Monday 15 October 2012


ഗുരുദേവ നിന്ദയരുത്‌           


നന്മയുടെ പ്രവാചകനായ ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ ഈയടുത്ത കാലത്തുയര്‍ന്നു വന്ന വിവാദങ്ങള്‍ അനാവശ്യവും ഗുണപരമല്ലാത്തതുമാണ്‌. വിശ്വവിജയിയായ ഈ സന്യാസി ശ്രേഷ്ഠന്റെ നാമധേയം കാലദേശങ്ങള്‍ക്കതീതമായി ഉയര്‍ന്നുനില്‍ക്കുന്നതാണ്‌. കോണ്‍ഗ്രസ്സ്പാര്‍ട്ടിയുടെ ഒരു ജില്ലാ നേതാവ്‌ ഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തിയതിനെ എതിര്‍ക്കാതിരപ്പാന്‍ എസ്‌.എന്‍.ഡി.പി.ക്ക്‌ കഴിയുമായിരുന്നില്ല.അതില്‍ യോഗം വിജയിക്കുകയും ചെയ്തു.
കൊല്ലത്തുകാരനായ ഒരു ന്യൂനപക്ഷപ്രേമി എഴുത്തുകാരന്‍ ഗുരുദേവനെയും ചട്ടമ്പിസ്വാമികളേയും പരസ്പരവിരോധികളായി ചിത്രീകരിച്ച്‌ വിവാദത്തിന്‌ വഴിവരുന്നിട്ടിരുന്നു. ഗുരുദേവനെ ഡി.വൈ.എഫ്‌.ഐ മുതല്‍ എന്‍.ഡി.എഫുകാര്‍ വരെ തെറ്റായി വ്യാഖ്യാനിച്ച്‌ ഹിന്ദുഭ്രമണപഥത്തിന്‌ പുറത്തു നിര്‍ത്താന്‍ ശ്രമിക്കയാണ്‌. ഗുരുദേവന്റെ ജീവിതവും സന്ദേശവും ശരിയാംവിധം ജനമനസ്സുകളിലെത്തിച്ച്‌ കുപ്രചരണക്കാരെ ചെറുത്തുതോല്‍പ്പിക്കയാണ്‌ വേണ്ടത്‌.

