Tuesday 4 December 2012

ലക്ഷ്യംമറന്നുള്ള ഭക്തിപ്രവാഹം

[ സുരേഷ്‌ബാബു മാധവന്‍ ] ഈശ്വരവിശ്വാസികളെന്നു പറയപ്പെടുന്നവരും ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരും സമീപകാലഘട്ടത്തില്‍ ഏറിവരുന്നതായി കാണുന്നു. ഈ സാഹചര്യങ്ങള്‍ കണ്ടുകൊണ്ടാവണം ക്ഷേത്രനിര്‍മ്മാണത്തിലും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങളിലും വലിയതോതില്‍ പുരോഗതിയും ഉണ്ടായിട്ടുണ്ട്‌. ക്ഷേത്രവരുമാനം അത്ഭുതകരമാംവണ്ണം ഉയര്‍ന്നപ്പോള്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കും ക്ഷേത്രാധികാരികള്‍ക്കും വരുമാനവും വര്‍ദ്ധിച്ചു. ക്ഷേത്രം ഇന്ന്‌ ഒരു വ്യവസായകേന്ദ്രമായി മാറുകയും വ്യാവസായികോത്‌പന്നങ്ങള്‍ക്ക്‌ കമ്പോളം ഉണ്ടാക്കുന്ന അതേമാര്‍ഗ്ഗത്തില്‍ ക്ഷേത്രങ്ങളെ പരസ്യങ്ങളിലൂടെ ജനങ്ങളിലെത്തിച്ച്‌ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ക്ഷേത്രാധികാരികള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. വരുമാന സുരക്ഷിതത്വം ഉണ്ടായപ്പോള്‍ പൂജാകര്‍മ്മങ്ങള്‍ അഭ്യസിക്കാന്‍ ധാരാളം ചെറുപ്പക്കാര്‍ രംഗത്തുവരുകയും ഭക്ത സമൂഹം അവരില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്നു. ആത്മീയത വന്‍തോതില്‍ വിറ്റഴിയുന്ന ഒരു ഉത്‌പന്നമായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌. ഈശ്വരനെ അറിഞ്ഞ മഹാപുരുഷന്മാരാണല്ലോ ആ സത്യത്തെയും അതിനെ അറിയാനുള്ള മാര്‍ഗ്ഗങ്ങളായ ഭക്തിയെയും ആചാരരീതികളെയും സംബന്ധിക്കുന്ന അറിവുകള്‍ നമുക്ക്‌ പകര്‍ന്നുതന്നത്‌. വേദങ്ങളും ഉപനിഷത്തുക്കളും മഹാത്മാക്കളുടെ ദര്‍ശനങ്ങളും ശരിയായി പഠിക്കുന്നവര്‍ ആരെങ്കിലും ഇന്ന്‌ ജീവിച്ചിരിക്കുന്നുവെങ്കില്‍ അവര്‍ക്ക്‌ ഇന്ന്‌ ഈ കാണുന്ന ആത്മീയ കച്ചവടത്തിന്‌ കൂട്ടുനില്‍ക്കാന്‍ സാധിക്കും എന്ന്‌ തോന്നുന്നില്ല. ഈശ്വരന്‍ ഏത്‌ ക്ഷേത്രത്തിലാണ്‌ ഇരിക്കുന്നത്‌? ഇന്ന്‌ ക്ഷേത്രങ്ങളില്‍ കോടികള്‍ ചെലവഴിച്ച്‌ നടത്തുന്ന ഉത്സവങ്ങളും മറ്റും യഥാര്‍ത്ഥ ഭക്തിയുടെ പ്രകടനമാണോ? ഈശ്വരസേവയില്‍ ആഘോഷങ്ങള്‍ക്ക്‌ എന്താണ്‌ പ്രാധാന്യം? ശിവഗിരിയില്‍ ശാരദാപ്രതിഷ്‌ഠ നടത്തിയ ഗുരുദേവന്‍ അവിടെ ആറാട്ട്‌ നടത്താനോ, ഉത്സവം നടത്താനോ അനുവദിച്ചില്ല. ഒരു പഴംപോലും നേദിക്കരുതെന്നും സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരി എല്ലാവര്‍ക്കും ആവശ്യമായത്‌ നല്‍കും എന്നുമായിരുന്നല്ലോ ഗുരുകല്‌പന. എന്നാല്‍ ശിവഗിരി ഒഴികെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ക്ഷേത്രങ്ങളില്‍ ഇന്ന്‌ എന്താണ്‌ നടക്കുന്നത്‌.? ഗുരുമാര്‍ഗ്ഗം പിന്തുടരേണ്ടവര്‍ ഇന്ന്‌ ആരുടെ മാര്‍ഗ്ഗമാണ്‌ പിന്തുടരുന്നത്‌? അതിന്‌ പലവിധത്തിലുള്ള യുക്തികള്‍ പറഞ്ഞ്‌ ഒഴിഞ്ഞുമാറുന്നത്‌ ഗുരുവിനോടുകാട്ടുന്ന അനീതിയാണ്‌. രമണമഹര്‍ഷി ഒരു കഥപറയുകയുണ്ടായി. � ഒരു രാജ്യത്തെ രാജാവും റാണിയും വലിയ ഈശ്വരഭക്തരായിരുന്നു. റാണി സദാ പൂജയും പ്രാര്‍ത്ഥനയും ക്ഷേത്രദര്‍ശനവുമായി കഴിയും. രാജാവിന്‌ തിരക്കുപിടിച്ച ഭരണകാര്യങ്ങള്‍ നോക്കാനുള്ളതിനാല്‍ എപ്പോഴും റാണിയെപ്പോലെയാവാന്‍ സാധിക്കാറുമില്ല. അതുകൊണ്ട്‌ രാജാവിന്‌ ഭക്തി തീരെയില്ല എന്ന്‌ റാണി സംശയിച്ചിരുന്നു. എന്നാല്‍ രാജാവാകട്ടെ സ്വന്തം കര്‍മ്മനിര്‍വ്വഹണം ഈശ്വരപൂജയായും താന്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ഈസ്വരസമര്‍പ്പണമായും ചെയ്‌തുവന്നു. ഒരു രാത്രി നല്ല ഉറക്കത്തില്‍ രാജാവ്‌ എന്തോ മന്ത്രിക്കുന്നത്‌ രാജ്ഞി ശ്രദ്ധിച്ചു. ഉറക്കത്തില്‍ ഉപബോധമനസ്സില്‍നിന്നും വരുന്നതായതിനാല്‍ വല്ല രഹസ്യവുമായിരിക്കും എന്ന്‌ സംശയിച്ച്‌ അവര്‍ രാജാവിന്റെ ചുണ്ടോട്‌ കാത്‌ ചേര്‍ത്തുവച്ച്‌ ശ്രദ്ധിച്ചു. �രാമ...