Sunday 11 November 2012

ഉരുണ്ടഭൂമിയും ഉണ്ടുനിറയാത്ത മനസ്സുകളും






മുഹമ്മയിലെപ്രശസ്തമായ ചീരപ്പൻചിറ വീട്ടിൽ വിശ്രമിക്കുകയാണ് ഗുരുദേവൻ. തച്ചുശാസ്ത്ര പണ്ഡിതനായ മാധവനാശാരി അവിടെയെത്തി. അദ്ദേഹത്തിന്റെ കൈയിൽ ഒരു മുഴക്കോലുമുണ്ട്.

 മുഴക്കോലിൽനോട്ടമിട്ട് ഗുരു ചോദിച്ചു.

 "കൈയിൽഎന്താണിരിക്കുന്നത്?"
 
"ഇതൊരുമുഴക്കോലാണ് സ്വാമീ "
 
"ആഹാ...ഇതൊരു മുഴമാണോ?"
 
"അല്ല,രണ്ടുമുഴം വരും."
 
"എന്നിട്ടാണോനമ്മോടു പറഞ്ഞത് ഒരു മുഴക്കോലാണെന്ന്?"
 
മാധവനാശാരിപരുങ്ങി. ഗുരു വിടുന്നമട്ടില്ല. അടുത്ത ചോദ്യം എറിഞ്ഞു.
 
"അളവ്തുടങ്ങുന്നത് എവിടെ നിന്നാണ്?"

 "ത്രസരേണുവിൽ...നിന്ന്..."

 മാധവനാശാരിക്ക്ശബ്ദമിടറി. അതുകണ്ട് ഗുരു പുഞ്ചിരിച്ചിട്ട് തുടർന്നു.

 "അളവ്തുടങ്ങുന്നത് അണുവുമുതൽക്കാണ്. അല്ലേ?"

 ചോദ്യമെറിഞ്ഞിട്ട്ഉത്തരം കാത്തുനിൽക്കാതെ ഗുരുദേവൻ കണ്ണുകൾ അനന്തതയിലേക്ക് നീട്ടി. പിന്നെ ആരും ഒന്നും മിണ്ടിയില്ല.
 
സാവധാനംഅവിടെനിന്ന് എഴുന്നേറ്റ് ആരോടും ഉപചാരം പറയാതെ നടന്നു. സൂര്യകാലടികൊണ്ടും ഗണിതശാസ്ത്രം കൊണ്ടും അളന്നുനോക്കാവുന്നതിനപ്പുറത്തെ അളവില്ലാത്ത സത്യത്തെ തിരിച്ചറിഞ്ഞ മഹാപ്രതിഭയുടെ ആ തിരിഞ്ഞുനടപ്പിന്റെ പൊരുൾ ആർക്കും മനസിലായില്ല.ഭൂമിഉരുണ്ടതാണെന്ന് ആധുനികശാസ്ത്രം പറയുന്നതിനുമുമ്പേ പുരാതനഭാരതം ഭൂമി ഉരുണ്ടതാണ് എന്ന സങ്കല്പം സൂക്ഷിച്ചിരുന്നു. ആധുനിക ശാസ്ത്രം അത് തെളിയിച്ചു. എന്നാൽ മനസുകൊണ്ട് അത് അംഗീകരിക്കാൻ നാം തയ്യാറായിട്ടില്ലെന്ന് തോന്നും മനുഷ്യന്റെ പ്രവർത്തികൾ കണ്ടാൽ. ഉരുണ്ട ഒരു പ്രതലത്തിൽനിന്നുകൊണ്ട് താനാണ് മുമ്പൻ എന്നു പറയുമ്പോൾ ഭൂമി ഉരുണ്ടതാണെന്ന് നാം അംഗീകരിക്കുന്നില്ല എന്നല്ലേ അർത്ഥമാക്കേണ്ടത്.ശാസ്ത്രത്തിനുംമുമ്പേ ഭൂമി ഉരുണ്ടതാണെന്ന കണ്ടെത്തലിൽ ഭാരതീയർ എങ്ങനെ എത്തി എന്നുനോക്കാം. ഭൂമിയുടെ ആകൃതിയെക്കുറിച്ച് മനുഷ്യൻ കണ്ട സ്വപ്നങ്ങളും സങ്കല്പങ്ങളുമാണ് തു‌ടക്കം. സ്വപ്നങ്ങൾ സങ്കല്പത്തിലേക്ക് നയിച്ചു. സങ്കല്പത്തിൽനിന്ന് അത് ചിത്തത്തിലേക്കും ചിത്തത്തിൽനിന്ന് മേധയിലേക്കും മേധയിൽനിന്ന് അത് ബോധസ്വരൂപത്തിലേക്കും നയിക്കപ്പെട്ടു. ബോധസ്വരൂപം എന്നത് ഇന്ദ്രിയങ്ങൾക്ക് അതീതമാണ്. അവിടെ നിന്നുവരുന്ന അറിവാണ് സത്യം. അത് ഒരേ സമയം പ്രപഞ്ചത്തിൽ ലയിച്ചും പ്രപഞ്ചത്തിൽനിന്ന് അകന്നും നിൽക്കുന്നു എന്നാണ് ഗുരുദേവകൃതികൾ പറയുന്നത്. പ്രപഞ്ചത്തിൽ ലയിച്ചു നിൽക്കുമ്പോൾ നമുക്കിവിടം വിശാലമായി പരന്നുകിടക്കുന്നതായി തോന്നും. അതിൽനിന്ന് അകന്നുനിൽക്കാൻ കഴിഞ്ഞാൽ തുടക്കവും ഒടുക്കവും ഒന്നായ വൃത്തപ്രകൃതമായി അനുഭവപ്പെടും. പ്രപഞ്ചമായി പെരുകിക്കാണപ്പെടുന്ന വസ്തുവെന്നാണ് ബ്രഹ്മപദത്തിന്റെ അർത്ഥം. ഒരിടത്തുനിന്ന് സഞ്ചരിച്ചുതുടങ്ങിയാൽ അവിടെത്തന്നെ തിരികെ എത്തുമെന്നതാണ് ഭൂമി ഉരുണ്ടതാണെന്നതിന് ശാസ്ത്രവും തെളിവായി പറഞ്ഞത്. ആദിയും അന്തവും ഇല്ലാത്ത പൊരുളിൽനിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന് അറിയുമ്പോൾ തുടങ്ങിയാൽ തുടങ്ങിയ ഇടത്ത് എത്തുന്ന ദൃശ്യരൂപങ്ങളേ അതിൽനിന്ന് ഉണ്ടായിവരൂ എന്ന തിരിച്ചറിവ് ലഭിക്കും.