സര്‍വ്വസംഗപരിത്യാഗിയായ സന്യാസി കേവലം സ്വന്തം ആത്മീയ ഉല്‍ക്കര്‍ഷത്തിനും മോക്ഷത്തിനും ഊന്നല്‍ നല്‍കി ചുരുങ്ങിയപ്പോഴാണ്‌ ഭാരതീയ സമൂഹത്തിന്‌ ആത്മീയ അപഭ്രംശവും താളപ്പിഴകളുമൊക്കെയുണ്ടായത്‌. സ്വന്തം മോക്ഷത്തേക്കാള്‍ സമൂഹത്തിന്റെ ഗുണമാണ്‌ ഗണിക്കപ്പെടേണ്ടതെന്ന്‌ ചിന്തിച്ച സന്യാസി ശ്രേഷ്ഠന്മാരുടെ കൂട്ടത്തിലാണ്‌ ശ്രീനാരായണഗുരുദേവനുള്ളത്‌. സാമൂഹിക പരിഷ്കരണ സംരഭങ്ങളും അനാചാരവിരുദ്ധപോരാട്ടങ്ങളും വേദസംസ്കാരത്തിന്റെ ഭാഗമെന്ന്‌ കരുതി ജീവിതം അതിനായി സമര്‍പ്പിച്ചു എന്നുള്ളത്‌ ഗുരുദേവന്റെ സവിശേഷതയാണ്‌. യോഗതേജസ്സിന്റെ പ്രകാശഗോപുരമായ ഈ യതിവര്യനെ ചരിത്രം നവോത്ഥാനത്തിന്റെ പ്രവാചകനായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ജാതീയതയും അസ്പര്‍ശതയും കൊടുംക്രൂരതയായി മനുഷ്യനെ വേട്ടയാടുന്ന കേരളത്തില്‍ ദുരവസ്ഥകണ്ട്‌വേദനിച്ചാണ്‌ സ്വാമി വിവേകാനന്ദന്‍ മലയാള നാടിനെ ‘ഭ്രാന്താലയം’ എന്നു വിശേഷിപ്പിച്ചത്‌. ഹിന്ദു സമൂഹത്തില്‍ ഓരോ ജാതിക്കാരനും തനിക്കു താഴെയുള്ളവരെന്ന്‌ മറ്റൊരു കൂട്ടരെ ചിത്രീകരിച്ച്‌ അവരുടെ മേല്‍ അയിത്തവും അടിമത്തവും അടിച്ചേല്‍പ്പിച്ചതായാണ്‌ ചരിത്രം ചൂണ്ടിക്കാട്ടുന്നത്‌. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്നവരുടെ മോചനത്തിനായി അത്യദ്ധ്വാനം ചെയ്ത മഹാരഥന്മാരുടെ പട്ടികയില്‍ ഗുരുദേവന്റെ സ്ഥാനം ഏറ്റവും മുന്നിലാണ്‌.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമുദായ പരിഷ്കര്‍ത്താവും പതിത സമുദായോദ്ധാരകനും ഗുരസ്വാമികളായിരുന്നു. സ്വാമിജിയ്ക്കു ആറു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ കാണാതെ വരികയും കുടുംബാംഗങ്ങള്‍ കുട്ടിയെ അന്വേഷിച്ചു വലയുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രത്തിനോടുചേര്‍ന്ന്‌ തപസ്സിരിക്കുന്നതായി കണ്ടെത്തിയ പുലയസമുദായാംഗം ‘തൊട്ടുകൂടായ്മ’ കാരണം കുട്ടിയെ സ്പര്‍ശിക്കാതെ വീട്ടുകാരെ വിവരമറിയിക്കാന്‍മാത്രം കഴിയുന്ന നിസ്സഹായാവസ്ഥയിലായിരുന്നു എന്ന്‌ ഗുരുദേവകഥ വിളിച്ചോതുന്നു. ഈ ദിവ്യബാലന്റെ ആത്മീയ തേജസ്സും അന്ന്‌ നടമായിരുന്ന ജാതീയതയുടെ ക്രൂരതയുമാണ്‌ പ്രസ്തുത സംഭവം തെളിയിക്കുന്നത്‌.

ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും ആത്മീയ ഔന്നിത്യം ആവോളം നേടിയ ശ്രീനാരായണഗുരു താന്‍ നേടിയ ബ്രഹ്മസാക്ഷാത്കാരം സാമൂഹ്യപ്രതിബദ്ധത നിറവേറ്റാനായി സമര്‍പ്പിക്കുകയാണുണ്ടായത്‌. ജാതീയമായ കെടുതികളെകൊണ്ട്‌ പൊറുതിമുട്ടിയ അവശ സമൂഹത്തില്‍ പിറന്നുവീണ സ്വാമിജി ആദ്ധ്യാത്മിക പന്ഥാവിലൂടെയാണ്‌ ഉച്ചനീചത്വങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ പോരാടിയത്‌. ഗുരുദേവ വിരചിതമായ 57 പദ്യഗദ്യകൃതികളും ഭാരതീയ ആദ്ധ്യാത്മികതയുടെ സന്ദേശം വിളിച്ചോതുന്നവയാണ്‌. ക്ഷേത്രസങ്കല്‍പ്പത്തില്‍ ബിംബപ്രതിഷ്ഠ മുതല്‍ കണ്ണാടിപ്രതിഷ്ഠ വരെ അദ്ദേഹം നടത്തിയത്‌ തന്ത്രശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അധ:സ്ഥിത വിഭാഗങ്ങള്‍ക്കിടയിലും മറ്റും അസാധാരണമായ ആത്മീയ ഉണര്‍വ്വാണ്‌ ഗുരുദേവന്റെ ശ്രമഫലമായി ഉണ്ടായത്‌
ശിവലിംഗ സ്വാമികള്‍, ചൈതന്യ സ്വാമികള്‍,സത്യവ്രതന്‍, ധര്‍മ്മതീര്‍ത്ഥന്‍, ആനന്ദതീര്‍ത്ഥന്‍ തുടങ്ങി ശ്രീനാരായണഗുരു ശിഷ്യന്മാരില്‍ പലരും സവര്‍ണ്ണ സമുദായത്തില്‍പ്പെട്ടവരായിരുന്നു എന്നസത്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. യജ്ഞവേദ സംസ്കാര സ്ത്രോതിന്റെ ബഹിര്‍സ്ഫുരണം തന്നെയായിരുന്നു ശ്രീനാരായണഗുരു സ്വാമിയില്‍ വിരചിതമായ ഹോമമന്ത്രം വിളിച്ചോതുന്നത്‌. അദ്വൈത ദര്‍ശനത്തിന്റെ ആഴക്കയങ്ങള്‍ സാധാരണക്കാര്‍ക്ക്‌ പ്രാപ്യമാക്കാന്‍ ഗുരുദേവനോളം ശ്രമിച്ച്‌ വിജയിച്ച മറ്റൊരു മലയാളിയെ ചരിത്രത്തില്‍ കണ്ടെത്താനാവില്ല.

