൈവത്തെപ്പറ്റി പറയുന്നതിനേക്കാള്‍ കൂടുതല്‍ മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളെപ്പറ്റി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തു ദാര്‍ശനീകനാണ്‌ ഈ സന്യാസിവര്യന്‍. 

ഭാഗ്യശീലന്‍ ചാലാട്‌
http://www.janmabhumidaily.com/jnb/News/69155

0 comments:

Post a Comment