Friday 14 December 2012

വിശ്വാസം ..... അതല്ലേ എല്ലാം


പ്രിയപ്പെട്ട സഹോദരങ്ങളെ , അല്‍പ്പം ഈശ്വര ചിന്ത. അല്ലങ്കില്‍ ഈശ്വര ചിന്തയെ കുറിച്ചുള്ള ചിന്തകള്‍ . ദാര്‍ശനികമോ , താത്വികാമോ ആയ ഒരു വിലയിരുത്തലിനു മുതിരുന്നില്ല . അതിനു ഞാന്‍ പ്രാപ്തനും ആണന്നു വിചാരിക്കുന്നില്ല .കേവലം ഒരു സാധാരണക്കാരന്‍റെ നിരീക്ഷണ കൌതുകം .ഒരു ബഹുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വളരെ ശബ്ദായമാനമായ അന്തരീക്ഷം , മുകളിലത്തെ നിലയില്‍ നിന്നും കാര്യങ്ങള്‍ വിലയിരുത്തുന്ന എന്ജിനീയര്‍ക്കു താഴെ വിവിധ ജോലികളില്‍ വ്യാപ്രുതരായിരിക്കുന്ന തൊഴിലാളികളോട് അത്യാവശ്യമായി എന്തോ നിര്‍ദ്ദേശം കൊടുക്കണം . വിളിച്ചു നോക്കിയിട്ട് ആരും കേള്‍ക്കുന്നില്ല ... ആരും ശ്രദ്ധിക്കുന്നുമില്ല . എന്ത് ചെയ്യും .. അയാള്‍ അക്ഷമനായി . അപ്പോഴാണ്‌ ഒരു ഉപായം തോന്നിയത് . തന്‍റെ കുപ്പായ കീശയില്‍ നിന്നും ഒരു നാണയ തുട്ടു താഴേക്കു ഇട്ടു. ആരെങ്കിലും മുകളിലോട്ടു നോക്കാതിരിക്കില്ല എന്ന വിശ്വാസത്തോടെ . സംഭവിച്ചത് മറിച്ചാണ് . അപ്രതീക്ഷിതമായി നാണയം കിട്ടിയ ഒരു വിരുതന്‍ അത് ആരും കാണാതെ എടുത്തു കീശയില്‍ തിരുകി. വീണ്ടും വീണു തുട്ടുകള്‍ ...ഇത്തവണ ഒരു മാന്യന്‍ അത് മറ്റാരുടെയും ശ്രദ്ധയില്‍ പെടാതിരിക്കുവാന്‍ ചവിട്ടി പിടിക്കുകയും പിന്നീട് സുരക്ഷിതമായി തന്നെ കൈക്കലാക്കുകയും ചെയ്തു. മുകളില്‍ നിന്ന ആള്‍ക്ക് കലശലായ ദേഷ്യം വന്നുവെങ്കിലും ഈ പ്രക്രിയ കുറച്ചു നേരം കൂടി തുടര്‍ന്നു... ഒപ്പം താഴെ ചവിട്ടു നാടകങ്ങളും . പെട്ടന്ന് ഒരു വെളിപാടുപോലെ അയാള്‍ ഒരു ചെറു പുഞ്ചിരിയോടെ ഒരു ഇഷ്ടിക കഷണം ....ഒരു വളരെ കുഞ്ഞു കഷണം എടുത്തു താഴെ നിന്ന ആളിന്‍റെ തലയിലേക്ക് കൃത്യമായി ഇട്ടു. ആ നിമിഷം തന്നെ അയ്യോ... എന്ന നിലവിളിയോടെ അയാള്‍ മേല്‍പ്പോട്ടു നോക്കി .. കൂടെ മറ്റുള്ളവരും .