കൊളമ്പസ്ആണ് അമേരിക്ക കണ്ടുപിടിച്ചതെന്ന് നാം പറയും. അത് നാം അറിഞ്ഞകഥ. അതിനുമുമ്പൊരു കാലത്തുനിന്ന് നമുക്കറിയാത്ത ഒരു മുൻഗാമി പറഞ്ഞത് നാം കേൾക്കാതെപോയതുകൊണ്ടാണ് കൊളമ്പസ് പറയുന്നത് വിശ്വസിക്കേണ്ടിവരുന്നത്. അതായത് നാം കണ്ടും കേട്ടും അറിയുന്നതുവച്ച് കണക്കുകൂട്ടുന്നവരാണ്. അപ്പോൾ അതിന്റെ പരിമിതികളിൽനിന്നുള്ള ഉത്തരമേ നമുക്ക് ലഭിക്കൂ. "അണുവുമുതൽക്കാണ് അളവ് അല്ലേ?" എന്ന് തൃപ്പാദങ്ങൾ ചോദിക്കുന്നത് മനുഷ്യന്റെ പഠനം അണുവിൽവരെയെ എത്തിയിട്ടുളളൂ എന്ന് സൂചിപ്പിക്കാനാണ്. അതിനപ്പുറം അളക്കാനുള്ള അറിവ് പഞ്ചേന്ദ്രിയബന്ധിതനായ മുനുഷ്യന് സാധ്യമല്ല എന്നർത്ഥം. അത് തിരിച്ചറിയാതെയാണ് നാം പ്രപഞ്ചത്തെ നമ്മുടേതായ അളവുകോൽകൊണ്ട് അളക്കാൻ ശ്രമിക്കുന്നത്.


