Saturday 29 December 2012

ഒരുവന്‍ ചെയ്‌ത നല്ലകാര്യം മറക്കാതെയും നല്ലതല്ലാത്തവ ഉടനെ മറന്നുകളയുകയും വേണം?



നല്ലതല്ലൊരുവന്‍ ചെയ്‌ത
നല്ലകാര്യം മറപ്പത്‌
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം (സദാചാരം 1)

ഒരാള്‍ നമുക്ക്‌ ചെയ്‌തുതന്ന നല്ല കാര്യം നാം ഒരിക്കലും മറക്കരുത്‌. നല്ലതല്ലാത്തത്‌ വല്ലതും ഉണ്ടായാല്‍ അത്‌ മറക്കുകയുംവേണം. കാരണം വൈരം നമുക്കുതന്നെ ദോഷകരമായി ഭവിക്കുമല്ലോ.
ഒരിക്കല്‍ അയല്‍വീട്ടിലെ ഒരു യുവാവിന്‌ തന്റെ വൃക്കവരെ ദാനം ചെയ്യേണ്ടിവന്നു ദാമോദരന്‌. അയല്‍വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു അക്കാലത്ത്‌. അടുത്തകാലത്ത്‌ അവര്‍തമ്മില്‍ നല്ല ബന്ധത്തിലല്ല. അതിന്റെ കാര്യം തിരക്കി. മറ്റൊന്നുമായിരുന്നില്ല. ദാമോദരന്റെ പറമ്പിലെ വാഴയും തെങ്ങുംതൈയ്യുമെല്ലാം അയല്‍വാസിയുടെ പശുക്കള്‍ കടിച്ചു നശിപ്പിച്ചു. ഈ വിവരം അവരെ ബോധ്യപ്പെടുത്തി പശുക്കളെ മേലില്‍ ഇങ്ങനെ കയറൂരി വിടരുത്‌ എന്ന്‌ പറഞ്ഞു. അതില്‍പിന്നെ അയല്‍വാസി അത്ര അടുപ്പം കാണിക്കാതായി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അകല്‍ച്ച വലുതായിമാറി. ഇപ്പോള്‍ ഒട്ടും മിണ്ടാറുമില്ല. തന്റെ മകന്‍ ഇന്നും ജീവിച്ചിരിക്കുന്നത്‌ ദാമോദരന്റെ കാരുണ്യമാണ്‌ എന്ന്‌ ആ അയല്‍വാസിക്ക്‌ എന്നാണ്‌ ബോധ്യമാവുന്നത്‌.

മിക്ക ആളുകളിലും കൃതജ്ഞതാ മനോഭാവത്തിന്റെ അഭാവം ഉണ്ട്‌. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മറ്റൊരാളുടെ സഹായം നമുക്ക്‌ അനിവാര്യമായിത്തീര്‍ന്നിരിക്കാം. അത്‌ ലഭിച്ചതോടുകൂടി നമ്മുടെ ജീവിതത്തിന്‌ പലവിധ മാറ്റങ്ങളും ഉണ്ടായിട്ടുമുണ്ട്‌. പക്ഷേ ആ മാറ്റങ്ങള്‍ക്ക്‌ കാരണക്കാരനായവനെ, നമ്മുടെ ഇന്നത്തെ സുഖങ്ങള്‍ക്ക്‌ കാരണക്കാരനായവനെ നാം പിന്നീട്‌ മറക്കുന്നു. അത്‌ ഏതെങ്കിലും ഒരു വ്യക്തി എന്നതിനേക്കാള്‍ സര്‍വ്വേശ്വരനെക്കൂടി മറക്കുന്നു എന്നത്‌ അത്ഭുതകരമായ കാര്യമാണ്‌. പിന്നീട്‌ എല്ലാം നഷ്‌ടപ്പെടുന്ന അവസ്ഥയില്‍ അയാള്‍ സഹായംതേടി പോകുകയും ചെയ്യും. ഇത്തരം വ്യക്തികളുടെ ജീവിതത്തിലെ ഉയര്‍ച്ച പെട്ടെന്നുണ്ടാകുന്നതും പിന്നീട്‌ ഇല്ലാതെപോകുന്നതും നശിച്ചാല്‍ പിന്നീട്‌ തിരിച്ചുകയറാന്‍ സാധിക്കാതെ പോകുന്നതുമായാണ്‌ കണ്ടിരിക്കുന്നത്‌.

