Wednesday 28 November 2012

ഓംകാരേശ്വരം പഠിപ്പിച്ച ഗുരുപാഠങ്ങൾ - സജീവ് കൃഷ്ണൻ


ഉല്ലലഓംകാരേശ്വരം ക്ഷേത്രമുറ്റത്തെ ആൽമരത്തിന്റെ തണലേറ്റ് നിൽക്കുമ്പോൾ ഒരു സംശയം മനസിൽ ഉദിച്ചു. എന്തുകൊണ്ടാണ് നമ്മൾ ആൽമരത്തെ വൃക്ഷശ്രേഷ്ഠനായി കരുതുന്നത്?

ഉത്തരങ്ങൾപലതും മനസിലേക്ക് വന്നു. എന്നാൽ അതുകൊണ്ടൊന്നും സംശയത്തിന് അറുതിവന്നില്ല. അന്തരീക്ഷത്തിലേക്ക് സർവേശ്വരനെ നമിക്കുവാനെന്നവണ്ണം നീട്ടി നിൽക്കുന്ന സഹസ്രഹസ്തങ്ങളിൽനിന്ന് താഴേക്ക് നീണ്ടുവന്ന വേരുകൾ ആ സംശയത്തിന് ഉത്തരം നൽകി.

വളർന്നുപന്തലിക്കുമ്പോഴും തന്നെ ഉറപ്പിച്ച് താങ്ങിനിറുത്തുന്ന ഈ ഭൂമിയെ തൊട്ടുനമസ്കരിക്കാൻ ഓരോ ശിഖരങ്ങൾ വഴിയും വേരുകൾ താഴേക്കിടുന്ന അപൂർവവൃക്ഷമാണ് ആൽമരം. അതാണ് അതിന്റെ മഹത്വവും.

ഉപജീവനമാർഗംതേടി ലോകമാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന മലയാളി സമൂഹത്തിലെ ഒരു പറ്റം യുവാക്കൾ തങ്ങളുടെ തായ് വൃക്ഷത്തിന്റെ വേരുകൾ പടർന്നുനിൽക്കുന്ന ഭൂമിയെ തൊട്ടുനമിക്കാൻ ഒത്തുചേർന്ന അവസരത്തിന് സാക്ഷ്യംവഹിക്കാനായിരുന്നു കഴിഞ്ഞ ദിവസം ഓംകാരേശ്വരത്ത് എത്തിയത്. മാനവസമൂഹത്തെ ഈ ഭൂമിയിൽ ഈശ്വരന്റെ ശ്രേഷ്ഠങ്ങളായ സൃഷ്ടികളായി നിലനിറുത്തുന്ന ഗുണം സ്വന്തം വേരുകൾ മറക്കാതിരിക്കുകയെന്നതാണെന്ന് ആ വൃക്ഷമുത്തച്ഛൻ പഠിച്ചിച്ചുതരുംപോലെ തോന്നി.

അനുദിനംരാജ്യദ്രോഹപ്രവർത്തനങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന അതേ സോഷ്യൽ നെറ്റ് വർക്ക് ഗുരുനാമത്തിൽ ഒന്നിപ്പിച്ചവരാണ് അവിടെ സംഗമിച്ചത്. അവർ തങ്ങളുടെ സൗഹൃദശൃംഖലകൾ വഴി ലോക സമാധാനത്തിന്റെ സിദ്ധൗഷധമായ ഗുരുദർശനത്തെ പ്രചരിപ്പിക്കുന്നു. ഫേസ്ബുക്കുകൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങൾ ഉണ്ടെന്ന് ലോകം ഇവിടെ തിരിച്ചറിയുകയാണ്. 'ശ്രീനാരായണഗുരു, ഗുരുസ്മൃതി, ജഗത്ഗുരു ശ്രീനാരായണഗുരുദേവൻ' എന്നിങ്ങനെ നൂറുകണക്കിന് യുവാക്കളും മദ്ധ്യവയസ്കരും കാരണവന്മാരും ഒന്നിക്കുന്ന ഒട്ടേറെ ഗ്രൂപ്പുകൾ ഇന്ന് ഫേസ്ബുക്കിലുണ്ട്. അതിലൊന്നായ ശ്രീനാരായണഗുരു ഗ്രൂപ്പാണ് കഴിഞ്ഞദിവസം ഉല്ലല ഓംകാരേശ്വരത്ത്സമ്മേളിച്ചത്.

ഈ സംഗമം ഉല്ലലയിൽ സംഭവിച്ചതിനുപിന്നിലെ ചരിത്രപരമായ നിയോഗമെന്തെന്ന് ഉള്ളുകൊണ്ട് അപ്പോഴെല്ലാം തൃപ്പാദങ്ങളോട് ചോദിച്ചുകൊണ്ടേയിരുന്നു.
മനസ്അപ്പോൾ വർഷങ്ങൾക്കുമുമ്പുളള ആ പ്രതിഷ്ഠാ മുഹൂർത്തത്തിലേക്ക് സഞ്ചരിച്ചു. ഉല്ലലയിൽ 'ഓം' എന്നെഴുതിയ കണ്ണാടി പ്രതിഷ്ഠിച്ച് നിവരുമ്പോഴായിരുന്നു തൃപ്പാദങ്ങൾക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടത്.

