Wednesday 21 November 2012

ആശ്രമം – ശ്രീ നാരായണഗുരു



ശ്രീ നാരായണ ഗുരുവിന്‍റെ പ്രബോധനാത്മക കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് " ആശ്രമം " . ശ്രീ നാരായണ ധര്‍മ്മസംഘത്തിന്റെ രൂപീകരണാനന്തരം ഗുരു എഴുതികൊടുത്ത ധര്‍മ്മസംഘത്തിന്റെ നിയമാവലി തന്നെയാണ് ഈ കൃതി എന്ന് പറയേണ്ടിവരും .
ആലുവ അദ്വൈതാശ്രമം സ്ഥാപിച്ചതിനുശേഷം ഒരു ധര്‍മ്മസംഘം എന്ന ആശയം ഉടലെടുക്കുകയും അതിനായി നിരവധി ശ്രമങ്ങള്‍ സത്യവ്രത സ്വാമികളുടെയും , ബോധാനന്ദ സ്വാമികളുടെയും നേതൃത്വത്തില്‍ നടക്കുകയും ഉണ്ടായി . സത്യവൃത സ്വാമികള്‍ ഇതിലേക്കായി ചില കരടുനിയമങ്ങള്‍ എഴുതി ഉണ്ടാക്കി . എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ധര്‍മ്മസംഘ രൂപീകരണം അനന്തമായി നീണ്ടുപോയി . ഇതിനൊരു മാറ്റം ഉണ്ടാകുന്നതു സി. പരമേശ്വരമേനോന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഗുരുവിന്‍റെ ശിഷ്യനായി തീരുന്നതോടുകൂടിയാണ് . നല്ലൊരു പണ്ഡിതനും സര്‍വ്വോപരി ഒരുനല്ല സംഘാടകനും കൂടിയായ പരമേശ്വരമേനോന്‍ ശിവഗിരി മഠത്തിന്‍റെ മാനേജര്‍ ആയി നിയമിതനായതിനുശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ഗുരുദേവ ശിഷ്യന്മാരെ സംഘടിപ്പിച്ചു . 1103 ധനുമാസം 23 ന് ഗുരുവിന്‍റെ ആവശ്യപ്രകാരം ഏവരെയും കൂര്‍ക്കഞ്ചേരി അദ്വൈതാശ്രമത്തിലേക്ക് ക്ഷണിച്ചു . ഒട്ടുമിക്ക ഗുരുഷിശ്യരും അന്ന് അവിടെ എത്തിചേര്‍ന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും , ആശയ ക്രോഡീകരണങ്ങള്‍ക്കും ഒടുവില്‍ ധര്‍മ്മസംഘത്തിന്റെ ഘടനയ്ക് രൂപമായി . സ്വാമി ബോധാനന്ദ , ഗോവിന്ദാനന്ദ സ്വാമികള്‍ , സുഗുണാനന്ദഗിരി സ്വാമികള്‍ , പി പരമേശ്വര മേനോന്‍ ( ധര്‍മ്മതീര്‍ഥര്‍ ) , വിദ്യാനന്ദ സ്വാമികള്‍ , നരസിംഹ സ്വാമികള്‍ , ആത്മാനന്ദ സ്വാമികള്‍ , ശങ്കരാനന്ദ സ്വാമികള്‍ , രാമാനന്ദ സ്വാമികള്‍ , നീലകണ്ഠന്‍ ബ്രഹ്മചാരി എന്നീ ഗുരുശിഷ്യന്മാര്‍ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടു സംഘാംങ്ങളായി.നടരാജ ഗുരു സന്നിഹിതനായിരുന്നുവെങ്കിലും ഒപ്പിടാതെ ഒഴിഞ്ഞുമാറി .