തൊഴിലില്ലാതെ അലഞ്ഞവേളയില്‍ തനിക്ക്‌ വിദേശത്ത്‌ പോകുവാനും അവിടെ തൊഴില്‍ വാങ്ങിത്തരുവാനും സഹായിച്ച ആ മാന്യദേഹത്തെ മറന്നു ജീവിക്കുന്ന എത്രയോപേരുണ്ട്‌ നമ്മുടെ ഇടയില്‍. മറ്റൊരാളുടെ സഹായത്താലാണ്‌ താന്‍ രക്ഷപെട്ടതെന്ന്‌ പറയാനുള്ള അപകര്‍ഷതാബോധമാണ്‌ അയാളെ പിന്നീട്‌ നയിക്കുന്നത്‌.

ശശീന്ദ്രന്‍ തൊഴില്‍ തേടി പലയിടങ്ങളിലും അലഞ്ഞു. പലസ്ഥലത്തും ജോലി ചെയ്‌തുവെങ്കിലും അവിടെ തുടരുവാനായില്ല. കാരണം തൊഴില്‍ ഉടമയുമായി ചേരില്ല. അങ്ങനെ അയാളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായി. മകന്റെ ഈ അവസ്ഥയില്‍ മനംനൊന്ത അമ്മ അയാളെയും കൂട്ടി ഒരു സന്യാസിയുടെ അടുക്കല്‍ ചെന്നു. ധാരാളം ആളുകള്‍ക്ക്‌ ജ്ഞാനമാര്‍ഗ്ഗം ഉപദേശിക്കുന്ന ആ മഹാത്മാവ്‌ കാര്യങ്ങള്‍ ശശീന്ദ്രനില്‍ നിന്നും ചോദിച്ചറിഞ്ഞു. സന്യാസിവര്യന്‍ ശശീന്ദ്രന്റെ മുഖത്തു തറപ്പിച്ച്‌ നോക്കിയിട്ട്‌ പറഞ്ഞു. നിനക്ക്‌ മഹാഭാഗ്യം ഉണ്ട്‌. ലക്ഷ്‌മീഭഗവതി നിന്നില്‍ നിറഞ്ഞിരിപ്പുണ്ട്‌. പക്ഷെ അഹംഭാവമെന്ന മൂടുപടത്തിനുള്ളിലായിരിക്കുന്നു ലക്ഷ്‌മീദേവി. ആ മൂടുപടം ഒന്നു മാറ്റുകയേ വേണ്ടൂ നീ വലിയ ധനവാനും ഉദാരമതിയുമായി അറിയപ്പെടുന്നവനായി ജീവിക്കും.

മഹാഭാഗ്യം തന്നിലുണ്ടെന്നതും അറിയപ്പെടുന്നവനായി ജീവിക്കാനുള്ള യോഗം തനിക്കുണ്ടെന്നും അറിഞ്ഞപ്പോള്‍ ശശീന്ദ്രന്‍ ഞെട്ടിപ്പോയി. തന്റെ എല്ലാവിധമായ ഉയര്‍ച്ചക്കും തടസ്സമായിരിക്കുന്നത്‌ അഹംഭാവമെന്ന ശത്രുവാണെന്ന്‌ അറിഞ്ഞെങ്കിലും അത്‌ എന്താണ്‌ എന്ന്‌ ശശീന്ദ്രന്‌ അപ്പോഴും പിടികിട്ടിയില്ല. അയാള്‍ സന്യാസിവര്യനോട്‌ അതേക്കുറിച്ച്‌ ചോദിച്ചു. അദ്ദേഹം ലളിതമായി അത്‌ പറഞ്ഞുകൊടുത്തു. എന്നിട്ട്‌ ഇനിമുതല്‍ അയാള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട്‌ പറഞ്ഞുകൊടുത്തു.

1. ഇനിമേല്‍ ആരേയും അകാരണമായി ദ്വേഷിച്ച്‌ സംസാരിക്കരുത്‌
2. മറ്റൊരാള്‍ നിനക്കു ചെയ്‌തുതരുന്ന ഉപകാരം എത്ര ചെറുതായാല്‍കൂടി അതിന്‌ എപ്പോഴും അയാളോട്‌ നന്ദിയുള്ളവനായിരിക്കുക. അയാളോട്‌ ഏറ്റവും വിനയമുള്ളവനായിരിക്കുക.
3. സഹായം ചോദിച്ചുവരുന്നവന്‍ ആരായാലും ഹൃദയം തുറന്ന്‌ സഹായിക്കുക. നിന്റെ സമ്പാദ്യത്തിന്റെ ഒരു ചെറിയ അംശം അതിനായി നീക്കിവയ്‌ക്കുക. അത്‌ ഈശ്വരപൂജയായി കരുതുക.
4. വൃഥാ മറ്റുള്ളവരുമായി, സുഹൃത്തുക്കളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
5. എപ്പോഴും വിനയം ശീലമാക്കിവയ്‌ക്കുക. മുഖവും മനസ്സും പ്രസന്നമാക്കിവയ്‌ക്കുക.
6. കോപം ഒഴിവാക്കി വാക്കുകളില്‍ സ്‌നേഹവും വിനയവും തുളുമ്പിനില്‍ക്കാന്‍ ശ്രദ്ധിക്കുക.
7. ഓരോദിനവും തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നിനക്ക്‌ തുണയായിരിക്കുന്ന ശ്രീലക്ഷ്‌മീദേവിയെ സ്‌മരിക്കുക.

