Friday 22 March 2013

ഗുരു

ഗുരുര്‍ ബ്രഹ്മ, ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വര, ഗുരുര്‍ സാക്ഷാത് പരബ്രഹ്മം, തസ്മൈ ശ്രീ ഗുരവേ നമ :

എല്ലാവരും അല്ലെങ്കിലും കുറെ പേര്‍ നിതാന്തമായ സത്യത്തെ അന്വേഷിക്കുന്നുണ്ടല്ലോ. ആ പരിശ്രമത്തിനുള്ള വഴിയാണ് സാധന. അത് ചെയ്യുന്ന ആള്‍ സാധകനും. മനുഷ്യ ജന്മം തന്നെ പുണ്യമാണ്. ആ പുണ്യം യഥാര്‍ത്ഥ തലത്തില്‍ അനുഭവിക്കണമെങ്കില്‍ നമുക്ക് ഒരു ഗുരു കൂടിയേ തീരു. ഗുരുവില്ലാത്തവരുടെ തലയില്‍ ഒന്നും വിളങ്ങുകയില്ല. എല്ലാ അറിവുകള്‍ക്കും കാരണം ഗുരുവാകുന്നു. വേണ്ടത് വേണ്ടിടത്ത് പറയുവാന്‍ ഗുരുവിന്റെ അനുഗ്രഹം കൂടിയേ തീരു. ഗുരു ഒരു വ്യക്തി അല്ല. ഗുരു എന്നത് ഒരു തത്വം ആണ്. ഗുരു ഒരു പരമ്പരയാണ്. അതുകൊണ്ടാണ് നാം ' വന്ദേ ഗുരു പരമ്പരാം 'എന്ന് പറയുന്നത്. ശിവകോപം തടയാന്‍ ഗുരു ഉണ്ട്. എന്നാല്‍ ഗുരു കോപം തടയാന്‍ ആരുമില്ല. ഗുരുവിനെ നിന്ദിച്ചു, എത്ര വമ്പന്‍ ആയാലും ചെയ്യുന്നതൊന്നും നന്നാവില്ല. ഉമിത്തീയില്‍ വെന്താലും ഗുരു ശാപം തീരില്ല. ഗുരു നിന്ദ ചെയ്തവന് ഒരു കാലത്തും സംശയം തീരില്ല. നമുക്ക് ഈ ജന്മത്തിലെ ദൈവം തന്നെയാണ് ഗുരു. അങ്ങനെ വേണം കാണാന്‍. വേദങ്ങള്‍ മുഴുവന്‍ പഠിക്കട്ടെ. ഗുരു ഭക്തി ഇല്ലാതെ ആ അറിവിന്‌ എന്ത് ഫലം. ഗുരു ഭക്തി ഇല്ലാത്തവന്‍ സദസ്സില്‍ അവഹേളിക്കപ്പെടും. ഗുരു ഭക്തി ഉള്ളവന് മഹാദേവന്‍ തന്നെ ഗുരുവായി ഭവിച്ചു കൊള്ളും.

മാതാ,പിതാ,ഗുരു,ദൈവം എന്നാണല്ലോ പ്രമാണം. അവിടെയും ദൈവത്തിന്റെ സ്ഥാനം എവിടെയാണ്. മാതാവിനെയും,പിതാവിനെയും ജനനം കൊണ്ട് തന്നെ നമുക്ക് കിട്ടി. പിന്നുള്ളതെല്ലാം ഗുരുവിലാണ്. ഈശ്വര ഭക്തി ഉള്ളവന് എല്ലാം ലഭിക്കുന്നു. അതുപോലെ ഗുരു ഭക്തി ഉള്ളവനും. ഗുരു ഭക്തി ഉള്ളവന്‍ മോക്ഷ പ്രാപ്തന്‍ ആകുന്നു. ഗുരുവിലുള്ള ഭക്തി നന്നായിരുന്നാല്‍ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും നമുക്ക് തെറ്റാതെ ഫലം പറഞ്ഞു തരും. മുന്‍പിലുള്ള മായയെ നമുക്ക് മാറ്റിത്തരും. മാതാ പിതാക്കളെ എന്തുകൊണ്ടും നാം ആദരിക്കേണ്ടാതാണ്. എന്നാല്‍ ധര്‍മ്മത്തെപ്പറ്റി നമുക്ക് പറഞ്ഞുതന്ന ഗുരു പരമ ആദരണീയന്‍ ആകുന്നു. മനസ്സുകൊണ്ടും വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും ഗുരുവിനു സഹായം ആയതു ചെയ്യുക. ഗുരുവിനെ നിഷേധിക്കുന്നത് ദാരിദ്ര്യം തരുമെന്നതില്‍ സംശയം വേണ്ടാ.

കുലാര്‍ന്നവ തന്ത്രത്തില്‍ പറയുന്നു. ഗുരുവിനു വേണ്ടി തന്റെ ശരീരം ശുദ്ധിയോടെ സൂഖിക്കുക. ഗുരുവിനു വേണ്ടി ധനം ധര്‍മ മാര്‍ഗത്തില്‍ ഉണ്ടാക്കുക. അദ്ദേഹം ദേഷ്യപെട്ടാല്‍ അത് ഭാഗ്യമായി കാണുക. തല്ലിയാല്‍ അത് സമ്മാനമായി കരുതുക. എന്തെല്ലാം ഉണ്ടെങ്കിലും അതെല്ലാം ഗുരുവിനു നിവേദിക്കുക. അദ്ദേഹം കഴിച്ചതിനു ശേഷം കഴിക്കുക. ഗുരുവിനോട് ആഞ്ഞാപിക്കരുത്, അപേക്ഷിക്കണം. ഗുരു അടുത്തുള്ളപ്പോള്‍ മറ്റൊരാളെ പൂജിക്കരുത്. അതിനു ഫലം ഉണ്ടാകില്ല. ഗുരുവിനെ മോശമാക്കി ആരെങ്കിലും സംസാരിച്ചാല്‍ , അതിനു ചെവി കൊടുക്കരുത്. അദ്ദേഹം പറയുന്നതെല്ലാം, സ്വന്തം അറിവില്‍ നിന്നാണ്. അത് മറ്റുള്ളവരോട് പറയരുത്. ഗുരുവിനെ ആരാധിക്കണം. ആരാധന മാത്രമാണ് അനുഗ്രഹത്തിന്റെ കാരണം. അപകടത്തില്‍ പെട്ടവന്‍ രക്ഷ പെട്ടേക്കാം, ജലത്തില്‍ വീണവന്‍ രക്ഷ പെട്ടേക്കാം, പക്ഷെ ഗുരു നിന്ദ ചെയ്തവന്‍ രക്ഷപെടില്ല. നമ്മള്‍ പുണ്യ സ്ഥലങ്ങള്‍ ദര്‍ശിക്കുന്നത് എന്തിന് ? വലിയ ക്ഷേത്രത്തില്‍ പോയി ദൈവത്തെ കാണുന്നത് എന്തിന് ? പരമ സത്യമായ ഗുരു ഉണ്ടെകില്‍ അതിന്റെ ഒന്നും ആവശ്യമില്ല. കാരണം എല്ലാം ഗുരുതന്നെ. ദൈവത്തിലേക്കുള്ള നമ്മുടെ വഴി തന്നെ ഗുരു ആകുന്നു.

ശിഷ്യന്‍ - ഗുരു - ദൈവം ഇതാണാ വഴി.

ശ്രീ ഗുരവേ നമ.


Source : http://www.facebook.com/photo.php?fbid=503443503052941&set=o.373894832697776&type=1&theater

0 comments:

Post a Comment