വിശ്വമാനവസംസ്കാരത്തിന്റെ അടിവേര് ശുദ്ധമാക്കുന്ന പ്രക്രിയയ്ക്ക് 1888ൽ അരുവിപ്പുറത്ത് തുടക്കംകുറിക്കുമ്പോൾ തൃപ്പാദങ്ങൾ ഉളളുനൊന്ത് കരഞ്ഞിരുന്നു. ആ കണ്ണീരിൽകുതിർന്ന് ഒലിച്ചുപോയി അന്നുവരെയുള്ള മാനവവംശത്തിന്റെ ചോരപുരണ്ട പുരാവൃത്തങ്ങൾ. അവിടം മുതൽക്ക് പുതിയൊരു ലോകക്രമം തന്നെ സൃഷ്ടിക്കുകയായിരുന്നു ഗുരുദേവൻ. അവനവനിൽ തന്നെയുളള ഈശ്വരസ്വരൂപത്തെ ദർശിച്ച് സമത്വദർശനത്തിലെത്താൻ ഗുരുദേവൻ ഒടുവിൽ കണ്ണാടി പ്രതിഷ്ഠിച്ചു. ആദ്യം കളവംകോടത്ത്. അവസാനത്തേത് ഓംകാരേശ്വരത്തും. അപ്പോഴേക്കും ലോകത്തിന്റെ സകലദോഷങ്ങളും ഉള്ളാലേ സ്വീകരിച്ച് പവിത്രമാക്കാൻ ഉപയോഗിച്ച ആ ശരീരം രോഗഗ്രസ്ഥമായിക്കഴിഞ്ഞിരുന്നു. അതിന്റെ പുറപ്പാടറിഞ്ഞ് തൃപ്പാദങ്ങൾ ക്ഷേത്രമുറ്റം വിട്ടിറങ്ങി. ഗുരു തന്റെ പ്രതിഷ്ഠാവിപ്ളവത്തിന് ശാന്തിമന്ത്രംചൊല്ലി പടിയിറങ്ങിയ പുണ്യസങ്കേതത്തിൽനിന്നുകൊണ്ട് പുതിയ തലമുറക്കാർക്ക് ആ ദർശന ദ്വിഗ് വിജയത്തിന് തുടക്കമിടാൻ കഴിയുക എന്നതായിരുന്നു ആ ഇന്റർനെറ്റ് സംഗമത്തിലെ ഗുരുനിയോഗം. അത് ഹൃദയവിശുദ്ധിയോടെ നിർവഹിക്കാൻ അവർക്ക് കഴിയട്ടെ എന്നാണ് ലോക ശ്രീനാരായണഭക്ത സമൂഹം പ്രാർത്ഥിക്കുന്നത്.

ഒരുസൗഹൃദസംഭാഷണത്തിനിടെ പണ്ടൊരിക്കൽ സുകുമാർ അഴീക്കോട് സാർ പറഞ്ഞകാര്യം ഓർത്തുപോകുന്നു. ഒരാൾ നമ്മോട് കൊതുകിനെ വരയ്ക്കാൻ പറഞ്ഞാൽ നമ്മൾ കടലാസിൽ കൊതികിനേക്കാൾ വലിപ്പമുള്ള ഒരു കൊതുകിനെ വരയ്ക്കും. കാരണം കൊതുകിന്റെ അതേ വലിപ്പത്തിൽ വരച്ചാൽ അതാർക്കും വ്യക്തമായി കാണാൻ സാധിക്കില്ല. എന്നാൽ ആനയെ വരയ്ക്കാനാണ് പറയുന്നതെങ്കിൽ ആനയുടെ അതേ വലിപ്പത്തിൽ കടലാസിൽ വരയ്ക്കാൻ സാധ്യമല്ല. അതിനാൽ ചെറുതാക്കി വരയ്ക്കും. ശ്രീനാരായണഗുരുദേവ ധർമ്മപ്രചാരണത്തിനായി നമ്മൾ നിലവിൽ നടത്തുന്ന ശ്രമങ്ങൾ ആനയെ നോട്ടുബുക്കിന്റെ കടലാസിൽ ചെറുതാക്കി വരയ്ക്കുന്നതിന് തുല്യമാണ്. ചുറ്റിനും കണ്ണോടിച്ചാൽ കൊതുകുകളെ വലിപ്പംകൂട്ടിവരച്ചുവച്ച് ഇതാണ് മഹാസംഭവം എന്നു പ്രചരിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും കാണാം. സാഹചര്യങ്ങളുടെ പരിമിതിയും ഭാഷാപരിമിതിയും ജാതിചിന്തയുമാണ് നമ്മുടെ ഗുരുപ്രസ്ഥാനങ്ങളെ ചെറിയ കാൻവാസുകളിൽ ഒതുക്കിനിറുത്തുന്നത്. എന്നാൽ ഇന്റർനെറ്റ് എന്ന ഭീമൻ ശൃംഖലയ്ക്ക് അതിരുകളില്ല. ദേശ, വർഗ, വർണഭേദത്തിന്റെ അതിർത്തിക്കല്ലുകളില്ല. ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഈ മാധ്യമത്തിലൂടെ ഗുരുവിന്റെ വിശ്വമാനവദർശനത്തെ പ്രചരിപ്പിക്കാൻ സാധിക്കും എന്നതാണ് ഇന്റർനെറ്റ് കൂട്ടായ്മയിലൂടെ ശ്രീനാരായണസമൂഹം ഇന്ന് സ്വപ്നം കാണുന്നത്.