ശശീന്ദ്രന്‍ സന്യാസിവര്യന്റെ ഉപദേശങ്ങള്‍ ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. അന്നുമുതല്‍ അയാള്‍ സുഹൃത്തുക്കളോടും അയല്‍വാസികളോടും വിനയത്തോടെയും സ്‌നേഹത്തോടെയും സംസാരിക്കാന്‍ ശ്രമിച്ചുതുടങ്ങി. ആരോടും അനാവശ്യമായി തര്‍ക്കിക്കാന്‍ മുതിരാതായി. തനിക്കായി ചെറിയ സഹായം ചെയ്യുന്നവര്‍ ആരായാലും അവരോട്‌ നന്ദിപറയുവാന്‍ അവന്‍ ശ്രമിച്ചുതുടങ്ങി. കോപം ഒഴിവാക്കി വിനയമുള്ളവനാകാന്‍ ശ്രമിച്ചുതുടങ്ങി. ഓരോദിനവും ശ്രീലക്ഷ്‌മീദേവിയുടെ സ്‌മരണയോടെ തുടങ്ങി. അതിന്റെയെല്ലാം പ്രതിഫലനം അത്ഭുതാവഹമായിരുന്നു. സുഹൃത്തുക്കള്‍ ഒരുമാസംകൊണ്ട്‌ പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. നാട്ടില്‍ ഏവര്‍ക്കും പ്രിയങ്കരനായി. ജനപ്രതിനിധികളുമായി ഇടപഴകാനും അതുവഴി ഉദ്യോഗസ്ഥരുമായി പരിചയത്തിലാകാനും സാധിച്ചു. അവരുടെ സഹായത്താല്‍ ശശീന്ദ്രന്‌ സ്വന്തമായി ഒരു തൊഴില്‍ തുടങ്ങാനും അതിന്‌ ബാങ്ക്‌ലോണ്‍ പെട്ടെന്ന്‌ ലഭിക്കാനും സാധിച്ചു. സഹായിക്കാന്‍ ധാരാളം ആളുകളുമായി. അങ്ങനെ ശശീന്ദ്രന്‍ വളര്‍ച്ചയുടെ പടികള്‍ കയറി. അപ്പോഴും സന്യാസിവര്യന്റെ ഉപദേശം അയാള്‍ മറന്നില്ല. തന്റെ വളര്‍ച്ചയുടെ കാരണക്കാരന്‍ സന്യാസിവര്യനാണല്ലോ എന്നുകരുതി അയാള്‍ സ്വാമിയുടെ സമീപമെത്തി തന്റെ ഉയര്‍ച്ചയുടെ കഥ വിവരിച്ചു. സ്വാമി ചിരിച്ചുകൊണ്ട്‌ പറഞ്ഞു....... ശശീന്ദ്രാ... നിന്റെ വളര്‍ച്ചയുടെ കാരണക്കാരന്‍ നീ തന്നെയാണ്‌. നിന്റെ അഹന്തയുടെ മായാമൂടുപടം നീക്കാനുള്ള മരുന്നു ഞാന്‍ പറഞ്ഞുതന്നതേയുള്ളൂ. അത്‌ സേവിച്ചതും പിന്നീട്‌ ഉയരാനുള്ള കര്‍മ്മം ചെയ്‌തതും നീതന്നെ. എങ്കിലും മരുന്നുതന്നെ നമ്മേ നീ മറക്കാതിരുന്നത്‌ ഉചിതംതന്നെ. അതും ഉയര്‍ച്ചയുടെ ഔന്നിത്യമാണ്‌.

ശശീന്ദ്രനെപ്പോലെ നമുക്കും ഉയരാന്‍ സാധിക്കുകയില്ലേ? തീര്‍ച്ചയായും. അതിന്‌ സന്യാസിവര്യന്റെ ആ ഉപദേശങ്ങളും സദാചാരത്തിലൂട ഗുരുദേവന്‍ ഉപദേശിച്ച മേല്‍ പറഞ്ഞ ഒന്നാം ശ്ലോകവും മറക്കാതിരുന്നാല്‍ മതി....

ഗുരുപ്രണാമം....

0 comments:

Post a Comment