Saturday 10 November 2012

ആട്ടവിളക്കിനുമുന്നിൽ ഇനി ഗുരുദേവ ചൈതന്യം



ആലപ്പുഴ: കളിയരങ്ങിൽ തെളിയുന്ന ആട്ടവിളക്കിന്റെ പ്രഭയിൽ ശ്രീനാരായണഗുരുദേവന്റെ ജീവിതം പകർന്നാടാൻ കഥക്കൂട്ടൊരുക്കുകയാണ് കളർകോട് സ്വദേശിയായ കലാമണ്ഡലം ഗണേശൻ. ഏഴ് രംഗങ്ങളായാണ് ഗുരുദേവചരിതം ആട്ടക്കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സവർണവിഭാഗത്തിന്റെ ക്രൂരപീഡനങ്ങളിൽ പിടയുന്ന അധഃസ്ഥിതർ രക്ഷയ്ക്കായി അവതരിക്കണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതും തുടർന്ന് ഗുരുദേവൻ ജനിക്കുന്നതുമാണ് ആദ്യരംഗം. തന്റെ അവതാരോദ്ദേശം അറിഞ്ഞ് ഗുരുദേവൻ വയൽവാരം വീട് ഉപേക്ഷിക്കുന്പോൾ രണ്ടാംരംഗത്തിന് തിരശീല വീഴും. അയ്യാഗുരുവിൽ നിന്ന് യോഗമാർഗം വശമാക്കിയ ഗുരുദേവൻ മരുത്വാമലയിലേക്ക് പോകുന്നതും തപസ് പൂർത്തിയാക്കുന്നതുമാണ് മൂന്നുംനാലും രംഗങ്ങളിൽ. ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ കഴിയാതെ യുവാവ് ഗുരുവിന് മുന്നിൽ വിലപിക്കുന്നതും അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്താൻ ഗുരു തീരുമാനിക്കുന്നതുമാണ് തുടർന്നുള്ള രംഗങ്ങൾ. ശിവപ്രതിഷ്ഠ നടത്തി ഗുരുദേവൻ ചരിത്രം രചിക്കുന്നതോടെ രണ്ടുമണിക്കൂർ പത്തുമിനിറ്റ് നീളുന്ന കഥകളി സമാപിക്കും.

ഗുരുദേവൻ, അയ്യാഗുരുക്കൾ, യുവാവ്, ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, അധഃസ്ഥിതൻ തുടങ്ങി എട്ടുവേഷങ്ങളാണുള്ളത്. ഗുരുദേവനായി പ്രശാന്ത് കോട്ടയ്ക്കൽ വേഷമിടുന്നു. ദൈവിക കഥാപാത്രങ്ങൾക്കായി ഉപയോഗിക്കുന്ന മിനുക്ക് വേഷമാണ് ഗുരുദേവനെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്നത്. മലയാളത്തിലാണ് പദങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാമണ്ഡലം സജീവ് കൃഷ്ണനാണ് വരികൾക്ക് രാഗവും താളവും നൽകിയത്.
തകഴിയുടെ ചെമ്മീന് കഥകളിയുടെ രംഗഭാഷ്യം നൽകി ശ്രദ്ധേയനായ ഗണേശന്റെ സ്വപ്നമായിരുന്നു ഗുരുദേവചരിതം കഥകളി. തൃപ്രയാർ കേന്ദ്രമാക്കി സദു ഏങ്ങൂരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'കളിമണ്ഡലം' മുൻകൈ എടുത്തതോടെ എല്ലാം വേഗത്തിലായി. ഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. വയൽവാരവും അരുവിപ്പുറവും ശിവഗിരിയും സന്ദർശിച്ചു. നാലുമാസത്തോളം ഗവേഷണം. രണ്ടുമാസം കൊണ്ടാണ് ആട്ടക്കഥ രചിച്ചത്. കളർകോട്ടുള്ള തന്റെവീട്ടിൽ പ്രവർത്തിക്കുന്ന നാട്യകലയിൽ ആട്ടക്കഥയുടെ അവസാനത്തെ മിനുക്കുപണിയിലാണ് ഗണേശൻ.

പന്തളം ഉണ്ണിക്കൃഷ്ണൻ, ആർ.എൽ.വി. സുനിൽകുമാർ, കലാമണ്ഡലം രാധാകൃഷ്ണൻ, പീശപ്പള്ളി രാജീവ്, മഹേഷ് നാട്യകല, ഫാക്ട് ബിജു, ഭാസ്കർ, കലാഭാരതി സുരേഷ്, കലാമണ്ഡലം ശ്രീകുമാർ, മാർഗി ശ്രീകുമാർ, കലാനിലയം രാകേഷ് എന്നിവരാണ് അരങ്ങിലും അണിയറയിലും. 22ന് കളിമണ്ഡലത്തിൽ ഗുരുദേവചരിതം കഥകളിക്ക് ആട്ടവിളക്ക് തെളിയും.

രാഹുൽ ജി.ചന്ദ്രൻ


0 comments:

Post a Comment