സംഘം രൂപീകരിച്ചതിനുശേഷം അതിന്‍റെ പ്രവര്‍ത്തനത്തിലേക്കായി ചില നിയമാവലികള്‍ എഴിതിയുണ്ടാക്കാന്‍ നിയമജ്ഞരോട് ഗുരു ആവശ്യപ്പെട്ടു . എന്നാല്‍ ആരും തന്നെ ഈ ചുമതല ഏറ്റെടുക്കുവാന്‍ മുന്നോട്ട് വന്നില്ല . ഈ സാഹചര്യത്തില്‍ ഗുരുദേവന്‍ തന്നെ പദ്യരൂപത്തില്‍ എഴുതി ഉണ്ടാക്കിയ നിയമാവലിയാണ് ആശ്രമം എന്ന കൃതി . ധര്‍മ്മസംഘ ഭരണാധികാരികള്‍ക്കും , അംഗങ്ങള്‍ക്കും ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്നും , എന്തായിരിക്കണം അവരുടെ പ്രവര്‍ത്തി മണ്ഡലമെന്നും ഗുരു ഈ കൃതിയിലൂടെ വ്യക്തമാക്കുന്നു . കൃതിയുടെ സാരാംശം ഇതാണ് " ഈ ആശ്രമത്തില്‍ വിദ്വാനായും , മുനിയായും , ഉദാരചിത്തനായും , സമദൃഷ്ടിയായും ,ശാന്തഗംഭീരനായും , ജിതെന്ദ്രീയനായും , പരോപകരിയായും , ദീനദയാലുവായും, കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനായും , മിടിയില്ലാത്തവനായും ഇരിക്കുന്ന ഒരു ഗുരു ഉണ്ടായിരിക്കണം . ആ ഗുരു ആശ്രമത്തിന്റെ നേതൃത്വത്തെ സ്വീകരിച്ച് ഒരു നല്ല സഭയെ ഉണ്ടാക്കണം . സഭയില്‍ ആരെല്ലാം ചെരുന്നുവോ അവരെല്ലാം സഹോദരഭാവന ഉള്ളവരായിരിക്കണം . ഈ ആശ്രമത്തില്‍ എങ്ങിനയോ അങ്ങനെ തന്നെ ദേശംതോറും സ്ത്രീകള്‍ക്കും , പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും , ആശ്രമങ്ങളും സഭകളും ഉണ്ടാക്കണം . ഇതിനു ഓരോന്നിനും വിദഗ്ദരായ ഓരോ സംഘാടകര്‍ ഉണ്ടാവണം . ഇപ്രകാരം ഇവയെല്ലാം ചേര്‍ന്നതാകണം അദ്വൈതാശ്രമം "

ആത്മീയ ജീവിതം ആധ്യാത്മിക സേവനത്തിന് മാത്രം വേണ്ടിയുള്ളതാവരുതെന്നും അത് ലോകസമൂഹത്തിന്റെ ക്ഷേമത്തിനും കൂടിയുള്ളതായിരിക്കണമെന്നും ഗുരു ഈ കൃതിയിലൂടെ ലോകത്തിന് പറഞ്ഞുകൊടുക്കുന്നു . ഇപ്രകാരം കേവലം ആധ്യാത്മിക സാധന മാത്രം ലക്ഷ്യമാക്കാത്ത , സമൂഹത്തിന് ഫലപ്രദമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഒരു സന്യാസിസമൂഹത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ധര്‍മ്മസംഘ രൂപീകരണത്തിലൂടെ ഗുരുദേവന്‍ ലക്ഷ്യമാക്കിയത്‌ .

---------------------------------

ആശ്രമേസ്മിന്‍ ഗുരുഃ കശ്ചി-
ദ്വിദ്വാന്‍ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ

പരോപകാരീ സ്യാദ്ദീന-
ദയാലുഃ സത്യവാക്പടുഃ
സദാചാരരതഃ ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിതഃ

അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭ‍ാം ശുഭ‍ാം
അസ്യാമായാന്തി യേ തേ സ്യുഃ
സര്‍വ്വേ സോദരബുദ്ധയഃ

യദ്വദത്രൈവ തദ്വച്ച
സ്ത്രീണ‍ാം പുംസ‍ാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ

ഏകൈകസ്യാമാസു നേതാ
ചൈകൈക സ്യാദ്വിചക്ഷണഃ
സര്‍വ്വാഭിരനുബന്ധോദ്വൈ-
താശ്രമസ്യാഭിരന്വഹം


Home Page

0 comments:

Post a Comment