Tuesday 26 March 2013

നേര്‍വഴി കാണിച്ച മഹര്‍ഷി


  • പ്രൊഫ: എം കെ സാനു
  • ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ ശ്രീനാരായണഗുരുവിന്റെ സംഭാഷണത്തില്‍ ആകൃഷ്ടരായ രണ്ടുപേര്‍ (ഒരാള്‍ നമ്പൂതിരിയും മറ്റൊരാള്‍ രാജാവുമായിരുന്നു) അദ്ദേഹത്തോട് പേരെന്താണെന്നു ചോദിച്ചു. അദ്ദേഹം ഉത്തരം പറഞ്ഞു "നാരായണന്‍" എന്ന്. രണ്ടുപേരിലൊരാള്‍ അടുത്ത ചോദ്യം ഉന്നയിച്ചു. "ജാതിയില്‍ ആരാണ്?" അതിനുത്തരമായി ഗുരു ഒരുമറുചോദ്യമാണ് അവതരിപ്പിച്ചത്. "കണ്ടാല്‍ അറിഞ്ഞുകൂടെ" എന്ന ചോദ്യം. അറിഞ്ഞുകൂടെന്ന് ചോദ്യകര്‍ത്താവ് പറഞ്ഞപ്പോള്‍ ഗുരുവിന്റെ മുഖത്ത് ഒരു പുഞ്ചരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു- "കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍പ്പിന്നെ കേട്ടാല്‍ അറിയുന്നതെങ്ങനെ". ശ്രീനാരായണഗുരുവിന്റെ ജീവചരിത്രങ്ങളിലെല്ലാം ഒരുപോലെ ചേര്‍ത്തിരിക്കുന്ന സംഭവമാണിത്. യാദൃച്ഛികമായി തന്റെ മുമ്പില്‍ ഉയര്‍ന്ന ചോദ്യത്തിന് സ്വാഭാവികമായി നല്‍കിയ മറുപടിയില്‍ അദ്ദേഹത്തിന്റെ ജീവിതദര്‍ശനം മുഴുവന്‍ അടങ്ങിയിട്ടുണ്ട്. ഒരാളെ കണ്ടാല്‍ അയാള്‍ മനുഷ്യനാണെന്നു തിരിച്ചറിയാന്‍ ആര്‍ക്കാണ് കഴിയാത്തത്. മനുഷ്യനെന്നാല്‍ മനുഷ്യജാതിയില്‍പ്പെട്ടവന്‍ എന്നാണ് അര്‍ഥം. 

    ആ ലളിതമായ തിരിച്ചറിവ് ഉണ്ടാകാതെ പോകുന്നത് നമ്മെയെല്ലാം ബാധിച്ചിരിക്കുന്ന വിഭാഗീയ സ്പര്‍ധമൂലമാണ്. ജാതിയും മതവും സൃഷ്ടിക്കുന്ന വിഭാഗിയ സ്പര്‍ധ. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത മാതൃകാലോകം എന്ന ദര്‍ശനം അവതരിപ്പിച്ചുകൊണ്ടാണ് ശ്രീനാരായണഗുരു തന്റെ ജീവിതത്തിലെ കര്‍മകാണ്ഡം ഉദ്ഘാടനംചെയ്തത്. അരനൂറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന പൊതുപ്രവര്‍ത്തനത്തിലുടനീളം ആ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങളിലാണ് അദ്ദേഹം മുഴുകിയത്. അതിനുവേണ്ടി ആത്മാര്‍പ്പണംചെയ്തതുമൂലമാണ് ആ ജീവിതം മഹനീയതയുടെ പരിവേഷമണിഞ്ഞത്. മതത്തെയും ജാതിയെയും അടിസ്ഥാനമാക്കി അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അക്കാലത്ത് കേരളീയസമൂഹത്തില്‍ നിലനിന്നിരുന്നു. ഉറപ്പേറിയ പാറക്കെട്ടുകള്‍പോലെ അവ മനുഷ്യവിഭാഗങ്ങളെ പരസ്പരം അകറ്റിനിര്‍ത്തുകയുംചെയ്തു. ആ സാഹചര്യത്തിലാണ് ശ്രീനാരായണഗുരു സ്വാഭാവികമായ സ്വരത്തില്‍ മനുഷ്യരെല്ലാവരും ഒരു ജാതിയാണെന്നു പ്രഖ്യാപിച്ചത്. അദ്ദേഹം തീര്‍ച്ചയായും മഹര്‍ഷിയായിരുന്നു. 