നമ്മള്‍ സാധാരണക്കാരായ മനുഷ്യരും ഇങ്ങനൊക്കെ തന്നെ അല്ലെ പെരുമാറുന്നത്? സമ്പത്തും സൌഭാഗ്യങ്ങളും വന്നു ചേരുമ്പോള്‍ ഈശ്വര ചിന്തക്ക് മിനക്കെടാറില്ല . സന്തോഷത്തില്‍ അഭിരമിക്കുമ്പോള്‍ സകലതും മറക്കും . നേരെ മറിച്ച്‌ വളരെ ചെറിയ ഒരു വേദനയോ പ്രയാസമോ അനുഭവപ്പെട്ടാല്‍ പെട്ടന്ന് തന്നെ മുകളിലേക്ക് നോക്കും ഈശ്വരനെ വിളിക്കും .... കേട്ടറിവുള്ള സകലമാന ദൈവങ്ങളെയും കൂട്ടമായി വിളിക്കും . സമ്പത്ത് കുമിഞ്ഞു കൂടുന്നതനുസരിച്ച് ഭഗവാന് തങ്ക മാളിക പണിയുന്നവരുടെ കാര്യമല്ല .. നിത്യജീവിതത്തില്‍ കണ്ടു മുട്ടുന്ന സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്. എന്‍റെ ഈശ്വരനും വഴികാട്ടിയും എന്‍റെ ഗുരുദേവന്‍ ആണ്. വീട്ടില്‍ നിന്നും എപ്പോള്‍ പുറത്തിറങ്ങിയാലും , എന്‍റെ ഗുരുവിന്‍റെ മുഖത്തേക്ക് ഒന്ന് നോക്കാറുണ്ട് , വാതില്‍പ്പടിയോളം ആ ദീപ്ത നയനങ്ങള്‍ എന്നെ പിന്തുടരുന്നതായി തോന്നും. എന്‍റെ ആ ഒരു ദിവസത്തേക്ക് വേണ്ട ആത്മവിശ്വാസം പകര്‍ന്നു കിട്ടുന്ന അപൂര്‍വ്വ സുന്ദരമായ ഒരു നിമിഷമാണ് അതെനിക്ക്.തിരിച്ചു വീട്ടില്‍ കയറുമ്പോള്‍ വീണ്ടും ഞാന്‍ കാണുന്നു ആ മുഖം .. ധന്യമായ ഒരു ആശയ വിനിമയത്തിന്റെ അനുഭൂതി. ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്‍റെ ദിനചര്യയുടെ ഭാഗമാണ് ഈ ഗുരുദര്‍ശനം .... ഈശ്വരനോടുള്ള ബന്ധം . അവിടുന്ന് എല്ലാം അറിയുന്നു.... എന്‍റെ പരിമിതമായ ബുദ്ധിപരത വിളിച്ചു പറഞ്ഞു വിനീതാനാകാനോ.... അതുമല്ലങ്കില്‍ ഒരു മഹാസംഭവം പറയുന്നു എന്ന മട്ടില്‍ അപഹാസ്യനാകാനോ ഒന്നുമല്ല ഇവിടെ ശ്രമിക്കുന്നത്. പറഞ്ഞു വന്നപ്പോള്‍ ഹൃദയത്തില്‍ നിന്നും വന്ന അനുഭവത്തിന്റെ ഒരു നേരിയ ഒരു പങ്കുവയ്ക്കല്‍ മാത്രമാണിത്. നമ്മുടെ ജീവിതത്തില്‍ .... നഷ്ടങ്ങളും നേട്ടങ്ങളും .... സുഖവും ദുഖവും ... സമ്മിശ്രമായ അനുഭവങ്ങള്‍ ... തിരിച്ചറിവുകള്‍ ... ഒക്കെ നല്‍കികൊണ്ട് ഒരു വര്‍ഷം കൂടി വിട വാങ്ങാന്‍ വെമ്പല്‍ കൊള്ളുന്ന ഈ അവസരത്തില്‍ ... നമ്മുടെ ചിന്തകളും .. പ്രവര്‍ത്തനങ്ങളും ഹൃദയഹാരിയായ ഒരു പാരസ്പര്യമായി തീരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം എല്ലാവര്‍ക്കും ആശംസിക്കുന്നു

http://gurupresaadam.blogspot.in



0 comments:

Post a Comment