ഒരുക്ഷേത്രസംബന്ധിയായ ആവശ്യത്തിന് പണംമുടക്കിയവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ വലിപ്പച്ചെറുപ്പം പാലിച്ചില്ല എന്ന് തർക്കമുണ്ടായി. ഭാരവാഹികൾ പ്രശ്നപരിഹാരത്തിനായി ഗുരുദേവന്റെ സമീപമെത്തി. ഒരു വലിയ വൃത്തം വരച്ചിട്ട് അതിന്റെ വരയ്ക്കുള്ളിൽ നിൽക്കത്തക്കവിധം എല്ലാവരുടെയും പേരുകൾ എഴുതാനായിരുന്നു ഗുരുവിന്റെ മറുപടി. അങ്ങനെയാകുമ്പോൾ ഓരോരുത്തർക്കുംതോന്നും തന്റെ പേരാണ് ആദ്യം എഴുതിയിരിക്കുന്നതെന്ന്. ഭൂമിയിലുള്ള മനുഷ്യർ എല്ലാവരും ആരാണ് മുന്നിൽ എന്ന് മത്സരിക്കാൻ മറ്റുള്ളവരുടെ മുന്നിൽകയറി നിൽക്കുന്നതായി സങ്കല്പിച്ചു നോക്കുക. അവസാനം നിൽക്കുന്നയാൾക്കുപോലും താനാണ് ഏറ്റവും മുന്നിൽ എന്നുപറയാൻ സാധിക്കില്ല. കാരണം അയാളുടെ തൊട്ടുമുന്നിൽനിൽപ്പുണ്ടാകും മത്സരിക്കാൻ ആദ്യം നിന്നയാൾ. ആധുനികശാസ്ത്രം പഠിക്കുന്ന തലമുറയ്ക്കാണ് ഭേദചിന്തയും മത്സരചിന്തയും കൂടുന്നതെന്ന് ചില ആത്മീയ നേതാക്കൾ പ്രസംഗിക്കാറുണ്ട്. ഭേദചിന്ത ഉണ്ടാകുന്നത് ശാസ്ത്രം ശരിക്കു വിചിന്തനം ചെയ്തു പഠിക്കാത്തതുകൊണ്ടാണെന്നേ പറയാൻ കഴിയൂ. ഭൂമി ഉരുണ്ടതാണെന്ന കണ്ടെത്തൽ നമ്മൾ മുമ്പ് വിവരിച്ചരീതിയിലാണ് പഠിക്കുന്നതെങ്കിൽ ഈ ഭേദചിന്തയോ മാത്സര്യമോ ഉണ്ടാകുമോ?


ആധുനികശാസ്ത്രം പഠിക്കണമെന്നും അതിന്റെ കണ്ടെത്തലുകൾ അനുസരിച്ച് ലോകം ചിട്ടപ്പെടുത്തണമെന്നും പറഞ്ഞ മഹർഷിവര്യനാണ് ശ്രീനാരായണഗുരു. പക്ഷേ അത് സങ്കുചിതമനസോടെ പഠിക്കരുതെന്നും അപരനെക്കുറിച്ച് കരുതലില്ലാതെ ഉപയോഗിക്കരുതെന്നും പറഞ്ഞിരുന്നു. വിദ്യനേടി സ്വതന്ത്രരാകണം എന്നുപറയുന്നതിലൂടെ വിദ്യയിലൂടെ ബോധസ്വരൂപത്തെ അറിഞ്ഞ് സ്വാതന്ത്രവീക്ഷണം നേടുക എന്നാണ് ഗുരുദേവൻ അർത്ഥമാക്കുന്നത്.യോഗവാസിഷ്ഠത്തിന്റെജഗദ്ദോഷ പ്രകാശവർണനത്തിൽ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,


"സത്യംതിരിച്ചറിയാത്തവന് ശാസ്ത്രം ഭാരമാണ്. രാഗദ്വേഷങ്ങൾ ശമിക്കാത്തവർക്കു ജ്ഞാനം ഭാരമാണ്. അശാന്തന് മനസും ഭാരമാണ്. ആത്മാവിനെ അറിയാത്തവന് ഈ ദേഹവും ഭാരമാണ്."

 സമൂഹമാറ്റത്തിന്വ്യവസ്ഥിതിയെ മാറ്റാനാണ് നമ്മൾ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആധുനികശാസ്ത്രവും പുരാതനചിന്തകളും പറയുന്നത് മാറ്റംവരേണ്ടത് വ്യക്തിയുടെ ഉള്ളിൽത്തന്നെയാണെന്നാണ്. അറിവല്ലാതെ മറ്റൊരുപോംവഴിയും ഇതിന് ലഭ്യമല്ലെന്ന് ഗുരുദേവൻ പറയുന്നു. മുന്നിൽക്കാണുന്ന ദൃശ്യപ്രകൃതിയിലൂടെത്തന്നെ വേണം അറിവുതേടി അന്വേഷണം തുടങ്ങാൻ. ദൃശ്യപ്രകൃതിയെ ഒന്നൊന്നായി എണ്ണിയെണ്ണി മാറ്റി അതിനപ്പുറം ചികയണം. അപ്പോൾ,"ഒരുപതിനായിരമാദിതേയരൊന്നായ്വരുവതുപോലെവരുംവിവേകവൃത്തിഅറിവിനെമൂടുമനിത്യമായയാമീ-യിരുളിനെയീർന്നെഴുമാദിസൂര്യനത്രെ."എന്നബോധം ഉള്ളിലുണരുമെന്ന് ഗുരുദേവൻ പറയുന്നു. ഇതും ശാസ്ത്രമാണ്. ഇവിടെ ഉണ്ടായിരുന്നിട്ടും നാം അറിയാതെ പോകുന്ന നിത്യനൂതനമായ ശാസ്ത്രം.

കടപ്പാട് : സജീവ് കൃഷ്ണൻ ഗുരുസാഗരം

0 comments:

Post a Comment