    ആത്മീയതയില്‍ അടിയുറച്ചു ജീവിച്ചുപോന്ന വ്യക്തിയായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആത്മീയത ലൗകിക യാഥാര്‍ഥ്യങ്ങളെ മിഥ്യയായി കണ്ടില്ല.  അവ ജീവിതത്തിന്റെ ഭാഗമാണെന്നും ആ യാഥാര്‍ഥ്യങ്ങള്‍ മനുഷ്യോചിതമായ രീതിയില്‍ മാറ്റേണ്ടതാണെന്നും അദ്ദേഹത്തിലെ ആത്മീയത ദര്‍ശിച്ചു. അതുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനം മനുഷ്യനന്മയാണെന്ന സത്യം നിരന്തരം ഉദ്ബോധിപ്പിക്കാന്‍ ഗുരു പരിശ്രമിച്ചുകൊണ്ടിരുന്നു. മതത്തെപ്പോലും ഈശ്വരകേന്ദ്രിതമായ അവസ്ഥയില്‍നിന്ന് മനുഷ്യകേന്ദ്രിതമായ അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. 
    പരമ്പരാഗതമായ വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിപരീതമായി നീങ്ങിയതുമൂലം പല കാര്യങ്ങളിലും അദ്ദേഹത്തിന് ഏകാകിയാകേണ്ടിവന്നു. ആഡംബരപൂര്‍വം "കെട്ടുകല്യാണം" ആഘോഷിക്കാന്‍ തയ്യാറെടുത്തുനിന്ന ആള്‍ക്കൂട്ടത്തിനുമുമ്പില്‍ അദ്ദേഹം ഏകാകിയായാണ് കടന്നുചെന്നത്. ആ അനാചാരം ആ നിമിഷത്തില്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഒരു പ്രതിഷേധംപോലുംകൂടാതെ അവര്‍ അംഗീകരിച്ചത് ആ വ്യക്തിത്വത്തിലെ മാസ്മരശക്തി മൂലമായിരുന്നു. ക്ഷേത്രത്തിനുമുമ്പില്‍ ആടിന്റെ കഴുത്തുവെട്ടി ബലിയര്‍പ്പിക്കാന്‍ ഒരുങ്ങിനിന്നവരുടെ മുമ്പാകെ അദ്ദേഹം നടന്നുചെന്നതും ഏകാകിയായിട്ടാണ്. കിരാതമായ ആ ചടങ്ങ് നിര്‍ത്തേണ്ടതാണെന്ന് ഘനഗംഭീരസ്വരത്തില്‍ ആജ്ഞാപിക്കാന്‍ ശ്രീനാരായണഗുരുവിനു മടിയുണ്ടായില്ല. ആ ആജ്ഞ അവര്‍ ഏതോ മാന്ത്രികശക്തിയില്‍ മയങ്ങിയതുപോലെ അനുസരിക്കുകയുംചെയ്തു. 

    ഇതുപോലെ തന്റെ സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മറ്റും ദൂരീകരിക്കുന്നതിനുവേണ്ടിയാണ് ആയുഷ്കാലം അദ്ദേഹം പ്രയത്നിച്ചത്. കാടത്തത്തില്‍നിന്നു വിമുക്തരാക്കി മനുഷ്യത്വത്തിലേക്ക് വളര്‍ത്തുന്നതിനുള്ള പരിശ്രമമായിരുന്നു അതെന്ന് ചുരുക്കിപ്പറയാം. വിവാഹസമ്പ്രദായം ആര്‍ഭാടമായിമാറാന്‍ പാടില്ലെന്ന് അദ്ദേഹം അനുശാസിച്ച കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. പൊള്ളയായ ആര്‍ഭാടങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും വിഹാരരംഗമായി കതിര്‍മണ്ഡപം മാറിക്കൂടെന്നായിരുന്നു അദ്ദേഹത്തിന്റെ കല്‍പ്പന. ദുര്‍വ്യയംചെയ്യുന്ന പണം വ്യവസായസംരംഭങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് ഉപദേശിച്ചു. അക്കാലത്താണ് വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ വളരാന്‍ തുടങ്ങിയത്. മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും പ്രേരണ നല്‍കി. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധത നേടാന്‍ ആഹ്വാനംചെയ്തു. ദേവാലയങ്ങളിലെ ആരാധനാ സമ്പ്രദായം ലളിതമാക്കിത്തീര്‍ത്തു. ഇപ്രകാരം ലൗകികജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും നേരിട്ട് ഇടപെട്ടുകൊണ്ടാണ് ഒരു ജനതയെ പ്രബുദ്ധതയിലേക്കു വളര്‍ത്താനുള്ള പരിശ്രമം അദ്ദേഹം തുടര്‍ന്നത്. അതിനു പിന്‍ബലമായ ഒരുദര്‍ശനവും ഗുരുവിന് ഉണ്ടായിരുന്നു. ആത്മീയതയുടെ അടിത്തറയുള്ള അദൈ്വതത്തില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് മനുഷ്യസമൂഹത്തെ ഒരൊറ്റ ജനതയായി കണ്ടത്. അതേ അടിസ്ഥാനത്തില്‍ത്തന്നെയാണ് ക്ഷേമത്തിനുവേണ്ടിയുള്ള സൂക്തങ്ങള്‍ ആവിഷ്കരിച്ചതും കര്‍മപരിപാടികള്‍ ആസൂത്രണംചെയ്തതും. സാക്ഷരത വളര്‍ത്തുക, സാഹിത്യസമാജങ്ങള്‍ സംഘടിപ്പിക്കുക, നിരക്ഷരരെ പ്രസംഗങ്ങളിലൂടെ ഉദ്ബുദ്ധരാക്കിത്തീര്‍ക്കുക മുതലായ എത്രയോ പരിപാടികള്‍ അവയില്‍ ഉള്‍പ്പെട്ടിരുന്നു. 

    അവയെല്ലാം കേന്ദ്രീകൃതമായിരുന്നത് മനുഷ്യന്‍ എന്ന പരമമായ മൂല്യത്തിലാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതിയെന്ന ലളിതവാക്യത്തില്‍ ആ മൂല്യം നിറഞ്ഞുനില്‍ക്കുന്നു. തൊട്ടുപിന്നാലെ കേരളത്തിലുണ്ടായ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഉണര്‍വിന് ശ്രീനാരായണഗുരുവിന്റെ അലൗകികമായ വ്യക്തിത്വം ചെലുത്തിയ സ്വാധീനം അളവുറ്റതാണ്. ജാതി, മതം എന്നിവയെ അതിവര്‍ത്തിച്ചുകൊണ്ട് തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങി. സാമുദായികസംഘടനകള്‍ ഓരോന്നും സമുദായത്തിലുള്ളവരെ മനുഷ്യരാക്കി ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. മതേതരമായ ഒരു വീക്ഷണം കേരളത്തിലെ പൊതുപ്രവര്‍ത്തനത്തെ മുഴുവന്‍ നിയന്ത്രിച്ചിരുന്നുവെന്നര്‍ഥം. അതിന്റെ ഫലമായുണ്ടായ ഉദ്ബുദ്ധത ഇന്ന് വല്ലാതെ മങ്ങിപ്പോയിരിക്കുന്നു. മതത്തിലും അനാചാരത്തിലുമുള്ള വിശ്വാസം മടങ്ങിവരുകയും മനുഷ്യത്വത്തെ വികൃതമാക്കാന്‍ തുടങ്ങുകയുംചെയ്യുന്നു. ഇന്ന് കേരളത്തില്‍ ജാതിയിലും മതത്തിലുംപെട്ടവര്‍മാത്രമേയുള്ളുവെന്നുവരെ പറയാന്‍ തോന്നിപ്പോകുന്നു. ഇവിടെയാണ് ഒരുകാലഘട്ടത്തെ സര്‍ഗാത്മകമാക്കിത്തീര്‍ത്ത, പുരോഗതിയിലേക്കുനയിച്ച ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം തെളിഞ്ഞുവരുന്നത്. വഴിയറിയാതെ ഉഴലുന്നവര്‍ക്ക് ഭാസുരനക്ഷത്രമെന്നപോലെ ശ്രീനാരായണഗുരു ഇന്ന് നേര്‍വഴി കാണിക്കുന്നു. സര്‍വത്തിലും പ്രധാനം മനുഷ്യനന്മയാണെന്ന വീക്ഷണത്തിന്റെ നേര്‍വഴിയിലൂടെ സഞ്ചരിക്കാന്‍ മുതിര്‍ന്നില്ലെങ്കില്‍ കേരളം വീണ്ടും ഭ്രാന്താലയമായിമാറുമെന്നു പ്രവചിക്കാന്‍ പ്രത്യേകമായ ദിവ്യശക്തിതിയൊന്നും ആവശ്യമില്ല. (തയ്യാറാക്കിയത് : വി ജെ വര്‍ഗീസ്)

0 comments:

Post a Comment