രണ്ട്വർഷംമുമ്പ് ശ്രീനാരായണഗുരുവിന്റെ സന്യാസി ശിഷ്യരുടെ ജീവിതം വിവരിക്കുന്ന 'ജ്ഞാനസൂര്യന്റെ ധർമ്മരശ്മികൾ' എന്ന പുസ്തകം എഴുതിയിട്ട് അഭിപ്രായം ആരാഞ്ഞപ്പോൾ ഗുരു മുനി നാരായണപ്രസാദ് ഒരു കാര്യം പറഞ്ഞു. മലയാളത്തിൽ മാത്രം ഗുരുവിനെക്കുറിച്ച് പുസ്തകങ്ങൾ വന്നിട്ട് അധികം പ്രയോജനമില്ല. മലയാളിക്ക് സായിപ്പു പറഞ്ഞാലേ സ്വന്തം പിതാവിനെക്കുറിച്ചുപോലും നല്ല അഭിപ്രായം തോന്നൂ. അതിനാൽ ഇംഗ്ളീഷ് അടക്കമുള്ള മറുഭാഷകളിലാവട്ടെ ഇനിയുളള ധർമ്മപ്രചാരണം എന്ന്. ഗുരുദേവകൃതികളും ഗുരുചരിതവുമെല്ലാം മറുഭാഷകളിൽ നിലവിലുണ്ട്. നടരാജഗുരുവിനെപ്പോലുളള പ്രതിഭകൾ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുമുണ്ട്. അതൊന്നും അത്രകണ്ട് പ്രചാരത്തിൽ വരുന്നില്ല എന്ന കുറവ് നികത്തപ്പെടേണ്ടതാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ ഗുരുപ്രസ്ഥാനവുമായും അല്ലാതെയും നിലകൊള്ളുന്ന മലയാളികൾക്ക് ഈ ദൗത്യം ഏറ്റെടുക്കാവുന്നതാണ്. താൻ ജീവിക്കുന്ന പ്രദേശത്തെ ഭാഷയിലേക്ക് അവിടത്തുകാരുടെ സൗഹൃദം ഉപയോഗിച്ചുകൊണ്ട് ഗുരുകൃതികളുടെ വ്യാഖ്യാനങ്ങളും ഗുരുചരിത്രവും പരിഭാഷപ്പെടുത്താം. അവരെ സ്വാധീനിക്കാവുന്ന വ്യക്തിത്വങ്ങളെ കണ്ടെത്തി പ്രചാരകരാക്കാം. ലോകം ഗുരുവിനെ അടുത്തറിയാനും ആ ദർശനഗരിമ കണ്ടുവണങ്ങാനും ഇടയാകുന്ന നാളെയെക്കുറിച്ച് സ്വപ്നംകണ്ടുകൊണ്ട് ലോകസമാധാനത്തെ ലക്ഷ്യംവച്ചുകൊണ്ടു വേണം ഈ ധർമ്മം നിർവഹിക്കാൻ. കേരളത്തിന്റെ ഒരുകോണിൽ വന്ന് ജനിച്ച് തൃപ്പാദങ്ങൾ നമുക്ക് നൽകിയിട്ടുപോയ ആ ജ്ഞാനപ്പൊൻപാത്രം അഴുക്കുപിടിച്ച് കിടക്കുന്നതുകണ്ട് സ്വസ്ഥതയോടെ ജീവിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് തെറ്റാണ്.

ഗുരുദേവനെക്കുറിച്ച്അറിവുതേടൽ ജീവിതവ്രതമാക്കിയ ലാറ്റ്വിയക്കാരനായ മാറിസ് സ്വേൺസ് എന്ന യുവാവ് ഗുരുജീവിതത്തെ സംബന്ധിച്ച് സംശയങ്ങളും ചോദിച്ച് ഇടയ്ക്കിടെ ഫേസ്ബുക്കിൽ ചാറ്റിംഗിനെത്തുമ്പോൾ ഒരു കാര്യം വ്യക്തമാകാറുണ്ട്; നമ്മൾ പ്രചരിപ്പിക്കാതെതന്നെ ഗുരുദർശനം ലോകത്ത് അതിന്റെ ധർമ്മം നിറവേറ്റുന്നുണ്ട്. പ്രചാരകരാകുന്നതിലൂടെ അതിന്റെ പുണ്യം ഈ ജന്മം നേടാമെന്നതാണ് നമുക്ക് അനുവദിക്കപ്പെട്ട ഗുരുനിയോഗം.

0 comments:

Post a Comment