ശ്രീനാരായണഗുരുവിന്റ ആത്മീയ തേജസ്സും നവോത്ഥാന ശ്രമങ്ങളും മലയാള നാടിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം ആസേതുഹിമാചലം അദ്ദേഹത്തിന്റെ കാലത്തുതന്നെ വ്യാപിച്ചിരുന്നു. കാലദേശങ്ങള്‍ക്കപ്പുറം വിശ്വപ്രേമത്തിന്റെ തലത്തിലേയ്ക്ക്‌ ഉയര്‍ത്തപ്പെട്ട ഒന്നാണ്‌ ഗുരുദേവ ദര്‍ശനം. എന്നാല്‍ ഗുരുദേവന്റെ മഹാസമാധിക്കുശേഷമുള്ള ആദര്‍ശനവിശ്വവിജയ പ്രയാണത്തിന്‌ തടസ്സം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇനിയെങ്കിലും പരിശോധിച്ചറിയേണ്ടതാണ്‌.

ഗുരുവിന്റെ പ്രസക്തിയും പ്രാധാന്യവും കേരളത്തിന്റെ അതിരുകള്‍ വിട്ട്‌ ഭാരതമാസകലം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ 1922 നവംബറില്‍ ഗുരുവിനെ സന്ദര്‍ശിച്ച ശേഷം മഹാകവി രവീന്ദ്രനാഥ ടാഗോര്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രശംസാവചനങ്ങള്‍ മികച്ച തെളിവാണ്‌. “ഞ്ഞാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ചുവരികയാണ്‌. ഇതിനിടയ്ക്ക്‌ പല സിദ്ധന്മാരെയും മഹര്‍ഷിമാരെയും കണ്ടിട്ടുണ്ട്‌. എന്നാല്‍ ശ്രീനാരായണ ഗുരുവിനെക്കാള്‍ മികച്ചതോ, അദ്ദേഹത്തിന്‌ തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല. അനന്തതയിലേക്ക്‌ നീട്ടിയിരിക്കുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസ്സും ഞാന്‍ ഒരിക്കലും മറക്കുന്നതല്ല”. ഗുരുദേവദര്‍ശനം മാനവരാശിക്ക്‌ മുഴുവന്‍ വഴികാട്ടിയാകുംവിധം വ്യാപിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നറിയാന്‍ ടാഗോറിന്റെ വിലയിരുത്തലിനപ്പുറം മറ്റൊന്താണുവേണ്ടത്‌?

0 comments:

Post a Comment