രാമ� എന്ന മന്ത്രമായിരുന്നു അവര്‍ക്ക്‌ കേള്‍ക്കാന്‍ സാധിച്ചത്‌. ഇത്‌ റാണിക്ക്‌ അതിരറ്റ സന്തോഷം നല്‍കി. പിറ്റേന്ന്‌ റാണി വലിയൊരു സല്‍ക്കാരം ഏര്‍പ്പാടാക്കി. പ്രമുഖരെയെല്ലാം കൊട്ടാരത്തില്‍ വിളിച്ചുവരുത്തി. കാര്യം ആര്‍ക്കും അറിയില്ല. റാണിക്ക്‌ പ്രിയപ്പെട്ട ആരുടെയെങ്കിലും പിറന്നാളോ മറ്റോ ആയിരിക്കും എന്നാണ്‌ എല്ലാവരും കരുതിയത്‌. വിഭവസമൃദ്ധമായ സദ്യ ഉണ്ടുകഴിഞ്ഞപ്പോള്‍ റാണി രഹസ്യം പരസ്യമാക്കി. നമ്മുടെ മഹാരാജാവിന്റെ അനന്യമായ ഈശ്വരഭക്തിയില്‍ സന്തോഷിച്ചാണ്‌ താന്‍ സല്‍ക്കാരം ഏര്‍പ്പാടാക്കിയതെന്നും നമ്മുടെ രാജാവിനെപ്പോലെ ഉറക്കത്തില്‍പോലും രാമനാം ജപിക്കുന്ന മറ്റൊരു ഭക്തനും ഈ രാജ്യത്തില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതുകേട്ട്‌ ഏവരും രാജാവിനെ പരമഭക്തന്‍ എന്ന്‌ പുകഴ്‌ത്തി വന്ദിച്ചു. ഏവരും പിരിഞ്ഞുപോയിക്കഴിഞ്ഞ്‌ റാണി മഹാരാജാവിനോട്‌ ചോദിച്ചു. അങ്ങ്‌ എന്താണ്‌ സന്തുഷ്‌ടനായി കാണാത്തത്‌? രാജാവ്‌ മറുപടിപറഞ്ഞു. എനിക്ക്‌ ഇപ്പോള്‍ വാസ്‌തവത്തില്‍ ആത്മഹത്യചെയ്യാനാണ്‌ തോന്നുന്നത്‌. ഇതുകേട്ട്‌ റാണി സ്‌തബ്‌ധയായിപ്പോയി. അവര്‍ കാരണം തിരക്കി. രാജാവ്‌ പറഞ്ഞു. ദേവി, ഭക്തി ആഘോഷിക്കാനുള്ളതല്ല. പ്രകടനപരതയും ഭക്തിയുമായി ഒരു ബന്ധവുമില്ല. ഭക്തി ഉള്ളിലാണ്‌ ഉണ്ടാവേണ്ടത്‌. ഉള്ളില്‍ത്തന്നെയാണ്‌ അത്‌ ഇരിക്കേണ്ടതും. മറ്റാരെയെങ്കിലും ബോധ്യപ്പെടുത്താനുള്ളതല്ല ഭക്തി. ദേവി ഇന്നത്തെ ആഘോഷങ്ങളിലൂടെ നമ്മെ ലജ്ജിതനാക്കിയിരിക്കുന്നു.�� സഹജമായ ഭക്തി നിര്‍വൃതിദായകമാണ്‌. അത്‌ മറ്റൊരാളെയും ബോധ്യപ്പെടുത്തുവാനുള്ളതല്ല. വഴിയരുകിലെ പ്രാര്‍ത്ഥനാലയത്തില്‍ പ്രാര്‍ത്ഥിച്ചുവന്ന രണ്ട്‌ ഭക്തന്മാരെ ഉദാഹരിച്ച്‌ യേശുദേവനും ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ആത്മോപദേശ ശതകത്തിലൂടെ ശ്രീനാരായണഗുരുവും ഇത്‌ വ്യക്തമാക്കി. മനമലര്‍കൊയ്‌തുള്ള മഹേശപൂജക്ക്‌ പരമസ്ഥാനം നല്‍കുകയും അതിന്‌ സാധിക്കാത്തവര്‍ക്കുമാത്രം വനമലര്‍ കൊണ്ടും അല്ലെങ്കില്‍ അറിയാവുന്ന ഏതെങ്കിലും മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടും ഈശ്വരമാര്‍ഗ്ഗം സ്വീകരിക്കാനല്ലേ അവിടുന്നു നിര്‍ദ്ദേശിച്ചത്‌. ഇന്നും ശിവഗിരിയില്‍ നടക്കുന്നത്‌ ഗുരു നിര്‍ദ്ദേശിച്ച ആ മാര്‍ഗ്ഗം മാത്രമല്ലേ? ശിവഗിരിയെ ആത്മീയ കേന്ദ്രമായി സ്വീകരിച്ചിരിക്കുന്നവര്‍ അവിടുത്തെ ആചാരാനുഷ്‌ഠാനങ്ങളെയല്ലേ പിന്തുടരേണ്ടത്‌? ശിവഗിരിയില്‍ അങ്ങനെയാണ്‌.... ഇവിടെ ഇങ്ങനെയെപറ്റൂ എന്നുപറയുന്നത്‌ മഹാത്മാക്കളുടെ ദാര്‍ശനികതയെ ഹനിക്കലാണ്‌. ഈശ്വരന്‍ സകല ജീവികളുടെയും ഹൃദയത്തില്‍ വസിക്കുന്നു എന്നു ഭഗവത്‌ഗീതയിലൂടെയും, ഇതി അയം ഹൃദി, പ്രജ്ഞാനം ബ്രഹ്മ, അയം ആത്മാ ബ്രഹ്മ, തത്വമസി എന്നിങ്ങനെ ഉപനിഷത്തുക്കളിലൂടെയും ഈശ്വരന്റെ വാസസ്ഥാനത്തെ നമുക്ക്‌ പരിചയപ്പെടുത്തിയ ആചാര്യന്മാരെ ധിക്കരിക്കാന്‍ ഈശ്വരവിശ്വാസികള്‍ക്ക്‌ അനുമതിയില്ല. ഭക്തിമാര്‍ഗ്ഗം അവലംബിക്കുന്നവര്‍ക്ക്‌ ആചാര്യപാദങ്ങളെ പിന്തുടരാനുള്ള അനുവാദം മാത്രമേയുള്ളൂ. അല്ലാത്തവര്‍ക്ക്‌ നാസ്‌തിക ദര്‍ശനത്തിലൂടെ ഭവസാഗരത്തില്‍ സഞ്ചരിക്കുന്നതിന്‌ ആരും എതിരുപറയുകയുമില്ല. ഹൃദയവാസിയായ ഈശ്വരനെ അവിടെത്തന്നെ സാക്ഷാത്‌കരിക്കുമ്പോഴാണ്‌ യഥാര്‍ത്ഥത്തിലുള്ള ആനന്ദം ഉണ്ടാവുന്നത്‌. ഈ ആനന്ദത്തിലൂടെയാണ്‌ ഒരുവന്‍ സമഗ്രതയിലേക്ക്‌ നയിക്കപ്പെടുന്നത്‌. ഇന്നത്തെ സമൂഹത്തില്‍ ആനന്ദം എന്നുപറയുന്നത്‌ പണവും പ്രശസ്‌തിയും വിനോദസഞ്ചാരവും ഒക്കെയാണ്‌. നശ്വരമായ ഇത്തരം ആനന്ദവുംപേറി കുറേനാള്‍ ജീവിക്കുന്നു. പണവും പ്രശസ്‌തിയും പോകുമ്പോള്‍ അതില്‍നിന്നുള്ള ആനന്ദവും ഇല്ലാതാവുന്നു. അപ്പോഴാണ്‌ യഥാര്‍ത്ഥ സുഖംതേടി അലയുന്നത്‌. ഈശ്വരാനുഗ്രം അല്‌പമെങ്കിലും നഷ്‌ടപ്പെടാത്തവര്‍ക്ക്‌ ചിലപ്പോള്‍ അത്‌ ലഭിക്കാം. യഥാര്‍ത്ഥ സുഖത്തിന്റെ രഹസ്യം ഗുരു പറഞ്ഞുതന്നിട്ടുമുണ്ട്‌. അഖിലരും ആത്മസുഖത്തിനായി........ എന്ന്‌ ആത്മോപദേശശതകത്തില്‍. നാം ആര്‍ജ്ജിക്കുന്ന എല്ലാ അറിവും ആത്മസുഖാന്വേഷണത്തിനായിക്കൂടി വിനിയോഗിക്കണം. പണ്ഡിതനും പാമരനും ഇക്കാര്യം ഗ്രഹിക്കുന്നതില്‍ ഇന്ന്‌ ഒരുപോലെയാണ്‌. പണം ആവശ്യമാണ്‌ പക്ഷേ അതിനായി ജീവിക്കുന്നത്‌ വിഢിത്തമാണ്‌. ആത്മാവ്‌ ഏകനും സകലതിലും നിറഞ്ഞിരിക്കുന്നവനും ആണ്‌ എന്ന്‌ പറയുമ്പോഴും നമുക്ക്‌ അത്‌ അനുഭവിക്കാന്‍ സാധിക്കുന്നുണ്ടോ? നാം നമ്മേ അറിയാന്‍ ശ്രമിക്കാറില്ലല്ലോ?. ജീവിതത്തിന്റെ മുക്കാല്‍ഭാഗവും നാം അഹങ്കാരാദികളില്‍ രമിച്ചിരിക്കുകയല്ലേ? ഹൃദയപൂജ ചെയ്യുന്നവര്‍ക്ക്‌ സകലതിലും നിറഞ്ഞിരിക്കുന്ന ആത്മാവിന്റെ സന്തോഷം അറിയുവാന്‍ സാധിക്കും. വിശന്നുവലഞ്ഞുവരുന്ന ഒരു യാചകന്‌ നാം ആഹാരവും ജലവും നല്‍കുന്നു എന്നിരിക്കട്ടെ. അതുകഴിച്ച്‌ തൃപ്‌തനായിരിക്കുന്ന അയാളെ നാം കാണുമ്പോള്‍ നമ്മള്‍ ആഹാരം കഴിച്ചില്ലെങ്കില്‍കൂടി ഒരു തൃപ്‌തി നാം അനുഭവിക്കുന്നുണ്ട്‌. യാചകനിലെയും നമ്മിലെയും ആത്മതത്വം ഒന്നായതിനാലാവാം അയാള്‍ അനുഭവിച്ച തൃപ്‌തി നാമും അനുഭവിച്ചത്‌. വനവാസകാലത്ത്‌ ഗാന്ധാരിയുടെ അക്ഷയപാത്രത്തിലെ ഒരു ചീരയില സ്വയംഭക്ഷിച്ച്‌ ശ്രീകൃഷ്‌ണഭഗവാന്‍ തൃപ്‌തനായപ്പോള്‍ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ദുര്‍വ്വാസാമഹര്‍ഷിയും തൃപ്‌തനായതായി കഥയുണ്ട്‌. രമണമഹര്‍ഷിയുടെ ആശ്രമത്തില്‍ ആദ്യം ആഹാരം കഴിക്കുന്നത്‌ ആശ്രമത്തിലെ പക്ഷികളും മൃഗങ്ങളുമാണ്‌. അവയെല്ലാം തൃപ്‌തരായതിനുശേഷമേ മഹര്‍ഷി ആഹാരം കഴിക്കാറുള്ളൂ. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആത്മാവിനെ അറിയുന്നവര്‍ക്ക്‌, ഈശ്വരനെ അറിയുന്നവര്‍ക്ക,്‌ ഭക്തിയും പരമാനന്ദവും ഏങ്ങനെ അനുഭവിക്കാന്‍ സാധിക്കും എന്ന്‌ ഈ മഹാത്മാക്കള്‍ അവരുടെ അനുഭവത്തിലൂടെ നമ്മേ പഠിപ്പിച്ചിട്ടുള്ളത്‌ നാം വിസ്‌മരിക്കുന്നു. ആത്മോപദേശ ശതകത്തില്‍ ഈശ്വരവിശ്വാസികള്‍ അയലുതഴപ്പതിനായി പ്രയത്‌നിക്കണം എന്നും ഒരുവനു നല്ലതും അന്യന്‌ അല്ലലും ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആത്മവിരോധിയാണെന്നും ഒക്കെ പറഞ്ഞതിന്റെ പൊരുള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതിലും തെറ്റില്ല. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും വിശക്കുന്നവന്‌ ആഹാരം നല്‍കുന്നതും സഹജീവികളെ സ്‌നേഹിക്കുന്നതും ആണ്‌ യഥാര്‍ത്ഥ ഈശ്വരഭക്തി. നരസേവയാണ്‌ നാരാണയസേവ. അതിലൂടെയെ ഈശ്വരനെ കണ്ടെത്താനും പരമാനന്ദം അനുഭവിക്കാനും സാധിക്കുകയുള്ളൂ. പണത്തിന്റെ കൊഴുപ്പുകാട്ടിയുള്ള വിവാഹ-പിറന്നാള്‍ ആഘോഷങ്ങളും, വെടിക്കെട്ട്‌ നേര്‍ച്ചകളും ഉത്സവങ്ങളും ഒന്നും ഈശ്വരഭക്തിയല്ല. അവയില്‍ ദൈവം ആനന്ദിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യുമോ? ക്ഷേത്രദര്‍ശനത്തിലൂടെയോ, പൂജാകര്‍മ്മങ്ങളിലൂടെയോ ആയിരുന്നോ ശ്രീനാരായണഗുരു ഈശ്വരസാക്ഷാത്‌കാരം നേടിയത്‌. ക്ഷേത്രം ആത്മാര്‍ഗ്ഗത്തെ കണ്ടെത്താനുള്ള ഉപാദിയായി മാത്രം കരുതാനല്ലേ അദ്ദേഹം മൊഴിഞ്ഞത്‌. ഈശ്വരന്‍ പണക്കാരനേയും പാവപ്പെട്ടവനേയും തരംതിരിച്ച്‌ അനുഗ്രഹിക്കും എന്നാണ്‌ ആധുനിക ദര്‍ശനം എന്ന്‌ തോന്നിപ്പോകുന്നു. പണക്കൊഴുപ്പില്‍ കേവലം ഒരുപൂജയ്‌ക്കായി പതിനായിരങ്ങളും ലക്ഷങ്ങളും ക്ഷേത്രങ്ങളില്‍ ബുക്കുചെയ്‌ത്‌ വര്‍ഷങ്ങള്‍ കാത്തുകിടക്കുന്നതിന്റെ പൊരുള്‍ എന്താണ്‌? ഇവര്‍ക്കുകിട്ടുന്ന അതേ അനുഗ്രമാണോ പണമില്ലാത്ത ഒരു സാധുവിന്റെ ഹൃദയം തുറന്നുള്ള പ്രാര്‍ത്ഥനയില്‍ ലഭിക്കുന്നത്‌? സ്വാര്‍ത്ഥ താല്‌പര്യം മുഴുത്ത പൗരോഹിത്യവര്‍ഗ്ഗം ഭക്തിയുടെ മറയില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഇത്തരം ദുര്‍വ്യയങ്ങളെ തിരിച്ചറിയാന്‍ മനുഷ്യന്‌ എന്നാണ്‌ ജ്ഞാനമുണ്ടാവുക.? പണത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ഈശ്വരനെപ്പോലും തരംതിരിക്കാന്‍ അജ്ഞാനികളായ നാം തയ്യാറാവുന്നു. ശ്രീപദ്‌മനാഭന്‌ കോടിയിലധികം വിലവരുന്ന ധാരാളം അമൂല്യനിധിയുണ്ട്‌ എന്ന്‌ അറിഞ്ഞതുമുതല്‍ ഭക്തജനപ്രവാഹം അവിടെ ഏറുന്നു. ഇതേ ശ്രീപത്മനാഭന്‍തന്നെയല്ലേ നമ്മുടെ നാട്ടിലെ കൊച്ചു ക്ഷേത്രത്തില്‍ ആരും എത്തിനോക്കാനില്ലാതെ ഇരിക്കുന്നത്‌. ഭക്തിയിലൂടെ പ്രചരിപ്പിക്കുന്ന വിഢിത്തം അതിരുകവിയുന്നതായി ചിന്തിക്കുന്നവര്‍ക്ക്‌ തോന്നിയാല്‍ അത്‌ വിഭക്തിയാകുമോ? ഒരുകാലത്ത്‌ ജാതി-മത-വര്‍ഗ്ഗങ്ങളിലൂടെ മനുഷ്യനെയും ഈശ്വരനെയും തരംതിരിച്ചു. ഈ ആധുനികമെന്ന്‌ പറയപ്പെടുന്ന കാലത്ത്‌ പണം, ഉദ്യോഗം, സ്ഥാനമാനങ്ങള്‍ ഇവയെ അടിസ്ഥാനമാക്കിയാണ്‌ തിരിവുകള്‍. വിവാഹ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എളുപ്പം ബോധ്യമാവും. സാമ്പത്തിക ശേഷിയുള്ള യുവതി അല്ലെങ്കില്‍ യുവാവ്‌, ഗസറ്റഡ്‌ റാങ്കിലുള്ള മാതാപിതാക്കളുടെ മകള്‍ അല്ലെങ്കില്‍ മകന്‍, ഉന്നത വിദ്യാഭ്യാസമുള്ള യുവതി, യുവാവ്‌ തുടങ്ങി പലതരം തിരിവുകള്‍. ഇവര്‍ ആഗ്രഹിച്ചപ്രകാരമുള്ള ബന്ധം ലഭിച്ച്‌ ലക്ഷങ്ങള്‍ മുടക്കി ആര്‍ഭാഡ വിവാഹം നടത്തുന്നു. ആറുമാസം കഴിയുമ്പോള്‍ കുടുംബക്കോടതിയില്‍ കേസുമാകുന്നു. അതുകഴിഞ്ഞാല്‍ വീണ്ടും ഇത്തരം വിഢിത്തത്തെ തന്നെയാണ്‌ ആശ്രയിക്കുന്നത്‌. വിവാഹബന്ധം പിരിഞ്ഞില്ലെങ്കില്‍ ജീവിതകാലമത്രയും നരകതുല്യം ജീവിക്കുന്നു. കുടുംബജീവിതത്തില്‍ ഇത്തരത്തിലുള്ള തിരിവുകള്‍ക്ക്‌ എന്ത്‌ പ്രസക്തി. പരസ്‌പരം സ്‌നേഹിക്കാന്‍ കഴിയുന്നതാണ്‌ അവിടെ വിജയം. പണമുണ്ട്‌ സ്‌നേഹമില്ല. പണം ഉണ്ടാക്കാം. പക്ഷേ സ്‌നേഹം, സ്വഭാവശുദ്ധി ഇവ ഹൃദയത്തില്‍നിന്നും വരേണ്ടതാണ്‌. ഇതു കണ്ടെത്തുന്നതില്‍വന്ന പരാജയമാണ്‌ ഭൗതിക-ആത്മീയ മേഘലയിലെ പരാജയങ്ങള്‍ക്ക്‌ കാരണം. ആത്മീയ-ഭൗതിക മേഖലകളില്‍ നാം തെറ്റിദ്ധാരണയുടെ ലോകത്താണ്‌ ജീവിക്കുന്നത്‌. ഇവയ്‌ക്ക്‌ പരിഹാരം ശ്രീനാരായണഗുരുദേവന്റെ ദാര്‍ശനിക കൃതികളും മറ്റ്‌ മഹാത്മാക്കളുടെ ദര്‍ശനങ്ങളും മനസ്സിരുത്തി പഠിക്കുന്നതിനുള്ള അവസരം സൃഷ്‌ടിക്കലാണ്‌. ഒരോ ഭവനവും അത്തരത്തിലുള്ള ജ്ഞാനപ്രകാശനത്തിന്‌ വേദിയാകുമ്പോള്‍ മാത്രമേ നമുക്ക്‌ ഈ ഭവസാഗരത്തില്‍ ആനന്ദം അനുഭവിച്ച്‌ ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ.

0 comments:

Post a Comment